പ്രവാചകന്റെ വിവേകപൂര്‍ണമായ നിലപാടുകള്‍

അബ്ബാസ് ചെറുതുരുത്തി

2019 ഡിസംബര്‍ 28 1441 ജുമാദല്‍ അവ്വല്‍ 2

മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ സാഹോദര്യം ഉണ്ടാക്കിയതിന് ശേഷം പ്രവാചകന്‍  ﷺ  ചെയ്തത് ജാഹിലിയ്യത്തിന്റെ ശൈഥില്യങ്ങളില്‍ നിന്നും മുന്‍കാല തര്‍ക്കങ്ങളില്‍ നിന്നുമെല്ലാം മുക്തമായ പരസ്പര ഉടമ്പടി കരാറുകളായിരുന്നു. മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ കരാറുണ്ടാക്കുകയും മദീനയിലെ ജൂതന്മാരെ കൂടി ഉള്‍പെടുത്തിക്കൊണ്ടുള്ള സന്ധിയില്‍ ഏര്‍പ്പെടുകയും ചെയ്തു. നബി ﷺ യുടെ യുക്തിപൂര്‍ണമായ ഒരു നടപടിയായിരുന്നു ഇത്.

മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ പ്രവാചകന്‍ ﷺ  കരാര്‍ എഴുതിത്തയ്യാറാക്കിയ ശേഷം യഹൂദികളെ അതില്‍ ഇണക്കിച്ചേര്‍ത്ത് അവരുമായും കരാറിലേര്‍പ്പെട്ടു. ഈ പ്രവര്‍ത്തനം പ്രവാചകന്റെസൂക്ഷ്മമായ ലക്ഷ്യവും പൂര്‍ണമായ ഹിക്മത്തും വിളിച്ചറിയിക്കുന്നതാണ്. മദീനയിലെ യഹൂദികള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ശക്തമായ സഖ്യം ഉണ്ടാക്കുവാനും മദീനയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുവാനും ഇതുവഴി സാധിക്കുകയും ചെയ്തു.

പള്ളിനിര്‍മാണം, ജൂതന്മാരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കല്‍, വിശ്വാസികള്‍ക്കിടയില്‍ സാഹോദര്യം ഉണ്ടാക്കല്‍, അവര്‍ക്ക് ശിക്ഷണം നല്‍കല്‍, കരാര്‍ ഉടമ്പടി എന്നിവകൊണ്ടെല്ലാം പ്രവാചകന്‍ ﷺ  അല്ലാഹുവിന്റെ ഔദാര്യത്താല്‍ മദീനാവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. മുമ്പുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുസ്‌ലിം ഹൃദയങ്ങളെ ഏകോപിപ്പിച്ചു. മദീനയുമായി ഇഴുകിച്ചേര്‍ന്ന സമൂഹത്തെ രൂപപ്പെടുത്തിയതിന് ശേഷം അതിനെതിരില്‍ വന്ന ശക്തികളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയും ചെയ്തു. 56 സൈനിക നീക്കങ്ങള്‍ പ്രവാചകന്റെ കാലത്ത് നടന്നിട്ടുണ്ട്. 27 എണ്ണത്തില്‍ പ്രവാചകന്‍ ﷺ  നേരിട്ട് നായകത്വം വഹിക്കുകയും ചെയ്തു.

യുദ്ധസന്ദര്‍ഭങ്ങളിലെ യുക്തിപൂര്‍ണമായ നിലപാട്

ബദ്ര്‍ യുദ്ധം: യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രവാചകന്‍ ﷺ  ഹിക്മത്തിലധിഷ്ഠിതമായ നിലപാട് വ്യക്തമാക്കി. കാരണം അന്‍സ്വാറുകളുടെ നിലപാട് അറിയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. മദീനയില്‍വെച്ച് നബി ﷺ യെ തങ്ങളുടെ ശരീരത്തെക്കാളും സമ്പത്തിനെക്കാളും ഇണകളെക്കാളും സന്താനങ്ങളേക്കാളും സംരക്ഷിക്കും എന്ന് അവര്‍ അനുസരണ പ്രതിജ്ഞ (ബൈഅത്ത്) ചെയ്തിരുന്നു. എന്നാല്‍ മദീനക്ക് പുറത്ത് ആക്രമണം ഉണ്ടായാല്‍ അന്‍സ്വാറുകള്‍ സംരക്ഷിക്കുമോ എന്നാണ് പ്രവാചകന് അറിയാനുണ്ടായിരുന്നത്. അതിന്റെ സൂചനകള്‍ നല്‍കി പ്രവാചകന്‍ ﷺ  സംസാരിച്ചു. അപ്പോള്‍ അബൂബക്കര്‍(റ) എഴുന്നേറ്റ് നിന്ന് പിന്തുണ അറിയിച്ച് സംസാരിച്ചു. പിന്നെ ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) സംസാരിച്ചു. പ്രവാചകന്‍ ﷺ  രണ്ടാമതും സൂചനകളിലൂടെ സംസാരിച്ചു. അപ്പോള്‍ മിഖ്ദാദ്(റ) എഴുന്നേറ്റ് സംസാരിച്ചു. 'അല്ലാഹുവിന്റെ റസൂലേ, അല്ലാഹു താങ്കളോട് എന്താണോ കല്‍പിക്കുന്നത് അത് നടപ്പില്‍ വരുത്തിക്കൊള്ളുക. ഞങ്ങള്‍ താങ്കളോടൊപ്പമുണ്ട്. അല്ലാഹുവാണെ സത്യം! ഞങ്ങള്‍ താങ്കളോട് ബനൂ ഇസ്‌റാഈല്യര്‍ മൂസാനബിയോട് പറഞ്ഞത് പോലെ പറയുകയില്ല. മൂസാ നബിയോട് അദ്ദേഹത്തിന്റെ ജനത പറഞ്ഞത് നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്യുക. ഞങ്ങള്‍ ഇവിടെ ഇരിക്കാം എന്നാണ്. എന്നാല്‍ ഞങ്ങള്‍ പറയുന്നത് താങ്കളും താങ്കളുടെ റബ്ബും പോയി യുദ്ധം ചെയ്യുക; ഞങ്ങളും താങ്കേളാടൊപ്പം യുദ്ധം ചെയ്യുന്നവരായിരിക്കും എന്നാണ്. ഞങ്ങള്‍ താങ്കളുടെ വലത്തും ഇടത്തും മുന്നിലും പിന്നിലും യുദ്ധം ചെയ്യും.' മൂന്നാമതും സൂചന നല്‍കിയപ്പോള്‍ അന്‍സ്വാറുകള്‍ക്ക് മനസ്സിലായി അവരെയാണ് ഉദ്ദേശിച്ചതെന്ന്. സഅദ്ബ്‌നു മുആദ്(റ) ധൃതിയില്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു: 'പ്രവാചകരേ, താങ്കള്‍ ഞങ്ങളെയാണോ ഉദ്ദേശിക്കുന്നത്? അന്‍സ്വാറുകള്‍ അവരുടെ വീടുകളില്‍ വെച്ചല്ലാതെ താങ്കളെ സഹായിക്കില്ല എന്ന് താങ്കള്‍ ഭയപ്പെടുന്നുണ്ടോ? എങ്കില്‍ അവര്‍ക്ക് വേണ്ടി ഞാന്‍ ഉത്തരം നല്‍കുന്നു. താങ്കള്‍ ഉദ്ദേശിച്ചിടത്തേക്ക് പോവുക. ഉദ്ദേശിച്ചവരുമായി ബന്ധം ചേര്‍ക്കുക. ഉദ്ദേശിച്ചവരുമായി ബന്ധം വിഛേദിക്കുക. ഞങ്ങളുടെ സമ്പത്തില്‍ നിന്ന് താങ്കള്‍ ഉദ്ദേശിച്ചത്ര എടുത്ത് കൊള്ളുക. താങ്കള്‍ ഉദ്ദേശിച്ചത് ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്യുക. താങ്കള്‍ ഞങ്ങളില്‍ ഉപേക്ഷിച്ചതിനെക്കാള്‍ ഞങ്ങളില്‍ നിന്ന് എടുത്തതിനെയാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം. താങ്കള്‍ ഞങ്ങളോട് ഏതൊരു കല്‍പന കല്‍പിക്കുന്നുവോ അത് ഞങ്ങള്‍ പിന്തുടരും. താങ്കള്‍ ഞങ്ങളോട് ഒരു സമുദ്രത്തിന്റെ നടുവിലേക്കാണ് ഇറങ്ങാന്‍ പറയുന്നതെങ്കില്‍ ഞങ്ങള്‍ അതും അനുസരിക്കും. ഒരാളും ഞങ്ങളില്‍നിന്ന് പിന്തിരിയില്ല.' ഇത്രയും കേട്ടപ്പോള്‍ പ്രവാചകന് അങ്ങേയറ്റത്തെ സന്തോഷമായി. അവിടുന്ന് പറഞ്ഞു:

'നിങ്ങള്‍ സഞ്ചരിച്ചുകൊള്ളുക, നിങ്ങള്‍ സന്തോഷിച്ച് കൊള്ളുക. തീര്‍ച്ചയായും രണ്ടിലൊരു സഖ്യത്തെ വിജയിപ്പിക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. ഇപ്പോള്‍ ജനങ്ങള്‍ യുദ്ധം ചെയ്യുന്നത് എനിക്ക് കാണുന്നത് പോലെയുണ്ട്'(ഇബ്‌നു ഹിശാം).

ബദ്‌റിലെ ഏറ്റവും പ്രധാനപ്പെട്ട നിലപാട് അല്ലാഹുവിലുള്ള ഭരമേല്‍പിക്കലായിരുന്നു. കാരണം നബി ﷺ ക്ക് അറിയാമായിരുന്നു; ആളുകളുടെ ആധിക്യമല്ല സഹായം ലഭിക്കുന്നതിന് നിദാനമെന്നും മറിച്ച് കാരണങ്ങളെ സമീപിക്കുന്നതോടൊപ്പം റബ്ബിലുള്ള അചഞ്ചലമായ തവക്കുലാണ് എന്നും.

ഉമര്‍(റ) നിവേദനം: ''ബദ്ര്‍ യുദ്ധത്തില്‍ നബി ﷺ  ബഹുദൈവവിശ്വാസികളെ നോക്കി. അവര്‍ ആയിരം പേരുണ്ടായിരുന്നു. നബി ﷺ യുടെ സ്വഹാബിമാര്‍ 319 പേരായിരുന്നു. അല്ലാഹുവിന്റെ പ്രവാചകന്‍ ക്വിബ്‌ലക്ക് അഭിമുഖമായി നിന്നു. പിന്നെ കൈ ഉയര്‍ത്തി, എന്നിട്ട് അല്ലാഹുവിനോട് ഇങ്ങനെ പറഞ്ഞു: 'അല്ലാഹുവേ, എന്നോട് നീ വാഗ്ദാനം ചെയ്തത് പാലിക്കേണമേ. അല്ലാഹുവേ, എന്നോട് നീ വാഗ്ദാനം ചെയ്തത് എനിക്കു തരൂ. അല്ലാഹുവേ, ഇസ്‌ലാമിന്റെ വക്താക്കളായ ഈ സംഘം നശിച്ചാല്‍ ഭൂമിയില്‍ നീ ആരാധിക്കപ്പെടുകയില്ല.'

പ്രവാചകന്‍ ﷺ  റബ്ബിനോട് ഇരുകരങ്ങളും നീട്ടി ക്വിബ്‌ലക്ക് അഭിമുഖമായി നിന്ന് ഇങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ ചുമലില്‍ നിന്നും തട്ടം താഴെ വീണു. അപ്പോള്‍ അബൂബക്കര്‍(റ) വന്ന് തട്ടമെടുത്തു ചുമലില്‍ ഇട്ടുകൊടുത്തു. പിന്നെ നബി ﷺ യുടെ പിറകില്‍ തന്നെ നിന്നു. അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, മതി താങ്കളുടെ റബ്ബിനോടുള്ള തേട്ടം. തീര്‍ച്ചയായും അവന്‍ താങ്കളോട് ചെയ്ത കരാര്‍ നിറവേറ്റുക തന്നെ ചെയ്യും.' അപ്പോള്‍ അല്ലാഹു ഇങ്ങനെ വചനമിറക്കി: 'നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്ക് മറുപടി നല്‍കി. അങ്ങനെ അല്ലാഹു മലക്കുകളെകൊണ്ട് സഹായിച്ചു.''

ഉഹ്ദ് യുദ്ധം

 നബി ﷺ യുടെ ധീരമായ നിലപാടുകള്‍ക്കും പ്രതിസന്ധികളില്‍ ക്ഷമിക്കാനുള്ള കഴിവിനുമുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഉഹ്ദ് യുദ്ധം. മഹത്തായ യുദ്ധതന്ത്രമാണ് അതില്‍ പ്രവാചകന്‍ ﷺ  കാഴ്ച വെച്ചത്. ആദ്യ സന്ദര്‍ഭത്തില്‍ ഉഹ്ദില്‍ മുസ്‌ലിംകള്‍ക്കായിരുന്നു വിജയം. സ്ത്രീകളെ മാത്രം ബാക്കിവെച്ച് കൊണ്ട് മുശ്‌രിക്കുകള്‍ യുദ്ധത്തില്‍ നിന്നും പിന്തിരിഞ്ഞോടി. മുസ്‌ലിംകള്‍ യുദ്ധമുതല്‍ ഒരുമിച്ച് കൂട്ടുന്നത് കണ്ടപ്പോള്‍ പ്രവാചകന്റെ കല്‍പന കിട്ടുന്നത് കാത്തുനില്‍ക്കാതെ മലയില്‍ നിര്‍ത്തിയിരുന്ന അമ്പെയ്ത്തുകാര്‍ മുശ്‌രിക്കുകള്‍ ഇനി മടങ്ങിവരില്ലെന്ന ധാരണയാല്‍ താഴേക്ക് ഇറങ്ങിവന്നു. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ മുശ്‌രിക്കുകളുടെ കുതിരപ്പടയാളികളില്‍ ഒഴിഞ്ഞ പ്രദേശത്തിലൂടെ കയറിവരികയും മുസ്‌ലിംകളെ കീഴടക്കുകയും ചെയ്തു. എഴുപതോളം സ്വഹാബിമാര്‍ രക്തസാക്ഷികളായി. സ്വഹാബികളില്‍ ചിലര്‍ പിന്തിരിഞ്ഞോടി. പ്രവാചകന് പരിക്കുപറ്റി. അദ്ദേഹത്തെ പ്രതിരോധിച്ചിരുന്ന സ്വഹാബത്തിനെ കൊലപ്പെടുത്തി.

''അനസ്ബ്‌നു മാലിക്(റ) നിവേദനം: ''നബി ﷺ  ഉഹ്ദ് ദിനത്തില്‍ ഏഴു അന്‍സ്വാറുകളുടെയും ക്വുറൈശികളായ രണ്ടാളുകളുടെയും ഇടയിലായി ഒറ്റപ്പെട്ടുപോയി. (ശത്രുക്കള്‍) നബി ﷺ യെ വളഞ്ഞപ്പോള്‍ നബി ﷺ  പറഞ്ഞു: 'ഞങ്ങളെ ഇവരില്‍ നിന്ന് തടുക്കുവാന്‍ ആരുണ്ട്? അവനു സ്വര്‍ഗമുണ്ട്. (അല്ലെങ്കില്‍) അവന്‍ സ്വര്‍ഗത്തില്‍ എന്റെ സ്‌നേഹിതനാണ്.' അപ്പോള്‍ അന്‍സ്വാറുകളില്‍ നിന്ന് ഒരാള്‍ മുന്നോട്ട് വന്നു. അദ്ദേഹം യുദ്ധം ചെയ്തു. അങ്ങനെ വധിക്കപ്പെട്ടു. പിന്നെയും അവര്‍ നബി ﷺ യെ വളഞ്ഞു. അപ്പോഴും നബി ﷺ  പറഞ്ഞു: 'ഞങ്ങളെ ഇവരില്‍ നിന്നു തടുക്കുവാനാരുണ്ട്? അവന് സ്വര്‍ഗമുണ്ട്. (അല്ലെങ്കില്‍) അവന്‍ സ്വര്‍ഗത്തില്‍ എന്റെ സ്‌നേഹിതനാണ്.' അപ്പോഴും അന്‍സ്വാറുകളില്‍ നിന്ന് ഒരാള്‍ മുന്നോട്ട് വന്നു. യുദ്ധം ചെയ്തു. വധിക്കപ്പെട്ടു. ഇപ്രകാരം ആ (അന്‍സ്വാറുകളായ) ഏഴുപേരും വധിക്കപ്പെട്ടു. അപ്പോള്‍ നബി ﷺ യുടെ കൂടെയുള്ള രണ്ട് സ്‌നേഹിതന്മാരോട് പറഞ്ഞു: 'നമ്മുടെ സ്വഹാബിമാരോട് നാം നീതി കാണിച്ചില്ല.' (ആരാണ് നമ്മെ തടയുകയെന്ന് നബി  ﷺ  ചോദിച്ചപ്പോള്‍ കൂടെയുള്ള ഏഴു അന്‍സാറുകളും മുന്നോട്ടുവന്നു മരണം വരിക്കാന്‍ തയ്യാറായി. എന്നാല്‍ ക്വുറൈശികളായ രണ്ടുപേരും മുന്നോട്ടു വന്നില്ല. അതുകൊണ്ടാണ് നബി ﷺ  പറഞ്ഞത്; നാം അവരോട് നീതി കാട്ടിയില്ലെന്ന്)'' (മുസ്‌ലിം).

സഹ്‌ലുബ്‌നു സഅദ്(റ) നബി ﷺ ക്ക് ഉഹ്ദില്‍ (പറ്റിയ) മുറിവിനെ കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരുടെ മുഖത്ത് മുറിവേറ്റു. കോമ്പല്ലുകള്‍ പൊട്ടിപ്പോയി. തലയിലുണ്ടായിരുന്ന ചട്ട തകര്‍ക്കപ്പെട്ടു. റസൂലി ﷺ ന്റെ പുത്രി ഫാത്വിമ(റ) രക്തം കഴുകിക്കൊണ്ടിരുന്നു. അലി(റ) വെള്ളം ഒഴിച്ചുകൊടുത്തു. വെള്ളം ഒഴിക്കുമ്പോള്‍ രക്തം കൂടുതല്‍ ഒഴുകുന്നത് ഫാത്വിമ(റ) കണ്ടപ്പോള്‍ ഒരു പായക്കഷ്ണം കത്തിച്ച് അത് ചാരമായപ്പോള്‍ മുറിവില്‍ പതിച്ചുവെച്ചു. അപ്പോള്‍ രക്തമൊഴുക്ക് നിലച്ചു.''

ഇത്തരം ഉപദ്രവങ്ങളെല്ലാം ഏല്‍ക്കേണ്ടിവന്നിട്ടും പ്രവാചകന്‍ ﷺ  അവര്‍ക്കെതിരില്‍ പ്രാര്‍ഥിച്ചില്ല. മറിച്ച്, അവര്‍ക്ക് പൊറുത്ത് കൊടുക്കുവാന്‍ വേണ്ടി പ്രാര്‍ഥിക്കുകയാണ് ചെയ്തത്!

മുഴുവന്‍ പ്രവാചകന്മാരും ഇങ്ങനെയായിരുന്നു. വിവേകവും  ഉള്‍ക്കാഴ്ചയുമുള്ള സമീപനമാണ് ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം അവരില്‍നിന്നും ഉണ്ടായിട്ടുള്ളത്. തങ്ങളെ ഉപദ്രവിച്ച ജനതയോട് അവര്‍ വിട്ടുവീഴ്ചയും അനുകമ്പയും കാണിച്ചു. അതോടൊപ്പം അവരുടെ ഹിദായത്തിനും അവരുടെ അവിവേകങ്ങള്‍ക്ക് പൊറുത്ത് കൊടുക്കാനും വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു.