ഭൗതികവിശദീകരണം അസാധ്യമായ വസ്തുതകൾ

ഷാഹുൽ പാലക്കാട്‌

2023 ആഗസ്റ്റ് 19 , 1445 സ്വഫർ 03

(ഇസ്‌ലാമിന്റെ തെളിവുകൾ: ഫിലോസഫി എന്ത് പറയുന്നു?-3)

E16: ഇസ്‌ലാം

ഒരു ദൈവമുണ്ടെങ്കിൽ ആ ശക്തി ഏകമാകണം, പരാശ്രയമുക്തമാകണം, സകലതും അതിനെ ആശ്രയിക്കണം, പ്രപഞ്ചത്തിന്റെ സ്വഭാവങ്ങളിൽനിന്നെല്ലാം വിഭിന്നമാകണം, ഭൗതിക രൂപമാനങ്ങളിൽ നിന്നെല്ലാം വ്യതിരിക്തമാകണം. ആ ദൈവം മനുഷ്യന്റെ പരിമിത മസ്തിഷ്‌കംകൊണ്ട് സങ്കൽപിക്കാൻ കഴിയാത്തവനാകണം. ഇതെല്ലാം ഫിലോസഫിക്കലായി നാം ദൈവത്തെ സംബന്ധിച്ച് എത്തുന്ന അവലോകനങ്ങളാണ്. ഒരു മതമോ ലോകവീക്ഷണമോ ശരിയാകണമെങ്കിൽ അത് ദൈവത്തെ സംബന്ധിച്ച ഈ കാഴ്ചപ്പാടുകൾതന്നെ പുലർത്തുന്നവയാകണം. ദൈവത്തെ സംബന്ധിച്ച് ഇതേ കാഴ്ചപ്പാടുകൾ തന്നെ പങ്കുവയ്‌വക്കുന്ന പ്രായോഗിക ദർശനം ഇസ്‌ലാം മാത്രമാണ്.

E17: പ്രവാചകൻ

ജൂത അഗ്‌നോസ്റ്റിക്കായ ലേസി ഹസിൽട്ടൻ മുഹമ്മദ് നബിﷺയുടെ ചരിത്രത്തിൽ നിരീക്ഷിക്കുന്ന ഒരു കാര്യമുണ്ട്: ഹിറാ ഗുഹയിൽവച്ച് ജിബ്‌രീൽ എന്ന മലക്കിനെ അവിചാരിതമായി അഭിമുഖീകരിച്ച് ഭയന്നുപോയ പ്രവാചകൻ ആദ്യമെത്തുന്നത് തന്റെ ഇണയായ ഖദീജയുടെ(റ)യുടെ അടുക്കലാണ്. ഭയന്നു വിറച്ച അദ്ദേഹം തന്നെ പുതപ്പിക്കാൻ ഭാര്യയോട് ആവശ്യപ്പെടുന്നു. ഈ സംഭവത്തിൽ, ഭയപ്പെടുന്ന ഒരു പച്ച മനുഷ്യനെ സംബന്ധിച്ച മനഃശാസ്ത്രപരമായ രണ്ട് കാര്യങ്ങളുണ്ട്. പേടികൊണ്ട് വിറക്കുന്ന ഏതൊരു മനുഷ്യനും തന്റെ പ്രിയപ്പെട്ടവരുടെ അടുക്കലെത്താൻ ആഗ്രഹിക്കും. ഖദീജ(റ)യുടെ അടുക്കലെത്തിയ പ്രവാചകൻﷺ കാണിക്കുന്നത് ആ അടയാളമാണ്. കടുത്ത പേടിയുള്ള അവസ്ഥയിൽ കൈകാലുകൾ തണുക്കും. എന്തിനെങ്കിലും ഇടയിലേക്ക് ചുരുളാനും വിശ്രമിക്കാനും മനസ്സ് വല്ലാതെ ആഗ്രഹിക്കും. ഈ അവസ്ഥയിൽനിന്നുള്ള തേട്ടമാണ് പുതപ്പിച്ച് തരാനുള്ള പ്രവാചകന്റെ ആവശ്യപ്പെടലിൽ കാണുന്നത്. ഭയന്നുവിറക്കുന്ന ഒരു മനുഷ്യനിൽനിന്നും സ്വാഭാവികമായും ഉണ്ടായേക്കാവുന്ന പ്രതികരണങ്ങൾ ഈ ചിത്രത്തിൽനിന്നും വായിച്ചെടുക്കാൻ കഴിയുന്നു. അതിനർഥം പ്രവാചകന്റെ അനുഭവസാക്ഷ്യം ശരിയായിരുന്നു, അദ്ദേഹത്തെ അത്രയേറെ ഭയപ്പെടുത്താൻ മാത്രം ഒരു അഭൗതിക ഇടപെടൽ അവിടെ സംഭവിച്ചിരുന്നു എന്നുതന്നെയാണ്.

E18: It’s a Considerable Case

‘I am a time traveller. ഞാ ൻ കാലചക്രത്തെ തിരിച്ച് 2123ൽ നിന്നും നൂറുവർഷം പുറകിലേക്ക് അഥവാ 2023 എന്ന ഭൂതകാലത്തേക്ക് വന്നതാണ്. 2122ൽ ഞാൻ സ്വന്തമായി time machine നിർമിച്ചു. അങ്ങനെയാണ് ഇത് സംഭവിച്ചത്.’

Extra Ordinary Claims സാധാരണക്കാർ പറയുമ്പോൾ മാത്രമാണ് അവിശ്വസനീയമാകുന്നത്. Extra Ordinary Talented Legends െപറഞ്ഞാൽ അതിൽ അതിശയോക്തിക്ക് പോലും സ്ഥാനം ഉണ്ടായില്ലെന്നു വരാം. വാസ്തവത്തിൽ Legends അങ്ങനെ സ്വയം ഒരു അവകാശവാദം ഉന്നയിക്കുകപോലും വേണ്ട. ഇലോൺ മസ്‌ക് ഇന്നുവരെ താൻ ടൈം ട്രാവലർ ആണെന്നോ, അന്യഗ്രഹ ജീവിയാണെന്നോ ഒന്നും സ്വയം ഒരു അവകാശവാദവും നടത്തിയിട്ടില്ല. എന്നിട്ടും അയാളെ വിശദീകരിക്കാൻ ജനങ്ങൾ Extraordinary Claims ന്റെ പിറകിൽ പോകുന്നത് എന്തുകൊണ്ടായിരിക്കും?

ഇലോൺ മസ്‌ക് അന്യഗ്രഹ ജീവിയാണെന്നും, ടൈം ട്രാവലർ ആണെന്നുമൊക്കെയുള്ള സിദ്ധാന്തങ്ങൾ പരന്നുകൊണ്ടിരിക്കുന്നുണ്ട്. ഇലോൺ മസ്‌ക് ഏലിയൻ ആണെന്നു സംശയിക്കുന്ന ആരും ഞാൻ ഏലിയൻ ആണോ എന്ന് സംശയിക്കുന്നില്ല. ഇനി ഞാൻതന്നെ അങ്ങനെ പറഞ്ഞാലും ആരും വിശ്വസിക്കാൻ പോകുന്നുമില്ല. എന്തുകൊണ്ടാണ് ഈ വിവേചനം?

കാരണം, ഇലോൺ മസ്‌ക് തന്റെ ബുദ്ധിയുപയോഗിച്ച് ജീവിതത്തിൽ അസാധാരണ വിജയം കൈവരുത്തിയ വ്യക്തിയാണ്. ഞാൻ അങ്ങനെയല്ല. അസാധാരണമായ വിജയംവരിച്ച വ്യക്തിയെ വിശദീകരിക്കാനേ അസാധാരണമായ വിശദീകരണം വേണ്ടതുള്ളൂ. എന്നെ വിശദീകരിക്കാൻ സാധാരണമായ വിശദീകരണം തന്നെ ധാരാളമാണ്.

