അബസ (മുഖം ചുളിച്ചു) 

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 മാര്‍ച്ച് 16 1440 റജബ് 11

അധ്യായം: 80, ഭാഗം: 1

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

عَبَسَ وَتَوَلَّىٰ (١) أَنْ جَاءَهُ الْأَعْمَىٰ (٢) وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ (٣) أَوْ يَذَّكَّرُ فَتَنْفَعَهُ الذِّكْرَىٰ (٤) أَمَّا مَنِ اسْتَغْنَىٰ (٥) فَأَنْتَ لَهُ تَصَدَّىٰ (٦) وَمَا عَلَيْكَ أَلَّا يَزَّكَّىٰ (٧‬) وَأَمَّا مَنْ جَاءَكَ يَسْعَىٰ (٨‬) وَهُوَ يَخْشَىٰ (٩) فَأَنْتَ عَنْهُ تَلَهَّىٰ (١٠)
(1) അദ്ദേഹം മുഖംചുളിച്ചു തിരിഞ്ഞുകളഞ്ഞു. (2) അദ്ദേഹത്തിന്റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍. (3) (നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരുവേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ. (4) അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്‌തേക്കാമല്ലോ. (5) എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ, (6) നീ അവന്റെ നേരെ ശ്രദ്ധ തിരിക്കുന്നു. (7) അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം? (8) എന്നാല്‍ നിന്റെ അടുക്കല്‍ ഓടിവന്നവനാകട്ടെ; (9) (അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്. (10) അവന്റെ കാര്യത്തില്‍ നീ അശ്രദ്ധ കാണിക്കുന്നു.

1-2) ഈ പരിശുദ്ധ വചനങ്ങള്‍ ഇറങ്ങാന്‍ കാരണം: വിശ്വാസികളില്‍ പെട്ട ഒരു അന്ധന്‍ നബിﷺയോട് ചോദിക്കാനും പഠിക്കാനും വേണ്ടി വന്നു. അതേസമയം സമ്പന്നനായ മറ്റൊരുവനും വന്നു. അയാള്‍ സന്മാര്‍ഗത്തിലേക്കെത്താനുള്ള അതിയായ താല്‍പര്യത്താല്‍ നബിﷺ അയാളെ (ധനികനെ) ശ്രദ്ധിച്ചു. ദരിദ്രനായ അന്ധനില്‍ നിന്നു തിരിഞ്ഞുകളഞ്ഞു. ധനികന്‍ സന്മാര്‍ഗത്തിലാകാനും ആത്മ സംസ്‌കരണം സ്വീകരിക്കാനും നബിﷺ ആഗ്രഹിച്ചു. അപ്പോഴാണ് അല്ലാഹു ഈ ലളിതമായ ആക്ഷേപം നടത്തിയത്. (ചുളിച്ചു) എന്നത് മുഖത്തും (തിരിഞ്ഞുകളഞ്ഞു) എന്നത് ശരീരത്തിലുമാണ്, അതായത് അന്ധന്‍ വന്ന കാരണത്താല്‍. അന്ധനെ പരിഗണിക്കുന്നതിലുള്ള പ്രയോജനത്തെ കുറിച്ച് തുടര്‍ന്നു പറയുന്നു:

3. (നബിയേ) നിനക്കെന്തറിയാം. അയാള്‍ ആയേക്കാം). ആ അന്ധന്‍ (പരിശുദ്ധി പ്രാപിക്കുന്നവന്‍). അതായത് മോശമായ സ്വഭാവങ്ങളില്‍ നിന്ന് പരിശുദ്ധി പ്രാപിക്കുകയും മനോഹരമായ സ്വഭാവ ഗുണങ്ങളെ സ്വീകരിക്കുകയും ചെയ്യുന്നവന്‍ ആയേക്കാമല്ലോ.

4-10). (അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്താക്കമല്ലോ). ഉപകാരപ്പെടുന്നത് ഉള്‍ക്കൊള്ളുകയും എന്നിട്ടത് പ്രയോജനപ്പെടുത്തുകയും ചെയ്യാമല്ലോ. ഇതൊരു വലിയ കാര്യമാണ്. പ്രവാചകന്‍മാരുടെ നിയോഗ ലക്ഷ്യമാണത്; ഉപദേശകന്മാര്‍ ഉല്‍ബോധിപ്പിക്കുന്നതും. അപ്പോള്‍ സ്വയം സന്നദ്ധനായി നിന്റെയടുത്തേക്ക് മുന്നിട്ടുവരുന്ന ഒരാള്‍, അയാളാണ് ഉപദേശത്തിന് ഏറ്റവും അര്‍ഹന്‍. ബാധ്യതയും അവനോട് തന്നെ.

എന്നാല്‍ സ്വയം പര്യാപ്തത നടിക്കുന്ന ഒരു സമ്പന്നനിലേക്കാണ് നീ തിരിഞ്ഞത്. അവന്‍ ഉപദേശം ചോദിക്കാത്തവനും നന്മയില്‍ ആഗ്രഹമില്ലാത്തവനുമാണ്. നീ ഉപേക്ഷിച്ചതാകട്ടെ, അവനെക്കാള്‍ പ്രാധാന്യം നല്‍കേണ്ട ഒരുത്തനെ. അത് നിനക്ക് യോജിച്ചതല്ല. അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നത് കൊണ്ട് നിനക്കൊന്നും വരാനില്ല. അവന്‍ ചെയ്യുന്ന തിന്മകളില്‍ നീ വിചാരണ ചെയ്യപ്പെടുന്നവനുമല്ല. പ്രസിദ്ധമായ ഒരു തത്ത്വം ഇതിലുണ്ട്: ''അവ്യക്തമായ ഒരു കാര്യത്തിനു വേണ്ടി വ്യക്തമായതിനെ ഉപേക്ഷിക്കരുത്. ഊഹിക്കപ്പെടുന്ന ഒരു നന്മക്കു വേണ്ടി ഉറപ്പാക്കപ്പെട്ട ഒരു നന്മയെയും ഉപേക്ഷിക്കരുത്.'' ബോധത്തോടെയും താല്‍പര്യത്തോടെയും വിജ്ഞാനമന്വേഷിച്ച് വരുന്ന ഒരു വിദ്യാര്‍ഥിയെ മറ്റുള്ളവരെക്കാളും പരിഗണിക്കണമെന്നര്‍ഥം.