മരണം ബോധ്യപ്പെടുത്തിയ ചില യാഥാര്‍ഥ്യങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2019 ഫെബ്രുവരി 02 1440 ജുമാദുല്‍ അവ്വല്‍ 25

(സുലൈമാന്‍ നബി(അ): 08)

അതീവ ബുദ്ധിസാമര്‍ഥ്യമുള്ള വ്യക്തിത്വമായിരുന്നു സുലൈമാന്‍ നബി(അ). ബുദ്ധിശക്തി എന്ന വലിയ അനുഗ്രഹം അല്ലാഹു അവന്റെ ദാസന്മാരില്‍ അവനുദ്ദേശിക്കുന്നവര്‍ക്ക്, അവന്‍ ഉദ്ദേശിക്കുന്ന വിധം നല്‍കുന്നു. പ്രായം കുറഞ്ഞ ചിലയാളുകള്‍ തഴക്കവും പഴക്കവുമുള്ള മുതിര്‍ന്നവരെ വെല്ലുന്ന ചിന്താശക്തിയും ബുദ്ധിശക്തിയും പ്രകടിപ്പിക്കാറുണ്ട്. ബുദ്ധിയുടെ പേരില്‍ അഹങ്കരിക്കുവാന്‍ ഒരാള്‍ക്കും അവകാശമില്ല. 

അല്ലാഹു പറയുന്നു: ''ദാവൂദിനെയും (പുത്രന്‍) സുലൈമാനെയും (ഓര്‍ക്കുക). ഒരു ജനവിഭാഗത്തിന്റെ ആടുകള്‍ വിളയില്‍ കടന്ന് മേഞ്ഞ പ്രശ്‌നത്തില്‍ അവര്‍ രണ്ട് പേരും വിധികല്‍പിക്കുന്ന സന്ദര്‍ഭം. അവരുടെ വിധിക്ക് നാം സാക്ഷ്യം വഹിക്കുന്നുണ്ടായിരിന്നു. അപ്പോള്‍ സുലൈമാന്ന് നാം അത് (പ്രശ്‌നം) ഗ്രഹിപ്പിച്ചു. അവര്‍ ഇരുവര്‍ക്കും നാം വിധികര്‍തൃത്വവും വിജ്ഞാനവും നല്‍കിയിരുന്നു''…(ക്വുര്‍ആന്‍ 21:78,79).

ഒരാളുടെ കൃഷിയിടത്തില്‍ രാത്രി കുറച്ച് ആടുകള്‍ കയറി മേഞ്ഞു. അവ അതിലെ കൃഷിയെല്ലാം നശിപ്പിച്ചുകളഞ്ഞു. ആടുകളുടെ ഉടമസ്ഥരും കൃഷിയിടത്തിന്റെ ഉടമസ്ഥരും തമ്മില്‍ തര്‍ക്കമായി. പ്രശ്‌നം ദാവൂദ് നബി(അ)യുടെയും സുലൈമാന്‍ നബി(അ)യുടെയും മുന്നില്‍ എത്തി. അങ്ങനെ ഇരുവരും ആ പ്രശ്‌നത്തില്‍ വിധി പുറപ്പെടുവിച്ചു. രണ്ടു പേരുടെയും വിധി രണ്ട് രൂപത്തിലായിരുന്നു.  സുലൈമാന്‍ നബി(അ)യുടെ വിധിയായിരുന്നു ഏറ്റവും യുക്തമായത് എന്നാണ് ക്വുര്‍ആന്‍ വ്യക്തമാക്കുന്നത്. രണ്ട് പേരും നബിമാരാണ്. രണ്ട് പേര്‍ക്കും അല്ലാഹു നല്ല അറിവും വിധി പറയാനുള്ള കഴിവും നല്‍കിയിട്ടുണ്ട്. പക്ഷേ, ഈ വിഷയത്തില്‍ പിതാവിനെക്കാള്‍ ഉചിതമായതും യുക്തിപൂര്‍വകമായതും മകന്റെ വിധിയായിരുന്നു.

