ഇല്‍ഫതുല്‍ ഇസ്ലാമിന്റെ ഇതളുകളില്‍ വിരിയുന്ന ഇസ്ലാമിക സമാജം

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

2019 ജൂണ്‍ 22 1440 ശവ്വാല്‍ 19

(വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും 18, ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍: 11)

അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും തമോഗര്‍ത്തങ്ങളില്‍ നിവസിച്ച്, അതില്‍ നിര്‍വൃതിയടഞ്ഞ്; സ്വന്തം ദുഃസ്ഥിതിയില്‍ ഒരു ചെറിയ വേവലാതി പോലുമില്ലാതെ, രക്ഷകന്മാരെ ശിക്ഷകന്മാരായി കരുതി എറിഞ്ഞോടിച്ചിരുന്ന ഒരു സമൂഹത്തിന് നേരെ വിശുദ്ധ വേദസാരത്തിന്റെ അകമ്പടിയോടെ വിജ്ഞാനത്തിന്റെ വിമോചന വഴികള്‍ വരച്ചുകാണിക്കുകയാണ് ഇല്‍ഫതുല്‍ ഇസ്‌ലാം എന്ന ഈ ഈടുറ്റ രചനയിലൂടെ ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍ ചെയ്യുന്നത്.

ലോകോത്തര സര്‍വകലാശാലകളും ആലുവയിലെ നിര്‍ദിഷ്ട ഹമദാനി സര്‍വകലാശാലയും

 ''അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ചില പുതിയ വ്യവസ്ഥകള്‍ കൊണ്ടുവന്ന് അതിന്റെ യൗവന ദശയെ തിരിച്ചുകൊണ്ടുവരാന്‍ സന്നദ്ധമായിരിക്കുന്നു. ഇന്ത്യയില്‍ അലിഗര്‍ മഹാ പാഠശാലയെ സര്‍വകലാശാല ആക്കാനുള്ള ശ്രമം പ്രസിദ്ധമാണല്ലോ. ശാമില്‍(101) ഒരു സര്‍വകലാശാല സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. പരിശുദ്ധ മദീനയില്‍ പ്രത്യേകം ഒരു സര്‍വകലാശാലയ്ക്കുള്ള അസ്തിവാരമിട്ട് കഴിഞ്ഞിരിക്കുന്നു. ഇവകള്‍ക്കെല്ലാം പുറമെ മലബാര്‍ മുസ്‌ലിംകളുടെ വ്യസനകരമായ സ്ഥിതിയെ പരിഹരിക്കുവാന്‍ ഉദ്ദേശിച്ചും കാലോചിതമായ വിദ്യാഭ്യാസത്തിന്റെ അത്യാവശ്യകതയെയും അത് സമ്പാദിക്കുവാന്‍ മുസ്‌ലിം സന്താനങ്ങള്‍ വേദവിശ്വാസ സംബന്ധമായും ഇസ്‌ലാം നിയമ സംബന്ധമായും മതസംബന്ധമായും ഉള്ള യാതൊരു ജ്ഞാനവും നല്‍കാതെ മിഷന്‍(102) സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത് കുഫ്‌രിയ്യത്താകുമെന്നും ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പഠിപ്പിക്കല്‍ ഹറാമാകുമെന്നുമുള്ള ചില മഹാന്മാരുടെ അഭിപ്രായങ്ങളെ അനുസരിച്ചും മിഷന്‍ പാഠശാലകളില്‍ നമ്മുടെ കുട്ടികളെ അയച്ചു പഠിപ്പിക്കുന്നതായാല്‍ അങ്ങനെയുള്ള സ്ഥാപനങ്ങളില്‍ ക്വുര്‍ആന്‍ (വേദം), ദീന്‍ (നിയമം), മദ്ഹബ് (മതം) സംബന്ധിള്ള യാതൊരു അറിവും സമ്പാദിക്കാനിടയില്ലാത്തതുകൊണ്ട് പഠിച്ചു പാസായി വരുമ്പോഴേക്ക് നമ്മുടെ കുട്ടികള്‍ അന്യമതക്കാരുടെ കുട്ടികളെ പോലെ ആയി പരിണമിക്കുകയും ഇസ്‌ലാം മാര്‍ഗത്തോടും സമുദായത്തോടും സ്‌നേഹവും അഭിമാനവും കൂടി ഇല്ലാതെയായി വന്നേക്കാവുന്നതുമാകുന്നു എന്ന് മാത്രമല്ല, മിഷന്‍ പാഠശാലകളില്‍ ഇതര മതസ്ഥന്മാരുടെ ക്രിസ്തീയ മതതത്ത്വങ്ങള്‍ പഠിപ്പിക്കേണ്ടത് നിര്‍ബന്ധിതമാക കൊണ്ട് സ്വന്തം മതവിശ്വാസത്തിന് എതിരായ അന്യമത വിശ്വാസങ്ങള്‍ ഉണ്ടാകുവാന്‍ എളുപ്പമുള്ളതാകുന്നു. ഗവണ്‍മെന്റ്‌സ്‌കൂളുകളില്‍ ഈ ദോഷം ബാധിക്കുന്നില്ലെങ്കിലും, സ്വന്തം മതതത്ത്വങ്ങള്‍ പഠിക്കുവാന്‍ ഇടയാകാത്തതുകൊണ്ടാണ് അത് ഹറാമാണെന്ന് പറയുന്നത്. ഇക്കാലത്ത് നാം മലയാളവും ഇംഗ്ലീഷും കാലാനുസരണം സമ്പാദിക്കായ്ക നിമിത്തം മറ്റു വിഷയങ്ങളില്‍ എത്ര ഉയര്‍ന്ന തരത്തിലുള്ള ജ്ഞാനം സമ്പാദിച്ചാലും അന്യരെ ഇസ്‌ലാം ദീനിലേക്ക് ക്ഷണിക്കുവാനും നമുക്ക് തന്നെ മാന്യജീവിതത്തില്‍ കാലയാപനം ചെയ്യുവാനും നിവൃത്തിയില്ലാതെ തെണ്ടിത്തിരിയേണ്ടി വന്നേക്കാവുന്നതുമാക കൊണ്ട്, മേല്‍ അഭിപ്രായങ്ങളെ ഗൗനിച്ച് അറബി, ഹിന്ദി, മലയാളം, ഇംഗ്ലീഷ് മുതലായ വിദ്യാഭ്യാസത്തെ പരിഷ്‌കൃത രീതിയില്‍ പഠിപ്പിക്കുന്ന ഒരു മദ്‌റസ(103) ആലുവയില്‍ സ്ഥാപിച്ചു നടന്നുവരുന്നതും കാലക്രമത്തില്‍ അതിനെ ഒരു ഉന്നത സ്ഥിതിയില്‍ ശാസ്ത്രങ്ങളുടെയും വിജ്ഞാനങ്ങളുടെയും ഒരു കലാലയം എന്ന നിലയിലും എന്ന് മാത്രമല്ല ഒരു യൂണിവേഴ്‌സിറ്റിയുടെ സ്ഥിതിയില്‍ എത്തിക്കണമെന്നുള്ള മോഹം അതിന്റെ ഭാരവാഹികള്‍ക്ക് ഉണ്ടെന്നുള്ളതും വായനക്കാരും കൂടി അറിഞ്ഞിരിക്കുമല്ലോ.''(104)

ഹമദാനി തങ്ങളുടെ ചതുര്‍ഭാഷാ പദ്ധതി

ഇഹപര ക്ഷേമത്തിനുതകുന്ന ഫലപ്രദമായ വിദ്യാഭ്യാസത്തിന്റെ അഭാവമാണ് സമുദായത്തിന്റെ അധഃപതനത്തിന്റെ മൂലകാരണം എന്ന് നിരീക്ഷിക്കുന്ന ഹമദാനി തങ്ങള്‍ സമുദായത്തെ അതിനായി ആഹ്വാനം ചെയ്യുന്നതിങ്ങനെയാണ്:

''പ്രിയ മുസ്‌ലിം സഹോദരന്മാരേ, നമ്മള്‍ക്ക് നമ്മുടെ പ്രാണനെക്കാള്‍ പ്രിയപ്പെടേണ്ടതായ അറബി ഭാഷാ വിദ്യാഭ്യാസത്തോട് കൂടി കാലാനുസൃതമായ മലയാളവും ഇംഗ്ലീഷും എത്രയും ആവശ്യമാണെന്ന് നിര്‍ണയിച്ചുകൊള്ളണം.''(105)

ഇംഗ്ലീഷ് നരകഭാഷയും മലയാളം നിഷിദ്ധമായ ആര്യനെഴുത്തും ആണെന്ന് പൊതുജനങ്ങളോടുദ്‌ഘോഷിച്ചിച്ചിരുന്ന യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ കണ്ണടച്ചിരുട്ടാക്കുന്ന സമീപനത്തിന് ഒരു ഇരുട്ടടി എന്നോണമാണ് 'രാജ്യഭാഷ-രാജഭാഷ-വേദഭാഷ-മാതൃഭാഷ പദ്ധതി'യുമായി ഹമദാനി തങ്ങള്‍ രംഗത്തുവന്നത്.

സംഘടനകള്‍

''ഇതേ പ്രകാരത്തില്‍ തന്നെ മുസ്‌ലിമീങ്ങളുടെ ഇടയില്‍ പല രാജ്യങ്ങളിലും പല സഭകളും സ്ഥാപിതമായിട്ടുണ്ട്. നമ്മുടെ മലയാള രാജ്യങ്ങളിലും(106) ചില സഭകള്‍ സ്ഥാപിതമായിട്ടില്ലെന്നില്ല; അവകള്‍ പറയാന്‍ തക്കതായ പൊതു ഗുണങ്ങള്‍ ഒന്നും നിലയുറപ്പിച്ച് ചെയ്തിട്ടില്ലെങ്കിലും.

 പൊന്നാനിയിലെ മഊനത്തുല്‍ ഇസ്‌ലാം എന്ന സഭയും ആലപ്പുഴയിലെ ലജ്‌നതുല്‍ മുഹമ്മദിയ്യ എന്ന സഭയും രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിരിക്കുന്നു. മറ്റു ചില സഭകളും സ്ഥാപിതമായിട്ടുണ്ടെങ്കിലും അവയില്‍ ചിലത് ഇല്ലായ്മപ്പെട്ടും ചിലത് ഭാരവാഹികളുടെ അമാന്തം(107) കൊണ്ട് വളരെ ശോചനീയമായ നിലയില്‍ മാത്രം നടന്നും വരുന്നു. എന്നാല്‍ സമാജങ്ങളെക്കുറിച്ച് മഹാന്മാര്‍ എഴുതിയിട്ടുള്ള അഭിപ്രായങ്ങളെ ഗൗനിക്കുന്നതായാല്‍ സമാജവിഷയത്തില്‍ നാം ഇത്ര അലസന്മാരായിരിക്കുന്നതല്ല.''(108)

തുടര്‍ന്ന് വിശുദ്ധ ക്വുര്‍ആനിലെ അഞ്ചാം അധ്യായമായ അല്‍മാഇദയിലെ രണ്ടാം വചനത്തിലെ '...പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അനേ്യാന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അനേ്യാന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു' എന്നതിന് സയ്യിദ് റശീദ് രിദാ അദ്ദേഹത്തിന്റെ വിഖ്യാത ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്‌സീറുല്‍ മനാറില്‍ നല്‍കിയ വിശദീകരണം ഹമദാനി തങ്ങള്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. കൂടാതെ, സയ്യിദ് അബുല്‍ ഹുദാ അര്‍രിഫാഇയുടെ 'അല്‍ഹക്വീക്വതുല്‍ ബാഹിറ ഫീ അസ്‌റാറിശ്ശരീഅ' എന്ന ഗ്രന്ഥത്തില്‍ നിന്നും സമാനമായ ഉദ്ധരണികള്‍ നല്‍കിയിട്ടുണ്ട്. 'പ്രബോധനം', 'നന്മ കല്പിക്കല്‍', 'തിന്മ വിരോധിക്കല്‍' എന്നീ ഇസ്‌ലാമിക തത്ത്വങ്ങളെ വിശദീകരിക്കുന്ന ക്വുര്‍ആന്‍ ഹദീഥ് വചനങ്ങളും അന്യത്ര ചേര്‍ത്തിട്ടുണ്ട്. സയ്യിദ് റശീദ് രിദയുടെ മാതൃകാപരമായ സ്ഥാപനത്തെയും ഹമദാനി തങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്:

