മുതിര്‍ന്നവര്‍ തഴയപ്പെടേണ്ടവരല്ല

ടി.കെ ത്വല്‍ഹത്ത് സ്വലാഹി

2019 ആഗസ്ത് 03 1440 ദുൽഹിജ്ജ 02

സ്വഭാവ രംഗത്തെ എല്ലാ മര്യാദകളും മാന്യതകളും സ്വജീവിതത്തിലൂടെ കാണിച്ചുതന്ന ഗുരുനാഥനാണ് മുഹമ്മദ് നബി ﷺ . നബി ﷺ  സല്‍സ്വഭാവങ്ങളുടെ നിറകുടമായിരുന്നു.

അല്ലാഹു തന്നെ പറഞ്ഞത് നോക്കു:

''തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു'' (ക്വുര്‍ആന്‍ 68:4).

പ്രവാചക നിയോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് തന്നെ സല്‍സ്വഭാവ പൂര്‍ത്തീകരണമാണ്. ഒരു ഹദീഥ് കാണുക.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''സല്‍സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്'' (അഹ്മദ്).

സമൂഹത്തിന്റെ നന്മയും മേന്മയും വിശ്വാസിയുടെ ലക്ഷ്യമായിരിക്കണം. സാമൂഹ്യബന്ധങ്ങള്‍ക്ക് വിള്ളലേല്‍പിക്കുന്ന ഒന്നും നമ്മില്‍ നിന്നുണ്ടായിക്കൂടാ. സാമുഹ്യബന്ധങ്ങളുടെ അടിത്തറയാണ് പരസ്പര ബഹുമാനവും ആദരവും. സമൂഹത്തില്‍ വ്യത്യസ്ത പ്രായത്തിലും പ്രകൃതിയിലുമുള്ളവരോട് ഇടപെടേണ്ട വ്യത്യസ്ത രീതികള്‍ ഇസ്‌ലാം പഠിപ്പിച്ചു. നമുക്കിടയില്‍ ഏറെ പരിഗണനയും പിന്തുണയും ലഭിക്കേണ്ട വിഭാഗമാണ് പ്രായമുള്ളവര്‍. അവരോട് ആദരവോടെ ഇടപഴകാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നു.

ഒരാളുടെ വ്യക്തിത്വത്തിന്റെയും സംസ്‌കാരത്തിന്റെയും അടയാളം കൂടിയാണ് മുതിര്‍ന്നവര്‍ക്ക് പരിഗണനയും പിന്തുണയും നല്‍കുക എന്ന സല്‍ഗുണം.

ചിലര്‍ വേഗത്തില്‍ മരണപ്പെടുന്നതും മറ്റു ചിലര്‍ വാര്‍ധക്യത്തിലെത്തുന്നതും അല്ലാഹുവിന്റെ തീരുമാനമാണ്. ക്വുര്‍ആന്‍ പറയുന്നു:

''മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട് ബീജത്തില്‍ നിന്നും പിന്നീട് ഭ്രൂണത്തില്‍ നിന്നും അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടുവരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണശക്തി പ്രാപിക്കുന്നതുവരെ (നാം നിങ്ങളെ വളര്‍ത്തുന്നു). (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും കൗതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു'' (ക്വുര്‍ആന്‍ 22:5).

മറ്റൊരു വചനം ഇപ്രകാരമാണ്: ''നിങ്ങളെ ബലഹീനമായ അവസ്ഥയില്‍ നിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവന്‍ ശക്തിയുണ്ടാക്കി. പിന്നെ അവന്‍ ശക്തിക്ക് ശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനത്രെ സര്‍വജ്ഞനും സര്‍വശക്തനും''(ക്വുര്‍ആന്‍ 30:54).

പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രയാസങ്ങളില്‍ നിന്ന് പ്രവാചകന്‍ രക്ഷതേടാറുണ്ടായിരുന്നു.

''അല്ലാഹുവേ, തീര്‍ച്ചയായും ഭീരുത്വത്തില്‍ നിന്നും അവശമായ പ്രായത്തില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. ഐഹികജീവീതത്തിന്റെ പരീക്ഷണങ്ങളില്‍ നിന്നും ക്വബ്ര്‍ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു'' (ബുഖാരി).

