യഹ്‌യാ നബി(അ)

ഹുസൈന്‍ സലഫി, ഷാര്‍ജ

2019 ഫെബ്രുവരി 23 1440 ജുമാദല്‍ ആഖിര്‍ 18

(യഹ്‌യാ നബി(അ): 01)

സകരിയ്യാ നബി(അ)യുടെ നിരാശയില്ലാതെയുള്ള നിരന്തര പ്രാര്‍ഥനയുടെ ഫലമായി അല്ലാഹു ഒരു സന്താനത്തെ നല്‍കി. യഹ്‌യാ എന്ന പേരും അല്ലാഹു തന്നെ നല്‍കി. അദ്ദേഹത്തിന് ചെറുപ്രായത്തില്‍ തന്നെ പക്വത വന്നിരുന്നു എന്നും നുബുവ്വത്ത് (പ്രവാചകത്വം) ലഭിച്ചിരുന്നു എന്നുമാണ് അഭിപ്രായം.

സകരിയ്യാ നബി(അ)യുടെയും യഹ്‌യാ നബി(അ)യുടെയും മര്‍യം ബീവി(റ)യുടെയും ഈസാ നബി(അ)യുടെയും ചരിത്രം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. യഹ്‌യാ(അ)യോട് അല്ലാഹു കല്‍പിക്കുന്നു:

''ഹേ, യഹ്‌യാ! വേദഗ്രന്ഥം ബലമായി സ്വീകരിച്ച് കൊള്ളുക(എന്ന് നാം പറഞ്ഞു). കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന് നാം ജ്ഞാനം നല്‍കുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള അനുകമ്പയും പരിശുദ്ധിയും (നല്‍കി). അദ്ദേഹം ധര്‍മനിഷ്ഠയുള്ളവനുമായിരുന്നു. തന്റെ  മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നവനുമായിരുന്നു. നിഷ്ഠൂരനും അനുസരണം കെട്ടവനുമായിരുന്നില്ല. അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന് സമാധാനം'' (ക്വുര്‍ആന്‍ 19:12-15).

യഹ്‌യാ നബി(അ)യോട് അല്ലാഹു കിതാബ് (വേദഗ്രന്ഥം) മുറുകെ പിടിക്കുവാന്‍ കല്‍പിച്ചു. ഏതാണ് ആ ഗ്രന്ഥം? ആ കാലത്ത് നിലവിലുണ്ടായിരുന്ന വേദഗ്രന്ഥം മൂസാ(അ)ക്ക് നല്‍കപ്പെട്ട തൗറാത്ത് ആയിരുന്നു. തൗറാത്ത് മുറുകെ പിടിക്കുന്നതിനാണ് അല്ലാഹു അദ്ദേഹത്തോട് കല്‍പിച്ചത്.

കുട്ടിയായിരിക്കെ തന്നെ അദ്ദേഹത്തിന് അല്ലാഹു ജ്ഞാനം നല്‍കി എന്ന് പറഞ്ഞതിന് പണ്ഡിതന്മാര്‍ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട്. അത് നുബുവ്വത്താണെന്നും ചെറുപ്പത്തിലേ കാര്യങ്ങള്‍ തിരിച്ചറിയാനുള്ള പക്വതയാണെന്നും വേദഗ്രന്ഥത്തിലെ അറിവ് ഗ്രഹിക്കാനുള്ള കഴിവാണെന്നുമെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ അഭിപ്രായങ്ങളൊന്നും തന്നെ വിരുദ്ധമല്ല. എല്ലാം അദ്ദേഹത്തിന് അല്ലാഹു നല്‍കിയ പ്രത്യേകതകളെ ദേ്യാതിപ്പിക്കുന്ന വ്യാഖ്യാനങ്ങളാകുന്നു.

ദയയും അനുകമ്പയും പരിശുദ്ധിയുമെല്ലാം അല്ലാഹു അദ്ദേഹത്തിന് കനിഞ്ഞ് നല്‍കിയിരുന്നു. അദ്ദേഹം അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുകയും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുകയും ചെയ്യുന്ന മഹാനായിരുന്നു. ക്വുര്‍ആനിലൂടെ അല്ലാഹു പല നബിമാരുടെയും ചരിത്രം വിവരിക്കുമ്പോള്‍ അവര്‍ക്ക് അവരുടെ മാതാപിതാക്കളോടുണ്ടായിരുന്ന ബന്ധത്തെ സംബന്ധിച്ച് പറയുന്നത് കാണാന്‍ കഴിയും.

അനുസരണക്കേടോ കഠിന മനസ്സോ ഉള്ള ആളുമായിരുന്നില്ല യഹ്‌യാ നബി(അ). അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന് സമാധാനം ഉണ്ടായിരിക്കുന്നതാണ് എന്നും അല്ലാഹു നമ്മെ അറിയിക്കുന്നു, ഇതേ കാര്യം ഈസാ നബി(അ)യെ കുറിച്ചും അല്ലാഹു പറയുന്നുണ്ട്.

ഇമാം ഇബ്‌നു കഥീര്‍(റഹ്) തന്റെ ചരിത്ര ഗ്രന്ഥമായ 'അല്‍ബിദായഃ വന്നിഹായ'യില്‍ ഈ മൂന്ന് സമയത്തെ സംബന്ധിച്ചു വിവരിക്കുന്നത് കാണാന്‍ കഴിയും. അഥവാ, ജനന സമയം, മരണ സമയം, ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന സമയം. ഈ മൂന്ന് സമയവും ഒരു മനുഷ്യനെ സംബന്ധിച്ച് കഠിനമായതാണ്. ഈ മൂന്ന് സമയത്തും ഒരു വ്യക്തി തന്റെ നിലവിലെ അവസ്ഥയില്‍ നിന്ന് മറ്റൊരു ലോകത്തേക്ക് നീങ്ങുകയാണ്. ജനിക്കുന്ന ദിവസം മാതാവിന്റെ ഗര്‍ഭാശയമാകുന്ന ലോകത്ത് നിന്ന് ഈ ലോകത്തേക്ക് വരുന്ന സമയാണല്ലോ. ഇതുവരെ കഴിച്ചു കൂട്ടിയ ഇഹലോകത്തു നിന്ന് ബര്‍സഖ് ആകുന്ന ലോകത്തേക്ക് നീങ്ങുന്ന സമയമാണ് മരണ ദിവസം. പിന്നീട് ബര്‍സഖിയായ ജീവിതത്തിന് ശേഷം ശാശ്വതമായ ജീവിതത്തിലേക്ക് നീങ്ങുന്ന സമയമാണ് പുനരുത്ഥാന ദിവസം. ഈ മൂന്ന് സമയവും ഓരോരുത്തര്‍ക്കും നിര്‍ണായകമാണ്. ഒരു കുഞ്ഞ് ഭൂമിയിലേക്ക് പിറന്ന് വീഴുന്ന സമയത്ത് ഉറക്കെ കരയുന്നു. പിന്നീട് അല്ലാഹു നിശ്ചയിച്ച അവധി വരെ ഇഹലോകത്ത് ജീവിക്കും. പിന്നീട് എല്ലാം വിട്ട് ക്വബ്‌റിലേക്ക് പോകുമ്പോള്‍ നല്ലവരല്ലാത്തവരെല്ലാം നിലവിളിക്കുന്നതാണ്. അങ്ങനെ ബര്‍സഖില്‍ കുറെ കാലം കഴിച്ചു കൂട്ടുന്നു. പുനരുത്ഥാന നാളില്‍ സ്വര്‍ഗക്കാരനാണെങ്കില്‍ സന്തോഷത്താലും നരകക്കാരനാണെങ്കില്‍ വ്യസനത്താലും പുറത്ത് വരുന്നതാണ്. 

മുകളില്‍ വിവരിച്ച മൂന്ന് സന്ദര്‍ഭത്തിലും യഹ്‌യാ നബി(അ)ക്കും ഈസാ നബി(അ)ക്കും അല്ലാഹു രക്ഷ നല്‍കിയിട്ടുണ്ട്. ഈ മൂന്ന് സമയത്തെ പറ്റി ഒരു കവി പറഞ്ഞത് കാണുക: 

''മനുഷ്യാ, നിന്നെ നിന്റെ മാതാവ് പ്രവസവിച്ച സമയം നീ കരയുന്നവനായിരുന്നു. (അപ്പോള്‍) നിന്റെചുറ്റുമുള്ള ജനങ്ങള്‍ സന്തോഷത്താല്‍ ചിരിക്കുന്നവരുമായിരുന്നു. അതിനാല്‍ നീ മരിക്കുന്ന ദിവസത്തില്‍ അവര്‍ കരയുമ്പോള്‍ (നീ) സന്തോഷത്താല്‍ ചിരിക്കുന്നവനാകുന്നതിന് നിനക്ക് വേണ്ടി നീ പ്രവര്‍ത്തിക്കണം.''

അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരാണല്ലോ പ്രവാചകന്മാര്‍. അവരുടെ പ്രാര്‍ഥനകള്‍ക്ക് അല്ലാഹു ഉത്തരം നല്‍കിയതായി വിശുദ്ധ ക്വുര്‍ആനും ഹദീഥുകളും മനസ്സിലാക്കിത്തരുന്നു. എന്തു കൊണ്ടാണ് അല്ലാഹു അവരുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കിയത്? എന്തായിരുന്നു അവരുടെ പ്രത്യേകത? അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും അവര്‍(പ്രവാചകന്മാര്‍) ഉത്തമ കാര്യങ്ങള്‍ക്ക് ധൃതി കാണിക്കുകയും ആശിച്ചുകൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു'' (ക്വുര്‍ആന്‍ 21:90).

നന്മകള്‍ ചെയ്യുവാന്‍ അവസരം ലഭിക്കുമ്പോള്‍ പ്രവാചകന്മാര്‍ അതിന് മത്സരിക്കുന്നവരായിരുന്നു. ഒന്നും അവര്‍ പാഴാക്കിയില്ല. ഈ ഗുണം അവരുടെ പ്രാര്‍ഥനകള്‍ക്ക് ഉത്തരം ലഭിക്കുവാന്‍ കാരണമായിത്തീര്‍ന്നു. എന്നാല്‍ നമ്മുടെ കാര്യം നാമൊന്ന് ചിന്തിച്ചു നോക്കുക. പരലോകത്ത് പ്രതിഫലം ലഭിക്കുന്ന ഒരു കാര്യം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ നാമത് ഉപയോഗപ്പെടുത്താറുണ്ടോ? ജോലി, വിവാഹം, സല്‍ക്കാരം, അങ്ങനെയങ്ങനെ ഇഹലോകത്തിന്റെ കാര്യങ്ങളില്‍ മുഴുകുവാനും പരലോകത്ത് ഗുണം കിട്ടുന്ന കാര്യങ്ങളെ പിന്നീടാവാം എന്ന് കരുതി മാറ്റിവെക്കുകയുമല്ലേ പലരും ചെയ്യുന്നത്? പിന്നെ എങ്ങനെ അല്ലാഹു നമ്മുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കും?

യഹ്‌യാ നബി(അ)യുടെ പ്രബോധനം

അല്ലാഹു തന്നെ ഏല്‍പിച്ച ദൗത്യം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുന്നത് യഹ്‌യാ(അ) അതീവ ഗൗരവത്തോടെയാണ് കണ്ടിരുന്നത്. ഒരു ഹദീഥ് കാണുക:

നബിﷺ  പറഞ്ഞു: ''തീര്‍ച്ചയായും അല്ലാഹു യഹ്‌യബ്‌നു സകരിയ്യയോട് അഞ്ച് വചനങ്ങളെ കൊണ്ട് (അതു പ്രകാരം ചെയ്യാന്‍) കല്‍പിച്ചു;  ബനൂഇസ്‌റാഈല്യരോട് അതിനായി കല്‍പിക്കാനും നിര്‍ദേശിച്ചു.  അദ്ദേഹം അതില്‍ അല്‍പം താമസം കാണിച്ചു. അപ്പോള്‍ ഈസാ(അ) പറഞ്ഞു: 'തീര്‍ച്ചയായും അല്ലാഹു താങ്കളോട് അഞ്ച് വചനങ്ങള്‍ പ്രാവര്‍ത്തികമാക്കുവാനും ബനൂഇസ്‌റാഈല്യരോട് അത് പ്രാവര്‍ത്തികമാക്കുവാന്‍ നിര്‍ദേശിക്കുവാനും കല്‍പിക്കുകയുണ്ടായി. എന്നാല്‍ താങ്കള്‍ അവരോട് കല്‍പിക്കണോ അതോ ഞാന്‍ അവരോട് കല്‍പിക്കണോ?' അപ്പോള്‍ യഹ്‌യാ(അ) പറഞ്ഞു: 'താങ്കള്‍ അവകൊണ്ട് എന്നെ മുന്‍കടന്നാല്‍ ഞാന്‍ ഭൂമിയില്‍ ആഴ്ത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിനെ പറ്റി ഞാന്‍ പേടിക്കുന്നു.' അങ്ങനെ ജനങ്ങളെ അദ്ദേഹം ബൈതുല്‍ മക്വ്ദിസില്‍ ഒരുമിച്ചുകൂട്ടി. പള്ളി നിറഞ്ഞു. അവര്‍ ഒരു ഉയര്‍ന്ന സ്ഥലത്ത് ഇരുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: 'തീര്‍ച്ചയായും അല്ലാഹു എന്നോട് അഞ്ച് വചനങ്ങളെ കൊണ്ട് പ്രവര്‍ത്തിക്കുവാനും അവകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ നിങ്ങളോട് കല്‍പിക്കുവാനും എന്നോട് കല്‍പിക്കുകയുണ്ടായി. അവയില്‍ ആദ്യത്തേത്, നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനില്‍ യാതൊന്നും പങ്കുചേര്‍ക്കാതിരിക്കലുമാകുന്നു. തീര്‍ച്ചയായും അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവന്‍ ഒരുവനെപോലെയാകുന്നു; അയാള്‍ തന്റെ ധനത്തിലെ മുന്തിയതായ സ്വര്‍ണമോ വെള്ളിയോ കൊണ്ട് ഒരു അടിമയെ വാങ്ങി. എന്നിട്ട് അയാള്‍ പറഞ്ഞു: ഇതാണ് എന്റെ വീട്. ഇതാണ് എന്റെ ജോലി. അതിനാല്‍ നീ (ജോലി) ചെയ്യുകയും എനിക്കുള്ളത് നല്‍കുകയും ചെയ്യുക. അങ്ങനെ (അടിമ) ജോലി ചെയ്യും. യജമാനനല്ലാത്തവര്‍ക്ക് അടിമ നല്‍കുകയും ചെയ്യും. അങ്ങനെയുള്ള അയാളുടെ അടിമയെ നിങ്ങളില്‍ ആരെങ്കിലും തൃപ്തിപ്പെടുമോ? അല്ലാഹു നിങ്ങളോട് നമസ്‌കാരത്തെ കൊണ്ടും കല്‍പിക്കുന്നു. നിങ്ങള്‍ നമസ്‌കാരത്തിലായാല്‍ (നിങ്ങളുടെ മുഖത്തെ) തിരിക്കരുത്. തീര്‍ച്ചയായും അല്ലാഹു തന്റെ അടിമ നമസ്‌കാരത്തില്‍ തിരിഞ്ഞു നോക്കാത്തവനായിരിക്കുമ്പോള്‍ തന്റെ അടിമയുടെ മുഖത്തിന് നേരെ അവന്റെ മുഖത്തെയാക്കുന്നതാണ്. (അടുത്തതായി) ഞാന്‍ നിങ്ങളോട് നോമ്പ് കൊണ്ട് കല്‍പിക്കുന്നു. തീര്‍ച്ചയായും അതിന്റെ ഉപമ ഒരു ചെറിയ സംഘത്തില്‍ സഞ്ചിയില്‍ കസ്തൂരിയുമായി നടക്കുന്ന ഒരാളെ പൊലെയാകുന്നു. അങ്ങനെ അവര്‍ എല്ലാവരും (അതിനെ പറ്റി) ആശ്ചര്യപ്പെടുന്നു. അല്ലെങ്കില്‍ അതിന്റെ സുഗന്ധം അദ്ദേഹത്തെ (ആശ്ചര്യപ്പെടുത്തുന്നു). തീര്‍ച്ചയായും നോമ്പുകാരന്റെ (വായയുടെ) മണം അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയുടെ മണത്തെക്കാള്‍ സുഗന്ധമുള്ളതാകുന്നു. (അടുത്തതായി) നിങ്ങളോട് ഞാന്‍ സ്വദക്വഃയെ കൊണ്ടും കല്‍പിക്കുന്നു. തീര്‍ച്ചയായും അതിന്റെ ഉപമ ശത്രു ബന്ധനസ്ഥനാക്കിയ ഒരാളെ പോലെയാകുന്നു. എന്നിട്ട് അവര്‍ അയാളുടെ കൈകള്‍ അയാളുടെ പിരടിയിലേക്ക് ശക്തിയായി (കെട്ടി). (എന്നിട്ട്) അയാളുടെ പിരടി വെട്ടുന്നതിനായി അവര്‍ ചാടി വീണു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ നിങ്ങളില്‍ നിന്ന് (ഒരാള്‍ക്ക്) കുറച്ചായും ധാരാളമായും മോചനദ്രവ്യം നല്‍കാം. എന്നാല്‍ അവരില്‍ നിന്ന് എന്നെ നിങ്ങള്‍ മോചിപ്പിക്കുമോ? (പിന്നീട് പറഞ്ഞു:) നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കണമെന്നും ഞാന്‍ നിങ്ങളോട് കല്‍പിക്കുന്നു. തീര്‍ച്ചയായും അതിന്റെ ഉപമ ഒരാളെ പോലെയാകുന്നു. ശത്രു അയാളുടെ കാല്‍പാദങ്ങളെ പിന്തുടര്‍ന്ന് വേഗത്തില്‍ പുറപ്പെട്ടു. (അങ്ങനെ) അയാള്‍ ഒരു കോട്ടക്ക് അകത്ത് ഒളിച്ചു. അവരില്‍ (ശത്രുക്കളില്‍) നിന്ന് അയാളുടെ ശരീരത്തെ രക്ഷിച്ചു. അപ്രകാരം ഒരു അടിമ അല്ലാഹുവിനെ കൊണ്ടുള്ള സ്മരണകൊണ്ടല്ലാതെ പിശാചില്‍ നിന്നും അയാളുടെ ശരീരത്തെ രക്ഷിക്കുന്നില്ല...''(തിര്‍മിദി)