 ''ഈജിപ്തില്‍ നിന്ന് പുറപ്പെടുന്ന അല്‍മനാര്‍ എന്ന വിശിഷ്ട മാസികയുടെ അധിപനായ സയ്യിദ് റശീദ് രിദ എന്ന മഹാന്‍ 'ദാറുദ്ദഅ്‌വ വല്‍ ഇര്‍ശാദ്' എന്നൊരു മദ്‌റസ സ്ഥാപിച്ചിരിക്കുന്നു. ഈ മദ്‌റസ ആദ്യം അദ്ദേഹം ഇസ്താംബൂളില്‍ ഏര്‍പ്പെടുത്തുവാന്‍ ആഗ്രഹിച്ച് തുര്‍ക്കിയിലെ ഭരണാധികൃതന്മാരോട് ആലോചിക്കുകയും അവര്‍ അതനുസരിച്ച് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും ഈജിപ്തിലാണ് അദ്ദേഹം അത് സ്ഥാപിച്ചത്. ഈ മദ്‌റസയില്‍ 'ഇര്‍ശാദ്'(109) എന്നും ദഅ്‌വ(110) എന്നും രണ്ട് വകുപ്പുകളുണ്ട്. ഒരു കൊല്ലത്തെ പ്രാരംഭ പഠനം കഴിഞ്ഞാല്‍ പിന്നെ ഓരോ വകുപ്പുകളിലുമുള്ള പഠനം മുമ്മൂന്ന് കൊല്ലം കൊണ്ട് പൂര്‍ത്തിയാകും. ഒന്നാം വകുപ്പില്‍ ജയിക്കുന്നവര്‍ക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലും ചെന്ന് മുസ്‌ലിം ജനങ്ങളില്‍ സഞ്ചരിച്ച് സന്മാര്‍ഗോപദേശങ്ങള്‍ ചെയ്യുന്ന ജോലിയും, രണ്ടാം വകുപ്പില്‍ വിജയികളാകുന്നവര്‍ക്ക് ലോകത്തിന്റെ എല്ലാ ദേശങ്ങളിലും ചെന്ന് ഇസ്‌ലാമിന്റെ യഥാര്‍ഥ തത്ത്വങ്ങള്‍ പ്രസംഗിച്ചു മനസ്സിലാക്കി ഇസ്‌ലാം മാര്‍ഗ വിശ്വാസത്തിനായി ക്ഷണിക്കുന്ന ജോലിയുമാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. അക്കാര്യനിര്‍വഹണം കലഹവും പിണക്കവും കൂടാത്ത നിലയില്‍ മൗഇദത്തും(111) ഹിക്മത്തും(112) സൗമ്യതയുമായിട്ടിരിക്കുകയും വേണം.''(113)

തുടര്‍ന്ന് ഹമദാനി തങ്ങള്‍ വിശുദ്ധ ക്വുര്‍ആന്‍ രണ്ടാം അധ്യായം അല്‍ബക്വറയിലെ 256ാം വചനം ഉദ്ധരിക്കുകയും വിവരിക്കുകയും ചെയ്തിട്ടുണ്ട്.

''മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (അല്‍ ബക്വറ 256).

''മേല്‍പ്രസ്താവിച്ച ഇര്‍ശാദിന്റെയും ദഅ്‌വത്തിന്റെയും സംഘക്കാര്‍ ഏറെക്കാലമായി ഉറങ്ങിക്കിടക്കുന്ന ഇസ്‌ലാം പ്രസംഗപീഠത്തിന്റെ ചമല്‍ക്കാര ചാതുര്യങ്ങളെ പുനരുജ്ജീവിപ്പിക്കുമെന്നതില്‍ സംശയമില്ല. മേല്‍ വിവരിച്ച എല്ലാ കാര്യങ്ങളിലും നല്ലവണ്ണം ആലോചിച്ചുനോക്കി ഉറച്ചുംകൊണ്ട് മുസ്‌ലിമീങ്ങളുടെ ഉന്നതിക്കും അഭിവൃദ്ധിക്കും ക്ഷേമൈശ്വര്യസമ്പത്തിനും വേണ്ടുന്ന സര്‍വ മാര്‍ഗങ്ങളും തേടി മുസ്‌ലിം സമുദായത്തെ ദീനുല്‍ ഇസ്‌ലാമിന്റെ സര്‍വ വിഷയങ്ങളിലും ഉണര്‍ത്തി ഉയര്‍ത്തുവാന്‍ ഉത്സാഹിക്കേണ്ടത് അത്യാവശ്യമാകുന്നു. ഇനി നമുക്ക് അഭിവൃദ്ധിയധികാരമോ ക്ഷേമൈശ്വര്യസമ്പത്തോ ഉന്നതപദവിയോ ഉണ്ടാകണമെങ്കില്‍ നമ്മുടെ പൂര്‍വികന്മാര്‍ ആചരിച്ചിരുന്നതായ ഉല്‍ഫതും ഉഖുവ്വതും ഇത്തിഫാക്വും (രഞ്ജന, സഹോദരവാത്സല്യം, ഐകമത്യം) മുതലായ സ്‌നേഹബന്ധങ്ങള്‍ രണ്ടാമത് നമ്മില്‍ ഉത്ഭവിക്കണം. ഉല്‍ഫതും ഉഖുവ്വതും ഇത്തിഫാക്വും നമുക്ക് ഉണ്ടാകണമെങ്കില്‍ കാലാനുസരണമായ വിദ്യാഭ്യാസം നമുക്ക് ലഭിക്കണം. കാലാനുസരണമായ വിദ്യാഭ്യാസം നമ്മില്‍ പ്രചാരമാകണമെങ്കില്‍ അധികമായ ധനത്തെ ചെലവഴിക്കണം. വേണ്ടുന്നിടത്തോളം ധനവ്യയം ചെയ്യണമെങ്കില്‍ 'ഇന്‍തിദാം ബൈതുല്‍മാല്‍' (സമുദായ സ്വത്ത് അഥവാ നാഷണല്‍ ഫണ്ട്) ഏര്‍പ്പെടുത്തണം. ന്യായമായ വിധത്തില്‍ സമുദായ ഫണ്ട് ഏര്‍പ്പാടാക്കണമെങ്കില്‍ ദീനുല്‍ ഇസ്‌ലാമിന്റെ സര്‍വ വിഷയങ്ങളെയും അറിഞ്ഞവരും അത് ഉപദേശിക്കുന്നവരുമായ ചില ഉലമാക്കള്‍ ഉള്‍പ്പെട്ട ഒരു സംഘം സമുദായത്തില്‍ ഉണ്ടാകണം. ആ സംഘക്കാര്‍ക്ക് വേണ്ടിവരുന്നതായ സകല ചെലവുകളും സമുദായ ഫണ്ടില്‍നിന്ന് കൊടുക്കുകയും അവരാല്‍ പിരിഞ്ഞുകിട്ടുന്ന സ്വത്തുക്കള്‍ ബൈതുല്‍ മാലില്‍ ചേര്‍ക്കുകയും ചെയ്യണം''(114)

