പ്രൊഫ്‌കോണിന് ഉജ്വല പരിസമാപ്തി

ഡോ. പി.പി നസ്വീഫ് 

2019 മാര്‍ച്ച് 30 1440 റജബ് 23

പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ സമ്മേളനമായ 'പ്രൊഫ്‌കോണി'ന്റെ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു അധ്യായം കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് 23ാമത് പ്രൊഫ്‌കോണ്‍ പെരിന്തല്‍മണ്ണയില്‍ സമാപിച്ചു. അല്‍ഹംദുലില്ലാഹ്.

മാസങ്ങള്‍ക്ക് മുമ്പ് കോട്ടക്കല്‍ വെച്ച് പ്രൊഫ്‌കോണ്‍ പ്രഖ്യാപന സമ്മേളനം നടന്നത് മുതല്‍ വിദ്യാര്‍ഥികളും യുവജനങ്ങളും പ്രായമായവരുമൊക്കെ ഇതിനെ നെഞ്ചേറ്റുകയായിരുന്നു. ക്യാമ്പസുകള്‍ക്കകത്ത് കയറിച്ചെന്ന് പ്രൊഫ്‌കോണിനെ പരിചയപ്പെടുത്തിയവര്‍, നഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലും വീടുകള്‍ തോറും കയറിയിറങ്ങി കുട്ടികളെ രജിസ്റ്റര്‍ ചെയ്തവര്‍, ഖുത്വുബുകളിലൂടെയും മറ്റും ഇതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയവര്‍, സമൂഹമാധ്യമങ്ങളിലൂടെ പ്രൊഫ്‌കോണ്‍ സന്ദേശങ്ങളുമായി നിരന്തരം ഇടപെട്ടവര്‍, അകമഴിഞ്ഞ പ്രാര്‍ഥനയും ശാരീരിക സാമ്പത്തിക സഹായവും നല്‍കി ഇതിന് കരുത്ത് പകര്‍ന്നവര്‍... ഈ ഒത്തൊരുമയില്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പ്രൊഫ്‌കോണ്‍ വന്‍വിജയമായി മാറുകയായിരുന്നു.

ചുട്ടുപൊള്ളുന്ന കുംഭച്ചൂടിനോടൊപ്പം പലര്‍ക്കും പരീക്ഷാച്ചൂടുകൂടിയുണ്ടായിരുന്നു. പക്ഷേ, പ്രതിബന്ധങ്ങളെ മറികടക്കുന്നതിലാണ് വിജയം എന്ന ചിന്ത ആ തടസ്സങ്ങളെയെല്ലാം തട്ടിമാറ്റി. മാര്‍ച്ച് 8 വെള്ളിയാഴ്ച വൈകുന്നേരം നടന്ന ഉദ്ഘാടന സമ്മേളനം മുതല്‍ സമാപന പ്രസംഗം വരെയുള്ള ഓരോ സെഷനും പലര്‍ക്കും പുതിയൊരനുഭവമാണ് നല്‍കിയതെന്ന് അവരുടെ മുഖഭാവം കണ്ടാലറിയാമായിരുന്നു. കാലിടറി വീഴാന്‍ സാധ്യതയുള്ള ചതിക്കുഴികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുക മാത്രമല്ല, അതില്‍ വീഴാതിരിക്കാനുള്ള മാര്‍ഗം കൂടി പറഞ്ഞ് കൊടുത്താണ് പ്രൊഫ്‌കോണ്‍ വേദിയില്‍ നിന്നും അവരെ യാത്രയാക്കിയത്.

വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങിയ എല്ലാ മേഖലകളിലും ഒരു സത്യവിശ്വാസി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പ്രൊഫ്‌കോണ്‍ വിശദമായി ചര്‍ച്ച ചെയ്തു. ഇസ്‌ലാമോഫോബിയ അരങ്ങുവാഴുമ്പോള്‍ മുഖം പൊത്തിയൊളിക്കേണ്ട ഗതികേട് നമുക്കില്ലെന്നും ആരുടെ മുന്നിലും നെഞ്ച് വിരിച്ച് പറയാന്‍ ശക്തിയുള്ള ആദര്‍ശമാണ് ഇസ്‌ലാമെന്നും അവരെ ബോധ്യപ്പെടുത്തി.

പ്രതിനിധികള്‍ക്ക് മാനസികോല്ലാസം നല്‍കുന്നതിന് വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ എര്‍പ്പെടുത്തിയത് ഈ പ്രൊഫ്‌കോണിന്റെ പ്രത്യേകതയായിരുന്നു. ഷോട്ട്പുട്ട്, ഷൂട്ടൗട്ട,് ക്രിക്കറ്റ്, ബാസ്‌കറ്റ് ബോള്‍ തുടങ്ങിയ ഇനങ്ങളില്‍ മല്‍സരം സംഘടിപ്പിച്ചത് വേറിട്ട അനുഭവമായി. ഓരോ ദിവസത്തെയും പ്രിവ്യൂ വീഡിയോ ഇറക്കിയതും ഈ പ്രൊഫ്‌കോണിന്റെ പ്രത്യേകതയാണ്.

ആയിരങ്ങള്‍ക്ക് തിരിച്ചറിവിന്റെ പുതിയ പാഠം പകര്‍ന്നു നല്‍കിയാണ് ഓരോ പ്രൊഫ്‌കോണും സമാപിക്കുന്നത്. ആരുടെയൊക്കെയോ നിര്‍ബന്ധത്തിന് വഴങ്ങി മനസ്സില്ലാ മനസ്സോടെ പ്രൊഫ്‌കോണിന് വന്ന പലരും പിന്നീടുള്ള പ്രൊഫ്‌കോണിന് കുട്ടികളെ കൂട്ടി വരുന്നവരായി മാറിയ നിരവധി ചരിത്രങ്ങള്‍ പറയാനുണ്ട്. 

അണിയറയിലിരുന്ന് പ്രൊഫ്‌കോണിന്റെ ഓരോ നിമിഷവും വര്‍ണാഭമാക്കി മാറ്റിയ ഐ.ടി മീഡിയാ ടീം ഏറെ അഭിനന്ദനമര്‍ഹിക്കുന്ന പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ഓരോ സെഷനും തുടങ്ങുന്നതിന് മുമ്പ് കൃത്യമായ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തേക്ക് വിടുന്നതില്‍ അവര്‍ കാണിച്ച ജാഗ്രതയും ഉത്സാഹവും പ്രൊഫ്‌കോണിനെ ജനഹൃദയങ്ങളില്‍ ലൈവാക്കി നിര്‍ത്തുന്നതില്‍ മികച്ച പങ്ക് വഹിച്ചു.

ചപല വികാരങ്ങളിലും കൈവിട്ട സ്വപ്‌നങ്ങളിലും അഭിരമിക്കുന്ന, ഇന്നത്തെ പ്രൊഫഷണല്‍ വിദ്യാര്‍ഥികളെ ധാര്‍മിക പാതയില്‍ ചരിക്കുന്നവരായി പരിവര്‍ത്തിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തിന്റെ സാക്ഷാത്കാരമായിരുന്നു 23ാമത് പ്രൊഫ്‌കോണ്‍. പ്രതിനിധികളുടെ ചെവിയില്‍ വന്നുപതിച്ച ശബ്ദശകലങ്ങള്‍ അവിസ്മരണീയമായ പ്രതിധ്വനിയാണ് സൃഷ്ടിച്ചത്. മനസ്സില്‍ മാറ്റത്തിന്റെ വിപ്ലവ ഹേതു ആകുവാനുള്ള കരുത്ത് ആ ശബ്ദവീചികള്‍ക്കുണ്ടായിരുന്നു. ഏകദൈവ വിശ്വാസം, ഇസ്‌ലാമിക കര്‍മശാസ്ത്രം, പവിത്രമായ മാനുഷിക ബന്ധങ്ങള്‍, ലഹരി, ലൈംഗികത, കുടുംബം, സമൂഹം തുടങ്ങി ജീവിതത്തിന്റെ സമസ്തതല സ്പര്‍ശിയാകാറുണ്ട് ഓരോ പ്രൊഫ്‌കോണും. 

മാര്‍ച്ച് 8,9,10 തീയതികളില്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ശിഫാ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആയിരുന്നു 23ാമത് പ്രൊഫ്‌കോണിന്റെ ആണ്‍കുട്ടികളുടെ  ഒന്നാമത്തെ വേദി തയ്യാറാക്കിയിരുന്നത്. ഏഴ് വ്യത്യസ്ത വേദികളിലായിക്കൊണ്ട് നടന്ന സമ്മേളനത്തില്‍, പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ വെന്യൂകള്‍ പെരിന്തല്‍മണ്ണ പ്രസിഡന്‍സി കണ്‍വെന്‍ഷന്‍ സെന്ററിലാണ് സംഘടിപ്പിച്ചത്. ഡല്‍ഹി, ഭോപ്പാല്‍, കാശ്മീര്‍, ബംഗലൂരു, മൈസൂരു, ചെന്നൈ, ട്രിച്ചി, സേലം തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കായി ഇംഗ്ലീഷിലും മലയാളത്തിലുമായാണ് പ്രോഗ്രാം ഒരുക്കിയത്.

ന്യൂ ഡല്‍ഹി ജാമിഅ ഹംദര്‍ദ് യൂണിവേഴ്‌സിറ്റി ഡീന്‍ പ്രൊഫ. ഫര്‍ഹാന്‍ ജലീസ് അഹ്മദ് ഉദ്ഘാടനം നിര്‍വഹിച്ച പ്രോഗ്രാമില്‍ എം.പി.അബ്ദുസ്സമദ് സമദാനി, കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മഞ്ഞളാംകുഴി അലി എം.എല്‍.എ, ഡോ. ആര്‍.കെ. ശര്‍മ, അഡ്വ. ഫിറോസ് അലി, പി.സി. മുസ്തഫ തുടങ്ങിയ രാഷ്ട്രീയ, സാമൂഹ്യ, അക്കാദമിക മേഖലകൡലെ പ്രമുഖര്‍ സംബന്ധിച്ചു. അബൂബക്കര്‍ സലഫി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ടി. കെ. അശ്‌റഫ്, ഫൈസല്‍ മൗലവി, സി.പി സലീം, പി. അബ്ദുല്‍ ഹമീദ് എം.എല്‍എ, ഡോ. സര്‍ബാസ് യു.എ.ഇ, ഡോ. ഷര്‍മിന അലി, ഡോ. മീന തുടങ്ങിയവര്‍ വിഷയങ്ങളവതരിപ്പിച്ച് സംസാരിച്ചു. ഹുസൈന്‍ സലഫിയുടെ സമാപന പ്രസംഗം ഓരോരുത്തരും ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളിലേക്ക് കൃത്യമായ മാര്‍ഗദര്‍ശനം നല്‍കുന്നതായിരുന്നു.

നന്മ, തിന്മകള്‍ വ്യവഛേദിച്ചറിയാതെ മാറിമാറി വരുന്ന ട്രെന്‍ഡിനു പുറകെ പോകുന്ന ഇന്നിന്റെ ക്യാമ്പസ് കൗമാരങ്ങള്‍ക്ക് ധാര്‍മികതയുടെയും നൈതികതയുടെയും ഉത്തരവാദിത്ത ബോധത്തിന്റെയും നിറപ്പകിട്ടു നല്‍കാന്‍ കൂട്ടായ പരിശ്രമങ്ങള്‍ കൊണ്ട് സാധിച്ചു എന്നത് സന്തോഷകരമായ കാര്യമാണ്.