മുര്‍സലാത്ത് (അയക്കപ്പെടുന്നവ)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ജൂണ്‍ 01 1440 റമദാന്‍ 27

അധ്യായം: 77, ഭാഗം: 2

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

أَلَمْ نَخْلُقْكُمْ مِنْ مَاءٍ مَهِينٍ (٢٠) فَجَعَلْنَاهُ فِي قَرَارٍ مَكِينٍ (٢١) إِلَىٰ قَدَرٍ مَعْلُومٍ (٢٢) فَقَدَرْنَا فَنِعْمَ الْقَادِرُونَ (٢٣) وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ (٢٤) أَلَمْ نَجْعَلِ الْأَرْضَ كِفَاتًا (٢٥) أَحْيَاءً وَأَمْوَاتًا (٢٦) وَجَعَلْنَا فِيهَا رَوَاسِيَ شَامِخَاتٍ وَأَسْقَيْنَاكُمْ مَاءً فُرَاتًا (٢٧) وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ (٢٨) انْطَلِقُوا إِلَىٰ مَا كُنْتُمْ بِهِ تُكَذِّبُونَ (٢٩) انْطَلِقُوا إِلَىٰ ظِلٍّ ذِي ثَلَاثِ شُعَبٍ (٣٠) لَا ظَلِيلٍ وَلَا يُغْنِي مِنَ اللَّهَبِ (٣١) إِنَّهَا تَرْمِي بِشَرَرٍ كَالْقَصْرِ (٣٢) كَأَنَّهُ جِمَالَتٌ صُفْرٌ (٣٣) وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ (٣٤)
(20) നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ? (21) എന്നിട്ട് നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു. (22) നിശ്ചിതമായ ഒരു അവധി വരെ. (23) അങ്ങനെ നാം (എല്ലാം) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍! (24) അന്നേദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം. (25) ഭൂമിയെ നാം ഉള്‍ക്കൊള്ളുന്നതാക്കിയില്ലേ? (26) മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും. (27) അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു. (28) അന്നേദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം. (29) (ഹേ, സത്യനിഷേധികളേ,) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്നത് അതിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക. (30) മൂന്ന് ശാഖകളുള്ള ഒരു തരം തണലിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക. (31) അത് തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതുമല്ല. (32) തീര്‍ച്ചയായും അത് (നരകം) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചുകൊണ്ടിരിക്കും. (33) അത് (തീപ്പൊരി) മഞ്ഞനിറമുള്ള ഒട്ടകക്കൂട്ടങ്ങളെപ്പോലെയായിരിക്കും. (34) അന്നേദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

20-21) ഏ, മനുഷ്യരേ, നിങ്ങളെ നാം സൃഷ്ടിച്ചു. (നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന്). മുതുകെല്ലിന്റെയും നെഞ്ചെല്ലിന്റെയും ഇടയില്‍ നിന്ന് വരുന്ന അങ്ങേയറ്റും നിസ്സാരമായത്. അങ്ങനെ അല്ലാഹു അതിനെ (ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു). അതാണ് ഗര്‍ഭപാത്രം. അതിലത് തങ്ങുകയും വളരുകയും ചെയ്തു.

22) (നിശ്ചിതമായ ഒരവധിവരെ) ഒരു നിര്‍ണിത സമയം.

23) (അങ്ങനെ നാം നിര്‍ണയിച്ചു) ആ ഇരുട്ടുകളില്‍ ഗര്‍ഭസ്ഥശിശുവിനെ നാം നിയന്ത്രിക്കുകയും നിര്‍ണയിക്കുകയും ചെയ്തു. ബീജത്തില്‍ നിന്നും അതിനെ ഭ്രൂണമാക്കി മാറ്റി. പിന്നീട് അതിനെ മാംസപിണ്ഡമാക്കി. തുടര്‍ന്ന് അല്ലാഹു അതിന് ശരീരവും ആത്മാവും നല്‍കി. അവരില്‍ അതിന് മുമ്പ് മരിച്ചുപോകുന്നവരും ഉണ്ട്.

(നാം എത്ര നല്ല നിര്‍ണയക്കാരന്‍). അല്ലാഹു പരിശുദ്ധനാണെന്നര്‍ഥം. തീര്‍ച്ചയായും അവന്റെ നിര്‍ണയം അവന്റെ യുക്തിജ്ഞാനത്തില്‍ നിന്നുള്ളതാണ്. അത് സ്തുത്യര്‍ഹവുമാണ്.

24) (അന്നേദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം)

25-26) നിങ്ങളുടെ ജീവിതത്തിന് സൗകര്യപ്പെടുന്ന രൂപത്തില്‍ ഭൂമിയെ നാം കീഴ്‌പ്പെടുത്തി തന്നതിലൂടെ നാം നിങ്ങള്‍ക്ക് കരുണയും അനുഗ്രഹവും ചെയ്തു. അങ്ങനെ നാം അതിനെ നിങ്ങള്‍ക്ക് (ഉള്‍ക്കൊള്ളുന്നതാക്കി). (ജീവിച്ചിരിക്കുന്നവരെയും) വീടുകൡ. (മരിച്ചവരെയും) ക്വബ്‌റുകളില്‍.

വീടുകളും കൊട്ടാരങ്ങളും അല്ലാഹു അടിമകള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളാണ.് ക്വബ്‌റുകളും അങ്ങനെ തന്നെ. അത് അവര്‍ക്കുള്ള കാരുണ്യമാണ്. ശരീരങ്ങള്‍ വന്യമൃഗങ്ങള്‍ക്കും മറ്റും ലഭിക്കാതിരിക്കാനുള്ള സംരക്ഷണം കൂടിയാണത്.

27) (അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു) ഭൂമിയിലുള്ളവരെ കൊണ്ട് ഭൂമി ചാഞ്ഞുപോകാതിരിക്കാന്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളെ ഉണ്ടാക്കി. ഉയര്‍ന്നു നില്‍ക്കുന്ന, ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളെ കൊണ്ട് ഭൂമിയെ ഉറപ്പിച്ചുനിര്‍ത്തി. അതായത് നീണ്ടതും വിശാലവുമായ പര്‍വതങ്ങള്‍. (നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു). തെളിഞ്ഞതും രുചികരവുമായതും. അല്ലാഹു പറയുന്നു:

''ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തില്‍ നിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദി കാണിക്കാത്തതെന്താണ്?''

28) (അന്നേദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം). അല്ലാഹു അവര്‍ക്ക് മാത്രമായും പ്രത്യേകമായും നല്‍കിയ അനുഗ്രഹങ്ങളെ അവര്‍ നിഷേധിക്കുകയാണ് ചെയ്തത്. നിഷേധികള്‍ക്കും കുറ്റവാളികള്‍ക്കും തയ്യാറാക്കിയ ശിക്ഷയാണിത്. ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ അവരോട് പറയപ്പെടും:

29) (നിങ്ങള്‍ ഏതൊന്നിനെയാണോ നിഷേധിച്ചു തള്ളിയിരുന്നത് അതിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക). പിന്നീട് അല്ലാഹു തന്നെ ഇത് വിശദീകരിക്കുന്നു.

30) (മൂന്ന് ശാഖകളുള്ള ഒരുതരം തണലിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക) മൂന്ന് ശാഖകളായി വേറിട്ടു നില്‍ക്കുന്ന നരകത്തീയിന്റെ തണലിലേക്ക്. ആ തീക്കഷ്ണങ്ങള്‍ അവനെ കൈകാര്യം ചെയ്യും. അത് മാറിമാറി വരും. അവനില്‍ കേന്ദ്രീകരിക്കും.

31) (അത് തണല്‍ നല്‍കുന്നതല്ല). ആ തണല്‍. അ തായത്, അതില്‍ ആശ്വാസമോ സമാധാനമോ ഇല്ല.

(സംരക്ഷണം നല്‍കുന്നതും അല്ല) അതില്‍ താമസിക്കുന്നവന്. (തീ ജ്വാലയില്‍ നിന്ന്) ആ ജ്വാല അവനെ വലത്തു നിന്നും ഇടത്തു നിന്നും എല്ലാ ഭാഗങ്ങളില്‍ നിന്നും വലയം ചെയ്യും. അല്ലാഹു പറയുന്നു:

''അവര്‍ക്ക് അവരുടെ മുകള്‍ ഭാഗത്ത് തീയിന്റെ തട്ടുകളുണ്ട്. അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകള്‍. അതിനെ പറ്റിയാകുന്നു അല്ലാഹു തന്റെ ദാസന്‍മാരെ ഭയപ്പെടുത്തുന്നത്. ആകയാല്‍ എന്റെ ദാസന്‍മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍'' (39:16)

''അവര്‍ക്ക് നരകാഗ്‌നിയാലുള്ള മെത്തയും അവരുടെ മീതെക്കൂടി പുതപ്പുകളും ഉണ്ടായിരിക്കും. അപ്രകാരമാണ് നാം അക്രമികള്‍ക്കു പ്രതിഫലം നല്‍കുന്നത്'' (7:41).

തുടര്‍ന്ന് പറയുന്നത് നരകത്തിലെ തീപ്പൊരിയുടെ വലുപ്പത്തെക്കുറിച്ചാണ്. അത് നശിച്ച കാഴ്ചയും മോശവും ഭീകരവുമാണ്.

32-33). തീര്‍ച്ചയായും അത് (നരകം) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ച് കൊണ്ടിരിക്കും. (അത് (തീപ്പൊരി) മഞ്ഞ നിറമുള്ള ഒട്ടകക്കൂട്ടങ്ങളെപ്പോലെയായിരിക്കും).

മഞ്ഞയിലേക്ക് മാറിയ കറുപ്പുനിറം. നരകം ഇരുണ്ടതാണെന്ന് ഇതു മനസ്സിലാക്കിത്തരുന്നു. അതിന്റെ ജ്വാലയും തീപ്പൊരിയും തീക്കട്ടയുമെല്ലാം കറുപ്പ് തന്നെ. കാഴ്ചയില്‍ ഏറെ വെറുപ്പുണ്ടാക്കുന്നത്. ചൂട് കഠിനമായത്. അല്ലാഹു അതില്‍ നിന്ന് നമുക്ക് സൗഖ്യം നല്‍കുകയും അതിലേക്കെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് രക്ഷ നല്‍കുകയും ചെയ്യട്ടെ.

34). (അന്നേദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം).