യുദ്ധം അരികെ

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ആഗസ്ത് 03 1440 ദുൽഹിജ്ജ 02

(ലോകഗുരു: മുഹമ്മദ് നബി ﷺ ഭാഗം: 32)

ക്വുറൈശികള്‍ അവരുടെ കച്ചവട സംഘത്തെ സംരക്ഷിക്കുവാന്‍ വേണ്ടി പുറപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത നബി ﷺ ക്ക് ലഭിച്ചു. ഈ സന്ദര്‍ഭത്തില്‍ ബദ്‌റിലേക്കുള്ള വഴിയില്‍ ദഫ്‌റാന്‍ എന്ന താഴ്‌വരയില്‍ ആയിരുന്നു നബി ﷺ . സ്വഫ്‌റാഅ് താഴ്‌വരയുടെ സമീപത്തായിരുന്നു അത്. നബി ﷺ  തന്റെ സ്വഹാബികളെ ഒരുമിച്ചുകൂട്ടുകയും ക്വുറൈശികള്‍ മക്കയില്‍ നിന്ന് പുറപ്പെട്ട വിവരം അവരെ അറിയിക്കുകയും ചെയ്തു. എന്തു ചെയ്യണമെന്ന കാര്യത്തില്‍ അവരുമായി കൂടിയാലോചന നടത്തി. ചില സ്വഹാബിമാര്‍ യുദ്ധത്തെ ഇഷ്ടപ്പെട്ടില്ല. കാരണം, യുദ്ധത്തിനു വേണ്ടി ഒരുങ്ങിവന്നതായിരുന്നില്ല അവര്‍. കച്ചവട സംഘം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അവരെ തൃപ്തിപ്പെടുത്തുവാന്‍ നബി ﷺ  അവരുമായി അല്‍പ സമയം സംസാരിക്കുക തന്നെ ചെയ്തു. അവരെ സംബന്ധിച്ചാണ് ക്വുര്‍ആനിലെ ഈ സൂക്തം അവതരിച്ചത്:

''വിശ്വാസികളില്‍ ഒരു വിഭാഗം ഇഷ്ടമില്ലാത്തവരായിരിക്കെത്തന്നെ നിന്റെ വീട്ടില്‍ നിന്ന് ന്യായമായ കാര്യത്തിന് നിന്റെ രക്ഷിതാവ് നിന്നെ പുറത്തിറക്കിയത് പോലെത്തന്നെയാണിത്. ന്യായമായ കാര്യത്തില്‍, അതു വ്യക്തമായതിനു ശേഷം അവര്‍ നിന്നോട് തര്‍ക്കിക്കുകയായിരുന്നു. അവര്‍ നോക്കിക്കൊണ്ടിരിക്കെ മരണത്തിലേക്ക് അവര്‍ നയിക്കപ്പെടുന്നത് പോലെ'' (അല്‍അന്‍ഫാല്‍: 5,6).

മുഹാജിറുകളുടെ സൈനിക മേധാവിയോട് നബി ﷺ  സംസാരിച്ചു. ശത്രുക്കളുമായി ഏറ്റുമുട്ടേണ്ടതിനായി മുന്നോട്ടുനീങ്ങണം എന്ന അഭിപ്രായത്തെ അവര്‍ ശക്തിപ്പെടുത്തുകയും ചെയ്തു. അബൂബക്ര്‍(റ), ഉമര്‍(റ) എന്നിവര്‍ എഴുന്നേറ്റുനിന്ന് സംസാരിച്ചു. നല്ല അഭിപ്രായങ്ങളാണ് അവര്‍ പറഞ്ഞത്. നബി ﷺ  വീണ്ടും പറഞ്ഞുകൊണ്ടിരുന്നു: 'അല്ലയോ ജനങ്ങളേ, അഭിപ്രായങ്ങള്‍ പറയൂ.' ഈ സന്ദര്‍ഭത്തില്‍ മിക്വ്ദാദുബ്‌നു അംറ്(റ) എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു: ''അല്ലാഹുവിന്റെ പ്രവാചകരേ, ബനൂഇസ്‌റാഈല്യര്‍ മൂസാനബിയോട് പറഞ്ഞതു പോലെ ഞങ്ങള്‍ നിങ്ങളോട് പറയുകയില്ല. അതായത് 'നീയും നിന്റെ റബ്ബും ചെന്ന് യുദ്ധം ചെയ്യുക. ഞങ്ങള്‍ ഇവിടെ ഇരിക്കാം' എന്ന്. മറിച്ച് ഞങ്ങള്‍ക്ക് പറയാനുള്ളത് നിങ്ങള്‍ മുന്നോട്ട് നീങ്ങൂ; ഞങ്ങളും നിങ്ങളുടെ കൂടെയുണ്ട് എന്നാണ്.'' നബി ﷺ യെ ഈ വാക്കുകള്‍ ഏറെ സ േന്താഷിപ്പിച്ചു (ബുഖാരി: 4609).

 താങ്കളുടെ വലതുഭാഗത്തു നിന്നും ഇടതുഭാഗത്തു നിന്നും മുന്നിലൂടെയും പിന്നിലൂടെയും ഞങ്ങള്‍ താങ്കളോടൊപ്പം യുദ്ധത്തിന് തയ്യാറാണ് എന്നും മിക്വ്ദാദ്(റ) പറഞ്ഞതായി മറ്റൊരു റിപ്പോര്‍ട്ടില്‍ കാണുവാന്‍ സാധിക്കും. (ബുഖാരി: 3952).

ശേഷം അന്‍സ്വാറുകള്‍ക്ക് നേരെ തിരിഞ്ഞുകൊണ്ട് നബി ﷺ  പറഞ്ഞു: ''ജനങ്ങളേ, നിങ്ങളുടെ അഭിപ്രായം പറയൂ.'' ഈ സന്ദര്‍ഭത്തില്‍ സഅ്ദ് ഇബ്‌നുമുആദ്(റ) പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലേ, നിങ്ങള്‍ ഞങ്ങളെ ഉദ്ദേശിച്ചത് പോലെയുണ്ടല്ലോ?'' നബി ﷺ  പറഞ്ഞു: ''അതെ.'' അപ്പോള്‍ സഅ്ദ്(റ)പറഞ്ഞു: ''ഞങ്ങള്‍ താങ്കളില്‍ വിശ്വസിച്ചു. താങ്കളെ സത്യപ്പെടുത്തി. താങ്കള്‍ കൊണ്ടുവന്നത് സത്യമാണെന്ന് ഞങ്ങള്‍ അംഗീകരിച്ചു. ഞങ്ങള്‍ താങ്കള്‍ പറയുന്നത് കേള്‍ക്കാമെന്നും അനുസരിക്കാമെന്നും കരാര്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് എന്തൊന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത് അതിലേക്ക് നീങ്ങിക്കൊള്ളുക. ഞങ്ങള്‍ താങ്കളോടൊപ്പം ഉണ്ട്. അക്കാണുന്ന കടല്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് ഞങ്ങളോട് അതിലേക്ക് ഇറങ്ങാന്‍ പറഞ്ഞാല്‍ അങ്ങയോടൊപ്പം ഞങ്ങളും ഇറങ്ങും. ഞങ്ങളില്‍ ഒരാള്‍ പോലും പിന്തിരിയില്ല. നാളെ ശത്രുക്കളെ കണ്ടുമുട്ടുന്നതില്‍ ഞങ്ങളില്‍ ഒരാളും അനിഷ്ടക്കാരല്ല. ഞങ്ങള്‍ യുദ്ധത്തില്‍ ക്ഷമാലുക്കളാണ്. ഏറ്റുമുട്ടുന്നതില്‍ ആത്മാര്‍ഥതയുള്ളവരാണ്. അങ്ങയുടെ കണ്ണുകള്‍ക്ക് കുളിര്‍മ നല്‍കുന്ന കാര്യങ്ങള്‍ അല്ലാഹു ഞങ്ങളിലൂടെ താങ്കള്‍ക്ക് കാണിച്ചു തന്നേക്കാം. അതുകൊണ്ട് അല്ലാഹുവിന്റെ ബറകത്തിനാല്‍ താങ്കള്‍ ഞങ്ങളെയുംകൊണ്ട് മുന്നോട്ട് നീങ്ങിക്കൊള്ളുക.''

