മുര്‍സലാത്ത് (അയക്കപ്പെടുന്നവ)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 മെയ് 25 1440 റമദാന്‍ 10

അധ്യായം: 77, ഭാഗം: 1

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَالْمُرْسَلَاتِ عُرْفًا (١) فَالْعَاصِفَاتِ عَصْفًا (٢) وَالنَّاشِرَاتِ نَشْرًا (٣) فَالْفَارِقَاتِ فَرْقًا (٤) فَالْمُلْقِيَاتِ ذِكْرًا (٥) عُذْرًا أَوْ نُذْرًا (٦) إِنَّمَا تُوعَدُونَ لَوَاقِعٌ (٧‬) فَإِذَا النُّجُومُ طُمِسَتْ (٨‬) وَإِذَا السَّمَاءُ فُرِجَتْ (٩) وَإِذَا الْجِبَالُ نُسِفَتْ (١٠) وَإِذَا الرُّسُلُ أُقِّتَتْ (١١) لِأَيِّ يَوْمٍ أُجِّلَتْ (١٢) لِيَوْمِ الْفَصْلِ (١٣) وَمَا أَدْرَاكَ مَا يَوْمُ الْفَصْلِ (١٤) وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ (١٥) أَلَمْ نُهْلِكِ الْأَوَّلِينَ (١٦) ثُمَّ نُتْبِعُهُمُ الْآخِرِينَ (١٧) كَذَٰلِكَ نَفْعَلُ بِالْمُجْرِمِينَ (١٨) وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ (١٩)
(1) നന്മയുമായി അയക്കപ്പെടുന്നവയും (2) ശക്തിയായി ആഞ്ഞടിക്കുന്നവയും (3) പരക്കെ വ്യാപിപ്പിക്കുന്നവയും (4) വേര്‍തിരിച്ചു വിവേചനം ചെയ്യുന്നവയും (5) ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവയെ തന്നെയാകുന്നു സത്യം! (6) ഒരു ഒഴികഴിവായിക്കൊണ്ടോ താക്കീതായിക്കൊണ്ടോ. (7) തീര്‍ച്ചയായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു. (8) നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും (9) ആകാശം പിളര്‍ത്തപ്പെടുകയും (10) പര്‍വതങ്ങള്‍ പൊടിക്കപ്പെടുകയും (11) ദൂതന്‍മാര്‍ക്ക് സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍! (12) ഏതൊരു ദിവസത്തേക്കാണ് അവര്‍ക്ക് അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്? (13) തീരുമാനത്തിന്റെ ദിവസത്തേക്ക്! (14) ആ തീരുമാനത്തിന്റെ ദിവസം എന്താണെന്ന് നിനക്കറിയുമോ? (15) അന്നേദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം. (16) പൂര്‍വികന്‍മാരെ നാം നശിപ്പിച്ചുകളഞ്ഞില്ലേ? (17) പിന്നീട് പിന്‍ഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്. (18) അപ്രകാരമാണ് നാം കുറ്റവാളികളെക്കൊണ്ട് പ്രവര്‍ത്തിക്കുക. (19) അന്നേദിവസം നിഷേധിച്ചു തള്ളിയവര്‍ക്കായിരിക്കും നാശം.

1). (നന്മയായി അയക്കപ്പെടുന്നവയും) ഉയിര്‍ത്തെഴുന്നേല്‍പിനെക്കുറിച്ചും പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ചും അല്ലാഹു സത്യം ചെയ്തു പറയുന്നത് നന്മയായി അയക്കപ്പെടുന്നവയെ കൊണ്ടാണ്. വിധി സംബന്ധമായ കാര്യങ്ങള്‍ക്കും ലോകത്തിന്റെ നിയന്ത്രണത്തിനും മതപരമായ കാര്യങ്ങള്‍ക്കും പ്രവാചകന്മാര്‍ക്ക് വഹ്‌യ് നല്‍കാനും അല്ലാഹു നിയോഗിക്കുന്ന മലക്കുകളാണവര്‍. (നന്മയാല്‍) അയക്കപ്പെടുന്ന മലക്കുകളുടെ അവസ്ഥയാണിത്. അതായത് നന്മയും വിജ്ഞാനവുമായി; തിന്മയും ഫലശൂന്യതയും കൊണ്ടല്ല.

2). (ശക്തിയായി ആഞ്ഞടിക്കുന്നവയും) ഇതും അല്ലാഹു നിയോഗിക്കുന്ന മലക്കുകള്‍ തന്നെ. കല്‍പനകള്‍ വേഗത്തില്‍ നിര്‍വഹിക്കുന്നവര്‍ എന്നാണ് വിശേഷിപ്പിച്ചത്. കല്‍പനകള്‍ നടപ്പിലാക്കുന്നതിലുള്ള വേഗത അടിച്ചുവീശുന്ന കാറ്റുപോലെയാണ്. അല്ലെങ്കില്‍ ശക്തമായി അടിച്ചുവീശുന്ന കൊടുങ്കാറ്റു പോലെ.

3). (പരക്കെ വ്യാപിപ്പിക്കുന്നവയും) ഇതും മലക്കുകളെക്കുറിച്ചാകാനാണ് സാധ്യത. അവരോട് നിര്‍ദേശിച്ചതിനെ അവര്‍ വ്യാപിപ്പിക്കുന്നു; അല്ലെങ്കില്‍ ഭൂമിയില്‍ വ്യാപിപ്പിക്കാന്‍ നിര്‍ദേശിച്ച കാര്‍മേഘത്തെ. അതുമൂലം ഭൂമി നിര്‍ജീവമായതിന് ശേഷം ജീവനുള്ളതായിത്തീരുന്നു.

5). (ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവ) ഇതും മലക്കുകളാണ്. ശ്രേഷ്ഠമായ കാര്യങ്ങള്‍ ഇട്ടുകൊടുക്കുന്നവര്‍, അല്ലാഹു തന്റെ അടിമക്ക് കരുണയായി നല്‍കിയ ഉല്‍ബോധനം. അവര്‍ക്കുള്ള നന്മകളും പ്രയോജനങ്ങളും അതില്‍ അവരെ ഉല്‍ബോധിപ്പിക്കുന്നു. അത് അവര്‍ പ്രവാചകന്മാര്‍ക്ക് ഇട്ടുകൊടുക്കുന്നു.

6). (ഒരു ഒഴികഴിവ് ആയിക്കൊണ്ടോ താക്കീതായിക്കൊണ്ടോ) ജനങ്ങള്‍ക്ക് താക്കീതോ ഒഴികഴിവോ ആയിട്ടുള്ളത്. ഭാവിയില്‍ വരാനിരിക്കുന്ന ഭയങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി അവരുടെ ഒഴികഴിവ് ഇല്ലാതാക്കുന്നു. അങ്ങനെ അല്ലാഹുവിനെതിരെ അവര്‍ക്ക് തെളിവില്ലാതായിത്തീരുന്നു.

7-11) (തീര്‍ച്ചയായും നിങ്ങളോട് താക്കീതു ചെയ്യപ്പെടുന്ന കാര്യം) ഉയിര്‍ത്തെഴുന്നേല്‍പിനെക്കുറിച്ചും പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ചും. (സംഭവിക്കുന്നതു തന്നെയാകുന്നു) ശങ്കയോ സംശയമോ കൂടാതെ സംഭവിക്കുമെന്നുറപ്പുള്ളത്. അത് സംഭവിച്ചാല്‍ ലോകത്തിന് ഭീകരമായ അവസ്ഥകളും മാറ്റങ്ങളും സംജാതമാകും. ഹൃദയങ്ങള്‍ വിറച്ചുപോകും. കഠിന പ്രയാസങ്ങളുണ്ടാകും. നക്ഷത്രങ്ങള്‍ അണഞ്ഞുപോവുകയും അവയുടെ സ്ഥാനങ്ങളില്‍ നിന്ന് ഉതിര്‍ന്ന് വീഴുകയും ചെയ്യും. പര്‍വതങ്ങള്‍ പൊടിച്ച് പാറ്റപ്പെടും. അങ്ങനെ അവ ചിതറിയ ധൂളികളായി മാറും. ഭൂമി കുഴികളും കുന്നുകളുമില്ലാത്ത വിശാല മൈതാനമാകും.

ആ ദിവസം ദൂതന്മാര്‍ക്ക് സമയം നിര്‍ണയിച്ചു കൊടുക്കപ്പെടും. അവര്‍ക്കിടയില്‍ തീരുമാനമെടുക്കാന്‍ അവധി നിശ്ചയിക്കപ്പെടും. അതാണ് തുടര്‍ന്ന് പറയുന്നത്.

(12) (ഏതൊരു ദിവസത്തേക്കാണ് അവര്‍ക്ക് അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്) ആ ദിവസത്തിന്റ മഹത്ത്വത്തെയും ഭീകരതയെയും ഭയാനകതയെയും ബോധ്യപ്പെടുത്തുന്ന ചോദ്യം.

13-15) തുടര്‍ന്ന് അല്ലാഹു തന്നെ മറുപടി പറയുന്നു: (തീരുമാനത്തിന്റെ ദിവസത്തേക്ക്) അതായത് സൃഷ്ടികള്‍ക്കിടയില്‍, അവര്‍ പരസ്പരമുള്ള കാര്യങ്ങളില്‍ അവര്‍ക്ക് ഓരോരുത്തര്‍ക്കും ഒറ്റക്കായും വിചാരണയുണ്ട്. പിന്നീട് കളവാക്കുന്നവരെ ഈ ദിവസത്തെക്കുറിച്ച് താക്കീത് ചെയ്തുകൊണ്ട് പറയുന്നു: (അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം) ഓ! എന്തൊരു കഷ്ടവും കഠിനമായ ശിക്ഷയും ചീത്ത പര്യവസാനവും! അല്ലാഹു അവര്‍ക്ക് വിവരം നല്‍കിയിരുന്നു. അവരോട് സത്യം ചെയ്ത് പറഞ്ഞിരുന്നു. പക്ഷേ, അവര്‍ വിശ്വസിച്ചില്ല. അതിനാല്‍ അവര്‍ തീവ്രമായ ശിക്ഷക്ക് അര്‍ഹരായി

16-18). എന്നാല്‍ മുമ്പ് കളവാക്കിയവരെ നാം നശിപ്പിച്ചു. പില്‍ക്കാലത്ത് വന്നവരില്‍ കളവാക്കിയവരെ അവര്‍ക്ക് ശേഷവും നശിപ്പിച്ചു. പൂര്‍വികരിലും പില്‍ക്കാലക്കാരിലും ഇതാണ് അവന്റെ ചര്യ. എല്ലാ കുറ്റവാളിയും ശിക്ഷ അനുഭവിച്ചേ പറ്റൂ. നിങ്ങള്‍ കാണുന്നതില്‍ നിന്നും കേള്‍ക്കുന്നതില്‍ നിന്നും നിങ്ങള്‍ ഗുണപാഠം ഉള്‍ക്കൊള്ളാത്തതെന്താണ്?

19). (അന്നേ ദിവസം നിഷേധിച്ച് തള്ളിയവര്‍ക്കാകുന്നു നാശം) വ്യക്തമായ തെളിവുകളും മാതൃകാപരമായ ശിക്ഷകളും നേരില്‍ കണ്ടതിന് ശേഷവും നിഷേധിച്ചവര്‍ക്ക്.