സൈന്യത്തോടുള്ള പ്രവാചകോപദേശങ്ങള്‍

ശമീര്‍ മദീനി

2019 ജൂണ്‍ 01 1440 റമദാന്‍ 27

യുദ്ധത്തിനിറങ്ങുന്ന സൈന്യാധിപന്റെയും സേനാംഗങ്ങളുടെയും ഇഷ്ടത്തിനനുസരിച്ചല്ല ഇസ്‌ലാമിലെ യുദ്ധങ്ങള്‍; അവിടെയും ഇസ്‌ലാമിന്റെ കൃത്യമായ ഇടപെടലുകളും വിധിവിലക്കുകളും ഉപദേശ നിര്‍ദേശങ്ങളുമുണ്ട്.

പ്രവാചകാനുചരന്മാരില്‍ പെട്ട ബുറൈദ(റ) പറഞ്ഞു: ''നബി ﷺ  ഒരാളെ നായകനാക്കി ഒരു സൈന്യത്തെ നിയോഗിച്ചാല്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ സൂക്ഷിക്കണമെന്നും കൂടെയുള്ളവരുടെ കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാകണമെന്നും പ്രത്യേകം നിര്‍ദേശിക്കുമായിരുന്നു. അവിടുന്ന് പറയും: 'നിങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ പോരാടുക. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവന്റെ ശത്രുക്കളോട് ഏറ്റുമുട്ടുക. മോഷണവും ചതിയും വഞ്ചനയും കാണിക്കരുത്. അംഗവിഛേദം ചെയ്യരുത്. കുട്ടികളെ കൊല്ലരുത്. ബഹുദൈവാരാധകരായ ശത്രുക്കളെ കണ്ടുമുട്ടിയാല്‍ മൂന്ന് കാര്യങ്ങളിലേക്ക് നീ അവരെ ക്ഷണിക്കുക. അതില്‍ ഏതൊന്ന് അവര്‍ സ്വീകരിച്ചാലും നീ അതംഗീകരിച്ച് യുദ്ധം അവസാനിപ്പിക്കണം. നീ അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക. അതിന് അവര്‍ സന്നദ്ധരാണെങ്കില്‍ നീ അതംഗീകരിക്കുകയും യുദ്ധ നടപടികള്‍ നിറുത്തിവെക്കുകയും ചെയ്യുക. അപ്പോള്‍ മുസ്‌ലിംകള്‍ക്കുള്ള എല്ലാ അവകാശങ്ങളും  അവര്‍ക്കുമുണ്ടാകും. മുസ്‌ലിംകള്‍ക്ക് ബാധകമായ എല്ലാ ബാധ്യതകളും അവരുടെ മേലും ബാധ്യതയായുണ്ടാകും. ഇനി ഇസ്‌ലാം സ്വീകരിക്കാന്‍ അവര്‍ ഒരുക്കമല്ലെങ്കില്‍ നീ അവരോട് 'ജിസ്‌യ' (സംരക്ഷണ നികുതി) ആവശ്യപ്പെടുക. അവരത് തരാന്‍ തയ്യാറാണെങ്കല്‍ അവരുമായി ഏറ്റുമുട്ടല്‍ പാടുള്ളതല്ല. അതിനും അവര്‍ തയ്യാറല്ലെങ്കില്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ച് പ്രാര്‍ഥനയോടെ അവരുമായി പോരാടിക്കൊള്ളുക'' (മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ).

ആളുകളെ യുദ്ധത്തടവുകാരും ബന്ധികളുമാക്കി പിടിച്ചുകൊണ്ടു വരുന്നതിനെക്കാള്‍ ഇരുലോകത്തും നേട്ടം കൈവരിക്കാനുതകുന്നവിധം ആദര്‍ശ സഹോദരങ്ങളാക്കി കൊണ്ടുവരാനായിരുന്നു ഇസ്‌ലാം താല്‍പര്യപ്പെട്ടത്. യുദ്ധരംഗത്തുപോലും ശത്രുതയവസാനിപ്പിച്ച് ഇസ്‌ലാമിനെ അറിയാനുള്ള സന്നദ്ധത അറിയിച്ചാല്‍ അതിന് അവസരമുണ്ടാക്കുകയും നിര്‍ഭയസ്ഥാനത്തെത്തിക്കുകയും ചെയ്യണമെന്നാണ് ക്വുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്:

''ബഹുദൈവവിശ്വാസികളില്‍ വല്ലവനും നിന്റെ അടുക്കല്‍ അഭയം തേടി വന്നാല്‍ അല്ലാഹുവിന്റെ വചനം അവന്‍ കേട്ടു ഗ്രഹിക്കാന്‍ വേണ്ടി അവന്ന് അഭയം നല്‍കുക. എന്നിട്ട് അവന്ന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതു കൊണ്ടാണത്'' (ക്വുര്‍ആന്‍ 9:6).

ശത്രുരാജ്യത്തെ എല്ലാവരെയും ശത്രുവായി കണ്ടുകൊണ്ടുള്ള കാടടച്ചുള്ള ആക്രമണ രീതിയല്ല ഇസ്‌ലാമിന്റെത്. യുദ്ധത്തില്‍ പങ്കാളികളായ യോദ്ധാക്കളെയും അല്ലാത്തവരെയും രണ്ട് തരമായി കണ്ടുകൊണ്ടാണ് നബി ﷺ  സൈന്യത്തിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. സ്ത്രീകളെയും കുട്ടികളെയും േജാലിക്കാരെയും വധിക്കുകയോ ആക്രമിക്കുകയോ ചെയ്യരുതെന്നുള്ള ശക്തമായ നിര്‍ദേശങ്ങളടങ്ങിയ യുദ്ധരംഗവുമായി ബന്ധപ്പെട്ട ധാരാളം ഉപദേശങ്ങള്‍ ഹദീഥുകളില്‍ കാണാം.  ഇതിനു വിരുദ്ധമായി വല്ല നീക്കങ്ങളും ശ്രദ്ധയില്‍ പെട്ടാല്‍ അവരെ പ്രത്യേകം ശാസിക്കുകയും ഉപദേശിക്കുകയും ചെയ്ത സംഭവങ്ങള്‍വരെ ഉണ്ടായിട്ടുണ്ട്.

ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സാധിക്കാതെ വന്നേക്കുമെന്നതിനാല്‍ അപ്രതീക്ഷിതമായ ആ ക്രമണങ്ങളെ നബി ﷺ  പ്രോത്സാഹിപ്പിച്ചിട്ടില്ല. അനസ്(റ) പറയുന്നു: ''നബി ﷺ  ഒരു വിഭാഗത്തിനെതിരെ ഏറ്റുമുട്ടാനായി രാത്രിയില്‍ എത്തിയാല്‍ പ്രഭാതം വരെയും അവര്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തുകയില്ല'' (ബുഖാരി).

ശത്രുക്കളെയും അവരുടെ സമ്പത്തിനെയും അഗ്നിക്കിരയാക്കുന്ന കാടന്‍ നടപടികള്‍ മുമ്പുകാലത്തും ഇപ്പോഴും ഉള്ളതാണ്. എന്നാല്‍ നബി ﷺ  ഇത്തരം രീതികളെ ശക്തമായി വിലക്കിയിട്ടുണ്ട്. ''തീ കൊണ്ട് ശിക്ഷിക്കാന്‍ അല്ലാഹുവിന്ന് മാത്രമേ അവകാശമുള്ളൂ'' (മുസ്‌ലിം, അബൂദാവൂദ്) എന്ന് അവിടുന്ന് ഉപദേശിക്കുമായിരുന്നു.

ശത്രുക്കളെ ജീവനോടെ കയ്യില്‍ കിട്ടിയാല്‍ ഇഞ്ചിഞ്ചായി കൊല്ലുന്ന ക്രൂരവിനോദം ആധുനിക കാലത്തുപോലും ധാരാളമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്വാണ്ടനാമോയിലും മറ്റും തടവുകാരെ അതിക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളില്‍ ചിലത് നാം കണ്ടതാണ്. തീവെച്ചും വന്യമൃഗങ്ങള്‍ക്ക് തീറ്റയാക്കിയും വിഷവാതകം ശ്വസിപ്പിച്ചും പട്ടിണിക്കിട്ടും അടക്കം എന്തെല്ലാം ക്രൂരതകള്‍ ചെയ്യാന്‍ പറ്റുമോ അതെല്ലാം ശത്രുക്കള്‍ക്കെതിരില്‍ ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് നബി ﷺ യുടെ  ഉപദേശങ്ങള്‍ ഏറെ പ്രസക്തമാണ്.

ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കം മനുഷ്യന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വരെ നിര്‍ദയം തകര്‍ത്തും ദുര്‍ബലരും അവശരുമായ സാധാരണക്കാരെ കൊന്നൊടുക്കിയും ജീവജാലങ്ങളെയും കൃഷിയിടങ്ങളെയും നശിപ്പിച്ചും 'ശത്രുസംഹാരം' നടത്തുന്ന ആധുനിക സമൂഹത്തിന് നബി ﷺ യുടെ ഉപദേശങ്ങളോളം മാനവികവും മഹത്തരവുമായ യുദ്ധോപദേശങ്ങള്‍ എവിടെയാണ് കാണാനാവുക?

കൃഷി നശിപ്പിക്കരുതെന്നും മൃഗങ്ങളെയും അവശരെയും ആക്രമിക്കരുതെന്നും നബി ﷺ  പ്രത്യേകം ഉപദേശിച്ചിരുന്നു.

യുദ്ധം ചെയ്യുന്നവരോട് മാത്രം യുദ്ധം ചെയ്യുവാനും യുദ്ധരംഗത്ത് പോലും അതിക്രമങ്ങള്‍ പാടില്ലെന്നുമാണ് ക്വുര്‍ആന്‍ ഉപദേശിക്കുന്നത്: ''നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ'' (ക്വുര്‍ആന്‍ 2:190).

''വിലക്കപ്പെട്ട മാസത്തിലെ യുദ്ധത്തിന് വിലക്കപ്പെട്ട മാസത്തില്‍ തന്നെ (തിരിച്ചടിക്കുക). വിലക്കപ്പെട്ട മറ്റു കാര്യങ്ങള്‍ ലംഘിക്കുമ്പോഴും (അങ്ങനെത്തന്നെ) പ്രതിക്രിയ ചെയ്യേണ്ടതാണ്. അപ്രകാരം നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക് കാണിച്ച അതിക്രമത്തിന് തുല്യമായി അവന്റെ നേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 2:194).

സമാധാനത്തിനും സന്ധിസംഭാഷണങ്ങള്‍ക്കും ശത്രുക്കള്‍ സന്നദ്ധമായാല്‍ അതിനോട് ക്രിയാത്മകമായി പ്രതികരിക്കാനും സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ സന്നദ്ധമാകുവാനും ക്വുര്‍ആന്‍ നിര്‍ദേശിക്കുന്നു:

''ഇനി, അവര്‍ സമാധാനത്തിലേക്ക് ചായ്‌വ് കാണിക്കുകയാണെങ്കില്‍ നീയും അതിലേക്ക് ചായ്‌വ് കാണിക്കുകയും അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍'' (ക്വുര്‍ആന്‍ 8:61).

എന്നാല്‍ ന്യായമായ തിരിച്ചടി അനിവാര്യമാകുന്ന ഘട്ടത്തില്‍ യാതൊരു നീക്കുപോക്കുമില്ലാതെ സധൈര്യം ശത്രുസൈന്യത്തെ നേരിടുകയും വേണം അല്ലാഹു പറയുന്നു: ''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ(നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്. ബഹുദൈവവിശ്വാസികള്‍ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 9:36).

ശത്രുവിനെ തേടിപ്പിടിക്കേണ്ടിവരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങള്‍ പോലും നിഷ്ഫലമാവില്ല എന്ന വിശ്വാസത്തിന്റെ കരുത്തിലാണ് ഇസ്‌ലാമിക സൈന്യത്തിന്റെ പുറപ്പാട്. അല്ലാഹു പറയുന്നു:

''ശത്രുജനതയെ തേടിപ്പിടിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ദൗര്‍ബല്യം കാണിക്കരുത്. നിങ്ങള്‍ വേദന അനുഭവിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ വേദന അനുഭവിക്കുന്നത് പോലെത്തന്നെ അവരും വേദന അനുഭവിക്കുന്നുണ്ട്. നിങ്ങളാകട്ടെ അവര്‍ക്ക് പ്രതീക്ഷിക്കാനില്ലാത്തത് (അനുഗ്രഹം) അല്ലാഹുവിങ്കല്‍ നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. അല്ലാഹു അറിവുള്ളവനും യുക്തിയുള്ളവനുമാകുന്നു'' (ക്വുര്‍ആന്‍ 4:104).