സഅ്ദി(റ)ന്റെ വാക്കും നബി ﷺ യെ ഏറെ സന്തോഷിപ്പിച്ചു. നബി ﷺ  സ്വഹാബികളോട് പറഞ്ഞു: ''അല്ലാഹുവിന്റെ നാമത്തില്‍ എല്ലാവരും നീങ്ങി കൊള്ളുക. നിങ്ങള്‍ സന്തോഷിച്ചു കൊള്ളുക. നിശ്ചയമായും അല്ലാഹു തആലാ രണ്ടു സംഘത്തില്‍ ഒന്നിനെ (അബൂസുഫിയാനിന്റെ നേതൃത്വത്തിലുള്ള കച്ചവടസംഘം. അതല്ലെങ്കില്‍ അബൂജഹലിന്റെ നേതൃത്വത്തില്‍ വന്ന ക്വുറൈശി സംഘം) എനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അല്ലാഹുവാണ് സത്യം! മുശ്‌രികുകള്‍ മരിച്ചുവീഴുന്ന സ്ഥലങ്ങള്‍ പോലും ഇപ്പോള്‍ എന്റെ കണ്ണുകള്‍കൊണ്ട് ഞാന്‍ കാണുന്നത് പോലെയുണ്ട്.'' ശേഷം ഓരോ മുശ്‌രികും  മരിച്ചുവീഴുന്ന സ്ഥലം നബി ﷺ  സ്വഹാബിമാര്‍ക്ക് അറിയിച്ചുകൊടുത്തു. 'ഇന്‍ശാ അല്ലാഹ്, നാളെ ഇന്ന വ്യക്തി ഇവിടെയാണ് മരിച്ചുവീഴുക' എന്നു പറഞ്ഞുകൊണ്ടാണ് ബദ്ര്‍ യുദ്ധത്തിന്റെ തലേദിവസം തന്റെ സഹാബിമാര്‍ക്ക് നബി ﷺ  ആ സ്ഥലങ്ങള്‍ കാണിച്ചു കൊടുത്തത് എന്ന് അനസുബ്‌നു മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥില്‍ കാണുവാന്‍ സാധിക്കും. (മുസ്‌ലിം: 2873).

 നബിയും സ്വഹാബിമാരും ദഫ്‌റാന്‍ താഴ്‌വരയില്‍ നിന്നും കൂടിയാലോചനയ്ക്ക് ശേഷം യാത്ര പുറപ്പെട്ടു. ബദ്‌റില്‍ നിന്നും (മദീനയോട്) അടുത്ത താഴ്‌വരയില്‍ (ഉദ്‌വതുദ്ദുന്‍യ) അവര്‍ എത്തി. ക്വുറൈശികളാകട്ടെ അകന്ന താഴ്‌വരയിലാണ് (ഉദ്‌വതുല്‍

ക്വുസ്വ്‌വ).

''നിങ്ങള്‍ (താഴ്‌വരയില്‍ മദീനയോട്) അടുത്ത ഭാഗത്തും അവര്‍ അകന്നഭാഗത്തും സാര്‍ഥവാഹകസംഘം നിങ്ങളെക്കാള്‍ താഴെയുമായിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക)'' (അല്‍അന്‍ഫാല്‍: 42).