യഹ്‌യാ നബി(അ)യോട് അല്ലാഹു കല്‍പിച്ചതും അദ്ദേഹം ജനങ്ങളോട് കല്‍പിച്ചതുമായ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചുവല്ലോ. ആദ്യമായി അദ്ദേഹം കല്‍പിച്ചത് അല്ലാഹുവിനെ മാത്രം ആരാധിക്കുവാനാണ്. യജമാനന് വേണ്ടി അധ്വാനിക്കേണ്ടുന്നതിന് പകരം മറ്റൊരാള്‍ക്ക് വേണ്ടി അധ്വാനിക്കുന്നത് യജമാനനില്‍ വലിയ ക്രോധം ഉളവാക്കുമല്ലോ. നമ്മെ ഓരോരുത്തരെയും പടക്കുകയും നമുക്ക് ആവശ്യമായതെല്ലാം നല്‍കുകയും ചെയ്തത് ഏകദൈവമായ അല്ലാഹുവാണ്. അവന് മാത്രം ആരാധനകള്‍ അര്‍പ്പിക്കുന്നതിന് പകരം മറ്റുള്ളവരിലേക്ക് അത് തിരിച്ചുവിടുന്നത് അല്ലാഹുവിന്  കോപമുണ്ടാക്കുന്ന കാര്യമാണെന്നതില്‍ സംശയമില്ല. ചിന്തിപ്പിക്കുന്ന തരത്തില്‍ സോദാഹരണമാണ് ആദ്യമായി യഹ്‌യ(അ) ജനങ്ങളെ ഉപദേശിച്ചതും കല്‍പന നല്‍കിയതും.

രണ്ടാമത്തെ കല്‍പന നമസ്‌കാരത്തെക്കുറിച്ചായിരുന്നു. നമസ്‌കാരം എന്നത് അല്ലാഹുവുമായി അവന്റെ അടിമ നടത്തുന്ന രഹസ്യസംഭാഷണമാണ്. നമസ്‌കാരവേളയില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിയാവതല്ല. എങ്ങോട്ട് തിരിയാന്‍ കല്‍പിച്ചിട്ടുണ്ടോ അങ്ങോട്ടു തന്നെ തിരിഞ്ഞാകണം നമസ്‌കാരം നിര്‍വഹിക്കുന്നത്. ആത്മാര്‍ഥതയോടെ, അല്ലാഹുവിനോട് മുഖാമുഖം സംസാരിക്കുന്നു എന്ന ബോധത്തോടെയാണ് നമസ്‌കരിക്കേണ്ടത്. 

