ഈസാ നബിയുടെ മരണം

ഹുസൈന്‍ സലഫി, ഷാര്‍ജ

2019 മെയ് 25 1440 റമദാന്‍ 20

(ഈസാ നബി(അ): 11)

ഈസാ നബി(അ) ദജ്ജാലിനെയും അവന്റെ കൂടെക്കൂടികളെയും വധിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാം കഴിഞ്ഞ ലക്കത്തില്‍ മനസ്സിലാക്കി. തുടര്‍ന്ന് ഭൂമിയിലേക്ക് യഅ്ജൂജ്, മഅ്ജൂജ് എന്ന്‌പേരുള്ള ഭീകരന്മാരായ ഒരു ജനവിഭാഗത്തിന്റെ പുറപ്പാട് ഉണ്ടാകുന്നതാണ്. അവരുടെ എണ്ണം വളരെ വലുതാണ്. അവര്‍ ആഗോള തലത്തില്‍ തന്നെ അങ്ങേയറ്റത്തെ അക്രമം അഴിച്ചുവിടുകയും ജനങ്ങളെ പൊറുതിമുട്ടിക്കുകയും ചെയ്യുന്ന ഒരു ജനവിഭാഗമായിരിക്കുമെന്ന് ക്വുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.

അക്രമികളായ, അരാജകത്വം വ്യാപിപ്പിക്കുന്ന ഈ വിഭാഗത്തെ പറ്റി ക്വുര്‍ആന്‍ നമുക്ക് പഠിപ്പിച്ചു തരുന്നത് കാണുക:

''അങ്ങനെ യഅ്ജൂജ്, മഅ്ജൂജ് ജനവിഭാഗങ്ങള്‍ തുറന്നുവിടപ്പെടുകയും അവര്‍ എല്ലാ കുന്നുകളില്‍ നിന്നും കുതിച്ചിറങ്ങി വരികയും ആ സത്യവാഗ്ദാനം ആസന്നമാവുകയും ചെയ്താല്‍ അപ്പോഴതാ അവിശ്വസിച്ചവരുടെ കണ്ണുകള്‍ ഇമവെട്ടാതെ നിന്നുപോകുന്നു. ഞങ്ങളുടെ നാശമേ! ഞങ്ങള്‍ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയിലായിപ്പോയല്ലോ. അല്ല, ഞങ്ങള്‍ അക്രമകാരികളായിപ്പോയല്ലോ (എന്നായിരിക്കും അവര്‍ പറയുന്നത്)'' (21:96,97).

യഅ്ജൂജ്, മഅ്ജൂജ് എന്ന പരാമര്‍ശം ക്വുര്‍ആനില്‍ രണ്ടിടത്ത് നമുക്ക് കാണാന്‍ കഴിയും. ഇവര്‍ ക്വുര്‍ആന്‍ ഇറങ്ങുന്നതിന് മുമ്പ് ഭാഗികമായി പുറപ്പെട്ടിരുന്നുവെന്നും അവര്‍ കടുത്ത അക്രമം പ്രവര്‍ത്തിക്കുകയാണ് ചെയ്തത് എന്നും ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്.

