മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും ബറേല്‍വി സമസ്തയുടെ എതിര്‍പ്പുകളും

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2019 മെയ് 04 1440 ശഅബാന്‍ 28

സാക്ഷരതാ സംരംഭങ്ങളോടും ഇസ്‌ലാമിക വിജ്ഞാനത്തോടും മുസ്‌ലിം സമൂഹം ശക്തമായി പുറംതിരിഞ്ഞുനിന്ന സാഹചര്യത്തിലും; വിശുദ്ധ ക്വുര്‍ആനിന്റെ ആശയവും അതിന്റെ സന്ദേശവും മനുഷ്യമനസ്സുകളിലേക്ക് പ്രവേശിച്ചുവെങ്കില്‍ മാത്രമെ സാമൂഹികമായ പുരോഗതി കൈവരിക്കാനാവൂ എന്ന ഒറ്റപ്പെട്ട ചിന്തകളും ആഹ്വാനങ്ങളും കേരളത്തിന്റെ മുക്കുമൂലകളില്‍ ഉയര്‍ന്നുകേട്ടു. പൗരോഹിത്യം ഉയര്‍ത്തിവിട്ട ഫത്‌വകളും ബഹിഷ്‌ക്കരണ ഭീഷണികളും വകവെക്കാതെ മുന്നോട്ടുനീങ്ങിയ സമുദായത്തിലെ പ്രമുഖന്മാരായ നേതാക്കള്‍ക്ക് അനുഭവിക്കേണ്ടിവന്ന പരീക്ഷണങ്ങള്‍ അതികഠിനമായിരുന്നു. വിശുദ്ധ ക്വുര്‍ആന്‍ മാതൃഭാഷയിലേക്ക് പരിഭാഷപ്പെടുത്തി അതിന്റെ സന്ദേശം എല്ലാവര്‍ക്കും ലഭ്യമാക്കാനുംമുസ്‌ലിംകളെ ഇസ്‌ലാമിക പൈതൃകത്തിന്റെ അനന്തരാവകാശികളാക്കാനും ഇറങ്ങിത്തിരിച്ച കേരള കേസരി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ അനുഭവങ്ങള്‍ ഈ രംഗത്ത് സമാനതകളില്ലാത്തതാണ്. 

ഇസ്‌ലാമിക സംസ്‌കാരത്തിന്റെ യഥാര്‍ഥ മുഖം മനസ്സിലാക്കാന്‍ വിശുദ്ധ ക്വുര്‍ആനിന്റെ മലയാള പരിഭാഷ അത്യന്താപേക്ഷിതമായിരുന്നു. കേരള മുസ്‌ലിംകള്‍ക്ക് പൊതുവില്‍ അറബിഭാഷ വായിക്കാന്‍ മാത്രമെ അറിയുമായിരുന്നുള്ളൂ. ലിപി വിജ്ഞാനത്തില്‍ മാത്രം അവരുടെ ഭാഷാജ്ഞാനം പരിമിതപ്പെട്ടുനിന്നു. ക്വുര്‍ആനിന്റെ അര്‍ഥംപോലും അവര്‍ക്കറിയുമായിരുന്നില്ല. ഈ പരിതാപകരമായ അവസ്ഥ മനസ്സിലാക്കിയ അബ്ദുറഹ്മാന്‍ സാഹിബ് ഒരു പണ്ഡിത സംഘത്തിന്റെ കീഴില്‍ ക്വുര്‍ആന്റെ വിവര്‍ത്തനവും വ്യാഖ്യാനവും തയ്യാറാക്കാനുള്ള ഒരു ബൃഹത് പദ്ധതി ആവിഷ്‌ക്കരിച്ചു. ഈ പദ്ധതിക്ക് ഏറെ സഹായം ആവശ്യമായിരുന്നു. അതിനുള്ള പണം ശേഖരിക്കുക ശ്രമകരമായ ജോലിയായിരുന്നു. ഈ വാര്‍ത്ത പരന്നതോടുകൂടി യാഥാസ്ഥിതിക മുസ്‌ലിംകള്‍ എതിര്‍ക്കാന്‍ തുടങ്ങി. ക്വുര്‍ആന്‍ വിവര്‍ത്തനാതീതമാണെന്നും വിശുദ്ധ വേദഗ്രന്ഥം വിശുദ്ധ ലിപിയിലല്ലാതെ മറ്റൊരു ഭാഷയിലും ഉണ്ടാവാന്‍ പാടില്ലെന്നും വാദമുണ്ടായി. ഈ എതിര്‍പ്പുകള്‍ പ്രാദേശിക തലത്തില്‍ പണപ്പിരിവ് നടത്തല്‍ അസാധ്യമാക്കിത്തീര്‍ത്തു. അബ്ദുറഹ്മാന്‍ സാഹിബ് ഈ കാര്യത്തിനുവേണ്ടി ഹൈദരാബാദ് നൈസാമിനെ സമീപിച്ചു സഹായമഭ്യര്‍ഥിച്ചു. ധനസഹായം നല്‍കാമെന്ന് നൈസാം ഏല്‍ക്കുകയും ചെയ്തു. ഈ വിവരം കോഴിക്കോട്ടെത്തി. യാഥാസ്ഥിതികന്മാര്‍ ക്ഷുബ്ധരായി. അവരുടെ തലപ്പത്തുള്ള നാട്ടു പ്രമാണിമാര്‍ മുമ്പേതന്നെ അബ്ദുറഹ്മാന്‍ സാഹിബിന്റെ വിരോധികളായിരുന്നു. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഈ സംരംഭത്തെ സഹായിക്കരുതെന്ന് നൈസാമിന് കമ്പികളും നിവേദനങ്ങളും തുരുതുരെ അയച്ചു. ഓരോ സ്ഥലത്തും ചെന്ന് കമ്പിയടിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. രണ്ടായിരം കമ്പികളോളം നൈസാമിന് ലഭിച്ചു. മലബാര്‍ മുസ്‌ലിംകള്‍ ഈ സംരംഭത്തിനെതിരാണെന്ന് മനസ്സിലാക്കിയ നൈസാം സഹായ വാഗ്ദാനം പിന്‍വലിച്ചു. ഒടുവില്‍ ചില യുവാക്കളുടെ ഉത്സാഹഫലമായി ക്വുര്‍ആന്റെ ഒരു കാണ്ഡം മാത്രം വിവര്‍ത്തനമായി പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടു. പി.കെ.മൂസ മൗലവി, പി.മുഹമ്മദ് മൈതീന്‍ എന്നീ പണ്ഡിതന്മാരാണ് വിവര്‍ത്തനവും വ്യാഖ്യാനവും തയ്യാറാക്കിയത്.

അബ്ദുറഹ്മാന്‍ സാഹിബ് ക്വുര്‍ആന്‍ പരിഭാഷക്ക് വേണ്ടി ചെയ്ത ആത്മാര്‍ഥ ശ്രമങ്ങളെപ്പറ്റി പില്‍ക്കാലത്ത് ഇക്കാര്യത്തില്‍ കഠിനപ്രയത്‌നം ചെയ്ത മജീദ് മരക്കാര്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: ''സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിനു മുമ്പായി മലയാള പരിഭാഷാ വിഷയകമായി മഹത്തായ ഒരു ശ്രമം നടത്തിയ ഷേറെ മലബാര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ അനുസ്മരിക്കാതെ ഈ ലേഖനം പൂര്‍ത്തിയാക്കുന്നത് ശരിയായിരിക്കുകയില്ല. കേരള മുസ്‌ലിംകളുടെ ഉദ്ധാരണത്തിനായി മറ്റെല്ലാ തുറകളിലും അദ്ദേഹം ചെയ്തതുപോലുള്ള ശ്രമം പരിഭാഷാ വിഷയത്തിലും ചെയ്യാതിരുന്നിട്ടില്ല. ഉറങ്ങിക്കിടന്ന ഈ സമൂഹ വിഭാഗത്തെ ദേശീയതയില്‍ പങ്കുചേര്‍ക്കാനായിരുന്നു അബ്ദുറഹ്മാന്റെ മുഴുവന്‍ ശ്രമവും.''

ഹിജാസിലെ സുല്‍ത്താന്‍ ഇബ്‌നു സുഊദിനെ ഏറെ ഇഷ്ടപ്പെടുകയും അദ്ദേഹത്തിന്റെ ജീവചരിത്രം മലയാളത്തില്‍ പരിഭാഷപ്പെടുത്തുകയും ചെയ്ത മഹാനായ പണ്ഡിത നേതാവായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്. കണക്കറ്റ സമ്പത്തിനും പ്രശസ്തിക്കും ഉടമയായിരുന്ന ഹൈദരാബാദിലെ ഏറ്റവും അവസാനത്തെ നൈസാം ഉസ്മാന്‍ അലിഖാനെക്കൊണ്ട് കേരള മുസ്‌ലിംകള്‍ക്ക് വേണ്ടി ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം അനുവദിപ്പിക്കാന്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന് കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ പ്രശസ്തിയുടെയും കഴിവിന്റെയും തെളിവാണ്. പക്ഷേ, ഇസ്‌ലാമിനോടും മുസ്‌ലിം സമൂഹത്തിനോടും ഏറെ കൂറും പ്രതിബദ്ധതയും പുലര്‍ത്തിയിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ 'വഹാബി' ആണെന്നായിരുന്നു കേരളത്തിലെ ബറേല്‍വി പുരോഹിതന്മാരുടെ കണ്ടെത്തല്‍. മുന്‍ഗാമികളില്‍നിന്നും തികച്ചും വ്യത്യസ്തനായി ഇസ്‌ലാമിനെയും ഇസ്‌ലാമിക വിജ്ഞാനത്തെയും ഏറെ സ്‌നേഹിച്ചിരുന്ന നൈസാം ഉസ്മാന്‍ അലിഖാന്റെ നിര്‍ദേശമനുസരിച്ചാണ് 1918ല്‍ പ്രശസ്തമായ ഉസ്മാനിയാ സര്‍വകലാശാല സ്ഥാപിക്കപ്പെട്ടത്.

കേരള മുസ്‌ലിം സമൂഹത്തിന്റെ ഭൗതികവും ആത്മീയവുമായ പുരോഗതിക്ക് ഏറെ സഹായകരമായിരുന്ന ക്വുര്‍ആന്‍ മലയാളം പരിഭാഷാ പദ്ധതിക്ക് തുരങ്കം വെക്കുകയും നൈസാമിനെ തെറ്റുധരിപ്പിക്കാന്‍ പര്യാപ്തമായ നിലയില്‍ തന്ത്രങ്ങള്‍ മെനയുകയും ചെയ്തതില്‍ തെന്നിന്ത്യന്‍ മുഫ്തിയായി അറിയപ്പെട്ടിരുന്ന അഹ്മദ് കോയാ ശാലിയാത്തിയുടെ പങ്ക് അനിഷേധ്യമാണ്. അക്കാലത്ത് ഹൈദരാബാദ് നൈസാമിന്റെ കൊട്ടാരത്തില്‍ മുഫ്തിയായി 100 രൂപ ശമ്പളത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ശാലിയാത്തി. ക്വുര്‍ആന്‍ പരിഭാഷക്ക് സാമ്പത്തികമായി സഹായം വാഗ്ദാനം ചെയ്തിരുന്ന ഹൈദരാബാദ് നൈസാമിനെ കുതന്ത്രങ്ങള്‍ മെനഞ്ഞ് തെറ്റുധരിപ്പിച്ച് പിന്നോട്ട് വലിച്ച ബറേല്‍വി സമസ്തക്കാര്‍ക്ക് പില്‍ക്കാലത്ത് എത്ര ക്വുര്‍ആന്‍ പരിഭാഷകളും ക്വുര്‍ആന്‍ പ്രഭാഷകരും ഉണ്ടായിട്ടുണ്ടെന്നത് പ്രത്യേകം ഗവേഷണം നടത്തേണ്ട വിഷയമാണ്. 'തഹ്ദീറുല്‍ ഇഖ്‌വാന്‍' എഴുതി പ്രസിദ്ധപ്പെടുത്തിയ ഇ.കെ.ഹസന്‍ മുസ്‌ലിയാരുടെയും അദ്ദേഹത്തിന്റെ മുന്‍ഗാമി ചാലിയത്തെ അഹ്മദ് കോയയുടെയും ആത്മീയ സരണിയില്‍നിന്നും സമസ്ത ബറേല്‍വി പുരോഹിതന്മാര്‍ ഒരുപാട് വഴിമാറി സഞ്ചരിക്കാന്‍ പില്‍ക്കാലത്തെ വഹാബികളുടെ സജീവ സാന്നിധ്യം കാരണമായിട്ടുണ്ടെത് അനിഷേധ്യമാണ്.

ഇസ്‌ലാമിന്റെയും മുസ്‌ലിം സമൂഹത്തിന്റെയും പുരോഗതിക്ക് വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ച മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ കേരളത്തിലെ ബറേല്‍വി പുരോഹിതന്മാരും പ്രമാണിമാരും ദ്രോഹിച്ച അത്രയും ബ്രിട്ടീഷ്‌കാര്‍ ഉപദ്രവിച്ചിട്ടുണ്ടോയെന്ന് ന്യായമായും സംശയിക്കാം. അബ്ദുറഹ്മാനെ വഹാബി മുദ്രചാര്‍ത്തി യാഥാസ്ഥിതിക മുസ്‌ലിംകളെ അദ്ദേഹത്തിനെതിരില്‍ തിരിച്ചുവിടാനും ബറേല്‍വി സമസ്തയിലെ പുരോഹിതന്മാര്‍ ആവുന്നത്ര ശ്രമിച്ചു. 

ബറേല്‍വി സമസ്തയുടെ അധ്യക്ഷനായിരുന്ന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ല്യാര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ 'കാഫിര്‍' ആണെന്ന മതശാസന പുറത്തിറക്കി. ഖുതുബി മുഹമ്മദ് മുസ്‌ല്യാരും തന്നാലാവുന്ന എല്ലാവിധ തന്ത്രങ്ങളും അബ്ദുറഹ്മാനെതിരില്‍ മെനഞ്ഞു. 1937ലെ തെരഞ്ഞെടുപ്പില്‍ അബ്ദുറഹ്മാന്‍ സാഹിബിനെ അടച്ചാക്ഷേപിച്ചുകൊണ്ട് നടന്ന ഇലക്ഷന്‍ പ്രചാരണങ്ങള്‍ക്ക് ആവേശം പകര്‍ന്നത് ബറേല്‍വി സമസ്തയിലെ പുരോഹിതന്മാര്‍ അദ്ദേഹത്തിനെതിരില്‍ എയ്തുവിട്ട ഫത്‌വകളും വാറോലകളുമായിരുന്നു. ബറേല്‍വി സമസ്തയിലെ പുരോഹിതന്മാരെ മുസ്‌ലിം ജന്മിമാരും പാര്‍ട്ടിയിലെ വിമതരും കാര്യമായി സ്വാധീനിച്ചു. ഇതൊടെ അബ്ദുറഹ്മാന്‍ 'കാഫിര്‍'ആണെന്ന മതശാസനവും പുറത്തുവന്നു. എന്നാല്‍ ഈ എതിര്‍പ്പുകളും ഭീഷണിയുമൊന്നും വകവെക്കാതെ ഒരു വിഭാഗം ധീരരായ ചെറുപ്പക്കാര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനുവേണ്ടി രംഗത്തുവന്നു.

തെരഞ്ഞെടുപ്പില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ എതിരാളിയായി മത്സരിച്ച ചേക്കുവിനുവേണ്ടി ബറേല്‍വി സമസ്തയുടെ പരമോന്നത നേതാവ് സാക്ഷാല്‍ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ല്യാര്‍ തന്നെ രംഗത്തുവന്നു. അബ്ദുറഹ്മാന്‍ സാഹിബിന്റെ വഹാബി ബന്ധമായിരുന്നു ഇതിനെല്ലാം അവരെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. സാഹിബിനെ കാഫിറാക്കിക്കൊണ്ടുള്ള ബറേല്‍വി സമസ്തയുടെ നേതാവ് പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാരുടെ പ്രസംഗം കത്തിക്കയറുന്നതിന്നിടയിലേക്ക്, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് കടന്നുചെന്നു. വേദിയിലുണ്ടായിരുന്ന പുരോഹിതന്മാരും എതിരാളികളും സ്തബ്ധരായി. പുരോഹിതന്മാരും കൂട്ടരും സ്ഥലം കാലിയാക്കി. അബ്ദുറഹ്മാന്‍ ഈ വേദിയെ തന്റെ ഇലക്ഷന്‍ പ്രചാരണത്തിനുള്ള സദസ്സാക്കി മാറ്റി. രാഷ്ട്രീയത്തില്‍ മാത്രമല്ല മതരംഗത്തും വിശ്വാസത്തിലും എന്നും വിവാദനായകനായിരുന്നു കേരള സിംഹം മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്. നാലണക്ക് പകരമായി മതവിധികള്‍ പതിച്ചുനല്‍കുന്ന പുരോഹിതന്മാരും സമുദായത്തെ ചൂഷണം ചെയ്ത് ജീവിച്ചിരുന്ന പ്രമാണിമാരുമായിരുന്നു അദ്ദേഹത്തിന്റെ പ്രതിയോഗികള്‍.

റഫറന്‍സസ്:

1. ക്വുര്‍ആന്‍ പരിഭാഷയും മലയാള ഭാഷയും: മജീദ് മരക്കാര്‍, കേരള മുസ്‌ലിം ഡയറക്ടറി

2. മുഹമ്മദ് അബ്ദുറഹ്മാന്‍; രാഷ്ട്രീയ ജീവചരിത്രം. എസ്.കെ.പൊറ്റക്കാട്, പി.പി.ഉമ്മര്‍ കോയ, എന്‍.പി.മുഹമ്മദ്, കെ.എ.കൊടുങ്ങല്ലൂര്‍ എിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ റഫറന്‍സ് കൃതി, പേജ്: 277-278, പി.ആര്‍.ഡി. കേരള രണ്ടാം പതിപ്പ്: 2004 ജനുവരി.

3. Ibid, Page: 286,530.