ബില്‍ക്വീസ് രാജ്ഞി സുലൈമാന്‍ നബി(അ)യുടെ കൊട്ടാരത്തില്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2019 ജനുവരി 12 1440 ജുമാദല്‍ അവ്വല്‍ 06

(സുലൈമാന്‍ നബി(അ): 05)

ബില്‍ക്വീസ് രാജ്ഞി തന്റെ അടുക്കല്‍ വരുമ്പോള്‍, അവളുടെ ബുദ്ധിശക്തി പരീക്ഷിക്കണമെന്നും അല്ലാഹു തനിക്ക് നല്‍കിയിട്ടുള്ള പ്രവാചകത്വമടക്കമുള്ള വമ്പിച്ച അനുഗ്രഹങ്ങളിലേക്ക് അവളുടെ ശ്രദ്ധ തിരിക്കണമെന്നും സുലൈമാന്‍ നബി(അ) ഉദ്ദേശിച്ചു. അതിനായി, അവള്‍ക്ക് വേഗത്തില്‍ തിരിച്ചറിയാതിരിക്കത്തക്ക വണ്ണം സിംഹാസനത്തിന്റെ ബാഹ്യരൂപത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുവാന്‍ അദ്ദേഹം തന്റെ സേവകന്മാരോടാവശ്യപ്പെട്ടു.

ഒരു പക്ഷേ, പാരമ്പര്യമായി സ്വാഭാവികമായും ആ സിംഹാസനത്തില്‍ ഉണ്ടായേക്കാവുന്ന അനിസ്‌ലാമിക കലാവൈഭവത്തിന്റെ പ്രതീകങ്ങളായ വശങ്ങളില്‍ മാറ്റം വരുത്തുകയായിരിക്കും ചെയ്തിരിക്കുക. (അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍). അതു സംബന്ധമായി ക്വുര്‍ആന്‍ പറയുന്നത് കാണുക:

'''അദ്ദേഹം (സുലൈമാന്‍) പറഞ്ഞു: നിങ്ങള്‍ അവളുടെ സിംഹാസനം അവള്‍ക്ക് തിരിച്ചറിയാത്ത വിധത്തില്‍ മാറ്റുക. അവള്‍ യാഥാര്‍ഥ്യം  മനസ്സിലാക്കുമോ, അതല്ല അവള്‍ യാഥാര്‍ഥ്യം  കണ്ടെത്താത്തവരുടെ കൂട്ടത്തിലായിരിക്കുമോ എന്ന് നമുക്ക് നോക്കാം. അങ്ങനെ അവള്‍ വന്നപ്പോള്‍ (അവളോട്) ചോദിക്കപ്പെട്ടു: താങ്കളുടെ സിംഹാസനം ഇതുപോലെയാണോ? അവള്‍ പറഞ്ഞു: ഇത് അത് തന്നെയാണെന്ന് തോന്നുന്നു. ഇതിനു മുമ്പ് തന്നെ ഞങ്ങള്‍ക്ക്  അറിവ് നല്‍കപ്പെട്ടിരുന്നു. ഞങ്ങള്‍ മുസ്‌ലിംകളാവുകയും ചെയ്തിരുന്നു'' (27:41,42).

'ഇത് അത് തന്നെയാണെന്ന് തോന്നുന്നു' എന്നായിരുന്നു ബില്‍ക്വീസിന്റെ മറുപടി. സിംഹാസനം തന്റെത് തന്നെയാണെന്നോ അല്ലെന്നോ വ്യക്തമാക്കാത്ത, യുക്തിപൂര്‍വമുള്ള മറുപടി നല്‍കി.

അതോടൊപ്പം അല്ലാഹുവിന്റെ അപാരമായ ശക്തി, സുലൈമാന്‍ നബി(അ)യുടെ പ്രവാചകത്വം, അദ്ദേഹത്തിന് അല്ലാഹു കൊടുത്തനുഗ്രഹിച്ചിട്ടുള്ള വമ്പിച്ച അനുഗ്രഹങ്ങള്‍, അദ്ദേഹത്തിന്റെ ശക്തി, പ്രതാപം എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ ഇവിടെ എത്തിച്ചേരുന്നതിന് മുമ്പ് തന്നെ മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടെന്നും ഞങ്ങള്‍ ഞങ്ങളുടെ ബഹുദൈവ വിശ്വാസം ഉപേക്ഷിച്ച് മുസ്‌ലിംകളായി കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ അറിയിക്കുകയും ചെയ്തു. സുലൈമാന്‍ നബി(അ)യുടെ കത്തില്‍ നിന്നും സമ്മാനവുമായി അയക്കപ്പെട്ട ദൂതന്റെ നേരിട്ടുള്ള അനുഭവത്തില്‍ നിന്നും ഏറെക്കുറെ സ്ഥിതിഗതികള്‍ അവര്‍ക്ക് മുമ്പെ തന്നെ മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്.

മാറ്റംവരുത്തപ്പെട്ട സിംഹാസനം ചൂണ്ടി ഇത് തന്റെത് തന്നെയാണോ എന്ന ചോദ്യത്തിന് രാജ്ഞി  നല്‍കിയ മറുപടിയില്‍ നിന്ന് അവള്‍ ബുദ്ധിമതിയും സദ്‌വിചാരക്കാരിയുമാണെന്നും സുലൈമാന്‍ നബി(അ)ക്ക് വ്യക്തമായി. തുടര്‍ന്ന് അല്ലാഹു പറയുന്നു:

''അല്ലാഹുവിന് പുറമെ അവള്‍ ആരാധിച്ചിരുന്നതില്‍ നിന്ന് അദ്ദേഹം അവളെ തടയുകയും ചെയ്തു. തീര്‍ച്ചയായും അവള്‍ സത്യനിഷേധികളായ ജനതയില്‍ പെട്ടവളായിരുന്നു'' (27:43).

ബില്‍ക്വീസിനെ സ്വീകരിക്കുവാന്‍ സ്ഫടികം കൊണ്ടുള്ള ഒരു കൊട്ടാരം സുലൈമാന്‍(അ) തന്റെപട്ടാളത്തോട് നിര്‍മിക്കുവാന്‍ നിര്‍ദേശിച്ചിരുന്നു. ആ കൊട്ടാരം അതീവ സൗന്ദര്യമുള്ളതായിരുന്നു. അതിന്റെ അടിഭാഗത്ത് വെള്ളം നിറച്ച് അതില്‍ മത്സ്യങ്ങളും മറ്റും ഇട്ട് മീതെ സ്ഫടികം പാകിയിരുന്നു എന്ന് പറയപ്പെടുന്നു. 

''കൊട്ടാരത്തില്‍ പ്രവേശിച്ചു കൊള്ളുക എന്ന് അവളോട് പറയപ്പെട്ടു. എന്നാല്‍ അവളത് കണ്ടപ്പോള്‍ അതൊരു ജലാശയമാണെന്ന് വിചാരിക്കുകയും തന്റെ കണങ്കാലുകളില്‍ നിന്ന് വസ്ത്രം മേലോട്ട് നീക്കുകയും ചെയ്തു. സുലൈമാന്‍ പറഞ്ഞു: ഇത് സ്ഫടികക്കഷ്ണങ്ങള്‍ പാകിമിനുക്കിയ ഒരു കൊട്ടാരമാകുന്നു. അവള്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. ഞാനിതാ സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് കീഴ്‌പെട്ടിരിക്കുന്നു'' (ക്വുര്‍ആന്‍ 27:44).

സുലൈമാന്‍(അ) അവള്‍ക്കായി നിര്‍മിച്ച ആ കൊട്ടാരത്തിലേക്ക് അവള്‍ പ്രവേശിക്കുകയാണ്.  നിലത്ത് വെള്ളമാണെന്ന് അവള്‍ വിചാരിച്ചു. സ്വാഭാവികമായും ഒരാള്‍ വെള്ളമുള്ള സ്ഥലത്തിലൂടെ  നടക്കുമ്പോള്‍ വസ്ത്രം ഉയര്‍ത്തുമല്ലോ. അവള്‍ അപ്രകാരം ചെയ്തപ്പോള്‍ അവളോട് സുലൈമാന്‍(അ)'ഇത് സ്ഫടികക്കഷ്ണങ്ങള്‍ പാകിമിനുക്കിയ ഒരു കൊട്ടാരമാകുന്നു' എന്ന് പറഞ്ഞു. ഈ അത്ഭുതക്കാഴ്ചകള്‍ കണ്ട അവള്‍ തന്റെ വിശ്വാസം അവിടെ വെച്ച് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

 ഇതിന് ശേഷമുള്ള സംഭവങ്ങള്‍ അല്ലാഹു നമുക്ക് അറിയിച്ചു തന്നിട്ടില്ല. സുലൈമാന്‍(അ) അവളെ വിവാഹം ചെയ്തു എന്ന് പറയുന്നവരുണ്ട്. അതല്ല, അവളെ സബഇലേക്ക് തന്നെ തിരിച്ചയച്ചു എന്നും എന്നിട്ട് അവിടെ അവള്‍ ഇസ്‌ലാമിക ഗവണ്‍മെന്റ് സ്ഥാപിച്ചു എന്നെല്ലാം പറയുന്നവരുണ്ട്. അല്ലാഹു നമുക്ക് അതിനെ പറ്റി അറിയിച്ച് തരാത്തതിനാല്‍ നാം അതിന്റെ ചര്‍ച്ചകളിലേക്ക് പോകുന്നില്ല.

ഈ സംഭവത്തിലും പ്രവാചകന്മാരുടെ ജീവിതത്തിന് നിരക്കാത്ത ചില വ്യാഖ്യാനങ്ങളെല്ലാം ചിലര്‍ പറഞ്ഞിട്ടുണ്ട്. ഇസ്‌റാഈലീ കെട്ടുകഥകള്‍ മാത്രമാണ് അവരുടെ അവലംബം. ഒരു പ്രവാചകനെ സംബന്ധിച്ച് ചിന്തിക്കാനേ പാടില്ലാത്ത അടിസ്ഥാന രഹിതങ്ങളായ കഥകളെ നാം അവഗണിക്കുക. 

സുലൈമാന്‍ നബി(അ)യുടെ ചരിത്രം ഇത്രയും വിവിരിച്ചത് സൂറതുന്നംലിലെ വചനങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇനി നാം സൂറതുസ്സ്വാദിലെ (38ാം അധ്യായം) ചില വിവരണങ്ങളിലേക്കാണ് നീങ്ങുന്നത്. അല്ലാഹു പറയുന്നു:

''ദാവൂദിന് നാം സുലൈമാനെ (പുത്രന്‍) പ്രദാനം ചെയ്തു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം (അല്ലാഹുവിങ്കലേക്ക്) ഏറ്റവും അധികം ഖേദിച്ചുമടങ്ങുന്നവനാകുന്നു'' (ക്വുര്‍ആന്‍ 38:30).

മനുഷ്യന്‍ നന്മതിന്മകള്‍ ചെയ്യുന്ന പ്രകൃതിയിലാണല്ലോ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തെറ്റുകള്‍ ചെയ്യുന്നവരെ അവഗണിച്ചുകളയുന്നവനല്ല അല്ലാഹു. തന്നിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നവരെ അല്ലാഹുവിന് ഏറെ പ്രിയമാണ്. അവര്‍ക്ക് അല്ലാഹു അവന്റെ കാരുണ്യം നല്‍കുകയും ചെയ്യുന്നതാണ്.