നമസ്‌കാരം എന്നത് മുന്‍കാലം മുതലേയുള്ള ഒരു ആരാധനയാണ്. പല നബിമാരുടെ ചരിത്രത്തിലും നമസ്‌കാരത്തെ പറ്റി വിവരിച്ചത് വായനക്കാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. യഹ്‌യാ നബി(അ)യുടെ കാലത്തും നമസ്‌കാരം ഉണ്ടായിരുന്നു എന്നത് ഈ വിവരണം നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്. എന്നാല്‍ അന്നത്തെ നമസ്‌കാരത്തിന്റെ രൂപം എങ്ങനെയായിരുന്നു എന്ന് പ്രമാണങ്ങളില്‍ വ്യക്തമാക്കുന്നില്ല. 

പിന്നീട് കല്‍പിച്ചത് നോമ്പിനെക്കുറിച്ചാണ്. നോമ്പുകാരന്റെ വായക്ക് വാസനയുണ്ടായിരിക്കുമല്ലോ. അത് അടുത്തു പെരുമാറുന്നവര്‍ക്ക് വിഷമം ഉണ്ടാക്കാനും സാധ്യത കൂടുതലാണ്. എന്നാല്‍ ആ മണം അല്ലാഹുവിങ്കല്‍ കസ്തൂരിയെക്കാള്‍ സുഗന്ധമുള്ളതാണെന്ന സന്തോഷവാര്‍ത്ത അദ്ദേഹം അല്ലാഹു അറിയിച്ചതനുസരിച്ച് ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നു. 

അടുത്ത കല്‍പന ദാനധര്‍മത്തെക്കുറിച്ചായിരുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അല്‍പമോ കൂടുതലോ ചെലവഴിക്കുന്നവര്‍ അവരുടെ ശരീരത്തെ നരകത്തില്‍ നിന്ന് അല്‍പാല്‍പമായി മോചിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന് ഒരു ഉദാഹരണം പറഞ്ഞു: ഒരാളെ ഒരു സംഘമാളുകള്‍ കൊല്ലാന്‍ തീരുമാനിച്ചു. മോചനദ്രവ്യം നല്‍കിയാല്‍ ആ കൊലയില്‍ നിന്ന് അയാള്‍ക്ക് രക്ഷപ്പെടാം എന്ന് അവര്‍ അറിയിക്കുകയും ചെയ്തു. അങ്ങനെ അയാള്‍ ആ മരണത്തില്‍ നിന്ന് രക്ഷപ്പെടാനായി മോചനദ്രവ്യം നല്‍കുന്നു. കൊലയില്‍ നിന്ന് രക്ഷ കിട്ടുന്നു. തന്റെ മരണത്തില്‍ നിന്ന്, അല്‍പമായും ധാരാളമായും ചെലവഴിക്കുന്നതിലൂടെ അയാള്‍ രക്ഷപ്പെടുന്നത് പോലെയാണ് നരകത്തില്‍ നിന്നും ദാനധര്‍മം വഴി ഒരാള്‍ക്ക് മോചനം ലഭിക്കുന്നത്.

അല്ലാഹുവിനെ ധാരാളം ഓര്‍ക്കണം എന്നതാണ് അവസാനത്തെ കല്‍പന. ശത്രുവില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്ത ഒരു കോട്ടയില്‍ ഒരാള്‍ അഭയം പ്രാപിച്ചാല്‍ അയാളുടെ ശരീരം എത്ര സുരക്ഷിതമാകുമോ, അതിലേറെ വലിയ കാര്യമാണ് അല്ലാഹുവിനെ ധാരാളം സ്മരിക്കുക എന്നത്. മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായ പിശാചില്‍ നിന്ന് രക്ഷനേടാന്‍ ദൈവസ്മരണയിലൂടെ സാധ്യമാകുന്നു. 

സകരിയ്യാ നബി(അ)യും മകനായ യഹ്‌യാ നബി(അ)യും കൊല്ലപ്പെടുകയാണുണ്ടായത് എന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുള്ളത്. പ്രവാചകന്മാരെ കൊന്നുകളയല്‍ ബനൂഇസ്‌റാഈല്യരുടെ പരമ്പരാഗത സ്വഭാവത്തില്‍ പെട്ടതായിരുന്നു. ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പലരും അതിന് ഉദാഹരണമായി ഈ രണ്ട് നബിമാരുടെ കാര്യമാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. എന്നാല്‍ അവരെ കൊലപ്പെടുത്തിയതിന് ഖണ്ഡിതമായ ഒരു തെളിവ് ഇല്ല എന്നാണ് ഇബ്‌നു കഥീര്‍(റഹ്) 'അല്‍ബിദായഃ വന്നിഹായഃ'യില്‍ പറയുന്നത്. (അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍).