മആരിജ് (കയറുന്ന വഴികള്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ഒക്ടോബര്‍ 26 1441 സഫര്‍ 27

അധ്യായം: 70, ഭാഗം: 1

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

سَأَلَ سَائِلٌ بِعَذَابٍ وَاقِعٍ (١) لِلْكَافِرِينَ لَيْسَ لَهُ دَافِعٌ (٢) مِنَ اللَّهِ ذِي الْمَعَارِجِ (٣) تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ (٤) فَاصْبِرْ صَبْرًا جَمِيلًا (٥) إِنَّهُمْ يَرَوْنَهُ بَعِيدًا (٦) وَنَرَاهُ قَرِيبًا (٧‬)
(1). സംഭവിക്കാനിരിക്കുന്ന ഒരു ശിക്ഷയെ ഒരു ചോദ്യകര്‍ത്താവ് അതാ ആവശ്യപ്പെട്ടിരിക്കുന്നു. (2). സത്യനിഷേധികള്‍ക്ക് അത് തടുക്കുവാന്‍ ആരുമില്ല. (3). കയറിപ്പോകുന്ന വഴികളുടെ അധിപനായ അല്ലാഹുവിങ്കല്‍ നിന്ന് വരുന്ന (ശിക്ഷയെ). (4). അമ്പതിനായിരം കൊല്ലത്തിന്റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകുന്നു. (5). എന്നാല്‍ (നബിയേ,) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക. (6). തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു. (7). നാം അതിനെ അടുത്തതായും കാണുന്നു.

സത്യത്തോട് എതിര്‍പ്പ് കാണിക്കുന്നവരുടെ അജ്ഞതയെയും, പരാജയപ്പെടുത്താനും ബുദ്ധിമുട്ടിക്കാനും പരിഹസിക്കാനുമായി അല്ലാഹുവിന്റെ ശിക്ഷക്ക് ധൃതി കാണിക്കുന്നതിനെയും കുറിച്ചാണ് അല്ലാഹു ഇവിടെ വ്യക്തമാക്കുന്നത്. (ഒരു ചോദ്യകര്‍ത്താവ് അതാ ആവശ്യപ്പെട്ടിരിക്കുന്നു) വിളിക്കുന്നൊരാള്‍ വിളിക്കുന്നു. വിജയം തേടുന്നൊരാള്‍ വിജയം തേടുന്നു. (സത്യനിഷേധികള്‍ക്ക് വരുന്നതായ ഒരു ശിക്ഷയെ) അവരുടെ ധിക്കാരം കൊണ്ടും നിഷേധം കൊണ്ടും അവരതിനര്‍ഹരാണ്. (തടുക്കാന്‍ ആരുമില്ലാത്തതും. അല്ലാഹുവില്‍ നിന്നുള്ളത്). ബഹുദൈവാരാധകരില്‍ നിന്ന് ധിക്കാരം കാണിക്കുന്നൊരാള്‍ ധൃതികാണിക്കുന്ന ഈ ശിക്ഷ ഇറങ്ങുന്നതിന് മുമ്പോ ശേഷമോ അതിനെ തടുക്കുന്ന ഒരാളുമില്ല. മുശ്‌രിക്കുകളില്‍ പെട്ട നള്‌റുബ്‌നു ഹാരിസുല്‍ ഖുറശിയോ മറ്റാരെങ്കിലുമോ ശിക്ഷക്കു വേണ്ടി പ്രാര്‍ഥിച്ചപ്പോഴാണ് ഇത് പറഞ്ഞത്.

اللَّهُمَّ إِنْ كَانَ هَٰذَا هُوَ الْحَقَّ مِنْ عِنْدِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِنَ السَّمَاءِ أَوِ ائْتِنَا بِعَذَابٍ أَلِيمٍ

''അല്ലാഹുവേ ഇതു നിന്റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് വര്‍ഷിക്കുകയോ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക.'' (8:32).

