മുന്നറിയിപ്പുകള്‍ അവഗണിക്കാനുള്ളതല്ല

മുഹമ്മദ് ശമീല്‍

2019 ജൂലായ് 20 1440 ദുല്‍ക്വഅദ് 17

കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ തണുത്ത കാറ്റായി തുടങ്ങി പിന്നീട് പെയ്തിറങ്ങിയ മഴ നിലക്കാതിരുന്നപ്പോള്‍ സന്തോഷിച്ച മുഖങ്ങളില്‍ പിന്നീട് പടര്‍ന്നത് ഭീതിയാണ്. കാലാവസ്ഥ വകുപ്പും സര്‍ക്കാരും നല്‍കിയ മുന്നറിയിപ്പുകളു 'നിറം മാറി വന്ന അലര്‍ട്ടു'കളും നമ്മെ ഭയപ്പെടുത്തി. സാഹസിക യാത്രകളില്‍ ഹരം കൊണ്ടിരുന്നവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെയായി. പിന്നീട് മുന്നറിയിപ്പുകളായിരുന്നു നമ്മുടെ ജീവിതവും ദുരിതാശ്വാസ ക്യാമ്പുകളിലെ സഹായങ്ങളും നിയന്ത്രിച്ചത് എന്ന് സാങ്കേതികമായി പറയാം.

സമയം, ആരോഗ്യം, ജീവന്‍, സമ്പത്ത് തുടങ്ങി വിലപിടിപ്പുള്ളവയുടെ 'നഷ്ടം' സംഭവിക്കാതിരിക്കാനാണ് 'മുന്നറിയിപ്പുകള്‍' നല്‍കുന്നത്. വഴികളില്‍ സ്ഥാപിക്കപ്പെട്ട ബോര്‍ഡുകളെ അവഗണിച്ച് എത്ര ജീവനുകളാണ് പൊലിഞ്ഞുപോകുന്നത്. ആരോഗ്യവും സമ്പത്തും സമയവും ഒരുപോലെ നഷ്ടപ്പെടുത്തുന്ന ലഹരി എന്ന കൊലയാളിയെക്കുറിച്ച് മുന്നറിയിപ്പുകള്‍ എത്ര നല്‍കിയാലും യുവാക്കള്‍ക്കിടയില്‍ അതിന്റെ ഉപയോഗം കൂടിവരുന്നു എന്നതാണ് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സിഗരറ്റിന്റെയും ഹാന്‍സിന്റെയും പായ്ക്കുകളില്‍ നല്‍കിയ ഇത് ക്യാന്‍സറിന് കാരണമാകുെമന്നമുന്നറിയിപ്പിനെ അവഗണിച്ച് അവ ഉപയോഗിക്കുന്നവര്‍ ഭാവിയില്‍ അതിന്റെ ദൂഷ്യഫലം അനുഭവിക്കുമെന്നതില്‍ സംശയമില്ല; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ.  

മുന്നറിയിപ്പ് നല്‍കുന്നവരുടെ അറിവും വിശ്വാസ്യതയും അനുസരിച്ചാണ് മുന്നറിയിപ്പുകള്‍ക്ക് മൂല്യം കല്‍പിക്കട്ടെടുക. ക്രിസ്താബ്ദം 2000 പിറക്കുന്നതോടെ ലോകം അവസാനിക്കും എന്ന് പ്രവചിച്ചവര്‍ഇപ്പോഴും ഈ മണ്ണില്‍ വാഴുന്നുണ്ട്; ലോകവും നിലനില്‍ക്കുന്നുണ്ട്.

ആകാശ ഭൂമികളെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹു നല്‍കിയ മുന്നറിയിപ്പുകള്‍ ഇവയില്‍ നിന്നെല്ലാം ഉയര്‍ന്ന് നില്‍ക്കുന്നു. മനുഷ്യനിര്‍മിത നിയമങ്ങളെയും മുന്നറിയിപ്പുകളെയും അനുസരിച്ചാലും സ്രഷ്ട്ടാവ് നല്‍കിയ മുന്നറിയിപ്പുകളെ അനുസരിക്കില്ല എന്നതാണ് പലരുടെയും നിലപാട്! ജീവിതത്തില്‍ ഒരിക്കല്‍ പോലും കള്ളം പറഞ്ഞിട്ടില്ല എന്ന് ശത്രുക്കള്‍ പോലും സമ്മതിച്ചിട്ടുള്ള പ്രവാചകന്റെ വാക്കുകളെ നിസ്സാരമാക്കുവാനും പരിഹസിക്കുവാനും മുസ്‌ലിം നാമധാരികളായ ചിലര്‍ ധൃഷ്ടരാകുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു.  

