നനവുള്ള നാവും മയമുള്ള മനസ്സും

ഡോ. മുഹമ്മദ് റാഫി.സി

2019 മെയ് 25 1440 റമദാന്‍ 20

പരിശുദ്ധ റമദാന്‍ നമ്മെ തഴുകിത്തലോടി കടന്നുപോവുകയാണ്.

റമദാനിലേക്ക് പ്രവേശിച്ചതോടെ നമ്മുടെ മനസ്സും ശരീരവും മുമ്പില്ലാത്ത വിധം ആത്മീയ അനുഭൂതിയിലേക്ക് അടുത്ത് കഴിഞ്ഞിരിക്കുകയാണ്. ആരാധനകളുടെ  സാകല്യത്തിലൂടെ നിരന്തരം കടന്നുപോയത് കാരണം നമ്മുടെ മനം നാമറിയാതെ മാലിന്യങ്ങളില്‍ നിന്ന്  ശുദ്ധമാകാന്‍ തയ്യാറെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ അവ ഉരസി കഴുകാന്‍  നാം തയ്യാറാകണം.

 ഏതാണ് ആ ഉരകല്ല്? നിശ്ചയം, അവ ആരാധനകളാണ്.

മനസ്സിനെ കഴുകാനുള്ള ഘടകം.

അവ ഉപയോഗിച്ച് നമ്മുടെ മനസ്സിനെ ഉരച്ചു കഴുകി വെണ്‍മയുള്ള വസ്ത്രം പോലെ തെളിഞ്ഞതും ശുദ്ധമായതും ആക്കി മാറ്റാന്‍ നമുക്ക് സാധിക്കണം.

ക്വുര്‍ആനാണ് മനസ്സിന്റെ പ്രതിസന്ധികള്‍ക്കെല്ലാമുള്ള ശമനൗഷധം.

അല്ലാഹു പറഞ്ഞിരിക്കുന്നു; അവനെക്കുറിച്ചുള്ള സ്മരണ കൊണ്ടു മാത്രമെ നിങ്ങളുടെ മനസ്സ് ശാന്തിയടയുകയുള്ളൂ എന്ന്.

ക്വുര്‍ആന്‍ കൊണ്ട് ഈ റമദാനില്‍ ആ ശാന്തിതീരത്തേക്ക് നാം സഞ്ചരിക്കണം.

അശാന്തമായ നമ്മുടെ മനസ്സകങ്ങള്‍ സമാധാനത്തിന്റെ ശാദ്വല തീരത്തണയണം.

പ്രപഞ്ചനാഥനുമായുള്ള നമ്മുടെ സ്വകാര്യഭാഷണം ക്വുര്‍ആനിന്റെ ശ്രുതി മാധുര്യത്തിലൂടെ നടക്കട്ടെ.

സര്‍വലോക പരിപാലകന്റെ ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിച്ച് നമ്മുടെ ചിന്തകള്‍ക്ക് തീ പിടിക്കട്ടെ.

വ്രതത്തിന്റെ കാഠിന്യത്താലും കഠിനമായ ചൂടിന്റെ കടുപ്പിനാലും വരണ്ടുപോയ നമ്മുടെ നാവും തൊണ്ടയും ക്വുര്‍ആന്‍ വചനങ്ങളാല്‍ തരളിതമായി മാറണം.

ക്വുര്‍ആനുമായി ബന്ധം പുലര്‍ത്താന്‍ നാം നിര്‍വഹിക്കേണ്ട ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ:

ക്വുര്‍ആന്‍ പാരായണം: പരമാവധി നന്നായി നിരന്തരം ക്വുര്‍ആന്‍ പാരായണം ചെയ്യാന്‍ റമദാനില്‍ ശ്രമിക്കുക.

ക്വുര്‍ആന്‍ മുഴുവന്‍ ഓതിത്തീര്‍ക്കുക എന്നത് പ്രത്യേകം പ്രശംസാര്‍ഹമാണ്. അതിനാല്‍ ഖതം തീര്‍ക്കാന്‍ ശ്രമിക്കുക.

രാത്രികാലങ്ങളില്‍ ക്വുര്‍ആന്‍ പാരായണത്തിന് പ്രത്യേകം ശ്രദ്ധിക്കുക. പകല്‍ നോമ്പും രാത്രി ക്വുര്‍ആനും റമദാനിന്റെ ചേരുവകളത്രെ.

സ്വുബ്ഹി സമയത്തെ ക്വുര്‍ആന്‍ പാരായണം മലക്കുകളുടെ സാക്ഷ്യമുള്ളതത്രെ.

പുതിയ കാലത്തെ ഉപകരണങ്ങള്‍ ക്വുര്‍ആന്‍ പാരായണത്തിന് നമ്മെ സഹായിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

ക്വുര്‍ആന്‍ മനഃപാഠമാക്കാന്‍ സമയം കണ്ടെത്തുക. നിശ്ചിത ഭാഗം ആദ്യമെ തീരുമാനിക്കുക.

ക്വുര്‍ആനിന്റെ ആശയതലങ്ങളിലൂടെ കടന്നുപോകാന്‍ പരിഭാഷകള്‍ ഉപയോഗിക്കുക.

ക്വുര്‍ആന്‍ വിവരണങ്ങള്‍ വായിച്ച് വചനങ്ങളുടെ വിശദീകരണം അറിയുക.

ക്വുര്‍ആന്‍ പരീക്ഷകളില്‍ പങ്കെടുത്ത് അറിവ് വര്‍ധിപ്പിക്കുക.

ക്വുര്‍ആന്‍ ക്ലാസുകളില്‍ പങ്കെടുക്കുക; റമദാനില്‍ വിശേഷിച്ചും.

ക്വുര്‍ആന്‍ സൂക്തങ്ങളില്‍ തദബ്ബുര്‍ (ഗാഢമായ ചിന്ത) നടത്തുക.

നമ്മുടെ മനസ്സിന്റെ കുളിരായി, നാവിന്റെ നനവായി, പരലോകത്തെ ശുപാര്‍ശകനായി ക്വുര്‍ആനിനെ നമുക്ക് കണ്ടെത്താനാകും.