''അങ്ങനെ അദ്ദേഹം രണ്ട് പര്‍വതനിരകള്‍ക്കിടയില്‍ എത്തിയപ്പോള്‍ അവയുടെ ഇപ്പുറത്തുണ്ടായിരുന്ന ഒരു ജനതയെ അദ്ദേഹം കാണുകയുണ്ടായി. പറയുന്നതൊന്നും മിക്കവാറും അവര്‍ക്ക് മനസ്സിലാക്കാനാവുന്നില്ല. അവര്‍ പറഞ്ഞു: ഹേ, ദുല്‍ക്വര്‍നയ്ന്‍, തീര്‍ച്ചയായും യഅ്ജൂജ്, മഅ്ജൂജ് വിഭാഗങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാകുന്നു. ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ താങ്കള്‍ ഒരു മതില്‍ക്കെട്ട് ഉണ്ടാക്കിത്തരണമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഒരു കരം നിശ്ചയിച്ച് തരട്ടെയോ? അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് അധീനപ്പെടുത്തിത്തന്നിട്ടുള്ളത് (അധികാരവും, ഐശ്വര്യവും) (നിങ്ങള്‍ നല്‍കുന്നതിനെക്കാളും) ഉത്തമമത്രെ. എന്നാല്‍ (നിങ്ങളുടെ ശാരീരിക) ശക്തികൊണ്ട്  നിങ്ങളെന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ബലവത്തായ ഒരു മതിലുണ്ടാക്കിത്തരാം. നിങ്ങള്‍ എനിക്ക് ഇരുമ്പുകട്ടികള്‍ കൊണ്ട് വന്ന് തരൂ. അങ്ങനെ ആ രണ്ട് പര്‍വതപാര്‍ശ്വങ്ങളുടെ ഇട സമമാക്കിത്തീര്‍ത്തിട്ട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കാറ്റൂതുക. അങ്ങനെ അത് (പഴുപ്പിച്ച്) തീ പോലെയാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പ് കൊണ്ട് വന്നു തരൂ. ഞാനത് അതിന്‍മേല്‍ ഒഴിക്കട്ടെ. പിന്നെ, ആ മതില്‍ക്കെട്ട് കയറിമറിയുവാന്‍ അവര്‍ക്ക് (യഅ്ജൂജ്മഅ്ജൂജിന്ന്) സാധിച്ചില്ല. അതിന്ന് തുളയുണ്ടാക്കുവാനും അവര്‍ക്ക് സാധിച്ചില്ല. അദ്ദേഹം (ദുല്‍ക്വര്‍നയ്ന്‍) പറഞ്ഞു: ഇത് എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്റെ രക്ഷിതാവിന്റെ വാഗ്ദത്ത സമയം വന്നാല്‍ അവര്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്. എന്റെ രക്ഷിതാവിന്റെ വാഗ്ദാനം യാഥാര്‍ഥ്യമാകുന്നു. (അന്ന്) അവരില്‍ ചിലര്‍ മറ്റു ചിലരുടെ മേല്‍ തിരമാലകള്‍ പോലെ തള്ളിക്കയറുന്ന രൂപത്തില്‍ നാം വിട്ടേക്കുന്നതാണ്. കാഹളത്തില്‍ ഊതപ്പെടുകയും അപ്പോള്‍ നാം അവരെ ഒന്നിച്ച് ഒരുമിച്ചുകൂട്ടുകയും ചെയ്യും'' (18:93-99).

ചുരമാര്‍ഗത്തിലൂടെ ഒരു നാട്ടില്‍ നിന്ന് മറുനാട്ടില്‍ കയറിപ്പറ്റി, ആ നാട്ടുകാരോട് അക്രമം കാണിക്കുകയും അവരെ കൊള്ളയടിക്കുകയും കുട്ടികളെ തട്ടിക്കൊണ്ട് പോകുകയും ജനങ്ങളില്‍ ഭീതി പടര്‍ത്തി തങ്ങളുടെ ചൊല്‍പടിക്ക് കീഴിലാക്കുകയുമാണ് അവര്‍ ചെയ്തത്.

അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ അവിടെയുള്ള ചക്രവര്‍ത്തിയായ ദുല്‍ക്വര്‍നയ്ന്‍ ആ ഭാഗം സന്ദര്‍ശിക്കുയുണ്ടായി. ദുല്‍ക്വര്‍നയ്ന്‍ ചക്രവര്‍ത്തി നല്ലവനായ ചക്രവര്‍ത്തിയായിട്ടാണ് അറിയപ്പെട്ടിരുന്നത്.

ജനങ്ങള്‍ക്കിടയിലെ ഭീതി നിറഞ്ഞ ആ സന്ദര്‍ഭത്തിലെ അദ്ദേഹത്തിന്റെ സന്ദര്‍ശനം ജനങ്ങള്‍ക്ക് ഏറെ ആനന്ദമുണ്ടാക്കി. ചക്രവര്‍ത്തിയെ കണ്ടപ്പോള്‍ ജനങ്ങള്‍ കൂട്ടംകൂട്ടമായി അദ്ദേഹത്തെ സമീപിച്ചു. അവരുടെ വിഷമങ്ങള്‍ അദ്ദേഹത്തോട് അവര്‍ പങ്കുവെച്ചു. യഅ്ജൂജ്, മഅ്ജൂജ് വിഭാഗങ്ങളുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതിനായി നിങ്ങള്‍ക്ക് ഏതുവിധേനയുള്ള സഹായവും നല്‍കാം എന്നും അവര്‍ അദ്ദേഹത്തോട് പറഞ്ഞു.

യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാരുടെ കുഴപ്പം അത്ര ഭീകരമായതിനാലാണ് ആ നാട്ടുകാര്‍ ദുല്‍ക്വര്‍നയ്‌നിയോട് ഇങ്ങനെയെല്ലാം ആവശ്യപ്പെട്ടത്. എന്നാല്‍ ദുല്‍ക്വര്‍നയ്ന്‍ അവരുടെ സാമ്പത്തികമായ സഹായങ്ങളൊന്നും സ്വീകരിക്കാതെ തന്നെ അല്ലാഹു തനിക്ക് നല്‍കിയ അനുഗ്രഹത്തെ ഓര്‍ത്ത് ആ പീഡിതരെ സഹായിക്കാന്‍ തയ്യാറായി. എന്നാല്‍ ആ ഉദ്യമം ദുല്‍ക്വര്‍നയ്‌ന് തനിച്ച് പൂര്‍ത്തിയാക്കല്‍ പ്രയാസകരമായിരുന്നു. അതിനാല്‍ അദ്ദേഹം അവരുടെ ശാരീരികമായ ശക്തിയുടെ സഹായം അവരോട് ആവശ്യപ്പെട്ടു.

ദുല്‍ക്വര്‍നയ്ന്‍ ആവശ്യപ്പെട്ടത് പ്രകാരം അവര്‍ അദ്ദേഹത്തിന് ഇരുമ്പിന്റെ കട്ടികള്‍ കൊണ്ടുപോയി കൊടുത്തു. എന്നിട്ട് യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍ ഇറങ്ങിവരാറുള്ള ആ രണ്ട് മലകള്‍ക്കിടയിലുള്ള വിടവില്‍ അവ നിരത്തിവെച്ചു. പിന്നീട് അദ്ദേഹം അവരോട് ആ ഇരുമ്പിന്‍ കട്ടികള്‍ പഴുത്ത് ഉരുകുന്ന അവസ്ഥ ആയിത്തിരുന്നതിനായി അതിലേക്ക് നന്നായി ഊതാന്‍ ആവശ്യപ്പെട്ടു. അപ്രകാരം അവര്‍ ചെയ്തു. ആ ഇരുമ്പിന്‍ കട്ടികള്‍ നന്നായി പഴുത്തതിന് ശേഷം അതിലേക്ക് ഉരുകിയ ചെമ്പ് ഒഴിക്കുന്നതിനായി അത് കൊണ്ടുവരാനും ദുല്‍ക്വര്‍നയ്ന്‍ അവരോട് പറഞ്ഞു. അങ്ങനെ യാതൊരു വിടവും ഇല്ലാത്ത വിധം ഉരുകിയ ചെമ്പ് ആ ഇരുമ്പിന്‍ കട്ടികളെ ഭദ്രമാക്കി. അങ്ങനെ യഅ്ജൂജ്, മഅ്ജൂജിന് തകര്‍ക്കാന്‍ കഴിയാത്ത വിധം ശക്തമായ മതില്‍ക്കെട്ട് അദ്ദേഹം അവര്‍ക്ക് ഉണ്ടാക്കിക്കൊടുത്തു.

ഈ മതില്‍ക്കെട്ടിന് അപ്പുറത്തുള്ള യഅ്ജൂജ്, മഅ്ജൂജ് ഒരുനാള്‍ അതിനെ തകര്‍ത്ത് വീണ്ടും പ്രത്യക്ഷപ്പെടുന്നതാണ്. അതിലേക്ക് സൂചന നല്‍കിക്കൊണ്ടാണ് ദുല്‍ക്വര്‍നയ്ന്‍ ഇപ്രകാരം പറഞ്ഞത്:'ഇത് എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്റെ രക്ഷിതാവിന്റെ വാഗ്ദത്ത സമയം വന്നാല്‍ അവര്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്. എന്റെ രക്ഷിതാവിന്റെ വാഗ്ദാനം യാഥാര്‍ഥ്യമാകുന്നു.'

അന്ത്യനാളിനോട് അടുത്ത് അവര്‍ ഇനിയും വരും. അന്ന് അവര്‍ ആ മതില്‍കെട്ട് തകര്‍ത്ത് മനുഷ്യര്‍ക്കിടയില്‍ സമാനതകളില്ലാത്ത വിധം അക്രമം അഴിച്ചുവിടുന്നതാണ്. പിന്നീട് അന്ത്യദിനം സംഭവിക്കുകയും അവരെ അല്ലാഹു വിചാരണക്കായി ഒരുമിച്ച് കൂട്ടുകയും ചെയ്യുന്നതാണ്.

യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍ ആരായിരുന്നു, അവര്‍ ഏത് പ്രദേശക്കാരായിരുന്നു, അവര്‍  ഇറങ്ങി വന്നിരുന്ന ആ മലഞ്ചെരുവ് ഏതായിരുന്നു, അവരുടെ കൊടിയ പീഡനത്തിന് ഇരയായ ആ ജനങ്ങള്‍ എവിടത്തുകാരായിരുന്നു, പീഡിതരായ ആ ജനതക്ക് മോചകനായി വന്ന ദുല്‍ക്വര്‍നയ്ന്‍ ഏത് കാലക്കാരനായിരുന്നു എന്നീ കാര്യങ്ങളിലെല്ലാം മുഫസ്സിറുകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. പ്രമാണങ്ങളില്‍ വിവരിക്കപ്പെടാത്തതിനാല്‍ ആരുടെ അഭിപ്രായത്തെയും ശരിപ്പെടുത്താന്‍ നമുക്ക് നിര്‍വാഹമില്ല. അവര്‍ (യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍) മങ്കോളികളാണെന്നും താര്‍ത്താരികളാണെന്നും എല്ലാം അഭിപ്രായപ്പെട്ടത് കാണാന്‍ കഴിയും. അവര്‍ ഇറങ്ങിവന്ന മലഞ്ചെരുവ് കൊക്കേഷ്യയിലെ ദാരിയാല്‍ ചുരമാണെന്നും അവിടെയുള്ള ഇരുമ്പ് മലയാണ് ക്വുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ള ആ മല എന്നും സൈറസ് രാജാവാണ് ദുല്‍ക്വര്‍നയ്ന്‍ എന്നും അഭിപ്രായങ്ങളുണ്ട്.

അന്ത്യനാളിന് മുന്നോടിയായി അവര്‍ വരുന്ന രംഗം അല്ലാഹു നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. യഅ്ജൂജ്,മഅ്ജൂജ് വിഭാഗക്കാരെ പറ്റി ക്വുര്‍ആന്‍ രണ്ടിടത്ത് വിവരിച്ചതിലും നമുക്ക് അത് കാണാം.

മസീഹുദ്ദജ്ജാലിനെ ഈസാ നബികൊന്നതിന് ശേഷം, ഈസാ(അ) ജീവിച്ചിരിക്കുന്ന കാലത്ത് തന്നെയാണ് യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍ ഇനി വരിക. അവര്‍ വന്നതിന് ശേഷം മനുഷ്യര്‍ക്കിടയില്‍ ധാരാളം കുഴപ്പങ്ങളും അക്രമങ്ങളും ഉണ്ടാക്കുന്നതാണ്. അപ്പോളുള്ള അവരുടെ രൂപത്തെക്കുറിച്ച് നബി ﷺ  നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. വട്ടത്തിലുള്ള പരന്ന മുഖവും കുറിയ കണ്ണുകളും ആയിരിക്കും അവര്‍ക്കുണ്ടാകുക. അവരുടെ മുടി ചുവപ്പു നിറമുള്ളതോ ചെമ്പിച്ചതോ ആയിരിക്കും. അവരുടെ എണ്ണം ധാരാളമായിരിക്കും.

അവര്‍ വന്നതിന് ശേഷം പ്രസിദ്ധമായ നദികളിലെ വെള്ളം കുടിച്ച് തീര്‍ക്കുന്നതാണ്. ഇതും അവരുടെ എണ്ണത്തിന്റെ ആധിക്യം നമുക്ക് അറിയിച്ച് തരുന്നുണ്ട്.

അവര്‍ വരുന്ന സമയത്ത് ഈസാ നബി(അ)യുടെ കൂടെ വിശ്വാസികള്‍ ഉണ്ടാകുന്നതാണ്. യുദ്ധം ചെയ്ത് തോല്‍പിക്കാന്‍ സാധിക്കാത്ത ഒരു വന്‍ശക്തി ഇറങ്ങിപ്പുറപ്പെടാന്‍ പോകുന്ന വിവരം അല്ലാഹു ഈസാ നബി(അ)ക്ക് അറിയിച്ചുകൊടുക്കും. അതിനാല്‍ തന്റെ അടിമകളെയും കൂട്ടി ത്വൂര്‍ പര്‍വതത്തിലേക്ക് പുറപ്പെടാന്‍ അല്ലാഹു ഈസാ നബി(അ)യോട് കല്‍പിക്കും. ഈസാ(അ) അപ്രകാരം ചെയ്യും. അപ്പോഴാണ് യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍ ആ മതില്‍ തകര്‍ത്ത് തുടരെത്തുടരെയായി ഇരച്ച് പുറത്ത് കടക്കുക. ധാരാളം വെള്ളമുള്ള ത്വബ്‌രിയ്യ തടാകത്തിന്റെ അരികിലൂടെ യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാരിലെ ആദ്യ നിര നടന്ന് പോകും. അവര്‍ ആ തടാകത്തിലെ വെള്ളം കുടിച്ച് തീര്‍ക്കുകയും ചെയ്യും. നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത അത്ര എണ്ണം അവര്‍ ഉണ്ടായിരിക്കും എന്ന് വ്യക്തം!

ഈസാ(അ)യും വിശ്വാസികളും പ്രത്യേകമായ ഒരു സാഹചര്യത്തില്‍ ആയിത്തീരും. യഅ്ജൂജ്, മഅ്ജൂജ് വിഭാഗം ഈസാ നബി(അ)യെയും വിശ്വാസികളെയും വലയം ചെയ്യും. അവരില്‍ നിന്ന് ഈസാ നബി(അ)ക്കും വിശ്വാസികള്‍ക്കും രക്ഷപ്പെടാന്‍ സാധിക്കുകയില്ല. അങ്ങനെ അവര്‍ക്ക് കടുത്ത ക്ഷാമം നേരിടും. ഈസാ നബി(അ)യും വിശ്വാസികളും അവരുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാനായി മലയിടുക്കുകളിലും മറ്റും അഭയം തേടാന്‍ ശ്രമിക്കും. അവര്‍ അല്ലാഹുവിനോട് രക്ഷക്കായി പ്രാര്‍ഥിക്കും. അല്ലാഹു അവരുടെ പ്രാര്‍ഥന സ്വീകരിക്കുകയും ചെയ്യും. ശേഷം ആ ദുഷ്ടന്മാരുടെ പിരടികളില്‍ ഒരു തരം പുഴുക്കള്‍ പ്രത്യക്ഷപ്പെടുന്നതാണ്. അത് ബാധിച്ചതിന് ശേഷം അവര്‍ എല്ലാവരും നശിക്കുകയും ചെയ്യും.

പര്‍വതനിരകളില്‍ അഭയം തേടിയിട്ടുള്ള ഈസാ നബി(അ)യും വിശ്വാസികളും അവിടെ നിന്നും താഴേക്ക് ഇറങ്ങി വരും. അപ്പോള്‍ യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാരുടെ ശവശരീരങ്ങളുടെ എണ്ണം കൊണ്ട് അവര്‍ക്ക് ഭൂമിയില്‍ നടക്കാന്‍ പോലും സാധിക്കുകയില്ല. അങ്ങനെ ഈസാ നബി(അ)യും വിശ്വാസികളും അല്ലാഹുവിനോട് പ്രാര്‍ഥിക്കും. അപ്പോള്‍ അല്ലാഹു ചില പക്ഷികളെ ഇറക്കും. അവ ആ ശവശരീരങ്ങള്‍ കൊത്തിവലിച്ച് കൊണ്ടുപോകുന്നതാണ്. പിന്നീട് ഒരു മഴ വര്‍ഷിക്കും. അത്മുഖേന ഭൂമി വൃത്തിയാകുകയും ചെയ്യും. അവര്‍ക്ക് ജീവിക്കുവാന്‍ യോഗ്യമായ രൂപത്തില്‍ ഭൂമി മാറ്റപ്പെടുന്നതാണ്.

യഅ്ജൂജ്, മഅ്ജൂജിന്റെ നാശത്തിന് ശേഷം ഈസാ(അ) തന്റെ ദൗത്യം പൂര്‍ത്തിയാക്കുകയാണ്. ഭൂമിയില്‍ നീതിപൂര്‍വം ഭരണം നടത്തുകയും കുരിശുകള്‍ തകര്‍ക്കുകയും പന്നികളെ കൊന്നുകളയുകയും കരം നിര്‍ത്തലാക്കുകയും ചെയ്യും.

ആ കാലം സമ്പന്നതകൊണ്ട് അനുഗൃഹീതമായിരിക്കും. ആളുകള്‍ക്ക് സമ്പത്ത് ആവശ്യമില്ലാത്ത ഒരു കാലമായിരിക്കും അത്. പകയോ വിദ്വേഷമോ അസൂയയോ ഇല്ലാത്ത ഒറ്റ മനസ്സോടെയായിരിക്കും അന്നത്തെ ജനങ്ങള്‍.

അന്ത്യസമയം അടുത്തിരിക്കുന്നു എന്നത് അവര്‍ക്ക് നന്നായി ബോധ്യപ്പെടുന്ന സമയമാണ് അത്. കാരണം, അടയാളങ്ങള്‍ ഓരോന്നും അവര്‍ കണ്ടും അനുഭവിച്ചും കഴിഞ്ഞു. അതിനാല്‍ ഭൂമിയിലുള്ള എല്ലാത്തിനെക്കാളും വലുത് ഒരു സുജൂദാണ് എന്ന അവസ്ഥയിലേക്ക് അവര്‍ മാറും. പരലോകത്തേക്ക് അവര്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നതാണ്.

ഈസാ(അ) ഇറങ്ങിവന്നതിന് ശേഷം നാല്‍പത് കൊല്ലം ഭൂമിയില്‍ ജീവിക്കും. ശേഷം അദ്ദേഹം മരണപ്പെടുകയും അന്ന് ജീവിച്ചിരിപ്പുള്ള വിശ്വാസികള്‍ അദ്ദേഹത്തിന്റെ ജനാസ നമസ്‌കാരത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നതാണ്. എവിടെയായിരിക്കും ഈസാ നബി(അ)യുടെ ക്വബ്ര്‍ ഉണ്ടാകുക എന്നത് സ്വീകാര്യമായ ഹദീസുകളില്‍ വന്നിട്ടില്ല. നബി ﷺ യുടെയും അബൂബകര്‍(റ)വിന്റെ ഉമര്‍(റ)വിന്റെയും അടുത്തായിരിക്കും ഈസാ നബി(അ)യുടെ ക്വബ്ര്‍ ഉണ്ടാകുക എന്ന് ദുര്‍ബലമായ റിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ട്.

ഈസാ നബി(അ) മരണത്തിന് മുമ്പ് നബി ﷺ  പഠിപ്പിച്ചത് പ്രകാരം ഒരു ഹജ്ജും ഉംറയും നിര്‍വഹിക്കുന്നതാണ് എന്ന് നബി ﷺ  നമ്മെ അറിയിച്ചിട്ടുണ്ട്.

 

സുവിശേഷങ്ങളിലെ ദുരാരോപണങ്ങള്‍

തങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് മഹാന്മാരെ ചിത്രീകരിക്കുന്ന പ്രവണത യഹൂദ റബ്ബിമാരില്‍ നിന്ന് സുവിശേഷ നിര്‍മാതാക്കളിലേക്ക് പകര്‍ന്നതായി കാണാന്‍ കഴിയും.

ഇസ്രാഈലിന്റെ രക്ഷകനായി ക്രിസ്തുവിനെ അവതരിപ്പിക്കുന്ന സുവിശേഷങ്ങള്‍, പക്ഷേ, ഒരു മാതൃകാ വ്യക്തിത്വത്തിന് ഉണ്ടായിരിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ അദ്ദേഹത്തില്‍ ആരോപിച്ചിട്ടുണ്ട്.

സ്വന്തം മാതാവിനെ 'സ്ത്രീ'യെന്ന് അഭിസംബോധന ചെയ്തയാളായിട്ടാണ് ഈസാ നബിയെ സുവിശേഷം പഠിപ്പിക്കുന്നത്. ഗലീലിയയിലെ കല്യാണ വിരുന്നില്‍ വെച്ച് ക്രിസ്തു തന്നെ നൊന്തു പ്രസവിച്ച മാതാവായ മറിയയോട് പറയുന്നതായി ഇപ്രകാരം കാണാം: 'സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല' (യോഹന്നാന്‍ 2:5).

കാനായിലെ കല്യാണ വിരുന്നില്‍ വെച്ച് പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റി (യോഹന്നാന്‍2:9) എന്നും 'ഹേ അണലി സന്തതികളേ...' (മത്തായി 12:34) എന്ന് വിളിച്ച് മോശമായി ജനങ്ങളെ അഭിസംബോധന ചെയ്തു എന്നും കാണാം. ആളുകളെ ചാട്ട കൊണ്ടടിച്ച് പുറത്താക്കിയ (യോഹന്നാന്‍ 2:1317) ക്ഷിപ്രകോപിയായും പരിചയപ്പെടുത്തുന്നു. ഒരു യാത്രാമധ്യെ യേശുവിന് വിശന്നപ്പോള്‍ ദൂരെ കണ്ട ഇലകള്‍ നിറഞ്ഞ ഒരു അത്തിമരത്തിനടുത്തേക്ക് അത്തിപ്പഴം തിന്നാനായി അദ്ദേഹം ചെന്നു. അത് അത്തിപ്പഴമുണ്ടാകുന്ന കാലമല്ലാത്തതിനാല്‍ അതിന്മേല്‍ ഇലകളല്ലാതെ അദ്ദേഹം മറ്റൊന്നും കണ്ടില്ല. ഉടന്‍ തന്നെ കോപിഷ്ഠനായി അദ്ദേഹം പറഞ്ഞു: 'ആരും  ഒരിക്കലും നിന്റെ ഫലം ഭക്ഷിക്കാതിരിക്കട്ട' (മാര്‍ക്കോസ് 11:14). തല്‍ക്ഷണം ആ അത്തിമരം വാടിക്കരിഞ്ഞുപോയത്രെ. ഇങ്ങനെ ബൈബിള്‍ പരിചയപ്പെടുത്തുമ്പോള്‍ ക്രിസ്തുവില്‍ നല്ല മാതൃകയാണോ ചീത്ത മാതൃകയാണോ നമുക്ക് കാണാന്‍ കഴിയുക?!

പ്രവാചകന്മാരെ ആദരിക്കേണ്ടത് പോലെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. അവരുടെ ജീവിത മാര്‍ഗമാണ് നാം പിന്തുടരേണ്ടത്.