ക്രൂശീകരണം: വസ്തുതയെന്ത്?

ഹുസൈന്‍ സലഫി, ഷാര്‍ജ

2019 ഏപ്രില്‍ 13 1440 ശഅബാന്‍ 08

(ഈസാ നബി(അ): 6)

യേശുവിന്റെ കാലത്ത് എല്ലാവരും ഭയത്തോടും വെറുപ്പോടും കൂടി വീക്ഷിച്ചിരുന്ന ഒരു പീഡനോപകരണം മാത്രമായിരുന്നു കുരിശ്. കാരണം അവരുടെ വിശ്വാസപ്രകാരം യേശുവിനെ കുരിശില്‍ തറച്ചാണല്ലോ കൊന്നത്. (അധികാരി വര്‍ഗത്തിനിഷ്ടമില്ലാത്ത എത്രയോ നിരപരാധികളും പാവങ്ങളും മുന്‍ കാലഘട്ടങ്ങളില്‍ വിവിധ രാജ്യങ്ങളിലായി ക്രൂശിക്കപ്പെട്ടിട്ടുണ്ട്). എന്നിട്ടും യേശുവിനോടുള്ള സ്‌നേഹവും ബന്ധവും സൂചിപ്പിക്കാനാണ് കുരിശിനെ തിരഞ്ഞെടുത്തതെങ്കില്‍ അതൊരു വിരോധാഭാസമായിപ്പോയി എന്ന് വേണം പറയാന്‍. ക്രിസ്തു വിരുദ്ധര്‍ തിരഞ്ഞെടുക്കേണ്ടിയിരുന്ന ആ ചിഹ്നം ക്രിസ്തു സ്‌നേഹികള്‍ ആദരപൂര്‍വം ഉയര്‍ത്തിപ്പിടിക്കാനും ചുമലിലേന്തി നടക്കാനും ഇടയായത് അവരും ക്രിസ്തുവുമായുള്ള അകലം സൂചിപ്പിക്കുന്നു.

കുരിശാരോഹണം ഒരു കെട്ടുകഥ മാത്രം

ഈസാ നബി(അ)യെ ക്രൂശിച്ചു എന്ന് പറയുന്ന സംഭവം ഒരു കെട്ടുകഥയാണ്. അതിന് യാതൊരു തെളിവുമില്ല.

''അല്ലാഹുവിന്റെ ദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു). വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷേ, (യാഥാര്‍ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു'' (ക്വുര്‍ആന്‍ 4:157,158).

യേശുവിനെ തങ്ങള്‍ ക്രൂശിച്ച് കൊന്നു എന്നത് യഹൂദികളുടെ കേവലം അവകാശവാദം മാത്രമാകുന്നു. അവര്‍ക്ക് അദ്ദേഹത്തെ കൊല്ലാനോ ക്രൂശിക്കാനോ സാധിച്ചിട്ടില്ല. എന്താണ് സംഭവിച്ചത് എന്ന് അവര്‍ക്ക് തന്നെ വ്യക്തതയില്ലാത്ത രൂപത്തില്‍ യാഥാര്‍ഥ്യം തിരിച്ചറിയാതാവുകയാണ് ചെയ്തത്. കുരിശുമരണത്തെ സംബന്ധിച്ച് ധാരാളം അഭിപ്രായ വ്യത്യാസങ്ങള്‍ അവര്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുകയാണ്. യേശു കുരിശിലേറിയെങ്കിലും മരിക്കുന്നതിന് മുമ്പ് താഴെ ഇറങ്ങി എന്ന് പറയുന്ന ചിലരുണ്ട്. ഇറങ്ങിയിട്ടില്ല, അതില്‍ വെച്ച് തന്നെ മരണപ്പെട്ടു എന്ന് മറ്റു ചിലരും പറയുന്നു. കുരിശില്‍ വെച്ച് മരിച്ചിട്ടുമില്ല, താഴേക്ക് ഇറക്കിയിട്ടുമില്ല, നേരെ മുകളിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തതെന്ന് മറ്റു ചിലരും. കുരിശിലേറിയ പിറ്റേ നാള്‍ ശവക്കല്ലറയില്‍ വെച്ച് അദ്ദേഹത്തെ കണ്ടെന്നും കണ്ടില്ലെന്നും പറയുന്നവരുണ്ട്. ഇത്തരം വൈരുധ്യങ്ങള്‍ നിറഞ്ഞ ധാരാളം അഭിപ്രായങ്ങളിലാണ് അവരുള്ളത്. തെളിവില്ലാതെ, ഊഹത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അവര്‍ ഇതെല്ലാം പറയുന്നതും. ഈ വിഷയത്തില്‍ ഖണ്ഡിതമായിട്ട് ക്വുര്‍ആന്‍ മാത്രമാണ് വിവരങ്ങള്‍ നല്‍കുന്നത്. ഉറപ്പായിട്ടും അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ലെന്നും അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തുകയാണ് ചെയ്തത് എന്നും ക്വുര്‍ആന്‍ പറയുന്നു.

ഈസാ നബി(അ)യെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തി. (അല്ലാഹു ഉപരിലോകത്താണ് ഉള്ളത് എന്നതിന് ഈ പരാമര്‍ശവും തെളിവാണ്). അതിനെക്കുറിച്ചുള്ള വിശദവിവരം അല്ലാഹു നമുക്ക് വ്യക്തമാക്കിത്തരാത്തതിനാല്‍ അതിനെ സംബന്ധിച്ചുള്ള ചര്‍ച്ച അപ്രസക്തമാണ്. ഈസാ(അ) ഭൂമിയിലേക്ക് രണ്ടാമതും വരും. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശേഷം നമുക്ക് വിശദീകരിക്കാം.

എ.ഡി 325ല്‍ മുപ്പതോളം സുവിശേഷങ്ങള്‍ നിലവിലുണ്ടായിരുന്നു. അതില്‍ നാലെണ്ണം മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. യോഹന്നാന്റെ സുവിശേഷം, ലൂക്കോസിന്റെ സുവിശേഷം, മത്തായിയുടെസുവിശേഷം, മാര്‍കോസിന്റെ സുവിശേഷം എന്നിവയാണ് അവ. ബാക്കി വന്നവയെല്ലാം അവര്‍ ചുട്ട് കരിക്കുകയാണ് ഉണ്ടായത്. കുരിശുമരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വൈരുധ്യം തന്നെ കാരണം. എന്നിട്ടും നിലവിലെ സുവിശേഷങ്ങളും വൈരുധ്യങ്ങളില്‍ നിന്ന് മുക്തമല്ല എന്നതാണ് യാഥാര്‍ഥ്യം. അന്ത്യഅത്താഴം, കുരിശിലേറും മുമ്പെയുള്ള വിചാരണ, കുരിശിലെ സ്ഥിതി, വിലാപം, കല്ലറയില്‍ കാണാതായത്, ഉയിര്‍ത്തെഴുന്നേല്‍പ് തുടങ്ങിയ കാര്യങ്ങളില്‍ പരസ്പര വിരുദ്ധമായ വിവരണങ്ങളാണ് നിലവിലുള്ള സുവിശേഷങ്ങളിലും ഉള്ളത്.

യേശുവിന്റെ കാലത്ത് അദ്ദേഹത്തിന് ശിഷ്യപ്പെടാതിരിക്കുകയും കടുത്ത ശത്രുത വെച്ചുപുലര്‍ത്തുകയും ചെയ്ത സെന്റ് പോള്‍ (അഥവാ സെന്റ് പൗലോസ്) എന്ന ആള്‍ യേശുവിന്റെ കാല ശേഷം അദ്ദേഹത്തിന്റെ അനുയായി ആയിക്കൊണ്ട് പ്രത്യക്ഷപ്പെടുകയും ഇന്ന് ക്രൈസ്തവര്‍ക്കിടയില്‍ നിലവിലുള്ള, യേശുവിന്റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ ചില വിശ്വാസങ്ങള്‍ പഠിപ്പിക്കുകയുമാണുണ്ടായത്. യഥാര്‍ഥത്തില്‍ ഇത് ക്രിസ്തുവിന്റെ മതമല്ല, പൗലോസിന്റെ മതമാണ്.

താന്‍ ഒരു ദിവസം നടന്ന് പോകവെ, യേശു തന്നെ വിളിച്ച് നീ എന്റെ യഥാര്‍ഥ ശിഷ്യനാണെന്ന് പറഞ്ഞു, തനിക്ക് യേശുവിന്റെ വെളിപാട് ഉണ്ടായിരിക്കുന്നു എന്നെല്ലാം പറഞ്ഞ് അയാള്‍ ക്രിസ്തു മതത്തിലേക്ക് രംഗപ്രവേശനം നടത്തി.

ഈസാ നബി(അ) പഠിപ്പിച്ച സത്യമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ വ്യതിചലിപ്പിക്കാനായി പല രൂപത്തിലുള്ള വികല വിശ്വാസങ്ങളും പൗലോസ് കൊണ്ടുവന്നു. തന്റെ ലക്ഷ്യം അദ്ദേഹം നേടിയെടുക്കുകയും ചെയ്തു.

ഈസാ നബി(അ)യുടെ ആദര്‍ശം തകര്‍ക്കാന്‍ സെന്റ് പോള്‍ രംഗപ്രവേശനം ചെയ്തത് പോലെ മുഹമ്മദ് നബി ﷺ  യുടെ സമുദായത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടി മുസ്‌ലിം വേഷത്തില്‍ രംഗത്ത് വന്ന ജൂത ചാരനാണ് അബ്ദുല്ലാഹിബ്‌നു സബഅ്.

ഈസാ നബി(അ)യെ സംബന്ധിച്ച് കളവ് പറഞ്ഞവരെ പറ്റി അല്ലാഹു പറയുന്നത് കാണുക:

''മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; ഇസ്‌റാഈല്‍ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല എന്നാണ.്അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും. ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണം കഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നതെന്ന്. (നബിയേ,) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്‍ക്ക്  ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 5:72-76)

ക്രിസ്ത്യാനികള്‍ ഈസാ നബി(അ)യെ ദൈവമായി പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. അതു കാരണത്താല്‍ അവര്‍ സത്യനിഷേധികളായിത്തീരുകയാണ് ചെയ്തത്. യഥാര്‍ഥത്തില്‍ ഈസാ നബി(അ) 'എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കരുത്. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവര്‍ക്ക് സ്വര്‍ഗം നിഷിദ്ധവും  നരകം ഉറപ്പും ആണ്' എന്നാണ് ഇസ്‌റാഈല്യരെ ഉദ്‌ബോധിപ്പിച്ചത്.

പില്‍ക്കാലക്കാര്‍ വേദപുസ്തകത്തെ പല വിധത്തിലുള്ള മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാക്കിയെങ്കിലും പല സത്യങ്ങളും അതിലുണ്ടെന്ന് നാം സൂചിപ്പിച്ചുവല്ലോ. എല്ലാറ്റിലും പ്രധാനപ്പെട്ട കല്‍പന ഏതാണെന്ന ചോദ്യത്തിന് യേശു നല്‍കിയ മറുപടിയായി മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഇപ്രകാരം കാണാം: ''ഇതാണ് ഒന്നാമത്തെ കല്‍പന, ഇസ്രാഈലേ കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്. നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ ആത്മാവോടും പൂര്‍ണ മനസ്സോടും പൂര്‍ണ ശക്തിയോടും കൂടെ സ്‌നേഹിക്കുക'' (മാര്‍ക്കോസ് 12:29,30).

പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു പേരും ചേര്‍ന്നതാണത്രെ ദൈവം! ഈ സിദ്ധാന്തത്തിനാണ് ത്രിയേകത്വം എന്ന് ഇവര്‍ പേര് പറയുന്നത്. മൂന്ന് സ്വതന്ത്ര അസ്തിത്വം ചേര്‍ന്ന ഏകദൈവം! ബുദ്ധി കൊണ്ടോ പ്രമാണം കൊണ്ടോ ഉള്‍ക്കൊള്ളാനും തെളിയിക്കാനും സാധിക്കാത്ത ഈ സിദ്ധാന്തത്തിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ക്രൈസ്തവ പണ്ഡിതര്‍ക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ത്രിയേകത്വ ദൈവസങ്കല്‍പത്തിന്റെ പൊരുള്‍ ഈ ജീവിതത്തില്‍ മനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതല്ലെന്ന് തുറന്ന് സമ്മതിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.

ഈസാ നബി(അ) എല്ലാ പ്രവാചകന്മാരെയും പോലെ ഒരു പ്രവാചകന്‍ മാത്രമാണ്. അദ്ദേഹം ദൈവമോ ദൈവത്തിന്റെ പുത്രനോ അല്ല. ഇവരും ഭക്ഷണം കഴിക്കുന്നവരായിരുന്നു. അവര്‍ക്ക് അല്ലാഹു കൊടുത്തിട്ടുള്ള സ്ഥാനത്തിനപ്പുറത്തേക്ക് അവരെ ഉയര്‍ത്തിപ്പറയാന്‍ നമുക്ക് പാടില്ല. അത് വിശ്വാസ തകര്‍ച്ചയിലേക്കാണ് എത്തിക്കുക. അതാണ് ജൂത-െ്രെകസ്തവര്‍ക്ക് സംഭവിച്ചത്.

ഈസാ നബി(അ)യോടും മാതാവ് മര്‍യമിനോടും പ്രാര്‍ഥിക്കുന്നവരാണല്ലോ ക്രൈസ്തവര്‍. യേശുവും മര്‍യമും സംസാരിച്ച ഭാഷ പോലും ഇന്ന് നിലവിലില്ല. അവരാകട്ടെ, ഇന്നുള്ള ഇംഗ്ലീഷോ ഹിന്ദിയോ മലയാളമോ ഒന്നും അറിയാത്തവരുമായിരുന്നു. പിന്നെ, അവര്‍ എങ്ങനെ ഈ ഭാഷകളിലുള്ള പ്രാര്‍ഥനകള്‍ കേട്ട് മനസ്സിലാക്കും? എങ്ങനെ ഉപകാരം ചെയ്യും? 

ഈസാ നബി(അ)യും മാതാവും എല്ലാ മനുഷ്യരെയും പോലെ വിശപ്പ്, ദാഹം, ശ്വസനം, ഉറക്കം, സന്തോഷം, സന്താപം പോലെയുള്ള മനുഷ്യ പ്രകൃതങ്ങളായ എല്ലാ കാര്യങ്ങളും ഉള്ളവരായിരുന്നു.

മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായ ബൈബിളില്‍ പോലും ഇതിന് ഉപോല്‍ബലകമായ തെളിവുകള്‍ കാണാം.

അബ്രഹാമിന്റെയും ദാവീദിന്റെയും പുത്ര പരമ്പരയില്‍ യേശു ജനിക്കുന്നു (ലൂക്കോസ് 2:21).

യേശു മുലകുടിക്കുന്നു (ലൂക്കോസ്11:27).

യേശു കഴുതപ്പുറത്ത് യാത്ര ചെയ്യുന്നു (മത്തായി 21:5).

യേശു ഭക്ഷണവും പാനീയവും ഉപയോഗിക്കുന്നു (മത്തായി 11:19).

യേശു വസ്ത്രമുപയോഗിക്കുന്നു (യോഹന്നാന്‍19:23).

യേശുവിന് വളര്‍ച്ചക്കനുസരിച്ച് ജ്ഞാനം വര്‍ധിക്കുന്നു (ലൂക്കോസ് 21:40).

യേശുവിന് സ്വമേധയാ ഒന്നും ചെയ്യാന്‍ കഴിയില്ല (യോഹന്നാന്‍ 5:30).

യേശുവിന് അത്തിമരത്തിന്റെ ഫലദായക സമയം എപ്പോഴാണെന്നറിയില്ല (മാര്‍ക്കോസ് 11:12).

യേശുവിന് വിശപ്പ് അനുഭവപ്പെടുന്നു (മാര്‍ക്കോസ് 11:12).

യേശുവിന് ദാഹം അനുഭവപ്പെടുന്നു (യോഹന്നാന്‍ 19:28).

യേശു ഉറങ്ങുന്നു (മത്തായി 8:24).

യേശു യാത്ര ചെയ്താല്‍ ക്ഷീണിക്കുന്നു (യോഹന്നാന്‍ 4:6).

യേശു അസ്വസ്ഥനായി നെടുവീര്‍പ്പിടുന്നു (യോഹന്നാന്‍ 11:33).

യേശു കരയുന്നു (യോഹന്നാന്‍ 11:35).

യേശു ദുഃഖിക്കുന്നു (മത്തായി 26:37).

യേശു യഹൂദന്മാരെ ഭയക്കുന്നു (യോഹന്നാന്‍ 18:12,13).

യേശു ഒറ്റുകൊടുക്കപ്പെടുന്നു (യോഹന്നാന്‍ 18:2).

യേശു ബന്ധിക്കപ്പെടുന്നു (യോഹന്നാന്‍ 18:12,13).

യേശു അപമാനിക്കപ്പെടുന്നു (മത്തായി 26:67).

യേശുവിന് അടികിട്ടുന്നു (യോഹന്നാന്‍ 18:12).

യേശു മരണത്തെ ഭയക്കുന്നു (മാര്‍ക്കോസ് 14:36).

യേശു ദൈവത്തോട് പ്രാര്‍ഥിക്കുന്നു (മത്തായി 26:42).

യേശു ദൈവമോ ദൈവപുത്രനോ അല്ലെന്ന് ഈ ഉദ്ധരണികള്‍ നോക്കുന്ന ആര്‍ക്കും മനസ്സിലാകും. അതെ, അദ്ദേഹം ഒരു പ്രവാചകന്‍ മാത്രമായിരുന്നു; മനുഷ്യനായ പ്രവാചകന്‍.

മുകളില്‍ പറഞ്ഞ, മനുഷ്യ പ്രകൃതിയിലെ ഗുണങ്ങളും ദൗര്‍ബല്യങ്ങളും ഈസാ(അ)ന് ഉണ്ടായിട്ടും അദ്ദേഹത്തെ ദൈവമായി ഗണിക്കുന്ന ക്രൈസ്തവ നടപടിയെ ക്വുര്‍ആന്‍ താക്കീത് ചെയ്യുന്നത് കാണുക:

''വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി. അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിന്റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല). അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില്‍ ആര്‍ വൈമനസ്യം കാണിക്കുകയും അഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്'' (4:171,172).