ഇനി നേരത്തെ പറഞ്ഞ സാധ്യതാ സിദ്ധാന്തങ്ങൾ ഉപയോഗിച്ചുകൊണ്ടുകൂടി ഒന്ന് പുനർവായിക്കാം. എന്തുകൊണ്ടാണ് ഇലോൺ മസ്‌ക് അസാധാരണക്കാരനായത്? അസാധാരണമായത് കുറഞ്ഞ സാധ്യതയുള്ളതാണ്. കുറഞ്ഞ സാധ്യതയുള്ള കാര്യം അപൂർവമാണ്. അതിനാലാണ് ഒരേയൊരു ടെസ് ല മുതലാളിയായി ഇലോൺ മസ്‌ക് മാത്രമുള്ളത്. മറ്റുള്ളവർക്കും ഇലോൺ മസ്‌കിനെ പോലെ ജീവിത്തിൽ ഉയരത്തിലെത്തണം എന്നുണ്ടാകാം. അത് അവരുടെ സ്വപ്നമാകാം. എന്നിട്ടും അവരെല്ലാം പരാജയപ്പെട്ടു. കൂടുതൽപേർ പരാജയപ്പെട്ടു എന്നതിനർഥം കൂടുതൽ സാധ്യത അതിനാണ് എന്നാണ്. അഥവാ പരാജയപ്പെടാൻ കൂടുതൽ സാധ്യതയുള്ള ഈ ലോകത്ത് വിജയിക്കാൻ പാടാണ്. മസ്‌കിനെ പോലുള്ളവരുടെ വലിയ വിജയങ്ങൾ അത്യപൂർവമാണ്. Extra Ordinary ആയ അത്തരം വിജയങ്ങൾക്ക് Extraordinary വിശദീകരണം തേടാൽ മനുഷ്യനെ പ്രേരിപ്പിക്കുന്നത് ഈ അപൂർവതയാണ്.

എന്നാൽ ഇലോൺ മസ്‌കിൽ വലിയ അസാധാരണത്വങ്ങളൊന്നും ഇല്ലായെന്നതാണ് യാഥാർഥ്യം. ഇറോൾ മസ്‌ക് എന്ന ശതകോടീശ്വരനായ പിതാവിന്റെയും മയേ മസ്‌ക് എന്ന മോഡലായ അമ്മയുടെയും പുത്രനാണ് ഇലോൺ മസ്‌ക്. ഒരു സാംബിയൻ മരതക ഖനിയുടെ പകുതി ഉടമയും അക്കാലത്ത് പ്രിട്ടോറിയയിലെ പ്രധാനപ്പെട്ട പല കോൺട്രാക്ടുകളും കൈവശമുണ്ടായിരുന്ന ഇലക്‌ട്രോ മെക്കാനിക്കൽ എഞ്ചിനീയറും കൂടിയായിരുന്നു മസ്‌കിന്റെ പിതാവ്. അതായത് ഇന്നത്തെ ടെസ്‌ല മുതലാളിയെ നിർമിക്കാനുള്ള എല്ലാ പശ്ചാത്തലവുമുള്ള ഒരിടത്തുനിന്നുമാണ് അദ്ദേഹത്തിന്റെ വരവ് എന്നർഥം. Powerful people comes from Powerful places (ശക്തരായ മനുഷ്യർ ശക്തമായ ഇടങ്ങളിൽനിന്നും വരുന്നു). അതിൽ അസ്വാഭാവികതകൾ ഒന്നുമില്ല. ഡോക്ടറുടെ മകൻ ഡോക്ടറാകുന്നതും സിനിമാ നടന്റെ മകൻ സിനിമാ നടനാകുന്നതും മന്ത്രിയുടെ മകൻ മന്ത്രിയാകുന്നതും പോലീസുകാരന്റെ മകൻ പോലീസുകാരനാ കുന്നതുമൊക്കെ സ്വാഭാവികതകൾ മാത്രമാണ്. എന്നാൽ സാങ്കേതിക രംഗത്ത് വളരുന്നതോ ലോകം ഭരിക്കുന്നതോ നിസ്സാര കാര്യമല്ല. അസംഭവ്യതകളോട് അടുത്തുകിടക്കുന്ന ആ അപൂർവത യാഥാർഥ്യമാ കണമെങ്കിൽ അതിനുമാത്രം Extraordinary ആയ വ്യക്തിയെകൊണ്ടേ കഴിയൂ. ആ വ്യക്തിയെ വിശദീകരിക്കാൻ Extraordinary വിശദീകരണങ്ങളും വേണ്ടിവരും.

കോടാനുകോടി മനുഷ്യർ വന്നുപോയ ഈ ഭൂമിയിൽ അങ്ങനെയാരെങ്കിലും ഉണ്ടായിട്ടുണ്ടാകുമോ? ഉണ്ടെങ്കിൽ അവരെ ചരിത്രം ഓർക്കാതിരിക്കില്ല. ചരിത്രം അവരാൽ സ്വാധീനിക്കപ്പെടാതെയിരിക്കില്ല. ചരിത്രത്തിൽ തങ്ങളുടെ കൈരേഖകൾ പതിപ്പിച്ചുപോയ, ലോകത്തിന്റെ ഗതിതന്നെ മാറ്റിയ, അങ്ങനെ കുറെ നായകന്മാരെ വിവരിക്കുന്നതാണ് മൈക്കിൾ എച്ച് ഹാർട്ടിന്റെ The 100: A Ranking of the Most Influential Perosns in History എന്ന ഗ്രന്ഥം. ചരിത്രത്തെ സ്വാധീനിച്ച 100 മനുഷ്യരെ അവർ ചെലുത്തിയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ റാങ്കിങ് ചെയ്തിരിക്കുന്നു. അരിസ്റ്റോട്ടിലും പ്ലേറ്റോയുംമുതൽ ന്യൂട്ടണും ഐൻസ്റ്റീനുംവരെ ഭാഗമാകുന്ന പട്ടികയിലെ ഒന്നാം സ്ഥാനക്കാരനിൽനിന്നും തുടങ്ങാം; Muhammad (pbuh), The Prophet of Islam.

അദ്ദേഹത്തിലൂടെ ലോകം കേട്ട ആശയത്തിന് സാമ്രാജ്യങ്ങളെ മറിച്ചിടാൻ കഴിഞ്ഞിരുന്നു. ചരിത്രത്തിന്റെ ഗതിമാറ്റാൻ കഴിഞ്ഞിരുന്നു. അന്നുവരെയുണ്ടായ മത-തത്ത്വ ചിന്തകൾ അദ്ദേഹത്തിന്റെ കൈയിലൊതുങ്ങി. ചരിത്രത്തിൽ അറിയപ്പെടാതെകിടന്ന അപരിഷ്‌കൃതരായ കുറച്ച് മരുഭൂമനുഷ്യരെ ലോകം ഭരിക്കാൻ അദ്ദേഹം ഉൾകൊണ്ട പ്രത്യയശാസ്ത്രം പ്രാപ്തമാക്കി. വധിക്കാൻ ശത്രുക്കൾ വളഞ്ഞനേരത്തും സാമ്രാജ്യങ്ങളുടെ താക്കോൽ നമുക്ക് കീഴ്‌പ്പെടുന്ന കാലത്തെ സംബന്ധിച്ച് അണികളോട് പ്രവചിക്കാൻ മാത്രം നേതൃബോധവും മനോശക്തിയുമുള്ള വ്യക്തി.

23 വർഷക്കാലം അദ്ദേഹത്തിന്റെ നാവിൽനിന്ന് ലോകം കേട്ട വാക്കുകളുടെ ആജ്ഞാശക്തിയിൽ ശക്തരുടെ ഹൃദയങ്ങൾപോലും കീഴൊതുങ്ങി. അവർ ലോകം കണ്ട നീതിയുടെ വക്താക്കളും ഏകാധിപതികളുടെ പേടിസ്വപ്നവും ഭരണാധികാരികളുമായി. ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഒരു മരുഭൂമിയിൽ ജനിച്ച അനാഥന്, ആട്ടിടയനും കച്ചവടക്കാരനുമായ ഒരു സാധാരണ ആറാം നൂറ്റാണ്ടുകാരന്റെ വെറും 23 വർഷത്തിന് ഈ ലോകം മാറാൻ വഴങ്ങിയെങ്കിൽ ഇദ്ദേഹത്തിന് സാധാരണ വിശദീകരണങ്ങൾ ചേരില്ല. അസാധാരണമായ ഈ ജീവിതത്തിന് അസാധാരണം തന്നെയായ ഒരു വിശദീകരണം ഉണ്ടാകും. ഇദ്ദേഹം സ്വയം താനൊരു ടൈം ട്രാവലർ ആണെന്നോ അന്യഗ്രഹ ജീവിയാണെന്നോ പറഞ്ഞാൽ അതിൽ വിശ്വസിക്കാൻ എനിക്കൊരു മടിയും ഉണ്ടാകില്ല. എന്നാൽ അദ്ദേഹം പറഞ്ഞത് അബ്രഹാമിന്റെയും മോശെയുടെയും യേശുവിന്റെയും പാതയിലെ പ്രവാചകനാണ് താൻ എന്നാണ്. Extraordinary event needs an extraordinary explanation, and this explanation makes sense, this only makes sense.

E19: വിശ്വസ്തത

തന്റെ നാൽപത് വർഷത്തെ ജീവിതത്തിലെ സത്യസന്ധതകൊണ്ട് ഒരു ജനതയുടെതന്നെ വിശ്വസ്തത നേടിയെടുക്കാൻ കഴിഞ്ഞ വ്യക്തി, കഠിനശത്രുക്കൾപോലും വിശ്വസ്തനെന്ന് തന്നെ പരിചയപ്പെടുത്തുമാറ് കളവ് പറഞ്ഞിട്ടില്ലാത്ത വ്യക്തി. അങ്ങനെ പറയുന്നതുകൊണ്ട് യാതൊന്നും നേടിയിട്ടില്ലാത്ത വ്യക്തി, തന്റെ പ്രബോധന ദൗത്യത്തിൽനിന്നും പിന്തിരിഞ്ഞാൽ നീ ആവശ്യപ്പെടുന്നതെന്തും നൽകാമെന്ന മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളെ അവഗണിച്ച് ജീവിതത്തിലുടനീളം കഷ്ടപ്പെട്ടത് എന്തിനായിരിക്കും? അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ സത്യമായിരുന്നു എന്നത് മാത്രമാണ് എത്താവുന്ന യുക്തിപരമായ നിഗമനം.

പ്രവാചകനെക്കുറിച്ച് (അന്ന് പ്രവാചക ശത്രുവായിരുന്ന) അബൂസുഫിയാനോട് ബൈസന്റൈൻ ചക്രവർത്തിയായിരുന്ന ഹെരാക്ലിയസ് ചോദിക്കുന്ന ചോദ്യങ്ങൾക്കിടയിൽ ഇങ്ങനെ കാണാം: ‘അദ്ദേഹം പ്രവാചകത്വം അവകാശപ്പെടുന്നതിന് മുമ്പ് കളവ് പറഞ്ഞിരുന്നതിന്റെ പേരിൽ നിങ്ങളാൽ ആക്ഷേപിക്കപ്പെട്ടിട്ടുണ്ടോ?’ ഇല്ലെന്ന് ഞാൻ മറുപടി പറഞ്ഞു. ‘അദ്ദേഹം വാഗ്ദാനങ്ങൾ ലംഘിക്കാറുണ്ടോ?’ ഇല്ലെന്ന് ഞാൻ മറുപടി പറഞ്ഞു.

പ്രവാചകനെ തങ്ങൾ അവിശ്വസിക്കുന്നത് തങ്ങളുടെ വിശ്വാസത്തിന് എതിര് പറയുന്നതുകൊണ്ട് മാത്രമാണ് എന്നും അതല്ലാതെ കളവ് ആരോപിക്കാൻ പോലുമില്ലാത്തവിധം സത്യസന്ധനായിരുന്നു മുഹമ്മദ്ﷺ എന്നുമാണ് അദ്ദേഹത്തിന്റെ അന്നത്തെ പ്രധാന ശത്രുവായ അബൂസുഫ്‌യാൻ പോലും പറഞ്ഞവയ്ക്കുന്നത്.

പ്രവാചകന്റെ ആദ്യ പരസ്യപ്രബോധന രംഗത്ത് തനിക്ക് മുന്നിൽ നിൽക്കുന്ന തന്റെ ജനങ്ങളോട് ഇങ്ങനെ ചോദിക്കുന്നുണ്ട്: “ഈ പർവതത്തിനപ്പുറത്തുനിന്നും ശത്രുക്കൾ ആക്രമിക്കാൻ വരുന്നതായി ഞാൻ പറഞാൽ നിങ്ങൾ വിശ്വസിക്കുമോ?’’ അതിനവർ നൽകുന്ന മറുപടി ‘താങ്കളിൽനിന്നും കളവായി ഒന്നും ഞങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ല’ എന്നായിരുന്നു. (Sahih Muslim).

മറ്റൊരിടത്ത് ക്ലേശസന്ദർഭത്തിലും കരാറിനോട് സത്യസന്ധത പാലിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പ്രവാചകനെ കാണാം. ബദ്‌റിന് മുന്നോടിയായി മദീനയിലേക്ക് പലായനം ചെയ്തിരുന്ന ഹുദൈഫ(റ)യും പിതാവും ക്വുറൈശികളാൽ പിടിക്കപ്പെട്ടു. തങ്ങൾക്കെതിരെ യുദ്ധം ചെയ്യുന്നതിന് മുഹമ്മദിനെ സഹായിക്കില്ല എന്ന കരാറിന്റെ പുറത്താണ് അവരെ പിന്നെ മദീനയിലേക്ക് പോകാൻ അനുവദിച്ചത്. തങ്ങളുടെ പല മടങ്ങ് വരുന്ന സൈന്യത്തോട് ഏറ്റുമുട്ടാൻ പോകുന്ന, യുദ്ധത്തിന് വേണ്ടത്ര സൈനികരില്ലാത്ത അവസ്ഥയിൽ നിൽക്കുന്ന പ്രവാചകന്റെ പക്കൽ ഈ വാർത്തയെത്തിയപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു: ‘നാം അവരോടുള്ള ഈ കരാർ പാലിക്കും.’

കളവു പറയുകയാണെങ്കിൽ ആ ജനതയെ മുഴുവൻ തന്നിൽ വിശ്വസിപ്പിക്കാനുള്ള സാഹചര്യവും പ്രവാചകനുണ്ടായി. പ്രവാചക പുത്രൻ ശൈശവത്തിൽ മരിച്ച ദിവസം. അന്ന് അറേബ്യ ഒരു സൂര്യഗ്രഹണം കണ്ടൂ. കണ്ടവരെല്ലാം പറഞ്ഞുകൊണ്ടിരുന്നു: ‘പ്രവാചകപുത്രന്റെ വിയോഗത്തിൽ പ്രകൃതി പോലും ദുഃഖം രേഖപ്പെടുത്തുന്നുവെന്ന്.’ അതിനോട് കണ്ണടച്ചാൽ ചിലപ്പോൾ പ്രവാചകനെ അംഗീകരിക്കാത്ത ശത്രുക്കൾ പോലും വിശ്വസിച്ചുവെന്നിരിക്കും. എന്നാൽ അപ്പോഴും ഒരു അന്ധവിശ്വാസത്തെ നീക്കാനുള്ള സന്ദർഭമായി അതിനെ കണ്ടാണ് പ്രവാചകൻﷺ സംസാരിച്ചത്. സൂര്യ-ചന്ദ്ര ഗ്രഹണങ്ങൾ ആരുടെയും ജനനമോ മരണമോ കാരണമായി സംഭവിക്കുന്നില്ലെന്നും അവ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണെന്നും പ്രഖ്യാപിച്ച് വലിയൊരു അന്ധവിശ്വാസത്തെ നിരാകരിക്കുകയാണ് പ്രവാചകൻ ചെയ്തത്. ചെറിയ കാര്യങ്ങളിൽപോലും സത്യസന്ധമായും നീതിയോടെയും വർത്തിക്കാൻ നിർബന്ധം കാണിച്ച ഒരു വ്യക്തി ജീവിതത്തിലൊരുനാൾ വലിയൊരു കളവ് പറയുകയും ജീവിതത്തിന്റെ അവസാനം വരെ അത് തുടരുകയും ചെയ്തുവെന്ന് വിശ്വസിക്കുന്നതിൽ യുക്തിയില്ല.

ഇസ്‌ലാമികാദർശത്തെ മനുഷ്യർക്ക് പരിചയപ്പെടുത്തിയതുകൊണ്ട് കഠിനമായ ത്യാഗങ്ങൾ സഹിക്കേണ്ടിവന്നു എന്നല്ലാതെ വ്യക്തിപരമായ ഭൗതികലാഭങ്ങൾ പ്രവാചകന് ഉണ്ടായിട്ടില്ല എന്നും കാണാം. ദിവസങ്ങളോളം, വേവിച്ച ആഹാരമില്ലാതെ വെറും വെള്ളവും ഈന്തപ്പഴവും മാത്രം ആഹരിച്ച് ജീവിച്ചിരുന്നതായി പ്രവാചക പത്‌നി ആഇശ(റ) പറയുന്നുണ്ട്. (ബുഖാരി 6459).

അന്നത്തെ വിവിധ സാമ്രാജ്യങ്ങളുടെ ചക്രവർത്തിമാർ ഭൗതിക സൗകര്യങ്ങൾ ആസ്വദിച്ച് സുഖിച്ച് ജീവിക്കുമ്പോൾ, ഈന്തപ്പനയോലയുടെ പായയിൽ കിടന്ന് അടയാളം പതിഞ്ഞ ശരീരവുമായി നിൽക്കുന്ന പ്രവാചകനെയും അദ്ദേഹത്തിന്റെ പക്കലുള്ള കുറഞ്ഞ ഭക്ഷണവും കണ്ട് ഉമർ(റ) സങ്കടം പറയുന്നുണ്ട്. അവർക്കത് ഈ ലോകത്തും നമുക്കത് പരലോകത്തുമാണ് എന്നാണ് പ്രവാചകൻ അതിനു നൽകുന്ന വിശദീകരണം. പരലോകത്തെ സംബന്ധിച്ച് ഉറച്ച ബോധ്യമുള്ള ഒരാൾക്കല്ലാതെ ഇങ്ങനെ ജീവിക്കാനാവില്ല.

പ്രവാചകന്റെ ആശയപ്രചാരണം സത്യസന്ധമല്ലെങ്കിൽ അതിനുവേണ്ടി നിഷ്‌കളങ്കമായി ജീവിക്കാനും ത്യാഗങ്ങൾ സഹിക്കാനും കഴിയുകയെങ്ങനെയാണ്? ആരും കാണാനില്ലാത്ത രാത്രികളിൽ രഹസ്യമായിപോലും അദ്ദേഹം ഉറക്കമൊഴിച്ച് നമസ്‌കരിച്ചത് പിന്നെ എന്തുകൊണ്ടാണ്? ശത്രുക്കൾ പിടികൂടാൻ ചുറ്റും വലയം ചെയ്ത നേരത്ത് പോലും സാമ്രാജ്യങ്ങളെ ഈ ആശയം അതിജയിക്കുമെന്ന് പറയാനുള്ള ആത്മവിശ്വാസം അദ്ദേഹത്തിന് നൽകിയത് എന്തായിരിക്കും? ചുരുങ്ങിയ അണികളുമായി തങ്ങളെക്കാൾ പല മടങ്ങ് ശക്തമായ സേനയുമായി വിജയം പ്രതീക്ഷിച്ച് യുദ്ധംചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണ്? സമ്പത്തോ ഭൗതിക സുഖസൗകര്യങ്ങളോ നേടിയില്ലെങ്കിൽ പിന്നെ അദ്ദേഹത്തിന്റെ ലക്ഷ്യമെന്തായിരുന്നു? അന്നുവരെ യാതൊരു സാഹിത്യവും എഴുതുകയോ, പറയുകയോ ചെയ്തിട്ടില്ലാത്ത, നിയമപുസ്തകങ്ങൾ വായിച്ചിട്ടില്ലാത്ത, പ്രകൃതിശാസ്ത്രമോ തത്ത്വചിന്തയോ പഠിച്ചിട്ടില്ലാത്ത വ്യക്തി ഒരുനാൾ ഇതെല്ലാം കൈകാര്യം ചെയ്യാനാരംഭിക്കുകയും അതിനു പകരം ഒന്ന് കൊണ്ടുവരാൻ ഒരു സമൂഹത്തെ വെല്ലുവിളിക്കുകയും അതിന് അവർക്ക് കഴിയാതിരിക്കുകയും ചെയ്തതിനെ ഭൗതിമായി എങ്ങനെയാണ് വിശദീകരിക്കുക? മുഹമ്മദ്ﷺ ദൈവദൂതനായിരുന്നു എന്ന വിശദീകരണത്തിന് മാത്രമാണ് ഈ സംജ്ഞകളെ വിശദീകരിക്കാൻ കഴിയുന്നത്.

(തുടരും)