ശർത്വുകളും ചില ഫിത്‌നകളും

നജീബ്

2023 ജനുവരി 14, 1444 ജുമാദുൽ ഉഖ്റാ 20

കേരളക്കരയിലെ സംഘ ടിത സലഫി ദഅ്‌വത്തിനെ ശിഥിലീകരിക്കാനും അണികൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാനുമായി ‘സംഘടന തിന്മയാണ,് നമുക്കത് വേണ്ട’ എന്ന നൂതനവാദവുമായി ചിലർ രംഗപ്രവേശം ചെയ്യുകയുണ്ടായി. പ്രമാണങ്ങൾകൊണ്ടും സലഫി പണ്ഡിതന്മാരുടെ ഫത്‌വകൾകൊണ്ടും പ്രസ്തുത വസ്‌വാസിനെ സലഫീകേരളം നേരിട്ടപ്പോൾ ആ വിഷയത്തിൽനിന്ന് മെല്ലെ പിൻവലിഞ്ഞ് പണ്ഡിത ലോകത്ത് അഭിപ്രായ വ്യത്യാസങ്ങളുള്ള പല മസ്അലകളും വലിച്ചിട്ട് ഫിത്‌നകൾക്ക് ആക്കംകൂട്ടുകയും സാധാരണക്കാരായ പലരെയും തെറ്റിദ്ധരിപ്പിച്ച് സംഘടിത സലഫീ ദഅ്‌വത്തിന്റെ ശത്രുക്കളോ നിഷ്‌ക്രിയരോ ആക്കുകയും ചെയ്ത ശേഷം സംഘടനാവിരോധത്തിന്റെ താത്വികാചാര്യൻ തന്റെ പണി അവസാനിപ്പിച്ചപ്പോൾ ഏറെക്കുറെ അതേ ലക്ഷ്യത്തിലെന്നോണം ഇറങ്ങിത്തിരിച്ചവർ ഉയർത്തിവിട്ട മറ്റൊരു ഫിത്‌നയാണ് ശുറൂത്വ് വിവാദം.

‘സംഘടന അനുവദനീയമാണ്; പക്ഷേ, ചില ശർത്വുകളോടു കൂടി’ എന്ന് പറഞ്ഞ് നിലവിലുള്ള സംഘടനാസംവിധാനത്തെയും നേതൃത്വത്തെയും യാതൊരുവിധ തത്ത്വദീക്ഷയുമില്ലാതെ ആക്ഷേപിച്ചു കൊണ്ടായിരുന്നു പുതിയ ഫിത്‌നയുമായി ചിലർ രംഗത്തുവന്നത്. ആദർശപരമായോ രീതിശാസ്ത്രപരമായോ എന്തെങ്കിലും വൈകല്യങ്ങളോ വ്യതിയാനങ്ങളോ ഉണ്ടങ്കിൽ പ്രമാണ ബദ്ധമായി ഗുണകാംക്ഷയോടെ അത് ഉണർത്തുന്നതിന് പകരം കാടടച്ചു വെടിവെക്കുന്ന സ്വഭാവവും വൈകാരികതയുടെ കലിതുള്ളലുമാണ് ഇക്കൂട്ടരിലും നാം കണ്ടത്! അവസാനം, തന്നെ അനുകൂലിക്കാത്തവർ സലഫിയ്യത്തിൽനിന്നും അഹ്‌ലുസ്സുന്നയിൽനിന്നും പുറത്താണെന്ന് പ്രഖ്യാപിച്ച് അവരോട് കേവലം ‘അഹ്‌ലുൽ ക്വിബ്‌ല’യുടെ ആളുകൾ എന്ന നിലയിലുള്ള ബന്ധം മാത്രമെ പാടുള്ളൂ എന്നും വേറിട്ടുനിന്ന,് വ്യതിരിക്തത പുലർത്തി ജീവിക്കണമെന്ന് അനുയായികളോട് ഉപദേശിക്കുക വരെ ചെയ്തു ഈ വിഭാഗത്തിന്റെ അമരക്കാരൻ!

അന്ധമായ വിരോധവും താൻപോരിമയും ഏതൊരു മനുഷ്യനെയും എത്രവരെ അധഃപതിപ്പിക്കുമെന്ന് കൂടി ഈ സംഭവങ്ങളെല്ലാം നമ്മെ പഠിപ്പിക്കുന്നു. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

സംഘടനക്ക് ശർത്വുണ്ടെന്ന് പറഞ്ഞ് വിശദീകരിക്കുമ്പോൾ നിലവിലെ സലഫി സംഘടനകൾ ഏത് ശർത്വുകളാണ് പാലിക്കുന്നത് എന്ന ചോദ്യം ന്യായമായും ഉണ്ടാകുമെന്ന് മനസ്സിലാക്കി, സലഫീലോകത്തെ ഒരു പണ്ഡിതനും പറയാത്ത പലതും സ്വന്തം നിലയിൽ ശർത്വുകളുടെ പട്ടികയിൽ ചേർത്തു പറഞ്ഞ് നിലവിലെ സലഫീസംഘടനകൾ നന്മയല്ല; തിന്മയാണ് എന്ന് വരുത്തിത്തീർക്കാനാണ് ഈ വിഭാഗത്തിന്റെ ശ്രമങ്ങൾ നടന്നത്. അതിനായി പ്രമാണങ്ങളെവരെയും വളച്ചൊടിക്കുകയും ദുർവ്യാഖ്യാനിക്കുകയും ചെയ്യേണ്ടിവന്നു ഇവർക്ക്! പിരിവ് പാടില്ല, മേൽ ഘടകം, കീഴ്ഘടകം എന്നിങ്ങനെയുള്ള വേർതിരിവ് പാടില്ല എന്നൊക്കെ പറയുകയും അതിന് ‘തെളിവുദ്ധരിച്ച്’ വ്യാഖ്യാനിക്കുകയും ചെയ്യുന്നത് കേൾക്കുന്ന ആർക്കും അതിന്റെ അപകടം ബോധ്യപ്പെടാതിരിക്കില്ല.

സർവാംഗീകൃതമായ പല തത്ത്വങ്ങളും ശർത്വിന്റെ പേരിൽ മുറവിളികൂട്ടിയവർ പിന്നീട് കാറ്റിൽ പറത്തുന്നതാണ് നാം കണ്ടത്! ഹദീസുകളെ പരിഹസിക്കുകയും നിഷേധിക്കുകയും ചെയ്യുന്നവരുമായി കൈകോർക്കുകയും അടിസ്ഥാനരഹിതങ്ങളായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതു കാണുമ്പോൾ സംഘടനയില്ലെങ്കിൽ അത്തരം ശർത്വുകളൊന്നും പാലിക്കേണ്ടതില്ലായെന്ന് തെറ്റിദ്ധരിച്ചുപോയതു പോലെയാണ് തോന്നുക.

ഏതായാലും പരലോകത്തെ മറന്നുകൊണ്ടുള്ള ഈഗോ പ്രകടനങ്ങളും അരിശം തീർക്കലും ആർക്കും ഉപകരിക്കുകയില്ലെന്ന് മാത്രമല്ല അത് നഷ്ടം മാത്രമെ വരുത്തുകയുള്ളൂ എന്ന് എല്ലാവരും ഓർക്കുന്നത് നല്ലതാണ്. സർവ ഫിത്‌നകളിൽനിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.