അനിവാര്യഘട്ടങ്ങളിലുള്ള പോരാട്ടങ്ങളില്‍ ജീവന്‍ ത്യജിക്കേണ്ടി വന്നാല്‍ പോലും വിശ്വാസികള്‍ക്ക് വമ്പിച്ച നേട്ടവും സ്വര്‍ഗീയ വിജയവുമാണ് കൈവരുന്നത്: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെപ്പറ്റി മരണപ്പെട്ടവര്‍ എന്ന് നിങ്ങള്‍ പറയേണ്ട. എന്നാല്‍ അവരാകുന്നു ജീവിക്കുന്നവര്‍. പക്ഷേ, നിങ്ങള്‍ (അതിനെപ്പറ്റി) ബോധവാന്‍മാരാകുന്നില്ല'' (ക്വുര്‍ആന്‍ 2:154).

അവര്‍ക്കുള്ള സ്വര്‍ഗീയാനുഭൂതികളെ കുറിച്ചും ക്വുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു.അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്കു നല്‍കിയതുകൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ (ഇഹലോകത്ത്) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്‍ത്ത് അവര്‍ (ആ രക്തസാക്ഷികള്‍) സന്തോഷമടയുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് അവര്‍ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും (അവരെ സന്തുഷ്ടരാക്കുന്നു)'' (ക്വുര്‍ആന്‍ 3:169-171).

യുദ്ധത്തടവുകാരോടുള്ള സമീപനങ്ങള്‍

യുദ്ധത്തിന്റെ ഭാഗമായി പിടിക്കപ്പെടുന്ന ബന്ധികളോടും യുദ്ധത്തടവുകാരോടും മാന്യമായി പെരുമാറണമെന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം. തടവുകാരെ വധിക്കരുതെന്ന് പ്രത്യേകം നബി ﷺ  നിര്‍ദേശിച്ചിട്ടുണ്ട്.

യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്നവരുടെ ജീവന്‍ വെച്ചുകൊണ്ട് വിലപേശുകയും അതിക്രൂരമായ മര്‍ദന മുറകള്‍ അവര്‍ക്കുനേരെ പ്രയോഗിക്കുകയും അത് വലിയ വിജയമായി കാണുകയും ചെയ്യുന്ന നവയുഗത്തിലെ യുദ്ധനിയമങ്ങള്‍ക്കു മുന്നില്‍ പതിനാലു നൂറ്റാണ്ട് മുമ്പ് ഇസ്‌ലാം നിര്‍ദേശിച്ച മാന്യമായ മോചന മാര്‍ഗം ഇന്നും ആര്‍ജവത്തോടെ തലയുയര്‍ത്തിനില്‍ക്കുകയാണ്:

''...എന്നിട്ട് അതിനു ശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്. അതാണ് (യുദ്ധത്തിന്റെ) മുറ...'' (ക്വുര്‍ആന്‍ 47:4).

ബദ്‌റിലെയും മറ്റും ബന്ധികളുടെ കാര്യത്തില്‍ മുഹമ്മദ് നബി ﷺ  അതിന്റെ പ്രായോഗിക മാതൃകയും ലോകത്തിന് കാണിച്ചുകൊടുത്തു. എഴുത്തും വായനയും അറിയാത്ത പത്ത് വീതം ആളുകള്‍ക്ക് ഓരോ തടവുകാരനും അക്ഷരജ്ഞാനം പകര്‍ന്നുകൊടുക്കുക എന്നതായിരുന്നു യുദ്ധത്തടവുകാര്‍ക്കുള്ള മോചനദ്രവ്യം. പ്രവാചകന്റെ ജന്മനാടായ മക്ക ജയിച്ചടക്കിയ ഘട്ടത്തിലാകട്ടെ ശത്രുക്കളെ നിലംപരിശാക്കുവാനുള്ള എല്ലാവിധ സാഹചര്യങ്ങളും അനുകൂലമായി വന്നിട്ടും ശത്രുക്കളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് എല്ലാവര്‍ക്കും മാപ്പുനല്‍കി നിരുപാധികം വിട്ടയച്ച, ലോകചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത വിട്ടുവീഴ്ചയുടെയും കാരുണ്യത്തിന്റെയും ചരിത്രമാണ് ഇസ്‌ലാമിനുള്ളത്.