മനുഷ്യര്‍ക്കുള്ള മാര്‍ഗദര്‍ശനമായ ക്വുര്‍ആനിലൂടെ അല്ലാഹു ധാരാളം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. മുന്‍കഴിഞ്ഞ അക്രമികളായ ജനതകളുടെ അവസ്ഥയും അവരുടെമേല്‍ അല്ലാഹു ഇറക്കിയ ശിക്ഷയും ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്. തന്റെ അടിമകള്‍ മുന്നറിയിപ്പുകളെ കാര്യമായെടുത്ത് നല്ലവരായി ജീവിച്ച് സ്വര്‍ഗാവകാശികളായിത്തീരുവാന്‍ വേണ്ടിയാണ് അല്ലാഹു ഇതെല്ലാം വിവരിച്ചുതന്നിട്ടുള്ളത്.

''(നബിയേ,) പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അവരില്‍ അധികപേരും ബഹുദൈവാരാധകരായിരുന്നു'' (ക്വുര്‍ആന്‍ 30:42).

''തീര്‍ച്ചയായും ക്വാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു. എന്നിട്ട് അവന്‍ അവരുടെ നേരെ അതിക്രമം കാണിച്ചു. തന്റെ ഖജനാവുകള്‍ ശക്തന്‍മാരായ ഒരു സംഘത്തിനുപോലും ഭാരമാകാന്‍ തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍ നാം അവന് നല്‍കിയിരുന്നു. അവനോട് അവന്റെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല'' (28:76).

അല്ലാഹു നല്‍കിയ സമ്പത്ത് നല്ലവഴിക്ക് ചെലവഴിക്കാന്‍ അവനെ ഉപദേശിച്ചു. എന്നാല്‍ അവന്‍ ധിക്കാരം തുടരുകയും സമ്പത്ത് എന്റെ സ്വന്തം നിലയ്ക്ക് ലഭിച്ചതാണ് എന്ന് അഹങ്കരിക്കുകയും ചെയ്തു.

''ക്വാറൂന്‍ പറഞ്ഞു: എന്റെ കൈവശമുള്ള വിദ്യകൊണ്ട് മാത്രമാണ് എനിക്കിതു ലഭിച്ചത്...'' (28:77).

അല്ലാഹു ചോദിക്കുന്നു: ''...എന്നാല്‍ അവന്നു മുമ്പ് അവനെക്കാള്‍ കടുത്ത ശക്തിയുള്ളവരും കൂടുതല്‍ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ?...'' (28:77).

മുന്നറിയിപ്പുകളെ അവഗണിച്ച് നടന്ന അവനെയും അവന്റെ മുഴുവന്‍ സമ്പത്തിനെയും അല്ലാഹു ഭൂമിയില്‍ ആഴ്ത്തിക്കളയുകയാണുണ്ടായത്:

''അങ്ങനെ അവനെയും അവന്റെ ഭവനത്തേയും നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അപ്പോള്‍ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല. അവന്‍ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല'' (28:81).

പൂര്‍വസമൂഹത്തില്‍ ഇറങ്ങിയ ശിക്ഷയുടെ മുമ്പ് മുന്നറിയിപ്പായി വന്ന ലക്ഷണം വല്ലതും നേരില്‍ കാണുബോള്‍ നബി ﷺ  പേടിക്കുകയും അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു.

ആഇശ(റ) പറയുന്നു: ''മേഘം കറുത്താല്‍ നബി ﷺ  അസ്വസ്ഥനാകുമായിരുന്നു. വീട്ടിലേക്ക് പ്രവേശിക്കുകയും പുറത്തിറങ്ങുകയും ചെയ്യുമായിരുന്നു. ഞാന്‍ ചോദിച്ചു: 'പ്രവാചകരേ, ആളുകള്‍ മഴയുടെ ലക്ഷണം കണ്ട് സന്തോഷിക്കുമ്പോള്‍ എന്താണ് താങ്കളെ അസ്വസ്ഥമാക്കുന്നത്?' നബി  ﷺ  പറഞ്ഞു:'ആഇശാ, മുന്‍കഴിഞ്ഞ ജനതയെ അല്ലാഹു ശിക്ഷിച്ചത് ഇതുപോലുള്ള മുന്നറിയിപ്പുകള്‍ നല്‍കിയായിരുന്നു.' മഴ പെയ്ത് മേഘം പഴയപോലെ ആയാല്‍ പ്രവാചകന്‍ സമാധാനിക്കും.''