വ്യാഴാഴ്ച ദിവസം വൈകുന്നേരം നബി ﷺ  അലിയ്യുബ്‌നു അബീത്വാലിബ്(റ), സുബൈറുബ്‌നുല്‍ അവ്വാം(റ), സഅ്ദ് ബ്‌നു അബീവക്വാസ്(റ) തുടങ്ങിയവരെ മറ്റു ചില സ്വഹാബികളോടൊപ്പം ബദ്‌റിനു സമീപത്തുള്ള വെള്ളത്തിലേക്ക് പറഞ്ഞയച്ചു. ക്വുറൈശികളെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് അറിയാന്‍ വേണ്ടിയായിരുന്നു ഇത്. ക്വുറൈശികള്‍ക്ക് വേണ്ടി വെള്ളമെടുക്കാന്‍ വന്ന ബനൂ ഹജ്ജാജ് ഗോത്രത്തിലെ ഒരു കറുത്ത വേലക്കാരനെ അവര്‍ കണ്ടു. അവര്‍ അയാളെ പിടികൂടി. എന്നിട്ട് അബൂസുഫ്‌യാനെക്കുറിച്ചും അബൂസുഫ്‌യാന്റെ ആളുകളെക്കുറിച്ചും ചോദിക്കുവാന്‍ തുടങ്ങി. അബൂസുഫ്‌യാനെക്കുറിച്ച് എനിക്ക് ഒരു അറിവും ഇല്ല എന്നായിരുന്നു അയാളുടെ മറുപടി. എന്നാല്‍ ഇവിടെ അബൂജഹലും ഉത്ബയും ശൈബയും ഉമയ്യതുബ്‌നു ഖലഫും ഉണ്ട് എന്ന് അയാള്‍ പറയുകയും ചെയ്തു. അപ്പോള്‍ അവര്‍ അയാളെ അടിച്ചു. അടികൊണ്ടപ്പോള്‍ ഞാന്‍ അബൂസുഫ്‌യാനെക്കുറിച്ച് നിങ്ങള്‍ക്ക് പറഞ്ഞു തരാം എന്നു പറഞ്ഞു. അപ്പോള്‍ അവര്‍ അയാളെ വിട്ടു. വീണ്ടും അവര്‍ അബൂസുഫ്‌യാനെക്കുറിച്ച് ചോദിച്ചപ്പോള്‍ അബൂസുഫ്‌യാനെക്കുറിച്ച് എനിക്ക് ഒരു അറിവും ഇല്ല എന്ന് മറുപടി പറഞ്ഞു. എന്നാല്‍ ഇവിടെ അബൂജഹലും ഉതുബയും ശൈബയും... ഉണ്ട് എന്നും അയാള്‍ മറുപടി നല്‍കി. അപ്പോള്‍ അവര്‍ വീണ്ടും അയാളെ അടിക്കാന്‍ തുടങ്ങി. ഈ സന്ദര്‍ഭത്തില്‍ നബി ﷺ  അപ്പുറത്തു നിന്ന് നമസ്‌കരിക്കുകയായിരുന്നു. അവിടെ നിന്നും തിരിഞ്ഞു വന്നുകൊണ്ട് നബി ﷺ  പറഞ്ഞു: 'അല്ലാഹുവാണ് സത്യം! ഇദ്ദേഹം നിങ്ങളോട് സത്യം പറയുമ്പോള്‍ നിങ്ങള്‍ അയാളെ അടിക്കുകയും കളവ് പറയുമ്പോള്‍ നിങ്ങള്‍ അയാളെ ഒഴിവാക്കുകയും ചെയ്യുന്നു' (മുസ്‌ലിം: 1779).

വെള്ളത്തില്‍ നിന്നും അല്‍പം അകലെയായിക്കൊണ്ടാണ് നബിയും സ്വഹാബികളും ഇറങ്ങിയിരുന്നത്. അവര്‍ക്ക് ശക്തമായ ദാഹവും ക്ഷീണവും അനുഭവപ്പെട്ടു. ഈ സന്ദര്‍ഭത്തില്‍ അല്ലാഹു ലഘുവായ ഒരു മഴ ഇറക്കി. ഈ വെള്ളം കൊണ്ട് മുസ്‌ലിംകള്‍ ശുദ്ധീകരണം വരുത്തുകയും കുടിക്കുകയും അവര്‍ ഉന്മേഷവാന്മാരാവുകയും ചെയ്തു. പൈശാചിക മാലിന്യങ്ങളെ അല്ലാഹു അവരില്‍ നിന്ന് നീക്കിക്കളയുകയും ചെയ്തു. മഴ പെയ്തതിന്റെ ഫലമായി അവരുടെ കാലുകളെ മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്തുവാന്‍ അവര്‍ക്ക് സാധിച്ചു. മുശ്‌രിക്കുകളുടെ ഭാഗത്ത് ശക്തമായ മഴ പെയ്തു. അവരെ സംബന്ധിച്ചിടത്തോളം ആ മഴ അവര്‍ക്ക് വലിയ പരീക്ഷണവും ദുഷ്‌കരവും ആയിരുന്നു. അവര്‍ പൊടിയുള്ള ഭാഗത്തായിരുന്നു. അതു കൊണ്ട്, മുന്നോട്ടു നടക്കാന്‍ പോലും അവര്‍ക്ക് കഴിയാതെയായി.

ശേഷം നബി ﷺ  തന്റെ സൈന്യത്തെയും കൊണ്ട് ബദ്‌റിലെ വെള്ളത്തിന്റെ സമീപത്തേക്ക് നീങ്ങി. ബദ്‌റിലെ കിണറുകളില്‍ ഏറ്റവും നല്ല കിണറിന് സമീപത്തേക്ക് നബി ﷺ  എത്തി. മുശ്‌രിക്കുകളെ മുന്‍ കടന്നു കൊണ്ടാണ് നബി ﷺ  അവിടേക്ക് എത്തിയത്. വെള്ളത്തിനു സമീപം മുസ്‌ലിംകള്‍ താമസമുറപ്പിച്ചു. അപ്പോള്‍ സഅദ്ബ്‌നു മുആദ്(റ) നബി ﷺ യോട് പറഞ്ഞു: ''അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു ചെറിയ കുടില്‍ ഉണ്ടാക്കിത്തരട്ടെ? താങ്കള്‍ക്ക് അതില്‍ താമസിക്കാം. അതില്‍ വെച്ചു കൊണ്ട് താങ്കള്‍ക്ക് സൈന്യത്തെ ഒരുക്കുകയും ചെയ്യാം. അങ്ങനെ ഞങ്ങള്‍ ശത്രുക്കളുമായി ഏറ്റുമുട്ടും. അല്ലാഹു ഞങ്ങള്‍ക്ക് ശത്രുക്കളുടെമേല്‍ വിജയവും പ്രതാപവും നല്‍കിയാല്‍ അതാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്. മറിച്ചാണ് അവസ്ഥയെങ്കില്‍ ഞങ്ങളുടെ പിറകിലുള്ള ആളുകളുമായി താങ്കള്‍ക്ക് കൂടിച്ചേരുവാന്‍ സാധിക്കും. ചില ആളുകള്‍ നമ്മുടെ കൂടെ വരാതെ പിന്തിരിഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ പ്രവാചകരേ, അവര്‍ ഞങ്ങളെക്കാള്‍ നിങ്ങളോട് സ്‌നേഹം കുറവുള്ളവരായതു കൊണ്ടല്ല. മറിച്ച് അങ്ങ് യുദ്ധത്തിനാണ് വരുന്നത് എന്ന് അവര്‍ക്ക് അറിയുമായിരുന്നില്ല. അത് അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ ഒരിക്കലും പിന്തി നില്‍ക്കുകയില്ലായിരുന്നു. അല്ലാഹു അവരെക്കൊണ്ട് താങ്കളെ സംരക്ഷിക്കുമായിരുന്നു. അവര്‍ അങ്ങയോട് ഗുണകാംക്ഷയുള്ളവരാണ്. അങ്ങയോടൊപ്പം ജിഹാദ് ചെയ്യുവാന്‍ തയ്യാറുള്ളവരുമാണ്.''

 ഇതു കേട്ടപ്പോള്‍ നബി ﷺ  സഅ്ദി(റ)നെ പുകഴ്ത്തിപ്പറയുകയും അദ്ദേഹത്തിന്റെ നന്മക്കായി പ്രാര്‍ഥിക്കുകയും ചെയ്തു.

നബി ﷺ  തന്റെ സൈന്യത്തെ വരിവരിയായി നിര്‍ത്തി. ഏറ്റവും നല്ല ഒരുക്കം തന്നെ അവരില്‍ നടത്തി. വെള്ളിയാഴ്ചയുടെ തലേരാത്രി ആയിരുന്നു അത്. സൈന്യത്തെയും കൊണ്ട് യുദ്ധം നടക്കാനിരിക്കുന്ന സ്ഥലത്തിലൂടെ നബി ﷺ  നടന്നു. എന്നിട്ട് ചില സ്ഥലങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു: 'ഇന്‍ശാ അല്ലാഹ്, ഇവിടെയാണ് നാളെ ഇന്ന വ്യക്തി മരിച്ചു വീഴുക. ഇവിടെയാണ് നാളെ ഇന്ന വ്യക്തി മരിച്ചു വീഴുക.' അനസ്(റ) പറയുന്നു: 'നബി ﷺ  കാണിച്ച സ്ഥാനത്തു നിന്നും അല്‍പം പോലും അവര്‍ മരിച്ചു വീണപ്പോള്‍ തെറ്റിയിട്ടുണ്ടായിരുന്നില്ല' (മുസ്‌ലിം: 1779).

ബദ്‌റിന്റെ തലേരാത്രിയില്‍ മുസ്‌ലിംകള്‍ക്ക് ഉറക്കം ബാധിച്ചു. അല്ലാഹു അവര്‍ക്ക് നല്‍കിയ അനുഗ്രഹമായിരുന്നു അത്. അവര്‍ എല്ലാവരും ഉറങ്ങി. അങ്ങിനെ അവരുടെ ഹൃദയങ്ങള്‍ക്ക് സമാധാനം ലഭിച്ചു. ഉറക്കത്തിലൂടെ വലിയ ആശ്വാസം അവര്‍ നേടുകയും ചെയ്തു. അല്ലാഹു പറയുന്നു:

 ''അല്ലാഹു തന്റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങളെ ശുദ്ധീകരിക്കുന്നതിനും നിങ്ങളില്‍ നിന്ന് പിശാചിന്റെ ദുര്‍ബോധനം നീക്കികളയുന്നതിനും നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക)'' (അല്‍അന്‍ഫാല്‍: 11).

എന്നാല്‍ ഈ രാത്രിയില്‍ നബി ﷺ  ഒരു മരത്തിന് ചുവട്ടില്‍ നിന്നുകൊണ്ട് നമസ്‌കരിക്കുകയായിരുന്നു. അല്ലാഹുവോട് കേണപേക്ഷിച്ചുകൊണ്ട് കരഞ്ഞു പ്രാര്‍ഥിക്കുകയായിരുന്നു. 'യാ ഹയ്യു യാ ക്വയ്യൂം' എന്ന് നേരം പുലരുവോളം നബി ﷺ  സുജൂദില്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. അന്ന് നബി ﷺ  പ്രാര്‍ഥിച്ച പ്രാര്‍ഥന ഹദീഥുകളില്‍ നമുക്ക് ഇപ്രകാരം കാണുവാന്‍ സാധിക്കും:

 ''അല്ലാഹുവേ, നീ എനിക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിത്തരേണമേ. അല്ലാഹുവേ, വാഗ്ദാനം ചെയ്തത് എനിക്ക് നല്‍കേണമേ. അല്ലാഹുവേ, ഇസ്‌ലാമിന്റെ ഈ സംഘത്തെ നീ നശിപ്പിച്ചാല്‍ പിന്നെ ഭൂമിയില്‍ നീ ആരാധിക്കപ്പെടുകയില്ല.''

