പരസ്യപ്രബോധനം

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ഫെബ്രുവരി 09 1440 ജുമാദല്‍ ആഖിര്‍ 04

(ലോകഗുരു: മുഹമ്മദ് നബിﷺ ഭാഗം: 9)

സത്യം തുറന്നു പ്രഖ്യാപിക്കുവാന്‍ അല്ലാഹു നബിﷺയോട് കല്‍പിച്ചു. എന്തൊരു ലക്ഷ്യത്തിനുവേണ്ടിയാണോ നിയോഗിക്കപ്പെട്ടിട്ടുള്ളത് അത് ജനങ്ങള്‍ക്ക് മുമ്പില്‍ വിളിച്ചു പറയുവാനുള്ള അല്ലാഹുവിന്റെ കല്‍പന. മൂന്നുവര്‍ഷത്തോളം രഹസ്യമായി പ്രബോധനം നിര്‍വഹിച്ചതിനു ശേഷമായിരുന്നു അല്ലാഹുവിന്റെ ഈ കല്‍പന. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് അല്ലാഹു ഇറക്കിയ വചനങ്ങള്‍ കാണുക:

''നിന്റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക. നിന്നെ പിന്തുടര്‍ന്ന സത്യവിശ്വാസികള്‍ക്ക് നിന്റെ ചിറക് താഴ്ത്തികൊടുക്കുകയും ചെയ്യുക. ഇനി അവര്‍ നിന്നെ അനുസരിക്കാതിരിക്കുന്ന പക്ഷം, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനൊന്നും ഞാന്‍ ഉത്തരവാദിയല്ലെന്ന് നീ പറഞ്ഞേക്കുക'' (അശ്ശുഅറാഅ്: 214-216). 

ശേഷം അല്ലാഹു ഈ വചനങ്ങള്‍ അവതരിപ്പിച്ചു: ''അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക. പരിഹാസക്കാരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു'' (അല്‍ഹിജ്ര്‍: 94,95).

ഇതോടെ അല്ലാഹുവിന്റെ കല്‍പന നടപ്പിലാക്കുവാന്‍ നബിﷺ ആരംഭിച്ചു. തന്റെ കുടുംബക്കാരെയും അടുത്തവരായ ആളുകളെയും ഒരുമിച്ച് കൂട്ടലായിരുന്നു നബിﷺ ആദ്യം ചെയ്ത പ്രവര്‍ത്തനം. ഏതാണ്ട് നാനൂറോ അതില്‍ കൂടുതലോ ആളുകള്‍ ഒരുമിച്ചുകൂടുകയുണ്ടായി. അവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പും അവര്‍ക്ക് നല്‍കി. 

അബൂഹുറയ്‌റ(റ)യില്‍ നിന്നും നിവേദനം: അദ്ദേഹം പറയുന്നു: ''സൂറതുശ്ശുഅറാഇലെ 214ാമത്തെ വചനം അവതരിച്ചപ്പോള്‍ നബിﷺ ക്വുറൈശികളെ ക്ഷണിച്ചു. അവരെ ഒരുമിച്ചുകൂട്ടി. പ്രത്യേകമായും പൊതുവായും നബിﷺ അവരെ ക്ഷണിച്ചു: 

''അല്ലയോ കഅ്ബ് ഗോത്രമേ, നിങ്ങളുടെ ശരീരങ്ങളെ നരകത്തില്‍ നിന്നും കാത്തുകൊള്ളുക. അല്ലയോ മുര്‍റതുബ്‌നു കഅ്ബിന്റ മക്കളേ, നിങ്ങളുടെ ശരീരങ്ങളെ നരകത്തില്‍ നിന്നും കാത്തുകൊള്ളുക. അല്ലയോ അബ്ദുശ്ശംസിന്റെ മക്കളേ, നിങ്ങളുടെ ശരീരങ്ങളെ നരകത്തില്‍ നിന്നും നിങ്ങള്‍ കാത്തുകൊള്ളുക. അല്ലയോ ഹാശിമിന്റെ മക്കളേ, നിങ്ങളുടെ ശരീരത്തെ നരകത്തില്‍ നിന്നും നിങ്ങള്‍ കാത്തുകൊള്ളുക. അല്ലയോ അബ്ദുല്‍ മുത്ത്വലിബിന്റെ മക്കളേ, നിങ്ങളുടെ ശരീരങ്ങളെ നരകത്തില്‍ നിന്നും നിങ്ങള്‍ കാത്തുകൊള്ളുക. ഫാത്തിമാ, നിന്റെ ശരീരത്തെ നരകത്തില്‍ നിന്ന് നീ കാത്തുകൊള്ളുക. നിങ്ങളുടെ കാര്യത്തില്‍ അല്ലാഹുവിന്റെ മുമ്പില്‍ ഒന്നും തന്നെ ഞാന്‍ ഉടമപ്പെടുത്തുന്നില്ല. എന്നാല്‍ ഞാനും നിങ്ങളും തമ്മില്‍ കുടുംബ ബന്ധമുണ്ട്. അതു ഞാന്‍ പുലര്‍ത്തുന്നതുമാണ്'' (ബുഖാരി: 4771. മുസ്‌ലിം: 204).

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക എന്ന ആയത്ത് അവതരിച്ചപ്പോള്‍ നബിﷺ സ്വഫയുടെ മുകളില്‍ കയറി ഇപ്രകാരം വിളിച്ചു പറഞ്ഞു: 'അപകടം നിറഞ്ഞ പ്രഭാതമേ!' അപ്പോള്‍ മക്കക്കാര്‍ ചോദിച്ചു: 'ആരാണിത്?' അങ്ങനെ അവരെല്ലാവരും ഒരുമിച്ചുകൂടി. അപ്പോള്‍ നബിﷺ ചോദിച്ചു: 'ഈ മലയുടെ പുറകില്‍ നിന്നും ഒരു സൈന്യം നിങ്ങളെ ആക്രമിക്കാന്‍ വരുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്നെ വിശ്വസിക്കുമോ?' അവര്‍ പറഞ്ഞു: 'താങ്കളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് കളവ് പരിചയമില്ല.' അപ്പോള്‍ നബിﷺ പറഞ്ഞു: 'എങ്കില്‍ കഠിനമായ ഒരു ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകാരനാകുന്നു ഞാന്‍.' ഈ സന്ദര്‍ഭത്തില്‍ അബൂലഹബ് പറഞ്ഞു: 'നിനക്ക് നാശം! ഇതിനു വേണ്ടിയാണോ നീ ഞങ്ങളെ ഒരുമിച്ച് കൂട്ടിയത്?' എന്നിട്ട് അയാള്‍ എഴുന്നേറ്റു പോയി. അപ്പോള്‍ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു: 'അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവന് ഉപകാരപ്പെട്ടില്ല. തീജ്വാലകളുള്ള നരകാഗ്‌നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്. വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും. അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും'(സൂറത്തുല്ലഹബ്)'' (ബുഖാരി 4971, മുസ്‌ലിം 208)

ഇതിനുശേഷം നബിﷺ തന്റെ കുടുംബക്കാരെയും ബന്ധുക്കളെയും ഒരുതവണ കൂടി ഒരുമിച്ചുകൂട്ടി. അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തു. അങ്ങനെ അവര്‍ കുടിക്കുകയും തിന്നുകയും ചെയ്തു. ശേഷം അവരോടായി പ്രസംഗിക്കുകയും അവരെ ദീനിലേക്ക് ക്ഷണിക്കുകയും ചെയ്തു. തന്റെ പിതൃവ്യനായ അബൂത്വാലിബ് തന്നെ സംരക്ഷിക്കും എന്ന കാര്യം നബിﷺക്ക് ഉറപ്പായപ്പോള്‍ അല്ലാഹുവിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനുള്ള പുതിയ മാര്‍ഗത്തെക്കുറിച്ച് ആലോചിച്ചു. ഒരു ദിവസം നബിﷺ സ്വഫാ കുന്നില്‍ കയറി തന്റെ ജനതയെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. തന്റെ കുടുംബത്തെയാണ് ആദ്യം ക്ഷണിച്ചത്. അദ്ദേഹം സര്‍വ മനുഷ്യരിലേക്കും നിയോഗിക്കപ്പെട്ട നബിയാണെങ്കിലും ആദ്യമായി തന്റെ കുടുംബത്തെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയാണ്. ഒരു പ്രബോധകന്റെ ഉത്തരവാദിത്തവും പ്രബോധനത്തിലെ മുന്‍ഗണനാക്രമവും നബിﷺയിലൂടെ അല്ലാഹു പഠിപ്പിക്കുകയാണ്. സ്വന്തം കുടുംബത്തെയും അടുത്തവരെയുമാണ് ഒരു പ്രബോധകന്‍ ആദ്യമായി ക്ഷണിക്കേണ്ടത്. നബിﷺയുടെ പ്രബോധനത്തിന്റെ ഒന്നാമത്തെ ഘട്ടത്തില്‍ തന്നെ അബൂലഹബ് കാണിച്ച ശത്രുതയിലൂടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്; പ്രബോധനം എന്നു പറയുന്നത് കുടുംബത്തിന്റെയോ വള്‍ഗത്തിന്റെയോ പേരിലുള്ള ക്ഷണമല്ല. നേരെമറിച്ച് അല്ലാഹുവിന്റെ മതത്തെ അല്ലാഹുവും റസൂലും പഠിപ്പിച്ച രൂപത്തില്‍ മാനവരിലേക്ക് എത്തിച്ചുകൊടുക്കുക എന്ന മഹത്തായ ദൗത്യനിര്‍വഹണമാണത്. അല്ലാഹു പറയുന്നു: 

''പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്‍). അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം'' (അല്‍അഅ്‌റാഫ്: 158). 

ക്വുറൈശികളായ സത്യനിഷേധികളെ ഇസ്‌ലാമിലേക്ക് നബിﷺ ക്ഷണിച്ചുകൊണ്ടിരുന്നു. അവരുടെ സന്മാര്‍ഗത്തിനു വേണ്ടി നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അല്ലാഹുവാണ് നബിﷺയെ സംരക്ഷിക്കുന്നവനും സഹായിക്കുന്നവനും. പരിഹസിക്കുന്നവരില്‍ നിന്നും ശത്രുക്കളില്‍ നിന്നും തന്റെ സഹായവും സംരക്ഷണവും ഉണ്ടായിക്കൊണ്ടിരിക്കും എന്നുള്ള സമാധാനത്തിന്റെ വാക്കുകളും അല്ലാഹു നബിﷺയെ കേള്‍പ്പിച്ചു കൊണ്ടിരുന്നു. 

''അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക. പരിഹാസക്കാരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു'' (അല്‍ഹിജ്ര്‍: 94,95). 

ഞാന്‍ പ്രബോധനം ചെയ്യുന്നത് അല്ലാഹു നല്‍കിയിട്ടുള്ള യാഥാര്‍ഥ്യമാണ് എന്ന് ഉറപ്പുള്ളതിനാലും തന്റെ സമൂഹത്തോടുള്ള ശക്തമായ സ്‌നേഹത്താലും ആ സമൂഹം ഈ പരിശുദ്ധ ദീനിനോട് എതിര്‍പ്പ് കാണിച്ചപ്പോള്‍ നബിയുടെ മനസ്സ് വല്ലാതെ പ്രയാസപ്പെട്ടു പോയി. ഈ സന്ദര്‍ഭത്തില്‍ അല്ലാഹു പ്രവാചകനോട് പറഞ്ഞു: 

''അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നിമിത്തം നിനക്ക് മനഃപ്രയാസം അനുഭവപ്പെടുന്നുണ്ട് എന്ന് തീര്‍ച്ചയായും നാം അറിയുന്നുണ്ട്. ആകയാല്‍ നിന്റെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ട് നീ സ്‌തോത്രകീര്‍ത്തനം നടത്തുകയും, നീ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക. ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക'' (അല്‍ഹിജ്ര്‍: 97-99). 

സമൂഹത്തില്‍ വലിയ സ്ഥാനമുള്ള ആളായിരുന്നു നബിﷺ. വിശ്വാസ്യതയിലും സത്യസന്ധതയിലും അവിടുന്ന് പ്രസിദ്ധനായിരുന്നു. ഉത്തമ സ്വഭാവഗുണങ്ങളാല്‍ എല്ലാവരും നബിﷺയെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, പ്രബോധനം പരസ്യമാക്കിയപ്പോള്‍ മക്കക്കാര്‍ക്ക് ഇഷ്ടമല്ലാത്തതാണ് നബിയില്‍ നിന്നും മക്കക്കാര്‍ക്ക് കേള്‍ക്കേണ്ടി വന്നത്. അടുത്ത ബന്ധമുള്ള ആളുകള്‍പോലും പ്രവാചകനെ കയ്യൊഴിയുന്ന അവസ്ഥയുണ്ടായി. അല്ലാഹുവിന്റെ സന്ദേശം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന വിഷയത്തിലായതിനാല്‍ ഇതെല്ലാം അദ്ദേഹത്തിന് നിസ്സാരമായിരുന്നു. ഈ ദൗത്യം തന്നെ ഏല്‍പിച്ച അല്ലാഹു തന്റെ കൂടെയുണ്ട് എന്നും സന്ദേശം ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കേണ്ട ബാധ്യത മാത്രമെ തനിക്ക് ഉള്ളൂവെന്നും ആ വിഷയത്തില്‍ താന്‍ അങ്ങേയറ്റം ക്ഷമിക്കേണ്ടവനാണ് എന്നും നബിﷺ കൃത്യമായി മനസ്സിലാക്കി. അല്ലാഹു പറയുന്നു:

''നീ ക്ഷമിക്കുക. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത്.അവരുടെ (സത്യനിഷേധികളുടെ) പേരില്‍ നീ വ്യസനിക്കരുത്. അവര്‍ കുതന്ത്രം പ്രയോഗിക്കുന്നതിനെപ്പറ്റി നീ മനഃക്ലേശത്തിലാവുകയും അരുത്. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു; സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും'' (അന്നഹ്ല്‍: 127,128).