മുത്വഫ്ഫീന്‍ (അളവില്‍ കമ്മി വരുത്തുന്നവര്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ജനുവരി 26 1440 ജുമാദുല്‍ അവ്വല്‍ 19

അധ്യായം: 83, ഭാഗം: 3

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنَّ الَّذِينَ أَجْرَمُوا كَانُوا مِنَ الَّذِينَ آمَنُوا يَضْحَكُونَ (٢٩) وَإِذَا مَرُّوا بِهِمْ يَتَغَامَزُونَ (٣٠) وَإِذَا انْقَلَبُوا إِلَىٰ أَهْلِهِمُ انْقَلَبُوا فَكِهِينَ (٣١) وَإِذَا رَأَوْهُمْ قَالُوا إِنَّ هَٰؤُلَاءِ لَضَالُّونَ (٣٢) وَمَا أُرْسِلُوا عَلَيْهِمْ حَافِظِينَ (٣٣) فَالْيَوْمَ الَّذِينَ آمَنُوا مِنَ الْكُفَّارِ يَضْحَكُونَ (٣٤) عَلَى الْأَرَائِكِ يَنْظُرُونَ (٣٥) هَلْ ثُوِّبَ الْكُفَّارُ مَا كَانُوا يَفْعَلُونَ (٣٦)
(29) തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു. (30) അവരുടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു. (31) അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചുചെല്ലുമ്പോള്‍ രസിച്ചു കൊണ്ട് അവര്‍ തിരിച്ചുചെല്ലുമായിരുന്നു. (32) അവരെ (സത്യവിശ്വാസികളെ) അവര്‍ കാണുമ്പോള്‍, തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുമായിരുന്നു. (33) അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ മേല്‍നോട്ടക്കാരായിട്ട് അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല. (34) എന്നാല്‍ അന്ന് (ക്വിയാമത്ത് നാളില്‍) ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്. (35) സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും; (36) സത്യനിഷേധികള്‍ ചെയ്തുകൊണ്ടിരുന്നതിന് അവര്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടുവോ എന്ന്.

(29-30) സുകൃതവാന്മാരുടെയും കുറ്റവാളികളുടെയും പ്രതിഫലത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അവര്‍ക്കിടയിലുള്ള പ്രതിഫലത്തിന്റെ അന്തരവും വ്യക്തമാക്കി. കുറ്റവാളികള്‍ ഇഹലോക ജീവിതത്തില്‍ വെച്ച് സത്യവിശ്വാസികളെ പരിഹസിച്ച് ചിരിക്കുകയായിരുന്നു. പരസ്പരം ഗോഷ്ടി കാണിക്കുകയും ചെയ്യുമായിരുന്നു. അവര്‍ അവരുടെ അരികിലൂടെ കടന്നുപോകുമ്പോള്‍ അവരെ മോശമാക്കുവാനും നിന്ദിക്കുവാനും വേണ്ടിയായിരുന്നു അത്. എന്നാല്‍ വിശ്വാസികള്‍, നിര്‍ഭയത്വത്തോടെയും സാമാധാനത്തോടെയും നില്‍ക്കുന്നതായിരുന്നു അവരുടെ അവസ്ഥ.

(31-32) (അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചു ചെല്ലുമ്പോള്‍). രാവിലെയും വൈകുന്നേരവും (രസിച്ചുകൊണ്ടവര്‍ തിരിച്ചു ചെല്ലുമായിരുന്നു). സന്തുഷ്ടരും സന്തോഷവാന്മാരുമായി.

ഏറ്റവും വലിയ വഞ്ചനയിലാണ് കുറ്റവാളികള്‍ അകപ്പെട്ടത്. അങ്ങേയറ്റത്തെ തിന്മയാണ് അവര്‍ ഒരുമിച്ചുകൂട്ടിയത്. അല്ലാഹുവിന്റെ അടുക്കല്‍ നിന്നും അവര്‍ക്ക് രേഖയും ഉറപ്പും കിട്ടിയതു പോലെ അവര്‍ ഇഹലോകത്ത് നിര്‍ഭയരായി. തങ്ങള്‍ സൗഭാഗ്യവാന്മാരാണെന്ന് അവര്‍ സ്വയം വിധിച്ചു; വിശ്വാസികള്‍ പിഴച്ചവരാണെന്നും. അവര്‍ അല്ലാഹുവിന്റെ മേല്‍ കളവ് പറയുകയും അറിയാത്തത് പറയാന്‍ ധൈര്യം കാണിക്കുകയും ചെയ്തു.

(33) (അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ മേല്‍നോട്ടക്കാരായിട്ട് അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല). വിശ്വാസികളുടെ പ്രവര്‍ത്തനങ്ങള്‍ സദാ നിരീക്ഷിച്ച് അവരുടെ കാര്യം നോക്കാന്‍ അവര്‍ നിയോഗിക്കപ്പെട്ടിട്ടില്ല. വഴികേടാരോപിക്കാന്‍ വരെ അവര്‍ ധൈര്യം കാണിച്ചു. ഇത് അവരുടെ ധിക്കാരം മാത്രമാണ്. തെളിവോ അവലംബമോ ഇതിനവര്‍ക്കില്ല. അതിനാല്‍ അവരുടെ പ്രവര്‍ത്തനത്തിന്റെതായ ഫലം അവര്‍ക്ക് പരലോകത്തുണ്ട്.

(34 അല്ലാഹു പറയുന്നു: (എന്നാല്‍ അന്ന്) അതായത് ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍. (ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്). ശിക്ഷയുടെ വെപ്രാളത്തില്‍ അവര്‍ കിടന്ന് മറിയുന്നത് കാണുമ്പോള്‍. അവര്‍ മുമ്പ് ആരോപിച്ച് പറഞ്ഞതെല്ലാം വെറുതെയായിപ്പോകും.

(35) സത്യവിശ്വാസികളാകട്ടെ, സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പാരമ്യതയിലായിരിക്കും. (സോഫകളില്‍ ഇരുന്ന്) അലംകൃതമായ കട്ടിലുകളാണത്. (അവര്‍ നോക്കിക്കൊണ്ടിരിക്കും) അല്ലാഹു അവര്‍ക്കൊരുക്കിയ സുഖാനുഗ്രഹങ്ങളിലേക്കും ഉദാരനായ തങ്ങളുടെ രക്ഷിതാവിന്റെ മുഖത്തേക്കും.

(36). (സത്യനിഷേധികള്‍ ചെയ്തുകൊണ്ടിരിക്കുന്നതിന് അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ എന്ന്). അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെയല്ലേ പ്രതിഫലം ലഭിച്ചത്. അവര്‍ സത്യവിശ്വാസികളെ പരിഹസിച്ച് ചിരിച്ചതിന്, വഴികേട് ആരോപിച്ചതിന് പരലോകത്ത് വെച്ച് സത്യവിശ്വാസികള്‍ പകരം ചിരിക്കും; അവര്‍ക്കുള്ള ശിക്ഷയും പ്രതികാര നടപടികളും കാണുമ്പോള്‍. അതവരുടെ ദുഷ്പ്രവൃത്തികള്‍ക്കും വഴികേടിനും ഉള്ള ശിക്ഷയാണ്.

അതെ, അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കു കിട്ടി. അത് അല്ലാഹുവിന്റെ നീതിയാണ്, യുക്തിയാണ്. അല്ലാഹുവാകട്ടെ, അറിയുന്നവനും യുക്തിമാനുമാകുന്നു.