അപ്പോള്‍ അല്ലാഹുവില്‍ നിന്നുള്ള ശിക്ഷ വര്‍ഷിക്കല്‍ നിര്‍ബന്ധമാണ്. ഒന്നുകില്‍ അത് ഇഹലോകത്ത് വെച്ചുതന്നെ അവന്‍ നല്‍കും. അല്ലെങ്കില്‍ പരലോകത്തേക്ക് കാത്തുവെക്കും. അല്ലാഹുവിനെയും അവന്റെ മഹത്ത്വത്തെയും അധികാരത്തിന്റെ വിശാലതയെയും നാമ ഗുണവിശേഷണങ്ങളുടെ പൂര്‍ണതയെയും അവര്‍ ശരിയായ വിധം മനസ്സിലാക്കിയിരുന്നെങ്കില്‍ അവര്‍ ശിക്ഷക്കു വേണ്ടി ധൃതി കാണിക്കുകയോ ചെയ്യാതെ കീഴൊതുങ്ങുകയും മര്യാദ കൈക്കൊള്ളുകയോ ചെയ്യുമായിരുന്നു. അവരുടെ മോശമായ വാക്കുകള്‍ക്ക് പകരം അല്ലാഹു അവന്റെ മഹത്ത്വത്തെ കുറിച്ചാണ് പറയുന്നത്. (കയറിപ്പോകുന്ന വഴികളുടെ അധിപന്‍. മലക്കുകളും ആത്മാവും അവങ്കലേക്ക് പോകുന്നു). അതായത് ഔന്നത്യവും മഹത്ത്വവും ശ്രേഷ്ഠതയുമുള്ളവനും മറ്റു സൃഷ്ടികളെ നിയന്ത്രിക്കുന്നവനും. കാര്യങ്ങളുടെ നിയന്ത്രണങ്ങള്‍ക്കു വേണ്ടി നിശ്ചയിച്ച മലക്കുകള്‍ കയറിപ്പോകുന്നത് അവങ്കലേക്കാണ്. ആത്മാവും അവങ്കലേക്ക് കയറുന്നു. ഇതില്‍ എല്ലാ വര്‍ഗത്തിന്റെയും ആത്മാവ് ഉള്‍ക്കൊള്ളുന്നു. നല്ലതും ചീത്തയുമായതെല്ലാം. മരണസമയത്താണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ നല്ലവരുടെ ആത്മാവ് അല്ലാഹുവിലേക്ക് കയറിപ്പോകുന്നു. ആകാശങ്ങളില്‍ നിന്ന് ആകാശങ്ങളിലേക്ക് അതിന് അനുമതി ലഭിക്കുന്നു. അവസാനമത് അല്ലാഹുവുള്ള ആകാശത്തിലെത്തുന്നു. അതിന്റെ രക്ഷിതാവിന് അത് അഭിവാദ്യമര്‍പ്പിക്കുന്നു. സലാം പറയുന്നു. അവന്റെ സാമീപ്യം നേടുന്നു. അവന്റെ സാമീപ്യത്താല്‍ സന്തോഷം കൊള്ളുന്നു. അവനില്‍ നിന്നും അതിന് പ്രശംസയും ആദരവും നന്മയും മഹത്ത്വവും ലഭിക്കുന്നു. എന്നാല്‍ അധര്‍മകാരികളുടെ ആത്മാവുകളാവട്ടെ, അതും കയറിപ്പോകും. പക്ഷേ, ആകാശത്തിലെത്തിയാല്‍ അത് സമ്മതം ചോദിക്കും. പക്ഷേ, അതിന് സമ്മതം നല്‍കപ്പെടുകയില്ല. ഭൂമിയിലേക്ക് തന്നെ മടക്കപ്പെടുകയും ചെയ്യും.

പിന്നീട് മലക്കുകളും ആത്മാവും അല്ലാഹുവിലേക്ക് കയറിപ്പോകുന്ന വഴിദൂരത്തെ കുറിച്ചാണ് പറയുന്നത്. കാരണങ്ങള്‍ അനുകൂലമാകുന്ന ഒരു ദിവസത്തില്‍ അവ കയറിപ്പോകുന്നു. സഞ്ചാരവേഗതയും ഭാരക്കുറവും വലിപ്പക്കുറവുമെല്ലാം അതിന് സഹായകമാവുന്നു. സാധാരണ കണക്കനുസരിച്ച് സഞ്ചാരദൂരം അമ്പതിനായിരം വര്‍ഷത്തെ വഴിദൂരമുണ്ടെങ്കിലും. കയറ്റം തുടങ്ങുന്നതു മുതല്‍ എത്തുന്നതു വരെയുള്ള ദൂരത്തിന് പരിധിയില്ല. ഉപരിലോകം അവസാനിക്കുന്നതിന്റെ ദൂരത്തിനും. ഈ മഹത്തായ ആധിപത്യത്തിന്റെയും താഴെയും മേലെയും വിശാലമായ മഹാലോകത്തിന്റെയുമെല്ലാം സൃഷ്ടിപ്പും നിയന്ത്രണവുമെല്ലാം അത്യുന്നതനായവനാകുന്നു. അവനാകട്ടെ, അവരുടെ ബാഹ്യവും ആന്തരികവുമായ അവസ്ഥകളും താമസസ്ഥലങ്ങളും സൂക്ഷിപ്പുസ്ഥലങ്ങളും അറിയുന്നു. ഒന്നിച്ചും പൊതുവായും അവന്റെ കാരുണ്യവും ഗുണവും സഹായവും അവര്‍ക്കെത്തിക്കുന്നു. വിധിപരവും മതപരവും പ്രതിഫലപരവുമായ അവന്റെ തീരുമാനങ്ങള്‍ അവന്‍ അവരില്‍ നടപ്പാക്കുന്നു. അതിനാല്‍ അവന്റെ മഹത്ത്വം മനസ്സിലാക്കാത്ത ജനതയുടെ കാര്യം മഹാകഷ്ടം. അവര്‍ അവനെ കണക്കാക്കേണ്ട വിധം കണക്കാക്കിയിട്ടില്ല. പരീക്ഷണത്തിനും തോല്‍പിക്കാനും വേണ്ടി അവര്‍ ശിക്ഷക്ക് ധൃതി കാണിക്കുന്നു. സഹനശീലനായ മഹാ പരിശുദ്ധന്‍ അവര്‍ക്കു വേണ്ടത്ര സാവകാശം നല്‍കി. അവര്‍ അവനെ ദ്രോഹിച്ചപ്പോഴും അവരോട് ക്ഷമിക്കുകയും അവര്‍ക്ക് സൗഖ്യവും ഉപജീവനവും നല്‍കുകയും ചെയ്തു.

ഈ പറഞ്ഞതാണ് ഒരു വ്യാഖ്യാനം. ഈ ലോകത്ത് വെച്ചുള്ള കയറിപ്പോക്ക് കൊണ്ട് ഉദ്ദേശ്യം ഇതാവാം. സന്ദര്‍ഭം അതാണ് അറിയിക്കുന്നത്. ഇത് ഉയിര്‍ത്തെഴുന്നേല്‍പുനാളിനെയാവാനും സാധ്യതയുണ്ട്. കാരണം അല്ലാഹു അന്ത്യദിനത്തില്‍ അവന്റെ മഹത്ത്വവും ഔന്നത്യവും തന്റെ അടിമകള്‍ക്ക് അത് വെളിവാക്കിക്കൊടുക്കും. ആത്മാവുകളും മലക്കുകളും കയറിപ്പോകുമ്പോള്‍ കാണുന്ന അറിവിനെക്കാള്‍ വലിയ തെളിവ് അതാണ്. കേറലും ഇറങ്ങലുമെല്ലാം ദൈവികമായ നിയന്ത്രണങ്ങളിലും ദൈവിക സംരക്ഷണത്തിന്റെയും പ്രകൃതിയിലും പെട്ട കാര്യങ്ങളാണ്. (അന്‍പതിനായിരം കൊല്ലത്തിന്റെ അളവുള്ളതായി ഒരു ദിവസത്തില്‍) അതിന്റെ ദൈര്‍ഘ്യത്താലും കാഠിന്യത്താലും വിശ്വാസിക്ക് അല്ലാഹു അത് ലഘൂകരിക്കും.

5-6). (എന്നാല്‍ (നബിയേ നീ ഭംഗിയായി ക്ഷമ കൈക്കൊള്ളുക). നിന്റെ ജനതക്കുള്ള പ്രബോധനത്തില്‍ നീ ഭംഗിയായി ക്ഷമിക്കുക. അതില്‍ മടുപ്പോ വെറുപ്പോ നിനക്കുണ്ടാകരുത്. അല്ലാഹുവിന്റെ കല്‍പനകളില്‍ നീ നിലനില്‍ക്കുക. അവന്റെ അടിമകളെ അവന്റെ ഏകത്വത്തിലേക്ക് ക്ഷണിക്കുക. താല്‍പര്യപ്പെടാത്തതോ കീഴ്‌പ്പെടാത്തതോ കാണുമ്പോള്‍ അവരില്‍ നിന്ന് നിന്നെയത് തടയരുത്.

തീര്‍ച്ചയായും അതില്‍ ക്ഷമ കൈക്കൊള്ളുന്നതില്‍ ധാരാളം നന്മയുണ്ട്. (തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു. നാം അതിനെ അടുത്തതായും കാണുന്നു. ശിക്ഷയെ ആവശ്യപ്പെട്ടവര്‍ക്കുള്ള ശിക്ഷ നിലകൊള്ളുന്ന ഉയിര്‍ത്തെഴുന്നേല്‍പിലേക്കാകാം 'അതിനെ' എന്നതിലെ അത് എന്നത് മടങ്ങുന്നത്. യഥാര്‍ഥത്തിലവര്‍ നിഷേധിക്കുന്നവര്‍ തന്നെയാണ്. ദൗര്‍ഭാഗ്യവും മത്തും അവനെ കീഴ്‌പ്പെടുത്തി. അപ്പോള്‍ മുമ്പിലുള്ള ഉയിര്‍ത്തെഴുന്നേല്‍പും ഒരുമിച്ചു കൂട്ടലുമെല്ലാം അവര്‍ക്ക് വിദൂരമായി തോന്നി. അല്ലാഹുവാകട്ടെ, അതിനെ അടുത്തതായി കാണുന്നു. കാരണം അവന്‍ വാല്‍സല്യമുള്ളവനും സഹനശീലനുമാണ്. അവന്‍ ധൃതി കാണിക്കുകയില്ല. സംഭവിക്കുമെന്നവനറിയാം. എല്ലാം വരാന്‍ പോകുന്നവയും അടുത്താണ്. പിന്നീട് ആ ദിവസത്തിന്റെ ഭയാനകതയും അന്നുണ്ടാകാന്‍ പോകുന്ന കാര്യങ്ങളുമാണ് പറയുന്നത്.