നബി ﷺ  ഇത് പറഞ്ഞുകൊണ്ടിരുന്നു. അവിടുന്ന് തന്റെ കൈകള്‍ ക്വിബ്‌ലക്കു നേരെ നീട്ടിയിരുന്നു. നബി ﷺ യുടെ ചുമലില്‍ ഉണ്ടായിരുന്ന മുണ്ട് താഴെ വീണു. അപ്പോള്‍ അബൂബക്ര്‍(റ) അവിടെ കടന്നു വരികയും മുണ്ടെടുത്ത് കൊണ്ട് നബിയുടെ ചുമലില്‍ ഇട്ടു കൊടുക്കുകയും ചെയ്തു. എന്നിട്ട് നബിയെ പിന്നിലൂടെ തന്നിലേക്ക് അണച്ചുപിടിച്ചു. ശേഷം ഇപ്രകാരം പറഞ്ഞു: ''അല്ലാഹുവിന്റെ പ്രവാചകരേ, അല്ലാഹുവിനോടുള്ള താങ്കളുടെ ഈ അപേക്ഷ മതി. താങ്കള്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്തത് പൂര്‍ത്തിയാക്കിത്തരിക തന്നെ ചെയ്യും.'' ഈ സന്ദര്‍ഭത്തില്‍ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു:

'നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി' (അല്‍അല്‍ഫാല്‍: 9).  അങ്ങനെ അല്ലാഹു മലക്കുകളെ കൊണ്ട് നബി ﷺ യെ സഹായിച്ചു. (മുസ്‌ലിം: 1763).

 നേരം പുലര്‍ന്നു. വെള്ളിയാഴ്ച ദിവസം. റമദാന്‍ 17. ഹിജ്‌റ രണ്ടാം വര്‍ഷം. നബി ﷺ  ഇപ്രകാരം വിളിച്ചു പറഞ്ഞു: 'അസ്സ്വലാതു ജാമിഅഃ.' ജനങ്ങള്‍ അവിടെ വന്നു. അവരെക്കൊണ്ട് സ്വുബ്ഹി നമസ്‌കരിച്ചു. യുദ്ധത്തിനുവേണ്ടി പ്രേരിപ്പിച്ചുകൊണ്ട് അവരോട് സംസാരിച്ചു. എന്നിട്ട് പറഞ്ഞു: 'ക്വുറൈശികള്‍ ഈ മലയുടെ അടിഭാഗത്ത് ഉണ്ട്' (അഹ്മദ്: 948).

നബി ﷺ  തന്റെ സൈന്യത്തെ അണിയായി നിര്‍ത്തി. ക്വുറൈശികള്‍ താഴ്‌വരയിലേക്ക് ഇറങ്ങി വരുന്നതിനു മുമ്പായിരുന്നു ഇത്. സൈന്യത്തെ വളരെ ചിട്ടയോടെ നിര്‍ത്തി. എന്നിട്ട് പറഞ്ഞു: 'എന്റെ അനുവാദം ലഭിക്കുന്നതുവരെ ആരും യുദ്ധം തുടങ്ങരുത്.' ഇമാം മുസ്‌ലിമിന്റെ ഹദീഥില്‍ (1901) ഈ കാര്യങ്ങള്‍ വിശദീകരിക്കുന്നത് കാണുവാന്‍ സാധിക്കും.

നബി ﷺ  അവര്‍ക്ക് യുദ്ധത്തിന്റെ രൂപത്തെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കി. ക്വുറൈശികളുടെ അടുത്ത് എത്തിയാലല്ലാതെ അമ്പെയ്ത്ത് നടത്തരുത് എന്നും അവരോട് സൂചിപ്പിച്ചു. (ബുഖാരി: 3984). അമ്പുകള്‍ സ്ഥാനത്ത് കൊള്ളാതെ നഷ്ടപ്പെട്ടു പോകാതിരിക്കാനായിരുന്നു ഈ നിര്‍ദേശം.