'ആ വൃക്ഷത്തെ സമീപികരുത്' ആദമി(അ)നെയും ഇണയെയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ച ശേഷം അല്ലാഹു നല്‍കിയ കല്‍പന ഇതായിരുന്നു. എന്നാല്‍ മനുഷ്യന്റെ മുഖ്യശത്രുവായ പിശാച് അവരെ അതില്‍ നിനും വ്യതിചലിപ്പിക്കുകയും അനന്തരഫലമായി അവര്‍ക്ക് സ്വര്‍ഗം നഷ്ടമാകുകയും ചെയ്തു. പിശാചിന്റെ ദുര്‍മന്ത്രണത്തില്‍ വീണുപോകുന്നവര്‍ക്ക് നഷ്ടം സ്വര്‍ഗമാണ് എന്ന് അല്ലാഹു മനുഷ്യര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു:

''സത്യവിശ്വാസികളേ, പിശാചിന്റെ കാല്‍പാടുകള്‍ പിന്‍പറ്റരുത്. വല്ലവനും പിശാചിന്റെ കാല്‍പാടുകള്‍ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അവന്‍ (പിശാച്) കല്‍പിക്കുന്നത് നീചവൃത്തിയും ദുരാചാരവും ചെയ്യാനായിരിക്കും..'' (24:21).

മരണാനന്തര ജീവിതത്തെ കുറിച്ചുള്ള മുന്നറിയിപ്പാണ് ഏറ്റവും പ്രധാന്യമുള്ളത്. മനുഷ്യനെ വഴിപിഴപ്പിച്ച് നരകത്തില്‍ എത്തിക്കാന്‍ പ്രയത്‌നിക്കുന്ന പിശാചിന്റെ കുതന്ത്രത്തെ കുറിച്ച് അല്ലാഹു ധാരാളം താക്കീതുകള്‍ നല്‍കിയിട്ടുണ്ട്. സ്വര്‍ഗ നരകങ്ങളെ നേരില്‍ കണ്ട പ്രവാചകന്‍ ﷺ  ഒരിക്കല്‍ പറഞ്ഞത് 'ഞാന്‍ അറിഞ്ഞത് നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ നിങ്ങള്‍ വളരെ കുറച്ചുമാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു.'

മരണാനന്തരമുള്ള ഉയിര്‍ത്തെഴുന്നേല്‍പിനെ നിഷേധിക്കുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന താക്കീത് കാണുക:

''തീര്‍ച്ചയായും നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെടുന്ന ആ കാര്യം വരികതന്നെ ചെയ്യും. (ആ വിഷയത്തില്‍ അല്ലാഹുവെ) പരാജയപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല'' (6:134).

അല്ലാഹുവിന്റെ മുന്നറിയിപ്പുകളെക്കുറിച്ച് അറിയാതെ, പഠിക്കാന്‍ സാധിക്കാതെ ജീവിക്കുന്ന മനുഷ്യര്‍ക്ക് അത് എത്തിച്ചുകൊടുക്കല്‍ വിശ്വാസികളുടെ ബാധ്യതയാണ്.

അക്രമത്തിനും അനീതിക്കുമെതിരെ പ്രതികരിക്കലും വിശ്വാസിയുടെ കടമയാണ്. അബൂബക്ര്‍(റ) പറയുന്നു: ''നബി ﷺ  പറയുന്നതായി ഞാന്‍ കേട്ടിരുന്നു: 'അക്രമിയെ കണ്ടിട്ട് ആളുകള്‍ അവന്റെ കൈപിടിക്കുന്നില്ലെങ്കില്‍ അവരെ മുഴുവനും അല്ലാഹുവിന്റെ ശിക്ഷപിടികൂടിയേക്കാം'' (അബൂദാവൂദ്).

''അതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍ നീ ഉപദേശിച്ചുകൊള്ളുക. ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചുകൊള്ളുന്നതാണ്'' (87:9,10).