നബിമാര്‍ അല്ലാഹുവിലേക്ക് സദാ ഖേദിച്ചുമടങ്ങുന്നവരായിരുന്നു. അതിനര്‍ഥം അവര്‍ പാപം ചെയ്തിരുന്നു എന്നല്ല; അല്ലാഹുവിനോട് അത്രയും വിനീതരായ ദാസന്മാരായിരുന്നു അവര്‍ എന്നതാണ്. സൂറതുസ്സ്വാദില്‍ സുലൈമാന്‍ നബി(അ)യെ കുറിച്ച് പറഞ്ഞു തുടങ്ങുന്നത് തന്നെ അദ്ദേഹം അല്ലാഹുവിലേക്ക് ഏറ്റവുമധികം ഖേദിച്ചു മടങ്ങുന്നവനായിരുന്നു എന്നാണ്.

''കുതിച്ചോടാന്‍ തയ്യാറായി നില്‍ക്കുന്ന വിശിഷ്ടമായ കുതിരകള്‍ വൈകുന്നേരം അദ്ദേഹത്തിന്റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സന്ദര്‍ഭം. അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവിന്റെ സ്മരണയുടെ അടിസ്ഥാനത്തിലാണ് ഐശ്വര്യത്തെ ഞാന്‍ സ്‌നേഹിച്ചിട്ടുള്ളത്. അങ്ങനെ അവ (കുതിരകള്‍) മറവില്‍ പോയി മറഞ്ഞു.(അപ്പോള്‍ അദ്ദേഹം പറഞ്ഞു:) നിങ്ങള്‍ അവയെ എന്റെ അടുത്തേക്ക് തിരിച്ചു കൊണ്ട് വരൂ. എന്നിട്ട് അദ്ദേഹം (അവയുടെ) കണങ്കാലുകളിലും കഴുത്തുകളിലും തടവാന്‍ തുടങ്ങി'' (38:31-33).

'അശിയ്യ്' എന്ന് അറബിയില്‍ പ്രയോഗിക്കുന്നത് ദുഹ്ര്‍ മുതല്‍ പകലിന്റെ അവസാനം വരെയുള്ള സമയത്തിനോ അസ്വ്ര്‍ മുതല്‍ പകലിന്റെ അവസാനം വരെയുള്ള സമയത്തിനോ ആണ്. ഒരു സന്ധ്യാ സമയത്താകാം ഈ സംഭവം നടക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. അതിവേഗത്തില്‍ കുതിക്കുന്ന, സൗന്ദര്യമുള്ള കുറച്ച് കുതിരകള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ ഈ വൈകുന്നേര സമയത്ത് പ്രദര്‍ശിപ്പിക്കപ്പെട്ടു. ആ കുതിരകള്‍ അദ്ദേഹത്തിന്റെ പട്ടാളത്തില്‍ പെട്ടവയായിരുന്നു. 

സുലൈമാന്‍ നബി(അ)യുടെ പട്ടാളത്തിലെ കുതിരകളുടെ വിശേഷണമായി ക്വുര്‍ആന്‍ പ്രയോഗിച്ച പദങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. കുതിരകളെ സംബന്ധിച്ച് അറിയാവുന്നവര്‍ക്കിടയില്‍ ഈ വിശേഷണമുള്ള കുതിരകള്‍ക്ക് മുന്തിയ സ്ഥാനമാണ് ഉള്ളത്. സുലൈമാന്‍ നബി(അ)യുടെ മുന്നിലുള്ള കുതിരകളുടെ ആ നില്‍പ് ആരുടെയും കണ്ണിനെ ആനന്ദിപ്പിക്കുന്നതും കുളിര്‍മ നല്‍കുന്നതുമാണ്. അദ്ദേഹം അവയെ നോക്കുന്ന വേളയില്‍ അവ അവയുടെ മൂന്ന് കാലുകള്‍ നിലത്തുവെച്ച് ഒരു കാല്‍ ഉയര്‍ത്തിപ്പിടിച്ച് എന്തിനും സജ്ജമായി നില്‍ക്കുന്നവയായിട്ടാണ് കാണുന്നത്.

ഒരു ദിവസം വൈകുന്നേരം അദ്ദേഹം തന്റെ പട്ടാളത്തിലെ കുതിരകളെ വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. തനിക്ക് ലഭിച്ചിട്ടുള്ള ഭൗതിക സൗകര്യങ്ങളുടെ സൗന്ദര്യം ആസ്വദിക്കലായിരുന്നില്ല സുലൈമാന്‍(അ) അവയെ നിരീക്ഷിക്കുന്നതു കൊണ്ട് ഉദ്ദേശിച്ചിരുന്നത്. മറിച്ച്, അല്ലാഹു അവന്റെ മതത്തിന്റെ പ്രചാരണത്തിനും മറ്റുമായി തനിക്ക് അധീനപ്പെടുത്തിത്തന്ന സൗകര്യങ്ങളെ ഓര്‍ത്ത് അവനോട് നന്ദി കാണിക്കുവാന്‍ വേണ്ടിയായിരുന്നു. അത്‌കൊണ്ടു തന്നെ അവയെ എത്ര നിരീക്ഷിക്കുന്നുവോ, അതിനനുസരിച്ച് അല്ലാഹുവോടുള്ള സ്‌നേഹം രൂഢമൂലമായിക്കൊണ്ടിരുന്നു. ഞാന്‍ ഈ കുതിരകളെ ഇഷ്ടപ്പെടുന്നതും സ്‌നേഹിക്കുന്നതും അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ നിമിത്തമാകുന്നു എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം. 

കുതിരകളെ അദ്ദേഹം നോക്കിനില്‍ക്കെ അവ ഓടിയോടി അദ്ദേഹത്തിന്റെ കാഴ്ചയുടെ പരിധിയില്‍ നിന്നും മാറി. അല്ലെങ്കില്‍ അവയുടെ കുതിപ്പിന്റെ വേഗതയാല്‍ പൊടിപടലം കാരണം അദ്ദേഹത്തിന് കാണാതെയായതും ആകാവുന്നതാണ്. രണ്ടായിരുന്നലും ശരി, അദ്ദേഹത്തിന് അവയെ കാണാതെയായി. ഉടനെ കൂടെയുള്ളവരോട് സുലൈമാന്‍(അ) അവയെ തന്റെ അരികില്‍ എത്തിക്കാന്‍ കല്‍പന പുറപ്പെടുവിച്ചു. കല്‍പന പ്രകാരം അവയെ സുലൈമാന്‍(അ) അടുത്ത് എത്തിച്ചു. അപ്പോള്‍ സുലൈമാന്‍(അ) അവയുടെ കണങ്കാലുകളിലും കഴുത്തുകളിലും സ്‌നേഹത്തോടെ തടവിക്കൊടുത്തു.

സത്യത്തിന്റെ ശത്രുക്കള്‍ക്കെതിരില്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും അതിനായി സജ്ജീകരണങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്യേണ്ടത് ഭരണാധികാരികളുടെ കടമയാണല്ലോ. അതിന് വേണ്ടി അല്ലാഹു കല്‍പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം ശക്തി സംഭരണങ്ങളൊന്നും കേവലം ആര്‍ഭാടങ്ങളുടെ കൂട്ടത്തില്‍ പെട്ടതല്ല. അല്ലാഹുവിന്റെ സ്മരണയാകുന്ന പുണ്യ കര്‍മങ്ങളുടെ ഇനത്തില്‍ പെട്ടവയാണവ. ആ ലക്ഷ്യത്തോടും ഉദ്ദേശത്തോടും കൂടിയായിരിക്കുകയും അപ്രകാരം ചെയ്യേണ്ടത്. അല്ലാഹു നബി ﷺ യോടും വിശ്വാസികളോടും പറയുന്നത് കാണുക:

''അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍ പെട്ട എല്ലാ ശക്തിയും കെട്ടിനിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതുമുഖേന അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെയും അവര്‍ക്ക് പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റു ചിലരെയും നിങ്ങള്‍ ഭയപ്പെടുത്തുവാന്‍ വേണ്ടി. നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏതൊരു വസ്തു ചെലവഴിച്ചാലും നിങ്ങള്‍ക്ക് അതിന്റെ  പൂര്‍ണമായ പ്രതിഫലം നല്‍കപ്പെടും. നിങ്ങളോട് അനീതി കാണിക്കപ്പെടുന്നതല്ല'' (ക്വുര്‍ആന്‍ 8:60).

സത്യത്തിന്റെ മാര്‍ഗത്തില്‍ ഇപ്രകാരം തയ്യാറാക്കി വെക്കല്‍ അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ലഭിക്കുവാന്‍ കാരണമായതാകുന്നു. നബി ﷺ  ഇപ്രകാരം പറഞ്ഞതായി കാണാം:

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ''ആരെങ്കിലും അല്ലാഹുവില്‍ വിശ്വസിക്കുന്നവനായും അവന്റെ വാഗ്ദാനത്തെ സത്യപ്പെടുത്തുന്നവനായും  അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരു കുതിരയെ വളര്‍ത്തിയുണ്ടാക്കിയാല്‍, തീര്‍ച്ചയായും അതിന്റെ വിശപ്പ് മാറ്റുന്നതും അതിന്റെ ദാഹം മാറ്റുന്നതും അതിന്റെ കാഷ്ഠവും അതിന്റെ മൂത്രവും അന്ത്യനാളില്‍ അവന്റെ തുലാസ്സില്‍ വരുന്നതാണ്'' (ബുഖാരി). 

സുലൈമാന്‍(അ)യുടെ ചരിത്രത്തില്‍ ക്വുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ള ഈ സംഭവം എന്താണെന്നത് പല രൂപത്തിലും വ്യാഖ്യാനിക്കപ്പെട്ടതായി നമുക്ക് കാണാവുന്നതാണ്. പരിശുദ്ധ ക്വുര്‍ആനിന്റെ പരാമര്‍ശത്തോട് യോജിക്കുന്ന നിലക്കുള്ള വിവരണമാണ് ഇതുവരെ നാം വായിച്ചത്. ഈ വ്യാഖ്യാനമാണ് ഇമാം ത്വബ്‌രി(റഹി)യും റാസി(റഹി)യും എല്ലാം ശരിവെച്ചിട്ടുള്ളതും.

മറ്റൊരു വ്യാഖ്യാനം കൂടിയുണ്ട്. ആ വ്യാഖ്യാനം പരിശുദ്ധ ക്വുര്‍ആനിന്റെ ഈ ആശയത്തോട് പൂര്‍ണമായും കൂറ് പുലര്‍ത്താത്തതാകുന്നു. അത് ഇപ്രകാരമാണ്: 'കുതിരപ്പട്ടാള പ്രദര്‍ശനത്തില്‍ ശ്രദ്ധ മുഴുകിയതു നിമിത്തം സുലൈമാന്‍ നബി(അ) വൈകുന്നേരത്തെ നമസ്‌കാരം നിര്‍വഹിക്കുന്ന കാര്യം മറന്നുപോയി. സൂര്യാസ്തമയത്തിന് ശേഷമാണ് ഓര്‍മ വന്നത്. അതിനാല്‍ അവയെ തിരിച്ചു കൊണ്ടുവരാന്‍ ആജ്ഞാപിക്കുകയും അല്ലാഹുവിന്റെ സ്മരണക്കു വിഘാതമായിത്തീര്‍ന്ന ആ കുതിരകളെ കഴുത്തും കാലും വെട്ടി അറുക്കകയും മാംസം ദാനം ചെയ്യുകയും ചെയ്തു.'

മറ്റു വ്യാഖ്യാനങ്ങളും ഈ സംഭവത്തിന് നല്‍കപ്പെട്ടതായി നമുക്ക് കാണാവുന്നതാണ്. എന്നാല്‍ നാം നേരത്തെ പറഞ്ഞതുപോലെ ആദ്യത്തെ വ്യാഖ്യാനമാണ് ക്വുര്‍ആനിലെ പരാമര്‍ശങ്ങളോടും ആശയങ്ങളോടും ഏറ്റവും അടുത്തു നില്‍ക്കുന്നത്.