വിജ്ഞാന പ്രചാരണാര്‍ത്ഥം പത്രങ്ങളുടെ പ്രാധാന്യം

''സമുദായ സംബന്ധമായ സകലകാര്യങ്ങളും മുസ്‌ലിമീങ്ങളുടെ ഇടയില്‍ പരസ്പര സ്‌നേഹത്തെയും പരിചയത്തെയും ഉണര്‍ച്ചയെയും ജ്ഞാനത്തെയും ഉല്‍ഭവിപ്പിക്കുകയും അക്കാര്യ നിര്‍വഹണത്തിനായി തല്‍ക്കാലം നമ്മുടെ ഇടയില്‍ 'മലബാര്‍ ഇസ്‌ലാം' എന്ന പേരില്‍ ഒരു പ്രതിവാര പത്രവും 'മുസ്‌ലിം' എന്ന പേരില്‍ ഒരു മാസികയും നടക്കുന്നുണ്ടെങ്കിലും സമുദായ അംഗങ്ങള്‍ക്ക് അതിലേക്ക് ശ്രദ്ധ ഇല്ലാത്തതുകൊണ്ട് സ്വജനസ്‌നേഹം കുറവായിരിക്കുന്നതുകൊണ്ടോ വേണ്ടുന്നിടത്തോളം അവയെ സഹായിക്കുന്നില്ല. ആയതുകൊണ്ട് പത്രം ശുഷ്‌കാന്തിയോടും അഭിവൃദ്ധിയോടും കൂടി മുസ്‌ലിമീങ്ങളുടെ ഇടയില്‍ പ്രചാരമാകുന്നില്ല. കാലാനുസരണം വര്‍ത്തമാനപത്രങ്ങള്‍ സമുദായ ഉണര്‍ച്ചക്കും പരിഷ്‌കാരത്തിനും ഉന്നതിക്കും ഒഴിച്ചുകളയാന്‍ പാടില്ലാത്തതായ റഅ്‌സുല്‍മാല്‍ (തലമുതല്‍)(115) അല്ലെങ്കില്‍ വാഹനമാകുന്നു. മേല്‍പറഞ്ഞ ദഅ്‌വത്തിനും ഇര്‍ശാദിനും പത്രങ്ങള്‍ വളരെ ശക്തിമത്തായ ഉപകരണങ്ങളുമാകുന്നു.''(116)

സമുദായ ഫണ്ട്

''ഇനി നാം ആലോചിക്കേണ്ടത്, മേല്‍പ്രസ്താവിച്ചവകളില്‍ നമ്മള്‍ മുമ്പ്(117) അനുഷ്ഠിക്കേണ്ടത് ഏതാകുന്നു എന്നതാണ്. എന്റെ താഴ്മയായ(118) ബുദ്ധിയില്‍ തോന്നുന്നത് സമുദായ സ്വത്ത് ഏര്‍പ്പെടുത്തണമെന്നാകുന്നു. അല്ല, സമുദായം വക വര്‍ത്തമാനപത്രം നടപ്പാക്കണമെന്നാണോ? എന്നാല്‍ ധനം ചെലവ് ചെയ്യാതെ പത്രം നടക്കുമോ? ഇല്ലല്ലോ! ആയതുകൊണ്ട് സമുദായ ഫണ്ട് ഏര്‍പ്പാടാക്കണമെന്നാണ് തോന്നുന്നത്.

കണ്ടില്ലയോ  നമ്മുടെ ഏക പത്രമായ മലബാര്‍ ഇസ്‌ലാമും ഏക മദ്‌റസയായ ആലുവ അറബിക്കോളേജും ശോചനീയമായ സ്ഥിതിയില്‍ നടക്കുന്നത്?! ഒരു സമുദായ പത്രവും സമുദായം വക ഒരു മദ്‌റസയും നടത്തുവാന്‍ തക്ക മദ്‌റസകള്‍ മലബാറില്‍ ഇന്നില്ലയോ?! ഉണ്ടെങ്കിലും സമുദായ സ്‌നേഹം വളരെ ചുരുക്കം തന്നെ!''(119)

ആധാര സൂചിക

(101) മധ്യപൂര്‍വദേശത്തെ ഒരു ഭൂപ്രദേശമാണ് ശാം. വടക്ക് യൂഫ്രട്ടീസ്  ടൈഗ്രിസ് നദികളുല്‍ഭവിക്കുന്ന ടൗറുസ് പര്‍വതനിരകള്‍ക്കും തെക്ക് അറേബ്യന്‍ മരുഭൂമിക്കും പടിഞ്ഞാറ് മധ്യധരണ്യാഴികകും കിഴക്ക് സഗ്‌റുസ് മലനിരകള്‍ക്കുമിടയിലുള്ള ഭൂപ്രദേശത്തെയാണ് ശാം എന്നു വിളിക്കുന്നത്. ഈ പ്രദേശം വിശാല സിറിയ, ലെവന്റ് എന്നീ പേരുകളിലും അറിയപ്പെടുന്നു. പലസ്തീന്‍, ജോര്‍ദാന്‍, സിറിയ, ലെബനാന്‍ എന്നീ നാടുകളും ഇറാഖിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളും സീനായ് ഉപദ്വീന്റെ വടക്ക് കിഴക്കന്‍ പ്രദേശവും ഉള്‍പ്പെടുന്നതാണ് ശാം നാടുകള്‍.

(102) ക്രിസ്ത്യന്‍ മിഷണറി.

(103) ഉന്നത ഇസ്‌ലാമിക മതപാഠശാല.

(104) 'അല്‍ ഇല്‍ഫതുല്‍ ഇസ്‌ലാമിയ്യ ഫീ തഅ്‌ലീഫില്‍ ഉഖുവ്വത്തില്‍ ഈമാനിയ്യ', ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍,സി.സൈദാലിക്കുട്ടി മാസ്റ്ററുടെ തിരൂര്‍ കാവുങ്ങല്‍ പറമ്പ് മത്വ് ബഅതുസ്സ്വലാഹിയ്യ ലിത്തോ പ്രസ്സ്, ഒന്നാം പതിപ്പ്, ഹി.1334 റബീഉല്‍ ആഖര്‍/1916 ഫെബ്രുവരി, താള്‍ 7072.

(105) 'അല്‍ ഇല്‍ഫതുല്‍ ഇസ്‌ലാമിയ്യ ഫീ തഅ്‌ലീഫില്‍ ഉഖുവ്വതില്‍ ഈമാനിയ്യ,' ഒന്നാം പതിപ്പ്, താള്‍ 69.

(106) മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിവ അടങ്ങുന്ന പഴയ വിശാലകേരളത്തിലെ പ്രദേശങ്ങള്‍.

(107) ഉത്തരവാദിത്തക്കുറവ്.

(108) 'അല്‍ ഇല്‍ഫതുല്‍ ഇസ്‌ലാമിയ്യ ഫീ തഅ്‌ലീഫില്‍ ഉഖുവ്വതില്‍ ഈമാനിയ്യ,' ഒന്നാം പതിപ്പ്, താള്‍ 73,74.

(109) മാര്‍ഗനിര്‍ദേശം.

(110) പ്രബോധനം.

(111) സദുപദേശം.

(112) യുക്തിദീക്ഷ, തത്ത്വജ്ഞാനം.

(113) 'അല്‍ ഇല്‍ഫതുല്‍ ഇസ്‌ലാമിയ്യ ഫീ തഅ്‌ലീഫില്‍ ഉഖുവ്വതില്‍ ഈമാനിയ്യ,' ഒന്നാം പതിപ്പ്, താള്‍ 80,81.

(114) അതേ അവലംബം, താള്‍ 81-84.

(115) മൂലധനം.

(116) 'അല്‍ ഇല്‍ഫതുല്‍ ഇസ്‌ലാമിയ്യ ഫീ തഅ്‌ലീഫില്‍ ഉഖുവ്വതില്‍ ഈമാനിയ്യ,' ഒന്നാം പതിപ്പ്, താള്‍ 84,85.

(117) ഏറ്റവും ആദ്യം.

(118) എളിയ.

(119) 'അല്‍ ഇല്‍ഫതുല്‍ ഇസ്‌ലാമിയ്യ ഫീ തഅ്‌ലീഫില്‍ ഉഖുവ്വതില്‍ ഈമാനിയ്യ,' ഒന്നാം പതിപ്പ്, താള്‍ 85,86.