പ്രായമുള്ളവര്‍ക്ക് എല്ലാ കാര്യങ്ങളിലും പിന്തുണയും മുന്‍ഗണനയും നല്‍കേണ്ടതുണ്ട്. എന്നാല്‍ പലപ്പോഴും അവഗണണയും അകല്‍ച്ചയുമാണ് അവര്‍ക്ക് സമൂഹത്തില്‍ നിന്ന് ലഭിക്കുന്നത്. തന്റെ ചുറുചുറുക്കുള്ള പ്രായത്തില്‍ മറ്റുള്ളവരുടെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും വേണ്ടി നട്ടെല്ലായി വര്‍ത്തിച്ച, മറ്റുള്ളവരുടെ ക്ഷേമത്തനും ഐശ്വര്യത്തിനും വേണ്ടി നെടുംതൂണായി നിലകൊണ്ട അവരെ, അവരുടെ വാര്‍ധക്യത്തില്‍ മറക്കുകയും വെറുക്കുകയും ചെയ്യുന്നത് എന്തു മാത്രം അപരാധമാണ്! ഇനി ഉപകാരമില്ലെന്ന് കാണുമ്പോള്‍ അവരെ കറിവേപ്പില പോലെ എടുത്തൊഴിവാക്കുന്നത് കാണാറുണ്ട്. വൃദ്ധമാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കുന്നവരെയും കുറച്ചൊക്കെ സമൂഹത്തില്‍ നാം കണ്ടുവരുന്നു. വയസ്സില്‍ മൂത്തവരെ ബഹുമാനിക്കുക എന്ന സല്‍ഗുണം പതിയെ സമൂഹത്തില്‍ നിന്ന് എടുത്തു പോയിക്കൊണ്ടിരിക്കുകയാണ്.

ഇസ്‌ലാം മുതിര്‍ന്നവര്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അവരോടുള്ള ബഹുമാനം അല്ലാഹുവിനെ ആദരിക്കലായിട്ടാണ് ഇസ്‌ലാം കാണുന്നത്.

ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''തീര്‍ച്ചയായും പ്രായം മൂലം നര ബാധിച്ച മുസ്‌ലിമിനെയും വിശുദ്ധ ക്വുര്‍ആന്‍ പഠിക്കുന്നവനെയും നീതിമാനായ ഭരണാധികാരിയെയും ബഹുമാനിക്കല്‍ അല്ലാഹുവിനെ ആദരിക്കലാണ്''(തുര്‍മുദി).

മുതിര്‍ന്നവരെ ബഹുമാനിക്കല്‍ സത്യവിശ്വാസിയുടെ നല്ല ഗുണങ്ങളില്‍ പെട്ടതാണ്.

അനസ്(റ)വില്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''ഒരിക്കല്‍ പ്രായമുള്ള ഒരാള്‍ പ്രവാചകനെ ലക്ഷ്യമാക്കി വന്നു. അദ്ദേഹത്തിന് സൗകര്യമൊരുക്കാന്‍ ആളുകള്‍ അമാന്തം കാണിക്കുന്നത് കണ്ട് പ്രവാചകന്‍ ﷺ  പറഞ്ഞു:  'നമ്മിലെ ചെറിയവരോട് കരുണ കാണിക്കാത്തവനും വലിയവരെ ആദരിക്കാത്തവനും നമ്മില്‍ പെട്ടവനല്ല''(തുര്‍മുദി). മറ്റൊരു റിപ്പോര്‍ട്ടില്‍ 'നമ്മിലെ മുതിര്‍ന്നവരുടെ മഹത്ത്വം മനസ്സിലാക്കാത്തവനും നമ്മില്‍ പെട്ടവനല്ല' എന്നാണുള്ളത്.

നമ്മെക്കാള്‍ പ്രായമുള്ളവര്‍ സ്വന്തം മാതാപിതാക്കളാണെങ്കിലും അല്ലെങ്കിലും ബന്ധുക്കളാണെങ്കിലും അല്ലെങ്കിലും അയല്‍വാസികളാണെങ്കിലും അല്ലെങ്കിലും വിശ്വാസികളാണെങ്കിലും അല്ലെങ്കിലും മുതിര്‍ന്നവരെന്ന പരിഗണന അവര്‍ക്ക് നല്‍കണം. മക്കാ വിജയ ദിവസം അബൂബകര്‍(റ) തന്റെ പിതാവ് അബൂക്വുഹാഫയെ തിരുനബിയുടെ അടുക്കലേക്ക് കൊണ്ടുവന്നപ്പോള്‍ നബി ﷺ  ചോദിക്കുകയുണ്ടായി: ''ഇത്രയും പ്രായമുള്ള പിതാവിനെ കാണാന്‍ ഞാന്‍ അങ്ങോട്ട് വരുമായിരുന്നില്ലേ?...'' (ബുഖാരി).

പ്രായമുള്ളവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍ക്ക് വലിയ പ്രതിഫലമുണ്ട്. മൂന്ന് പേര്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭത്തില്‍ ഒരു പാറക്കല്ല് ഉതിര്‍ന്നു വീണ് ഗുഹാമുഖം അടഞ്ഞപ്പോള്‍ ഗുഹയില്‍ വെച്ച് മൂന്നു പേരും അവരവര്‍ ചെയ്ത നന്മകള്‍ മുന്‍നിര്‍ത്തി പ്രാര്‍ഥിക്കാന്‍ തീരുമാനിച്ച സംഭവം വിശദീകരിക്കുന്ന ഹദീഥില്‍ ഒരാള്‍ പ്രാര്‍ഥിച്ചതിന്റെ ആശയം ഇപ്രകാരമാണ്: 'അല്ലാഹുവേ, എനിക്ക് വളരെയധികം വാര്‍ധ്യം ്രപാപിച്ച മാതാപിതാക്കളുണ്ടായിരുന്നു. അവര്‍ക്ക് ഭക്ഷണം നല്‍കിയതിന് ശേഷമെ ഞാന്‍ എന്റെ ഭാര്യക്കും മക്കള്‍ക്കും ഭക്ഷണം നല്‍കാറുണ്ടായിരുന്നുള്ളൂ. ഒരു ദിവസം ഞാന്‍ ഭക്ഷണവുമായി ചെന്നപ്പോള്‍ മാതാപിതാക്കള്‍ ഉറങ്ങുകയായിരുന്നു. (അവരെ വിളിച്ചുണര്‍ത്തി പ്രയാസപ്പെടുത്തുന്നതിന് പകരം) അവര്‍ ഉണരുന്നത് വരെ ഞാനവിടെ കാത്തിരുന്നു. അല്ലാഹുവേ, ഞാനങ്ങനെ ചെയ്തത് നിന്റെ പ്രതിഫലം പ്രതീക്ഷിച്ച് മാത്രമാണെന്ന് നിനക്കറിയാമല്ലോ. അതിനാല്‍ ഈ പാറക്കല്ല് നീക്കിത്തരേണമേ...'' (ബുഖാരി).

അവരോട് സംസാരിക്കുമ്പോള്‍ ബഹുമാനവും ആദരവും തോന്നിക്കുന്ന വാക്കുകളും പ്രയോഗങ്ങളുമായിരിക്കണം ഉപയോഗിക്കേണ്ടത്. മുതിര്‍ന്നവര്‍ക്കു വേണ്ടി ബസില്‍ സീറ്റ് മാറിക്കൊടുക്കാനും എല്ലായിടത്തും സൗകര്യം ചെയ്തു കൊടുക്കാനും നമുക്ക് കഴിയണം. പുതുതലമുറയെ ഇത്തരം മര്യാദകള്‍ പ്രത്യേകം പഠിപ്പിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവര്‍ ചെയ്യുന്നതു കണ്ടാണ് കുട്ടികള്‍ പലതും പഠിക്കുന്നത്. അതുകൊണ്ട് മറ്റുള്ളവരോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് മാതാപിതാക്കള്‍ സ്വന്തം ജീവിതത്തിലൂടെ മക്കള്‍ക്കു കാണിച്ചുകൊടുക്കണം.

ഏത് കാര്യത്തിലും അവര്‍ക്ക് പരിഗണന നല്‍കണമെന്നാണ് പ്രവാചകാധ്യാപനം.

ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം; നിശ്ചയം നബി ﷺ  പറഞ്ഞു: ''ഞാന്‍ ഒരിക്കല്‍ ഇപ്രകാരം സ്വപ്‌നം കണ്ടു; ഞാന്‍ ദന്തശുദ്ധീകരണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ രണ്ട് പേര്‍ അവിടെ വന്നു. അവരിലൊരാള്‍ അല്‍പം മുതിര്‍ന്നവനായിരുന്നു. ഞാനവരിലെ ചെറിയവന് മിസ്‌വാക്ക് നല്‍കി. അപ്പോള്‍ എന്നോട് പറയപ്പെട്ടു: 'മുതിര്‍ന്നവരെ പരിഗണിക്കൂ.' അപ്പോള്‍ ഞാനത് മുതിര്‍ന്നവന് നല്‍കി'' (ബുഖാരി, മുസ്‌ലിം).

മറ്റൊരു ഹദീഥില്‍ ഇപ്രകാരം കാണാം: ''മുതിര്‍ന്നവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ ജിബ്‌രീല്‍(അ) എന്നോട് കല്‍പിക്കുകയുണ്ടായി'' (അസ്സില്‍സിലതുസ്സ്വഹീഹ: 1555).

ഒരിക്കല്‍ അബ്ദുറഹ്മാനുബ്‌നു സഹ്ല്‍, ഹുവയ്യിസ്വ, മുഹയ്യിസ്വ (മസ്ഊദ് ബ്‌നു സൈദി(റ)ന്റെ രണ്ട് മക്കള്‍) തുടങ്ങിയവര്‍ പ്രവാചകന്റെ അടുക്കലെത്തി. അബ്ദുറഹ്മാനുബ്‌നു സഹ്ല്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ നബി ﷺ  പറഞ്ഞു: ''മുതിര്‍ന്നവര്‍, മുതിര്‍ന്നവര്‍'' (ബുഖാരി).

ചെറിയവര്‍ വലിയവരോട് അങ്ങോട്ട് സലാം പറഞ്ഞ് തുടങ്ങണമെന്ന് പഠിപ്പിക്കപ്പെട്ടതും നമസ്‌കാരത്തിന് ഇമാം നില്‍ക്കുന്നവര്‍ പിറകിലുള്ള രോഗികള്‍, പ്രായമായ ദുര്‍ബലര്‍, പല ആവശ്യമുള്ളവര്‍ എന്നിവരെ പരിഗണിച്ച് നമസ്‌കാര ദൈര്‍ഘ്യം കുറക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടതുമെല്ലാം ഈ വിഷയത്തിന്റെ പ്രാധാന്യം നമ്മെ കൂടുതല്‍ ബോധ്യപ്പെടുത്തുന്നു.