എന്തായിരുന്നു അവര്‍ ഇരുവരും ആ പ്രശ്‌നത്തില്‍ വിധി പറഞ്ഞത്? ഒരു വിഭാഗത്തിന്റെ ആടുകള്‍ മറ്റവരുടെ കൃഷി നശിപ്പിച്ചിരിക്കുകയാണല്ലോ. അതിനാല്‍ കൃഷിയുടെ ഉടമസ്ഥര്‍ക്ക് ആ ആടുകളെ നല്‍കാനായിരുന്നു ദാവൂദ്(അ) വിധി പറഞ്ഞത്. ഇരു കൂട്ടരും വിധി കേട്ട് മടങ്ങുമ്പോള്‍ അവരെ കണ്ട സുലൈമാന്‍(അ) അവരോട് ചോദിച്ചു: എന്താണ് നിങ്ങളുടെ കാര്യത്തില്‍ പിതാവ് വിധിച്ചത്? അവര്‍ ദാവൂദ്(അ) വിധിച്ച കാര്യം പറഞ്ഞു കൊടുത്തു. അപ്പോള്‍ സുലൈമാന്‍(അ) ഇരുവരെയും കൂട്ടി പിതാവിനെ സമീപിച്ചു. എന്നിട്ട് ചോദിച്ചു: ഉപ്പാ, ഇവരുടെ കാര്യത്തില്‍ എനിക്ക് മറ്റൊരു വിധിയാണ് തോന്നുന്നത്. ഉപ്പാക്ക് സമ്മതമാണെങ്കില്‍ പറയാം. അങ്ങനെ പിതാവിന്റെ സമ്മതപ്രകാരം മറ്റൊരു വിധി അവര്‍ക്കിടയില്‍ പുറപ്പെടുവിച്ചു. ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ ആ സംഭവം ഇപ്രകാരം നമുക്ക് കാണാം.

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: ''അങ്ങനെ ദാവൂദ്(അ) കൃഷിയിടത്തിന്റെ ആളുകള്‍ക്ക് ആടുകളെ നല്‍കിക്കൊണ്ട് വിധിച്ചു... അവരോട് സുലൈമാന്‍(അ) ചോദിച്ചു: 'എങ്ങനെയാണ് നിങ്ങള്‍ക്കിടയില്‍ അദ്ദേഹം വിധിച്ചത്?' അപ്പോള്‍ അവര്‍ അദ്ദേഹത്തെ (അത്) അറിയിച്ചു. അപ്പോള്‍ സുലൈമാന്‍(അ) പറഞ്ഞു: 'ഞാന്‍ നിങ്ങളുടെ കൈകാര്യകര്‍ത്താവ് ആയിരുന്നെങ്കില്‍ ഇതല്ലാത്തത് കൊണ്ട് വിധിക്കുമായിരുന്നു!' അങ്ങനെ അത് ദാവൂദ്(അ) അറിയിക്കപ്പെട്ടു. അപ്പോള്‍ ദാവൂദ്(അ) സുലൈമാന്‍(അ)യെ വിളിച്ചു. എന്നിട്ട് ചോദിച്ചു: 'ഇവര്‍ക്കിടയില്‍ നീ എങ്ങനെയാണ് തീര്‍പ്പ് കല്‍പിക്കുക?' അദ്ദേഹം പറഞ്ഞു: 'ഈ ആടുകളെ കൃഷി ഉടമക്ക് ഞാന്‍ (കുറച്ച് കാലത്തേക്ക്) നല്‍കും. അങ്ങനെ അവയുടെ കുട്ടികളും അവയുടെ പാലും അവയുടെ രോമങ്ങള്‍, അവയുടെ മറ്റു ഉപകാര വസ്തുക്കള്‍ തുടങ്ങിയവയെല്ലാം (നശിപ്പിച്ചു കളഞ്ഞ) അവരുടെ കൃഷിയിടം മുമ്പുണ്ടായിരുന്ന പോലെ ആക്കിക്കൊടുക്കുന്നത് വരെ ആടിന്റെ ഉടമസ്ഥര്‍ കൈവശപ്പെടുത്തട്ടെ. അങ്ങനെ കൃഷിയിടം ആദ്യത്തേത് പോലെ ആയാല്‍ കൃഷിയുടമ കൃഷിയിടം (അവരില്‍ നിന്ന്) സ്വീകരിക്കുകയും (അവര്‍) ആടുകളെ അതിന്റെ ഉടമസ്ഥര്‍ക്ക് തിരിച്ചു കൊടുക്കുകയും ചെയ്യണം'' (ഇബ്‌നു കസീര്‍).

സുലൈമാന്‍ നബി(അ)യുടെ വിധിയെ പിതാവ് പ്രശംസിക്കുകയും അംഗീകരിക്കുകയും ചെയ്തു. അപ്രകാരം അവരില്‍ തീരുമാനമെടുക്കുകയും ചെയ്തു. മറ്റൊരു സംഭവം ഹദീഥുകളില്‍ നമുക്ക് കാണാവുന്നതാണ്:

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ''രണ്ട് സ്ത്രീകള്‍; അവര്‍ രണ്ടുപേരുടെയും അടുത്ത് ഓരോ കുട്ടിയുണ്ടായിരുന്നു. ഒരു ചെന്നായ വന്നു. അങ്ങനെ അത് അവരില്‍ ഒരാളുടെ കുട്ടിയെ(കടിച്ചു) കൊണ്ടു പോയി. അപ്പോള്‍ ഈ സ്ത്രീ അവളുടെ കൂടെയുള്ളവളോട് പറഞ്ഞു: 'നിന്റെ കുഞ്ഞിനെയാണ് (ചെന്നായ) കൊണ്ടു പോയത്.' മറ്റവള്‍ പഞ്ഞു: 'നിന്റെ കുഞ്ഞിനെയാണ് അത് കൊണ്ടു പോയത്.' അങ്ങനെ ഇരുവരും ദാവൂദ് നബി(അ)യുടെ അടുക്കല്‍ (ആ കാര്യത്തില്‍) വിധി തേടി. ദാവൂദ്(അ) ആ (കയ്യിലുള്ള കുട്ടിയെ) വലിയവള്‍ക്ക് വിധിച്ചു. അങ്ങനെ ഇരുവരും സുലൈമാന്‍ നബി(അ)യുടെ അടുത്തേക്ക് പുറപ്പെട്ടു. അങ്ങനെ ഇരുവരും കാര്യം അദ്ദേഹത്തോട് കാര്യം പറഞ്ഞു. അപ്പോള്‍ സുലൈമാന്‍(അ) പറഞ്ഞു: 'നിങ്ങള്‍ എനിക്ക് ഒരു കത്തി കൊണ്ടു വന്നു തരുവീന്‍. കുഞ്ഞിനെ നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കുമിടയില്‍ ഞാന്‍ ഭാഗിക്കാം.' അപ്പോള്‍ ചെറിയവള്‍ പറഞ്ഞു: 'വേണ്ട, അല്ലാഹു നിങ്ങളോട് കരുണ കാണിക്കട്ടെ. അത് അവളുടെ കുഞ്ഞാണ്.' അപ്പോള്‍ കുഞ്ഞിനെ അദ്ദേഹം ചെറിയവള്‍ക്ക് വിധിച്ചു''(മുസ്‌ലിം).

അല്‍പം വിശദീകരിക്കാം: പ്രായത്തില്‍ മുതിര്‍ന്ന ഒരു സ്ത്രീയും പ്രായം കുറഞ്ഞ ഒരു സ്ത്രീയും അവരുടെ കുഞ്ഞുങ്ങളെയും കൊണ്ട് യാത്ര പോകുകയായിരുന്നു. അപ്പോള്‍ ഒരു ചെന്നായ വന്ന് വലിയവളുടെ കുഞ്ഞിനെ കൊണ്ടുപോയി. അപ്പോള്‍ ഇരുവരും കയ്യിലുള്ള കുഞ്ഞിന് വേണ്ടി തര്‍ക്കത്തിലായി. അങ്ങനെ ഇരുവരും അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുന്നതിനായി ദാവൂദ് നബി(അ)യെ സമീപിച്ചു. അദ്ദേഹത്തിന് മനസ്സിലായതിന്റെയും അദ്ദേഹം ചിന്തിച്ചതിന്റെയും അടിസ്ഥാനത്തില്‍ വലിയവള്‍ക്ക് അനുകൂലമായി വിധിച്ചു. യഥാര്‍ഥത്തില്‍ കുഞ്ഞ് അവളുടെതല്ലല്ലോ. അതിനാല്‍ ചെറിയവള്‍ അത് അംഗീകരിച്ചില്ല. ഇരുവരും സുലൈമാന്‍ നബി(അ)യെ സമീപിച്ച് സംഭവം വിവരിച്ചു. കുട്ടിയെ രണ്ട് കഷ്ണങ്ങളാക്കി പിളര്‍ത്തി ഇരുവര്‍ക്കുമായി വീതിക്കാം എന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം കുട്ടിയല്ലാത്തതിനാല്‍ മുതിര്‍ന്നവള്‍ അതിന് സമ്മതിച്ചു.  കുട്ടിയുടെ മാതാവായ ഇളയ സ്ത്രീ കുട്ടിയെ ഒന്നും ചെയ്യേണ്ട എന്നും കുട്ടി അവളുടെതാണ് എന്നും പറഞ്ഞു. സുലൈമാന്‍ നബി(അ)ക്ക് കാര്യം മനസ്സിലായി. അദ്ദേഹം കുട്ടിയെ മാതാവായ ഇളയവള്‍ക്ക് തന്നെ നല്‍കാന്‍ വിധിക്കുകയും ചെയ്തു.

ഈ സംഭവങ്ങള്‍ സുലൈമാന്‍ നബി(അ)യുടെ ബുദ്ധി സാമര്‍ഥ്യം മനസ്സിലാക്കിത്തരുന്നു. രണ്ട് സംഭവങ്ങളിലും രണ്ട് നബിമാരും വിധിച്ച വിധി വ്യത്യസ്തമായിരുന്നു. 

അല്ലാഹു അറിയിച്ചു കൊടുത്തിട്ടില്ലാത്ത ഒരു കാര്യത്തില്‍ തനിക്ക് മനസ്സിലായതിന് അനുസരിച്ച് ഒരു പക്ഷത്തേക്ക് ചായാതെ വിധി പറയുകയും അത് തെറ്റായി പോകുകയും ചെയ്താല്‍ പോലും വിധി കര്‍ത്താവിന് ഒരു കൂലിയുണ്ടെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നബിﷺ പറഞ്ഞു:

അംറ്ബ്‌നുല്‍ ആസ്വ്(റ)വില്‍ നിന്ന് നിവേദനം: റസൂല്‍ﷺ പറയുന്നതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി: ''ഒരു വിധി കര്‍ത്താവ് (നന്നായി) പരിശ്രമിച്ച് വിധിക്കുകയും പിന്നീട് അത് ശരിയാകുകയും ചെയ്താല്‍ അദ്ദേഹത്തിന് രണ്ട് പ്രതിഫലമുണ്ട്. (എന്നാല്‍) ഒരു വിധികര്‍ത്താവ് (നന്നായി) പരിശ്രമിച്ച് വിധിക്കുകയും പിന്നീട് അത് തെറ്റ് ആകുകയും ചെയ്താല്‍ അദ്ദേഹത്തിന് (അതിന്) ഒരു പ്രതിഫലമുണ്ട്'' (ബുഖാരി).

ദാവൂദ് നബി(അ)ക്കും സുലൈമാന്‍ നബി(അ)ക്കും വിധി പുറപ്പെടുവിക്കാനുള്ള കഴിവും അറിവും അല്ലാഹു നല്‍കിയിട്ടുണ്ട്. അവര്‍ അതിന് പ്രാപ്തരുമായിരുന്നു. ഇരുവരും സ്വാര്‍ഥത തീരെ ഇല്ലാത്തവരുമായിരുന്നു. അതിനാല്‍ ഇരുവര്‍ക്കും അല്ലാഹു അവരുടെ വിധിക്ക് പ്രതിഫലം നല്‍കുന്നതാണ്, ഇന്‍ശാ അല്ലാഹ്.

സത്യം പ്രാപിക്കുവാന്‍ ഉല്‍സാഹിക്കുന്നതില്‍ വീഴ്ച വരുത്തുകയോ, പരിശ്രമിക്കുവാന്‍ കഴിയാത്തവന്‍ വിധി പറയുവാന്‍ മുതിരുകയോ ചെയ്താല്‍ അവന്‍ കുറ്റക്കാരനാകുമെന്നാണ് (വിധി ശരിയായിരുന്നാല്‍ പോലും) ഈ ഹദീഥുകൊണ്ട് മനസ്സിലാകുന്നത്. വിധി പറയുന്ന വിധികര്‍ത്താക്കളെ(ക്വാദ്വിമാരെ) സംബന്ധിച്ച് നബിﷺ പറഞ്ഞു:

ഇബ്‌നു ബുറയ്ദഃ(റ) പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു. നബിﷺ പറഞ്ഞു: ''വിധികര്‍ത്താക്കള്‍ മൂന്ന് വിധമാകുന്നു. അതില്‍ ഒരാള്‍ സ്വര്‍ഗത്തിലാണ്. രണ്ടു പേര്‍ നരകത്തിലുമാണ്. അപ്പോള്‍ സ്വര്‍ഗ്ഗത്തിലാകുന്നവന്‍; ഒരാള്‍ സത്യം മനസ്സിലാക്കി. അങ്ങനെ അത് മുഖേന വിധിക്കുന്നവനാകുന്നു. (എന്നാല്‍) ഒരാള്‍ സത്യം മനസ്സിലാക്കി, എന്നിട്ട് വിധിയില്‍ അന്യായം കാണിച്ചു; അപ്പോള്‍ അവന്‍ നരകത്തിലാണ്. ഒരാള്‍ അവിവേകത്താല്‍ ജനങ്ങള്‍ക്ക് വിധിച്ചു. അപ്പോള്‍ അവനും നരകത്തിലാകുന്നു''(അബൂദാവൂദ്).

ബൈത്തുല്‍ മക്വ്ദിസിന്റെ നിര്‍മാണം

ബൈത്തുല്‍ മക്വ്ദിസ് ആരാണ് നിര്‍മിച്ചത് എന്നതിന് സാധാരണ സുലൈമാന്‍ നബി(അ)യാണ് എന്നാണ് നാം ഉത്തരം പറയാറുള്ളത്. ഒരര്‍ഥത്തില്‍ അത് ശരിയാണ്. മറ്റൊരര്‍ഥത്തില്‍ അത് ശരിയുമല്ല.

ബൈത്തുല്‍ മക്വ്ദിസിന് അടിത്തറയിട്ടത് യഅ്ക്വൂബ് നബി(അ)യായിരുന്നു എന്നാണ് ഈ വിഷയത്തില്‍ പഠനം നടത്തിയ ധാരാളം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. പില്‍ക്കാലത്ത് അത് കൂടുതല്‍ ബലവത്തായ രൂപത്തിലും മറ്റു സൗകര്യങ്ങളോട് കൂടിയും പുതുക്കിപ്പണിതത് സുലൈമാന്‍ നബി(അ)യും ആണ്. അതിന് ശക്തി പകരുന്ന ഹദീഥാണ് താഴെ കൊടുക്കുന്നത്:

അബൂദര്‍റ്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ''ഞാന്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഭൂമിയില്‍ ആദ്യമായി വെക്കപ്പെട്ട (നിര്‍മിക്കപ്പെട്ട) പള്ളി ഏതാണ്?' നബിﷺ പറഞ്ഞു: 'മസ്ജിദുല്‍ഹറാം.' അദ്ദേഹം പറഞ്ഞു; ഞാന്‍ ചോദിച്ചു: 'പിന്നീട് ഏതാണ്?' നബിﷺ പറഞ്ഞു: 'മസ്ജിദുല്‍അക്വ്‌സ്വാ.' ഞാന്‍ ചോദിച്ചു: 'അതിന് രണ്ടിനും ഇടയില്‍ എത്ര (കാല ദൈര്‍ഘ്യം) ഉണ്ടായിരുന്നു?' നബിﷺ പറഞ്ഞു: 'നാല്‍പത് കൊല്ലം...'' (ബുഖാരി). 

ഇബ്‌റാഹീം നബി(അ)യുടെയും പൗത്രന്‍ യഅ്ക്വൂബ് നബി(അ)യുടെയും ഇടയിലുള്ള കാല ദൈര്‍ഘ്യമാണ് നാല്‍പത് കൊല്ലം. ഇബ്‌റാഹീം നബി(അ)ക്കും സുലൈമാന്‍ നബി(അ)ക്കും ഇടയില്‍ ആയിരത്തിലധികം ദൈര്‍ഘ്യമുണ്ടെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ അതില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് നേരത്തെ പറഞ്ഞത് പോലെ യഅ്ക്വൂബ്(അ) ആദ്യം അത് പണിയുകയും സുലൈമാന്‍(അ) അത് പുതുക്കി പണിയുകയും ചെയ്തു എന്നാണ്.

സുലൈമാന്‍ നബി(അ)യുടെ മരണം

സുലൈമാന്‍(അ) കഴിവുറ്റ രാജാവും അനുപമ വ്യക്തിത്വവും വിവേകമതിയുമായിരുന്നു. അദ്ദേഹവും അല്ലാഹുവിന്റെ ഒരു സൃഷ്ടിയാണല്ലോ. ഏതൊരു വ്യക്തിക്കും അല്ലാഹു ജനനവും മരണവും നിശ്ചയിച്ചിട്ടുണ്ട്. എത്ര വലിയ മഹാനും കഴിവുള്ളവനും സമ്പന്നനും ശക്തിമാനും മരണത്തിന് കീഴ്‌പെടുമെന്നത് തീര്‍ച്ചയാണ്.

സുലൈമാന്‍ നബി(അ)യുടെ മരണം ലോകത്തിന് ചില കാര്യങ്ങള്‍ പഠിപ്പിക്കുന്ന രൂപത്തിലാണ് നടന്നത്. ക്വുര്‍ആന്‍ അത് സംബന്ധമായി ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു:

''നാം അദ്ദേഹത്തിന്റെ മേല്‍ മരണം വിധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഊന്നുവടി തിന്നുകൊണ്ടിരുന്ന ചിതല്‍ മാത്രമാണ് അദ്ദേഹത്തിന്റെ മരണത്തെപ്പറ്റി അവര്‍ക്ക് (ജിന്നുകള്‍ക്ക്) അറിവ് നല്‍കിയത്. അങ്ങനെ അദ്ദേഹം വീണപ്പോള്‍, തങ്ങള്‍ക്ക് അദൃശ്യകാര്യം അറിയാമായിരുന്നെങ്കില്‍ അപമാനകരമായ ശിക്ഷയില്‍ തങ്ങള്‍ കഴിച്ചുകൂട്ടേണ്ടിവരില്ലായിരുന്നു എന്ന് ജിന്നുകള്‍ക്ക്  ബോധ്യമായി'' (ക്വുര്‍ആന്‍ 34:14).

സുലൈമാന്‍ നബി(അ)ക്ക് അല്ലാഹു നല്‍കിയ പ്രത്യേകമായ ഒരു അനുഗ്രഹമായിരുന്നല്ലോ ജിന്നുകളെ അദ്ദേഹത്തിന് കീഴ്‌പെടുത്തി കൊടുത്തു എന്നത്. അവരെക്കൊണ്ട് അദ്ദേഹം പല ജോലികളും ചെയ്യിച്ചിരുന്നല്ലോ. സുലൈമാന്‍(അ) അവരോട് എന്ത് കല്‍പിച്ചാലും അവര്‍ അത് ചെയ്തുകൊള്ളണം. എതിര്‍ക്കുന്ന പക്ഷം നരകമാണെന്ന് അല്ലാഹു അവര്‍ക്ക് താക്കീതും നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാ മുരട്ട് സ്വഭാവക്കാരായ ജിന്നുകളും ശക്തന്മാരായ ജിന്നുകളും നല്ലവരും അദ്ദേഹത്തിന് കീഴ്‌പെട്ടു പോന്നു. സുലൈമാന്‍ നബി(അ)യെ പേടിച്ച് അവര്‍ കല്‍പിക്കപ്പെടുന്നത് ചെയ്തു പോന്നു. ഒന്നില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.

ഈ ജിന്നുകള്‍ അദ്ദേഹത്തിന് വേണ്ടി ജോലി ചെയ്യുന്നത് അദ്ദേഹം കൊട്ടാരത്തില്‍ ഇരുന്നും അല്ലാതെയും നിരീക്ഷിക്കുമായിരുന്നു. ജിന്നുകള്‍ അദ്ദേഹത്തെ ശ്രദ്ധിക്കുമ്പോള്‍ ഊന്നുവടിയില്‍ ഊന്നി നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്നതാണ് അവര്‍ കാണുന്നത്. ഇരിക്കുകയായിരുന്നോ നില്‍ക്കുകയായിരുന്നോ എന്ന് ഖണ്ഡിതമായി ക്വുര്‍ആന്‍ പ്രസ്താവിച്ചിട്ടില്ല.

സുലൈമാന്‍(അ) ഊന്നുവടിയില്‍ ഊന്നിയിരിക്കെയാണ് മരണം സംഭവിക്കുന്നത്. സുലൈമാന്‍ നബി(അ)യെ നോക്കി പണിയെടുക്കുന്ന ജിന്നുകള്‍ അദ്ദേഹം അവരെ നിരീക്ഷിക്കുകയാണെന്ന ധാരണയിലാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മരണം എപ്പഴോ സംഭവിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ, ചിതലുകള്‍ വന്ന് അദ്ദേഹത്തിന്റെ വടി കാര്‍ന്ന് തിന്നാന്‍ തുടങ്ങി. വടി മുറിഞ്ഞു. സുലൈമാന്‍(അ) നിലത്ത് വീഴുകയും ചെയ്തു.

ജിന്നുകള്‍ വിചാരിച്ചിരുന്നത് തങ്ങള്‍ മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിയുന്നവരാണ് എന്നാണ്. എന്നാല്‍ സുലൈമാന്‍ നബി(അ)യുടെ മരണം അവര്‍ക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിയില്ല എന്ന് അവരെ പഠിപ്പിക്കുന്ന സംഭവം കൂടിയായിരുന്നു. ലോകാവസാനം വരെ, ജിന്നുകളെ പൂജിക്കുകയും അവര്‍ക്ക് ആരാധനകള്‍ അര്‍പ്പിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നവര്‍ക്ക് ജിന്നുകളുടെ ബോധ്യപ്പെടല്‍ ഒരു തിരിച്ചടിയാണ്. 

'ഗൈബ്' അഥവാ അദൃശ്യം അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. അല്ലാഹുവിന്റെ പടപ്പുകളില്‍ ഒരാള്‍ക്കും അത് അറിയില്ല. മനുഷ്യര്‍ക്കോ ജിന്നുകള്‍ക്കോ മലക്കുകള്‍ക്കോ ആര്‍ക്കും ആ കഴിവ് അല്ലാഹു വിട്ട് കൊടുത്തിട്ടില്ല. അതിനുള്ള തെളിവുകള്‍ പല ഘട്ടങ്ങളില്‍ നാം വിവരിച്ചതാണല്ലോ. അല്ലാഹു പറയുന്നത് കാണുക.

''(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെ ഴുന്നേല്പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല'' (ക്വുര്‍ആന്‍ 27:65).

അഭൗതികമായി അറിയാനും കാണാനും കേള്‍ക്കാനുമെല്ലാം അല്ലാഹുവിന് മാത്രമെ കഴിയൂ. ഏകകോശ ജീവിയായ അമീബ മുതല്‍ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലം വരെയും ജിന്നും മലക്കും അടക്കമുള്ളഎല്ലാ സൃഷ്ടികളും എന്ത് ചെയ്യുന്നതും അല്ലാഹു അവയ്ക്ക് നല്‍കിയ പ്രകൃതിപരമായ കഴിവില്‍ നിന്നുകൊണ്ടാണ്. ഏതെങ്കിലും സൃഷ്ടിക്ക് ഏതെങ്കിലും രൂപത്തിലുള്ള അദൃശ്യമായ (അഭൗതികമായ) കഴിവുണ്ട് എന്ന വിശ്വാസം നമ്മുടെ ഉള്ളില്‍ കടന്നാല്‍ അവിടെ ശിര്‍ക്ക് കടന്നുകൂടി എന്നര്‍ഥം. (ഇത് മനസ്സിലായാലുടന്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങണം). 

ഇതാണ് ഇസ്‌ലാം പഠിപ്പിക്കുന്ന ശുദ്ധമായ വിശ്വാസം. ഈ വിശ്വാസത്തില്‍ സംഭവിക്കുന്ന അബദ്ധമാണ് ജനങ്ങള്‍ ശിര്‍ക്കിലേക്ക് പോകാന്‍ കാരണമാകുന്നത്. അല്ലാഹു അല്ലാത്തവര്‍ക്ക് അഭൗതികമായ കഴിവുണ്ട് എന്ന വിശ്വാസമാണ് അല്ലാഹുവിന് പുറമെയുള്ളവരോട് സഹായം ചോദിക്കാന്‍ പ്രേരകം. അല്ലാഹുവിനെ വിളിച്ച് തേടുന്ന ഒരാളുടെ വിശ്വാസം താന്‍ എവിടെയായിരുന്നാലും ഏത് ഭാഷക്കാരനായിരുന്നാലും ഏത് സമയത്തായിരുന്നാലും അല്ലാഹു കേള്‍ക്കും അറിയും എന്നാണ്. കാരണം അല്ലാഹുവിന് അഭൗതികമായ കഴിവുണ്ട്. മഹാന്മാരെക്കുറിച്ചും നമ്മുടെ നാട്ടിലെ ഭൂരിപക്ഷമാളുകളും വിശ്വസിക്കുന്നത് നാം എവിടെ നിന്ന് വിളിച്ചാലും ഏത് ഭാഷയില്‍ വിളിച്ചാലും ഏത് സമയത്ത് വിളിച്ചാലും അവര്‍ക്ക് നമ്മുടെ വിളി കേള്‍ക്കാനും വിളിക്കുന്നവനെ കാണാനും വിളിക്കുന്നവന്റെ ആവശ്യം നിറവേറ്റി ക്കൊടുക്കാനും കഴിവുണ്ട് എന്നാണ്. അഥവാ, അല്ലാഹുവില്‍ വിശ്വസിക്കുന്നത് പോലെ അല്ലാഹുവിന്റെപടപ്പുകളിലും അവര്‍ വിശ്വസിക്കുന്നു.

മുഹ്‌യിദ്ദീന്‍ ശൈഖിനെ ആയിരം തവണ വിളിച്ചുതേടാന്‍ വേണ്ടി പഠിപ്പിക്കുന്ന ഒരു കൃതിയാണ് ക്വുത്വ്ബിയത്ത്. ഈ കൃതി വിവരമില്ലാത്ത ജനങ്ങള്‍ ഏറെ ബഹുമാനത്തോടും ഭയപ്പാടോടും പാരായണം ചെയ്ത് പോരുന്നുണ്ട്. അതില്‍ പതിനഞ്ച് 'ജിന്ന് ഔലിയാക്കളെ' പരിചയപ്പെടുത്തുന്നത് കാണാം. ത്വംരിയാന്‍, കശ്കശ്‌ലീഉൗശ്, നജല്‍സിത്വൂഷ്... എന്നിങ്ങനെ വിചിത്രമായ പേരുകളുള്ള 'ജിന്ന് ഔലിയാക്കള്‍.' അതുപോലെ അല്ലാഹുവും റസൂലും പരിചയപ്പെടുത്താത്ത, സ്വഹാബിമാര്‍ക്കോ താബിഉകള്‍ക്കോ ഇമാമീങ്ങള്‍ക്കോ പരിചയമില്ലാത്ത കുറെ മലക്കുകളെയും പരിചയപ്പെടുത്തുന്നുണ്ട്. എവിടെ നിന്നാണ് ഇവര്‍ക്ക് ഇത് ലഭിച്ചത് എന്ന് അറിയില്ല. പിശാചുക്കള്‍ കൊടുക്കുന്ന ബോധനം എന്നല്ലാതെ എന്ത് പറയാന്‍! ഇവരൊക്കെയാണ് പോലും ലോകം നിയന്ത്രിക്കുന്നത്. അവര്‍ക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിയും എന്നാണ് ഇവര്‍ വാദിക്കുന്നത്.

അല്ലാഹുവിന്റെ പ്രവാചകന്മാര്‍ക്ക് പോലും മറഞ്ഞ കാര്യങ്ങള്‍ അറിയാനുള്ള കഴിവില്ല. അല്ലാഹു വല്ലതും അറിയിച്ച് കൊടുക്കുന്നത് മാത്രമെ അവര്‍ അറിയുകയുള്ളൂ. അല്ലാഹു അവന്റെ ദൂതന്മാര്‍ക്കല്ലാതെ ഗൈബ് അറിയിക്കുകയുമില്ല. അല്ലാഹു പറയുന്നു:

''അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും  വെളിപ്പെടുത്തി കൊടുക്കുകയില്ല; അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ'' (ക്വുര്‍ആന്‍ 72:26,27).(അവസാനിച്ചു).

(അടുത്ത ലക്കം മുതല്‍ സകരിയ്യാ നബി(അ)യുടെ ചരിത്രം)