ജീവന്റെ ഉത്ഭവം ക്വുർആനിലും ശാസ്ത്രത്തിലും

ഡോ. ടി. കെ യൂസുഫ്

2023 ഏപ്രിൽ 01, 1444 റമദാൻ 10

ഭൂമിയിൽ ജീവന്റെ ആവിർഭാവത്തെക്കുറിച്ച് ഇക്കാലമത്രയും ഒട്ടേറെ ശാസ്ത്രീയ വിശകലനങ്ങൾ നടന്നിട്ടുണ്ട്. ഏകദേശം 318 മില്യൺ വർഷങ്ങൾക്ക് മുമ്പുതന്നെ പ്രപഞ്ചത്തിൽ ജൈവോൽപത്തി നടന്നിട്ടുണ്ട് എന്നതിൽ ശാസ്ത്രജ്ഞന്മാർ ഏകാഭിപ്രയക്കാരാണ്. എന്നാൽ ഭൂമുഖത്ത് ജീവൻ പ്രകടമായ രൂപത്തെക്കുറിച്ച് അവർക്ക് കൃത്യമായ അറിവില്ല. ആധുനിക ശാസ്ത്രജ്ഞന്മാർ ജീവന്റെ ഉത്ഭവത്തെക്കുറിച്ച് പ്രധാനമായും രണ്ട് വീക്ഷണങ്ങളാണ് വച്ചുപുലർത്തുന്നത്. കേവലം യാദൃച്ഛികമായ ഒരുവേളയിൽ ജീവന്റെ തുടിപ്പ് ഈ ഗോളത്തിൽ പ്രത്യക്ഷപ്പെട്ടു എന്നതാണ് അതിലൊന്ന്. പ്രപഞ്ചത്തിൽ ബില്യൺകണക്കിന് വർഷങ്ങൾക്ക് മുമ്പ് നിലവിലുണ്ടായിരുന്ന പദാർഥങ്ങളും പരിതഃസ്ഥിതിയും സമന്വയിച്ചുകൊണ്ട് ഒരു രാസപ്രക്രയിയിലൂടെ ജീവൻ രൂപംകൊണ്ടു എന്നതാണ് മറ്റൊരു വീക്ഷണം.

പ്രപഞ്ചത്തിലെ മറ്റേതോ ഗ്രഹങ്ങളിൽനിന്നും ചില ജൈവവസ്തുക്കൾ ഭൂമിയിൽ പതിക്കുകയും അവ അവിടെക്കിടന്ന് വളർന്നുവരികയും ചെയ്തു എന്നാണ് ജീവൻ യാദൃച്ഛികമായി ഉണ്ടായി എന്ന് പറയുന്നവർ വ്യാഖ്യാനിക്കുന്നത്. എന്നാൽ ഈ സിദ്ധാന്തത്തെ നല്ലൊരുഭാഗം ശാസ്ത്രജ്ഞരും അംഗീകരിക്കുന്നില്ല. കാരണം ഒട്ടേറെ പ്രയാസം നിറഞ്ഞ വഴികളിലൂടെയുളള ജൈവവസ്തുക്കളുടെ പ്രയാണം അസാധ്യമായിട്ടാണ് അവർ കാണുന്നത്. തന്നെയുമല്ല, ഈ സിദ്ധാന്തം ജീവന്റെ ആവിർഭാവം എവിടെനിന്ന് എന്ന് മാത്രമെ പറയുന്നുള്ളൂ; അല്ലാതെ അത് രൂപംകൊണ്ട വികാസപരിണാമഘട്ടങ്ങളെക്കുറിച്ച് പരാമർശിക്കുന്നില്ല. എന്നാൽ പ്രപഞ്ചത്തിൽ രാസപ്രക്രിയയിലൂടെയാണ് ജീവൻ ഉത്ഭവിച്ചത് എന്ന തത്ത്വം സമാലിക ശാസ്ത്രജ്ഞന്മാരിൽ പലരും അംഗീകരിക്കുന്നു.

ഭൗമോപരിതലത്തിൽ ഉണ്ടായിരുന്ന ചില വസ്തുക്കളുടെ രാസപരിണാമ പ്രക്രിയകളുടെ തുടർച്ചയെന്നോണമാണ് ജീവൻ രൂപപ്പെട്ടത് എന്ന രണ്ടാമത്തെ സിദ്ധാന്തത്തെയും ചില ശാസ്ത്രജ്ഞർ എതിർക്കുന്നുണ്ട്. ‘അന്ന് ഭൂമിയിൽ മതിയായ അളവിൽ ഓക്‌സിജൻ ഇല്ലാതിരുന്നത് നിമിത്തം അന്നത്തെ പരിതഃസ്ഥിതി ജൈവ ഉത്ഭവത്തിന് അനുയോജ്യമായിരുന്നില്ല എന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. ഇന്നത്തെ പരിതഃസ്ഥിതിയിൽനിന്നും തികച്ചും വ്യത്യസ്തമായി അന്ന് പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെട്ടിരുന്ന ഘടകം ഹൈഡ്രജനായിരുന്നു. അമോണിയ, മീഥൈൽ, ജലം എന്നീ വസ്തുക്കളും അന്ന് സുലഭമായിരുന്നു. ഇത്തരം പ്രകൃതി വസ്തുക്കളും വാതകങ്ങളും സൂര്യപ്രകാശം, അഗ്‌നിപർവതം, മിന്നൽപ്പിണർ എന്നിവയുമായി ചേർന്ന് ജീവന്റെ ഏറ്റവും സുക്ഷ്മ ഘടകങ്ങളായ അമിനോ ആസിഡുകളും ഗ്ലൂക്കോസും രൂപംകൊള്ളുകയും ഇവ സങ്കീർണവും ശാസ്ത്രീയമായി വിവക്ഷിക്കാൻ പറ്റാത്തതുമായ രൂപത്തിൽ കൂടിച്ചേർന്ന് പ്രഥമ ജീവലോകം രൂപപ്പെടുകയും ചെയ്തു’വെന്നാണ് രാസപ്രക്രിയയിലൂടെ ജീവപരിണാമം ഉണ്ടായി എന്ന് വാദിക്കുന്നവർ പറയുന്നത്.

1953ൽ ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയായിരുന്ന സ്റ്റാൻലി ലിസ്മില്ലർ യുഗങ്ങൾക്ക് മുമ്പ് ഭൂമിയുടെ ഉപരിതലത്തിൽ കാണപ്പെട്ടിരുന്നു എന്ന് വിശ്വസിക്കപ്പെട്ടിരുന്ന രാസപദാർഥങ്ങൾ ഒരു ടെസ്റ്റ് ട്യൂബിലെടുത്ത് പരിക്ഷണം നടത്തിയപ്പോൾ ജൈവകോശത്തിലെ പ്രോട്ടീൻ നിർമാണത്തിൽ അടിസ്ഥാനഘടകമായി വർത്തിക്കുന്ന അമിനോ ആസിഡുകൾ രൂപംകൊളളുന്നതായി കണ്ടെത്തി. അതേ സർവകലാശാലയിലെ പ്രൊഫസറും രസതന്ത്രത്തിൽ 1934ലെ നൊബേൽ സമ്മാന ജേതാവുമായ ഹരോൾഡ് സിയൂറിയും മറ്റു ചില ശാസ്ത്രജ്ഞരും കൂടി പ്രസ്തുത പരീക്ഷണം ആവർത്തിച്ചപ്പോഴും മില്ലർ നടത്തിയ പരീക്ഷണത്തിന് സമാനമായ ഫലംതന്നെയാണ് ഉണ്ടായത്. എന്നാൽ അമിനോ ആസിഡുകൾ ജീവനിൽ നേരിയ പങ്കുമാത്രമെ നിർവഹിക്കുന്നുളളൂ എന്ന് പറഞ്ഞുകൊണ്ട് ഒരുപറ്റം ശാസ്ത്രജ്ഞർ ഈ സിദ്ധാന്തത്തെയും എതിർക്കുന്നുണ്ട്.

ജീവകോശങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് അടുത്തകാലത്തായി ഒട്ടേറെ ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. കോശത്തിന്റെ ജനിതകഘടനയിൽ പ്രധാന പങ്കുവഹിക്കുന്ന ഡി.എൻ.എ പ്രാരംഭ ജീവകോശത്തിൽ ഉണ്ടായിരുന്നില്ലെന്ന് വിശ്വസിക്കുന്നവരും ജീവശാസ്ത്ര വിദഗ്ധരിലുണ്ട്. ജീവന്റെ ആവിർഭാവ കാലഘട്ടത്തിൽ ഭൂമിയുടെ പരിതഃസ്ഥിതി ഇന്നത്തേതിനെക്കാളും വ്യത്യസ്തമായിരുന്നു. അന്ന് ഭൂമിയുടെ ഉപരിതലത്തിൽ 97 ശതമാനം വെള്ളമായിരുന്നുവെന്നും അന്തരീക്ഷത്തിൽ ഓക്‌സിജൻ കാണപ്പെട്ടിരുന്നില്ലെന്നും സൂര്യതാപം കുറവായിരുന്നുവെന്നും ശാസ്ത്രലോകം അംഗീകരിക്കുന്നുണ്ട്. ഭൂമിയുടെ ഊഷ്മാവ് പൂജ്യം ഡിഗ്രിയായിരുന്ന അക്കാലത്ത് കാർബൺഡൈഓക്‌സൈഡ്, നൈട്രജൻ എന്നിവ ഭൂമിയിലൂണ്ടായിരുന്നു എന്ന വസ്തുത പല ശാസ്ത്രജ്ഞരും അംഗീകരിക്കുന്നുണ്ട്. എന്നാൽ ഇത്തരം വസ്തുക്കൾക്ക് ജീവനിൽ കാര്യമായ പങ്കില്ലാത്തതുകൊണ്ട് ഭൂമിയിൽ ജീവന്റെ കണികകൾ അതിസൂക്ഷ്മമായ വസ്തുക്കളുടെ രൂപത്തിൽ ബാഹ്യലോകത്തുനിന്നും ഭൂമിയിലേക്ക് വന്നു എന്ന നിഗമനമാണ് ഇവർക്കുളളത്.

ജീവന്റെ ഉത്ഭവത്തെക്കുറിച്ച് മേൽപറഞ്ഞ സങ്കൽപങ്ങൾക്ക് പുറമെ യാഥാർഥ്യവുമായി കുറച്ചുകൂടി ബന്ധമുളള ഒരു വീക്ഷണം1981ൽ രൂപംകൊളളുകയുണ്ടായി. ഡി.എൻ.എ. കണ്ടുപിടിച്ച ഇംഗ്ലീഷ് ബയോളജിസ്റ്റായ എം.എച്ച്. ക്രീക്ക് എന്ന ശാസ്ത്രജ്ഞനാണ് ഈ സങ്കൽപത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ ജീവന്റെ വിത്തുകൾ ഭൂമിയിലേക്ക് വന്നത് നിഗൂഢമായ ഏതോ ഒരു വഴിയിലൂടെയാണ്. അതുകൊണ്ട് തന്നെ ജൈവ ഉത്ഭവം പ്രായോഗികതലത്തിൽ പരീക്ഷണം നടത്തി തെളിയിക്കാൻ പ്രയാസമാണ്. ക്രീക്കിന്റെ ഈ സങ്കൽപം സൃഷ്ടിപ്പിനെക്കുറിച്ചുള്ള ക്വുർആനിക വീക്ഷണത്തെ പിന്തുണക്കുന്നതാണ്. ‘ജീവനുള്ള എല്ലാ വസ്തുക്കളെയും നാം ജലത്തിൽനിന്നും സൃഷ്ടിച്ചു’ (ക്വുർആൻ: 21:30) എന്നാണ് അല്ലാഹു പറയുന്നത്. സൃഷ്ടിപ്പിന്റെ പിന്നിലുള്ള ദൈവകരങ്ങളെ അംഗീകരിക്കാൻ കഴിയാത്തവർക്ക് ജീവൻ വന്ന വഴി എന്നും നിഗൂഢംതന്നെയായിരിക്കും.

ജീവന്റെ ആവിർഭാവത്തെക്കുറിച്ച് നിലവിലൂള്ള സങ്കൽപങ്ങളെല്ലാം ശാസ്ത്രജ്ഞന്മാരുടെ ജൽപനങ്ങൾ മാത്രമാണ്. ബില്യൺകണക്കിന് വർഷങ്ങൾക്ക് മുമ്പ് രൂപംകൊണ്ട ജീവൻ എന്ന പ്രതിഭാസത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾക്കൊന്നും ഉപോൽബലകങ്ങളായ വ്യക്തമായ തെളിവുകളില്ല. എന്നാൽ സൃഷ്ടിപ്പിന്റെ ആദ്യഘട്ടത്തിലെ ജലത്തിന്റെ ഗണ്യമായ സാന്നിധ്യം ക്വുർആനിലും പ്രതിപാദിക്കുന്നുണ്ട്: ‘അവനാണ് ആകാശഭൂമികളെ ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചത്, അവന്റെ സിംഹാസനം വെളളത്തിൻമേലായിരുന്നു’ (ക്വുർആൻ 11:7).

ബാഹ്യലോകത്ത് വെള്ളമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ചുള്ള ഗവേഷണങ്ങൾ ഇന്നും മുറക്ക് നടക്കുന്നുണ്ട്. നമ്മുടെ സങ്കൽപങ്ങൾക്കും കണക്കുകൂട്ടലുകൾക്കും അപ്പുറത്തുള്ള ചില ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങളാണ് ഇത്തരം പഠനങ്ങൾ പുറത്ത്‌കൊണ്ടുവന്നിട്ടുളളത്. ഭൂമിയിലെ സമുദ്രങ്ങളെ ആറ് പ്രാവശ്യം നിറക്കാൻ വേണ്ട വെള്ളം ഉൾകൊളളുന്ന ഒരു നീരാവിപടലം ബാഹ്യലോകത്ത് ഉള്ളതായി 1998ൽ യൂറോപ്യൻ ബഹിരാകാശ ഏജൻസി വെളിപ്പെടുത്തിയിട്ടുണ്ട്. ആകാശഭൂമികളുടെ സൃഷ്ടിപ്പിന്റെ ആദ്യഘട്ടത്തിലെ അധികരിച്ച ജലസാന്നിധ്യം അവിശ്വസനീയമല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

പ്രപഞ്ചത്തിന്റെ ആദ്യരൂപം ഒരു വാതകമായിരുന്നു എന്ന സത്യം ഇന്ന് ശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം ക്വുർആൻ പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രസ്താവിച്ചതാണ്. ‘പിന്നീടവൻ ആകാശത്തിലേക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു’ (ക്വുർആൻ 41:11). എന്നാൽ ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ശാസ്ത്രീയ നിഗമനങ്ങളെല്ലാം വൈരുധ്യങ്ങൾ നിറഞ്ഞതാണ്. ഈ രംഗത്ത് ഇനിയും ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്. മനുഷ്യനെ മണ്ണിൽനിന്നും സൃഷ്ടിച്ചു എന്ന വസ്തുതയിലേക്കും ഇനിയുള്ള ശാസ്ത്രഗവേഷണങ്ങൾ ചെന്നെത്താനിടയുണ്ട്. വാനരിൽനിന്നും പരിണമിച്ചാണ് നരവംശം ഉണ്ടായത് എന്ന സങ്കീർണ സമസ്യ വെച്ചുപുലർത്തുന്നവരുടെ മസ്തിഷ്‌ക്കത്തിന് സംതൃപ്തി നൽകാൻ ‘മണ്ണിൽനിന്നും നാം മനുഷ്യനെ സൃഷ്ടിച്ചു’ എന്ന ക്വുർആൻ വചനം തികച്ചും പര്യാപ്തമാണ്. പ്രപഞ്ചോൽപത്തി, സൃഷ്ടിപ്പിന്റെ ആരംഭം എന്നീ കാര്യങ്ങളെക്കുറിച്ച് സൂക്ഷ്മമായും സത്യസന്ധമായും പഠനം നടത്തിയാൽ അതിനു പിന്നിൽ ഒരു സ്രഷ്ടാവിനെ കണ്ടെത്താൻ കഴിയും. അതുകൊണ്ടാണ് ഇക്കാര്യത്തെക്കുറിച്ച് ഉറ്റാലോചിക്കാൻ ക്വുർആൻ നമ്മോട് ആജ്ഞാപിക്കുന്നത്. അല്ലാഹു പറയുന്നു: ‘നിങ്ങൾ ഭൂമിയിൽ സഞ്ചരിക്കുക, എന്നിട്ട് സൃഷ്ടിപ്പ് എങ്ങനെ ആരംഭിച്ചു എന്ന് ആലോചിക്കുക’ (ക്വുർആൻ 29:20).