അമ്പരപ്പിക്കുന്ന സന്തോഷവാര്‍ത്ത

ഹുസൈന്‍ സലഫി, ഷാര്‍ജ

2019 മാര്‍ച്ച് 16 1440 റജബ് 11

മര്‍യം പിറന്ന് വീണപ്പോള്‍ തന്നെ ഉമ്മ പിശാചിന്റെ ഉപദ്രവത്തില്‍ നിന്ന് കാവല്‍ തേടിയിട്ടുണ്ട്. ഒരു പെണ്ണ് തനിച്ച് നില്‍ക്കുമ്പോള്‍ ഒരു പുരുഷന്റെ സാന്നിധ്യം വലിയ അപകടത്തില്‍ എത്തിക്കുന്നതാണല്ലോ. അല്ലാഹുവിനെ സദാസമയം ആരാധിക്കുകയും അവനെ ഭയപ്പെട്ട് ജീവിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് താന്‍ പരീക്ഷിക്കപ്പെടുമോ എന്ന ഭയം സ്വാഭാവികമാണല്ലോ. മര്‍യം(റ) തന്റെ മുന്നില്‍ ഉള്ളത് ആരാണെന്ന് അറിയാതെ വന്ന വ്യക്തിയോട് നീ അല്ലാഹുവിനെ പേടിക്കുന്നുവെങ്കില്‍ എന്നെ വിട്ട് പോകണം എന്നു പറയുകയും അല്ലാഹുവിനോട് കാവല്‍ ചോദിക്കുകയും ചെയ്തു.

അല്ലാഹുവിനെക്കുറിച്ചുള്ള ഉത്‌ബോധനം ഉണ്ടാകും വിധം 'നീ ധര്‍മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട് മാറിപ്പോകൂ)' എന്നാണല്ലോ അവര്‍ പറഞ്ഞത്. വന്ന വ്യക്തിക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സൂക്ഷ്മതയും പേടിയുമുണ്ടെങ്കില്‍ തന്നെ സമീപിക്കുന്നതില്‍ അയാളെ പിന്തിരിപ്പിക്കാന്‍ ഈ വാക്ക് നിമിത്തമാകുമല്ലോ. ഇനി നല്ല ഒരു മനുഷ്യനല്ലെങ്കിലും പെട്ടെന്ന് തന്റെ രക്ഷിതാവിനെ പറ്റിയുള്ള ഉത്‌ബോധനം കേള്‍ക്കുമ്പോള്‍ ചെയ്യാന്‍ ഉദ്ദേശിച്ച തിന്മയില്‍ നിന്ന് മാറാന്‍ അയാള്‍ക്കത് കാരണമായേക്കാം. 

മര്‍യം ബീവി(റ)യുടെ ഈ സന്ദര്‍ഭത്തിലെ ഇടപെടലില്‍ നമുക്ക് മാതൃകയുണ്ട്. ഭീതിയോടെ ഒരു ആപത്തിന് മുമ്പില്‍ നില്‍ക്കുമ്പോള്‍ അല്ലാഹുവിനോട് കാവല്‍തേടാന്‍ നമുക്ക് സാധിക്കണം. ഏത് സാഹചര്യത്തിലും നമുക്ക് തുണയായി ഉള്ളത് അല്ലാഹു മാത്രമാണല്ലോ. അവന് പുറമെ ഒരു പടപ്പിനും മറഞ്ഞ വഴിക്ക് നമ്മെ രക്ഷിക്കുവാന്‍ സാധിക്കുകയില്ല.

മര്‍യം(അ) ജീവിതത്തില്‍ യാതൊരു കളങ്കവും ചെയ്യാത്തവരായിരുന്നു. അല്ലാഹു അവരെ സംബന്ധിച്ച് പ്രശംസിച്ച് പറഞ്ഞിട്ടുണ്ട്:

''തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു). അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്റെ) രക്ഷിതാവിന്റെ  വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു'' (ക്വുര്‍ആന്‍ 66:12).

ജിബ്‌രീല്‍(അ) മര്‍യമിന് പേടി ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കി. ജിബ്‌രീല്‍(അ) മര്‍യമിനെ സമാധാനിപ്പിച്ചു.

''അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിന്റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍'' (ക്വുര്‍ആന്‍ 19:19).

നിനക്ക് ഒരു പരിശുദ്ധനായ സന്താനത്തെ നല്‍കാന്‍ പോകുന്ന വിവരം അറിയിക്കാന്‍ അല്ലാഹു അയച്ച ഒരു ദൂതനാകുന്നു ഞാന്‍ എന്ന് ജിബ്‌രീല്‍ പറഞ്ഞപ്പോള്‍ മര്‍യം ചോദിച്ചു:

''അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല'' (ക്വുര്‍ആന്‍ 19:20).

ഇത് കേട്ടപ്പോള്‍ മര്‍യം ഒന്നുകൂടെ ബേജാറിലായി. ഹലാലായ മാര്‍ഗത്തിലൂടെ ഒരു കുഞ്ഞ് ജനിക്കണമെങ്കില്‍ വിവാഹം നടക്കണം. വിഹിതമായ മാര്‍ഗത്തിലൂടെയോ അവിഹിതമായ മാര്‍ഗത്തിലൂടെയോ തനിക്കൊരു കുട്ടി ഉണ്ടാകണമെങ്കില്‍ ഒരു പുരുഷന്‍ തന്നെ സമീപിക്കേണ്ടതുണ്ടല്ലോ. അപ്രകാരം ഒന്ന് തന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുമില്ല. ഞാന്‍ ഒരു വേശ്യയുമല്ല. പിന്നെ, എങ്ങനെ എനിക്ക് ഒരു കുഞ്ഞ് ജനിക്കും?

''അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു). അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു'' (ക്വുര്‍ആന്‍ 19:21).

സൃഷ്ടികള്‍ക്ക് ഏതൊരു കാര്യം ചെയ്യാനും ചില കാരണങ്ങള്‍ അത്യാവശ്യമാണ്. ആ രൂപത്തിലാണ് അല്ലാഹു ഈ ലോകം സംവിധാനിച്ചിട്ടുള്ളത്. എന്നാല്‍ ഏതൊരു കാര്യം നടപ്പിലാക്കുന്നതിനും യാതൊരു കാരണവും ആവശ്യമില്ലാത്തവന്‍ അല്ലാഹു മാത്രമാകുന്നു. കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായി അല്ലാഹു അല്ലാത്ത ഒരാള്‍ക്കും യാതൊന്നും ചെയ്യാന്‍ സാധിക്കില്ല.

സ്ത്രീപുരുഷ ബന്ധത്തിലൂടെയാണല്ലോ ഒരു കുഞ്ഞ് ജനിക്കുന്നത്. അത് വിവാഹത്തിലൂടെയാകുമ്പോള്‍ അനുവദനീയവും വ്യഭിചാരത്തിലൂടെയാകുമ്പോള്‍ നിഷിദ്ധവുമാകുന്നു.

മര്‍യമിനെ ഒരു പുരുഷനും വിഹിതമായ മാര്‍ഗത്തിലൂടെയോ, അവിഹിതമായ മാര്‍ഗത്തിലൂടെയോ സ്പര്‍ശിച്ചിട്ടുപോലുമില്ല. അഥവാ, ഒരു കാരണവും കൂടാതെ മര്‍യം ബീവി(റ)ക്ക് അല്ലാഹു ഒരു സന്താനത്തെ നല്‍കാന്‍ തീരുമാനിച്ചു. അല്ലാഹുവിന് മാത്രമെ അതിന് സാധിക്കൂ. അല്ലാഹു ഒരു കാര്യം തീരുമാനിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് കല്‍പിക്കുമ്പോള്‍ അത് ഉണ്ടായിത്തീരുന്നു. അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുക തന്നെ ചെയ്യും.

''അവള്‍ (മര്‍യം) പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ. അല്ലാഹു പറഞ്ഞു: അങ്ങനെ ത്തന്നെയാകുന്നു. താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു'' (ക്വുര്‍ആന്‍ 3:47).

ഒരു പുരുഷന്റെ സ്പര്‍ശനവും കൂടാതെ മര്‍യം(റ) പ്രസവിക്കണമെന്ന് അല്ലാഹു തീരുമാനിച്ചു.  ജനിക്കാന്‍ പോകുന്ന കുഞ്ഞ് ജനങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമായിരിക്കുമെന്നും അല്ലാഹു മലക്ക് മുഖേന മര്‍യം(റ)യെ അറിയിച്ചു. 

9:21 വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു കഥീര്‍(റ) പറയുന്നു:''(അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തം ആക്കുന്നതിന് വേണ്ടി) മനുഷ്യര്‍ക്ക് അവരുടെ സ്രഷ്ടാവിന്റെ കഴിവ് (അറിയിക്കുന്ന) ഒരു അടയാളവും തെളിവുമായിട്ടാകുന്നു (അത്). അവരുടെ സൃഷ്ടിപ്പില്‍ വ്യത്യസ്ത രീതി സ്വീകരിച്ചവനാകുന്നു അവന്‍. അവരുടെ പിതാവ് ആദമിനെ ഒരു പുരുഷനോ സ്ത്രീയോ അല്ലാത്തതില്‍ നിന്ന് അവന്‍ സൃഷ്ടിച്ചു. ഹവ്വാഇനെ സ്ത്രീയില്ലാതെ ഒരു പുരുഷനില്‍ നിന്ന് മാത്രമായും സൃഷ്ടിച്ചു. ഈസാ(അ) ഒഴികെ ബാക്കിയുള്ള (ആദമിന്റെ) സന്തതികളെ ഓരോ പുരുഷനില്‍ നിന്നും സ്ത്രീയില്‍ നിന്നുമായും അവന്‍ സൃഷ്ടിച്ചു. അദ്ദേഹത്തെ (ഈസാ(അ)യെ) പുരുഷനില്ലാതെ ഒരു സ്ത്രീയില്‍ നിന്ന് മാത്രമായും അല്ലാഹു ഉണ്ടാക്കി. അങ്ങനെ അല്ലാഹുവിന്റെ മഹത്തായ കഴിവിന്റെയും അധികാരത്തിന്റെയും തെളിവുകളായ ഈ നാല് രൂപവും അല്ലാഹു പൂര്‍ത്തിയാക്കി. അതിനാല്‍ അവനല്ലാതെ ഒരു ആരാധ്യനും അവനെ കൂടാതെ ഒരു റബ്ബും ഇല്ല. (നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവുമാക്കാനും) എന്ന് പറഞ്ഞത്, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്കും അവന്റെ ഏകത്വത്തിലേക്കും ക്ഷണിക്കുന്നവനായി പ്രവാചകന്മാരില്‍ ഒരു പ്രവാചകനായി അല്ലാഹുവില്‍ നിന്നുള്ള കാരുണ്യത്താല്‍ ഈ കുട്ടിയെ അവന്‍ ആക്കുകയും ചെയ്തു. അല്ലാഹു മറ്റൊരു വചനത്തില്‍ പറഞ്ഞത് പോലെ: (മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്ത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും. തൊട്ടിലിലായിരിക്കുമ്പോഴും മധ്യവയസ്‌കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കുന്നതാണ്. അവന്‍ സദ്‌വൃത്തരില്‍ പെട്ടവനുമായിരിക്കും). അതായത്, തൊട്ടിലില്‍ ആയിരിക്കുമ്പോയും മധ്യവയസ്‌കനായിരിക്കുമ്പോഴും ഈസാ(അ) തന്റെ രക്ഷിതാവായ അല്ലാഹുവിനെ ആരാധിക്കുന്നതിലേക്ക് ക്ഷണിക്കുന്നതാകുന്നു.''

മാതാവിന് ഈ കുട്ടിയിലൂടെയാണല്ലോ വലിയ പേരും പ്രശസ്തിയും വമ്പിച്ച നേട്ടങ്ങളും ലഭിച്ചത്. അത് ആ കുഞ്ഞിലൂടെ ഉമ്മാക്ക് ലഭിച്ചിട്ടുള്ള കാരുണ്യമാണ്. ജനങ്ങള്‍ക്ക് അല്ലാഹുവിന്റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കുകയും അതിലൂടെ അവരെ സംസ്‌കരിച്ചെടുക്കുകയും അവരെ വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും അങ്ങനെ അവര്‍ അദ്ദേഹത്തെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിലൂടെ ഇഹത്തിലും പരത്തിലും അവര്‍ക്ക് സൗഭാഗ്യം നേടാന്‍ കാരണമായത് ജനങ്ങള്‍ക്ക് അദ്ദേഹം മുഖേന അല്ലാഹു ചെയ്ത കാരുണ്യമാണല്ലോ.

''അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറിത്താമസിക്കുകയും ചെയ്തു'' (ക്വുര്‍ആന്‍ 19:22).

പരിശുദ്ധമായ ഭവനത്തില്‍, പരിശുദ്ധരായ ആളുകളുടെ മേല്‍നോട്ടത്തില്‍, പരിശുദ്ധയായാണ് മര്‍യം(റ) വളര്‍ന്നത്. യാതൊരു ദുര്‍വൃത്തിയും അവര്‍ ചെയ്തിട്ടില്ല. താന്‍ എങ്ങനെയാണ് ഗര്‍ഭിണിയായത് എന്നതിനെ പറ്റി അവര്‍ക്ക് നന്നായി അറിയാം. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും സംഭവം അറിയില്ലല്ലോ. നടന്നത് എന്തെന്ന് പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കുമോ? ജനങ്ങള്‍ അറിഞ്ഞാല്‍ എന്തെല്ലാം പറയും? ഇങ്ങനെ നൂറുകൂട്ടം ആകുലതകള്‍ മനസ്സില്‍ മാറിമാറി വരുന്നു. അങ്ങനെ ആരും അറിയാത്ത, അകലെയുള്ള ഒരു സ്ഥലത്തേക്ക് അവര്‍ മാറിതാമസിച്ചു.

സാധാരണ ഒരു സ്ത്രീയുടെ ഗര്‍ഭകാലം എത്രയാണോ അതുപോലെ തന്നെയാണ് മര്‍യം ബീവി(റ)യുടെയും ഗര്‍ഭകാലം എന്നാണ് ഭൂരിപക്ഷം പണ്ഡിതരും പറയുന്നത്. ഗര്‍ഭകാലത്ത് തനിച്ച് ഒരു സ്ഥലത്ത് കഴിഞ്ഞുകൂടവെ അവര്‍ക്ക് പ്രസവവേദന തുടങ്ങി. അല്ലാഹു പറയുന്നു:

''അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്റെ അടുത്തേക്ക് കൊണ്ട് വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ!''(ക്വുര്‍ആന്‍ 19:22).

പ്രസവവേദന ശക്തമായി. കൂടെ ആരുമില്ലാത്ത അവര്‍ നടന്ന് ഒരു ഈത്തപ്പനയുടെ സമീപം എത്തി. ആ ഈത്തപ്പനയിലേക്ക് ചാരിയിരുന്ന മര്‍യം(റ) ഒറ്റപ്പെടലിന്റെയും അവഗണനയുടെയും വേദനക്കൊപ്പം പ്രസവവേദന കൂടി വന്നപ്പോള്‍ 'ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ' എന്ന് പറഞ്ഞു പോയി.

ദുരിതം അനുഭവിക്കുന്ന സമയത്ത് മരണത്തെ കൊതിക്കരുതെന്ന് നബിﷺ പഠിപ്പിച്ചിട്ടുണ്ട്. അനസ്(റ) വില്‍ നിന്ന് നിവേദനം നബിﷺ പറഞ്ഞു: ''നിങ്ങളില്‍ ഒരാളും തനിക്ക് ബാധിച്ചിട്ടുള്ള ദുരിതത്താല്‍ മരണത്തെ കൊതിക്കരുത്. അങ്ങന ചെയ്യാതെ കഴിയില്ലെങ്കില്‍ അവന്‍ ഇപ്രകാരം പറയട്ടെ: 'അല്ലാഹുവേ, എനിക്ക് ജീവിതമാണ് ഉത്തമമെങ്കില്‍ നീ എന്നെ ജീവിപ്പിക്കേണമേ. (അല്ലാഹുവേ,) എനിക്ക് മരണമാണ് ഉത്തമമെങ്കില്‍ നീ എന്നെ മരിപ്പിക്കേണമേ'' (ബുഖാരി).

അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ''നിങ്ങള്‍ ഒരാളും മരണത്തെ കൊതിക്കരുത്. അത് (മരണം) അവന് വരുന്നതിന് മുമ്പായി അതിനായി പ്രാര്‍ഥിക്കുകയും ചെയ്യരുത്. നിശ്ചയം, നിങ്ങള്‍ ഒരാള്‍ മരണപ്പെട്ടാല്‍ അവന്റെ കര്‍മങ്ങളെല്ലാം മുറിഞ്ഞു പോകുന്നതാകുന്നു. നിശ്ചയം ഒരു വിശ്വാസിക്ക് അവന്റെ ആയുസ്സ് നന്മയല്ലാതെ വര്‍ധിപ്പിക്കുകയില്ല'' (മുസ്‌ലിം).

മുകളില്‍ സൂചിപ്പിച്ചിട്ടുള്ള നബിവചനങ്ങള്‍ മരണത്തെ കൊതിക്കരുതെന്നാണല്ലോ അനുശാസിക്കുന്നത്. എന്നാല്‍ മര്‍യം(റ) മരണം കൊതിച്ചു പോകുന്നു. പണ്ഡിതന്മാര്‍ ഇതു സംബന്ധമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇമാം ക്വുര്‍ത്വുബി(റ) പറയുന്നു:

''എന്നാല്‍ മര്‍യം(അ), നിശ്ചയമായും അവര്‍ മരണത്തെ കൊതിച്ചത് രണ്ട് കാരണത്താലാകുന്നു. ഒന്ന്, അവരുടെ ദീനില്‍ മോശമായത് ഉണ്ടാകുമോ എന്ന് വിചാരിച്ച് അവര്‍ പേടിച്ചു. അത് അവര്‍ക്ക് ഒരു പരീക്ഷണമാണല്ലോ. രണ്ട്, ജനങ്ങള്‍ അവര്‍ കാരണത്താല്‍ അപവാദ പ്രചരണവും വ്യാജവാര്‍ത്തയും വ്യഭിചാരക്കുറ്റവും ഉണ്ടാക്കി അതില്‍ പതിക്കും. അത് അവരുടെ തകര്‍ച്ചയാണല്ലോ.'' 

''ഫിത്‌നയുടെ സന്ദര്‍ഭത്തില്‍ മരണത്തെ കൊതിക്കല്‍ അനുവദനീയമാണെന്നതിന് ഇതില്‍ തെളിവുണ്ട്. കാരണം, ഈ കുട്ടിയുടെ ജനനത്താല്‍ താന്‍ പരീക്ഷിക്കപ്പെടുമെന്ന് അവര്‍ മനസ്സിലാക്കി'' (ഇബ്‌നു കഥീര്‍).

തന്റെ മതപരമായ ജീവിതത്തില്‍ വല്ല അപകടവും സംഭവിക്കുന്നത് വലിയ പരീക്ഷണമാണല്ലോ. അതുപോലെ മറ്റൊരാളെ പറ്റി കളവ് പറയലും അപവാദം പ്രചരിപ്പിക്കലും അയാളുടെ നാശത്തിന് കാരണമാകും. ഇതെല്ലാം വലിയ ഫിത്‌നയാണ്. ഇപ്രകാരം ഫിത്‌ന ഭയപ്പെടുന്ന സന്ദര്‍ഭത്തില്‍ മരണത്തെ കൊതിക്കുന്നത് അനുവദനീയവുമാണ്. ഇമാം ക്വുര്‍ത്വുബിയുടെ അത്തദ്കിറഃ എന്ന കിതാബില്‍ ദീന് നഷ്ടപ്പെടുമെന്ന പേടി കാരണം മരണത്തെ കൊതിക്കലും അതിന് വേണ്ടി പ്രാര്‍ഥിക്കലും അനുവദനീയമാണ് എന്ന് പറയുന്ന ഒരു അധ്യായം തന്നെ കാണാവുന്നതാണ്. ഇമാം മാലിക്(റ) മുവത്വയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒരു പ്രാര്‍ഥന ഇപ്രകാരം കാണാം:

തീര്‍ച്ചയായും റസൂല്‍ﷺ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. എന്നിട്ട് ഇപ്രകാരം പറയും: 'അല്ലാഹുവേ, നന്മകള്‍ ചെയ്യാനും തിന്മകള്‍ വെടിയാനും സാധുക്കളെ സ്‌നേഹിക്കാനും ഞാന്‍ നിന്നോട് ചോദിക്കുന്നു. (ഇനി) ജനങ്ങളില്‍ ഫിത്‌ന ഉദ്ദേശിച്ചാല്‍ (ഞാന്‍) പരീക്ഷിക്കപ്പെടാതിരിക്കാന്‍ നീ എന്നെ നിന്നിലേക്ക് പിടിക്കേണമേ.'

ഉമര്‍(റ) തന്റെ ഭരണം വ്യാപിക്കുകയും പ്രായം കൂടുകയും ആരോഗ്യം ദുര്‍ബലമാകുകയും ചെയ്ത സന്ദര്‍ഭത്തില്‍ വല്ല വീഴ്ചയും സംഭവിക്കുമെന്ന പേടിയില്‍ ഇപ്രകാരം പ്രാര്‍ഥിച്ചത് ചരിത്രത്തില്‍ കാണാവുന്നതാണ്.

ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് കാണുക:

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ''ഒരാള്‍ മറ്റൊരാളുടെ ക്വബ്‌റിന്റെ അരികിലൂടെ നടന്ന് പോകുമ്പോള്‍ 'ഞാന്‍ ആ സ്ഥാനത്തായിരുന്നെങ്കില്‍ എന്ന് പറയുന്നത് വരെ അന്ത്യദിനം സംഭവിക്കുന്നതല്ല''(ബുഖാരി).

മതപരമായ നിഷ്ഠയോടു കൂടി ജീവിക്കാന്‍ കഴിയാത്ത കുഴപ്പങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇപ്രകാരം മരണത്തെ കൊതിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ ഭൗതികമായ വല്ല ആപത്തും വരുന്ന സാഹചര്യത്തില്‍ ഒരാളും മരണത്തെ കൊതിക്കാന്‍ പാടില്ല. നബിﷺ മരണത്തെ കൊതിക്കുന്നതിനെ തൊട്ട് വിലക്കിയത് ഈ അര്‍ഥത്തിലാകുന്നു എന്ന് മനസ്സിലാക്കാം.