പ്രാര്‍ഥനയുടെ ഫലങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2019 ജനുവരി 26 1440 ജുമാദുല്‍ അവ്വല്‍ 19

(സുലൈമാന്‍ നബി(അ): 07)

അല്ലാഹു സുലൈമാന്‍ നബി(അ)യുടെ പല പ്രാര്‍ഥനനകള്‍ക്കും ഇഹലോകത്ത് വെച്ച് തന്നെ ഉത്തരം നല്‍കി. മറ്റു പ്രവാചകന്മാര്‍ക്ക് ആര്‍ക്കും നല്‍കിട്ടില്ലാത്ത കാര്യങ്ങളാണ് സുലൈമാന്‍ നബി(അ)യിലൂടെ അല്ലാഹു പ്രകടമാക്കിയത്.

''അപ്പോള്‍ അദ്ദേഹത്തിന് കാറ്റിനെ നാം കീഴ്‌പെടുത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ കല്‍പന പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക് സൗമ്യമായ നിലയില്‍ അത് സഞ്ചരിക്കുന്നു. എല്ലാ കെട്ടിടനിര്‍മാണ വിദഗ്ധരും മുങ്ങല്‍ വിദഗ്ധരുമായ പിശാചുക്കളെയും (അദ്ദേഹത്തിന്നു കീഴ്‌പെടുത്തികൊടുത്തു).ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട മറ്റു ചിലരെ(പിശാചുക്കളെ)യും (അധീനപ്പെടുത്തിക്കൊടുത്തു)'' (ക്വുര്‍ആന്‍ 38:36-38).

''സുലൈമാന്ന് ശക്തിയായി വീശുന്ന കാറ്റിനെയും (നാം കീഴ്‌പെടുത്തിക്കൊടുത്തു). നാം അനുഗ്രഹം നല്‍കിയിട്ടുള്ള ഭൂപ്രദേശത്തേക്ക് അദ്ദേഹത്തിന്റെ കല്‍പന പ്രകാരം അത് (കാറ്റ്) സഞ്ചരിച്ച് കൊണ്ടിരുന്നു. എല്ലാ കാര്യത്തെ പറ്റിയും നാം അറിവുള്ളവനാകുന്നു. പിശാചുക്കളുടെ കൂട്ടത്തില്‍ നിന്ന് അദ്ദേഹത്തിന് വേണ്ടി (കടലില്‍) മുങ്ങുന്ന ചിലരെയും (നാം കീഴ്‌പെടുത്തിക്കൊടുത്തു). അതു കൂടാതെ മറ്റു ചില പ്രവൃത്തികളും അവര്‍ ചെയ്തിരുന്നു. നാമായിരുന്നു അവരെ കാത്തുസൂക്ഷിച്ചു കൊണ്ടിരുന്നത്'' (21:81,82).

''സുലൈമാന്ന്  കാറ്റിനെയും (നാം കീഴ്‌പെടുത്തിക്കൊടുത്തു). അതിന്റെ പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്റെ സായാഹ്ന സഞ്ചാരം ഒരു മാസത്തെ ദൂരവുമാകുന്നു'' (34:12).

അല്ലാഹു അദ്ദേഹത്തിന് പലതും കീഴ്‌പെടുത്തിക്കൊടുത്തു. കാറ്റ് അതില്‍ പെട്ടതായിരുന്നു. സുലൈമാന്‍(അ) കല്‍പിക്കുന്നിടത്തേക്ക് ആ കാറ്റ് സഞ്ചരിക്കും. ആര്‍ക്കും അപകടങ്ങളൊന്നും സംഭവിക്കാത്ത വിധത്തില്‍ അത് അദ്ദേഹത്തിന്റെ കല്‍പന പ്രകാരം വീശിക്കൊണ്ടിരിക്കും. സുലൈമാന്‍(അ) ആ കാറ്റിലൂടെ രാവിലെ യാത്രയായാല്‍ ഒരു മാസത്തെ വഴിദൂരം അദ്ദേഹത്തിന് പിന്നിടാന്‍ സാധിക്കുമായിരുന്നു; അതു പോലെ തന്നെ വൈകുന്നേര സമയത്തെ കാറ്റിലും. പല രൂപത്തിലുള്ള ജോലികള്‍ ചെയ്യുന്ന പിശാചുക്കളെയും അല്ലാഹു അദ്ദേഹത്തിന് കീഴ്‌പെടുത്തിക്കൊടുത്തു.

സുലൈമാന്‍(അ) കാറ്റിലൂടെ സഞ്ചരിച്ചിരുന്നത് എപ്രകാരമായിരുന്നു എന്ന് നമുക്ക് വ്യക്തമാക്കപ്പെട്ടിട്ടില്ല. തേര് പോലെയുള്ള എന്തോ ഒരു സംവിധാനം ഉണ്ടായിരുന്നുവെന്നും അതിലായിരുന്നു സുലൈമാന്‍(അ)യും പരിവാരങ്ങളും കയറിയിരുന്നതെന്നും അത് വളരെ വേഗത്തില്‍ മൈലുകളോളം അവരെയും താണ്ടി പോയിരുന്നുവെന്നും ചിലര്‍ വിശദീകരിച്ചു കാണുന്നു. കടല്‍ മാര്‍ഗത്തിലൂടെ പല രാജ്യങ്ങളിലേക്കും കച്ചവടത്തിനും മറ്റും ആളുകള്‍ യാത്ര പോയിരുന്ന ഒരു കാലഘട്ടമായിരുന്നു അതെന്നും കാറ്റുകളുടെ ഗതിക്ക് അനുസരിച്ച് സഞ്ചരിക്കുന്ന കപ്പലില്‍ യാത്രചെയ്യുവാന്‍ സുലൈമാന്‍(അ) തനിക്ക് കീഴ്‌പെടുത്തപ്പെട്ട കാറ്റിനെ പ്രയോജനപ്പെടുത്തി എന്നും പണ്ഡിതവ്യഖ്യാനങ്ങള്‍ കാണാം.

ഒരു ഹദീഥ് ഇതിനോട് ചേര്‍ത്ത് വായിക്കുക: അബൂഹുറയ്‌റഃ(റ)വില്‍ നിന്ന് നിവേദനം. നബിﷺ പറഞ്ഞു: ''ജിന്നുകളില്‍ പെട്ട ഒരു മല്ലന്‍ എന്റെ നമസ്‌കാരം മുറിച്ചു കളയുന്നതിന് വേണ്ടി എന്റെ മേല്‍ ചാടി. അപ്പോള്‍ അവനില്‍ നിന്ന് അല്ലാഹു എനിക്ക് സൗകര്യം നല്‍കി. അങ്ങനെ അവനെ പള്ളിയുടെ ഒരു തൂണില്‍ ബന്ധിക്കുവാനും അങ്ങനെ നിങ്ങള്‍ പ്രഭാതത്തില്‍ ആയാല്‍ അവനെ നിങ്ങള്‍ എല്ലാവരും നോക്കിക്കാണുവാനും ഞാന്‍ ഉദ്ദേശിച്ചു. അപ്പോള്‍ ഞാന്‍ എന്റെ സഹോദരന്‍ സുലൈമാന്റെ വാക്ക് ഓര്‍ത്തുപോയി. (അത് ഇപ്രകാരമായിരുന്നു): 'എന്റെ രക്ഷിതാവേ, എനിക്ക് ശേഷം ഒരാള്‍ക്കും  തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ'' (ബുഖാരി). ഇതുപോലെ മറ്റൊരു സംഭവവും നമുക്ക് കാണാവുന്നതാണ്.

അബുദ്ദര്‍ദാഅ്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ﷺ (നമസ്‌കാരത്തിനായി) നിന്നു. അപ്പോള്‍ അവിടുന്ന് ''നിന്നില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് അഭയം ചോദിക്കുന്നു'' എന്ന് പറയുന്നതായി ഞങ്ങള്‍ കേള്‍ക്കുകയുണ്ടായി. പിന്നീട്, 'അല്ലാഹുവിന്റ ശാപം കൊണ്ട് ഞാന്‍ നിന്നെ ശപിക്കുന്നു' എന്ന് മൂന്ന് തവണ പറഞ്ഞു. (എന്നിട്ട്) നബിﷺ എന്തോ പിടിക്കുന്നത് പോലെ കൈ നീട്ടി. നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, മുമ്പൊന്നും നമസ്‌കാരത്തില്‍ താങ്കള്‍ പറയാത്തത് എന്തോ നസ്‌കാരത്തില്‍ അവിടുന്ന് പറയുന്നത് ഞങ്ങള്‍ കേള്‍ക്കുകയുണ്ടായല്ലോ. അങ്ങയുടെ കൈ നീട്ടുന്നത് ഞങ്ങള്‍ കാണുകയും ചെയ്തു.' നബിﷺ പറഞ്ഞു: 'തീച്ചയായും അല്ലാഹുവിന്റെ ശത്രുവായ ഇബ്‌ലീസ് നരകത്തില്‍ നിന്നുള്ള ഒരു ജ്വാല എന്റെമുഖത്ത് ആക്കുന്നതിനായി കൊണ്ടു വന്നു. അപ്പോള്‍ ഞാന്‍ 'നിന്നില്‍ നിന്ന് അല്ലാഹുവിനോട് ഞാന്‍ അഭയം ചോദിക്കുന്നു എന്ന് മൂന്ന് തവണ  പറഞ്ഞു. പിന്നീട് 'അല്ലാഹുവിന്റെ മുഴുവന്‍ ശാപം കൊണ്ട് ഞാന്‍ നിന്നെ ശപിക്കുന്നു' എന്ന് മൂന്ന് തവണ പറഞ്ഞു. അപ്പോള്‍ അവന്‍ പുറകോട്ട് പോയില്ല. പിന്നീട് ഞാന്‍ അവനെ പിടിക്കാന്‍ ഉദ്ദേശിച്ചു. അല്ലാഹുവാണെ സത്യം! നമ്മുടെ സഹോദരന്‍ സുലൈമാന്‍ നബിയുടെ പ്രാര്‍ഥനയില്ലായിരുന്നുവെങ്കില്‍ മദീനക്കാരുടെ കുട്ടികള്‍ അവനെക്കൊണ്ട് കളിക്കുംവിധം  അവന്‍ ബന്ധിതനാകുമായിരുന്നു'' (മുസ്‌ലിം).

സുലൈമാന്‍ നബി(അ)യുടെ അധികാരത്തിന്റെ ശക്തിയെയും അവിടുത്തെ പ്രാര്‍ഥനയെയും മുഹമ്മദ് നബിﷺ പോലും ആദരിച്ചതിന്റെ ഉദാഹരണമാണിത്. അല്ലാഹു പറയുന്നു:

''ഇത് നമ്മുടെ ദാനമാകുന്നു. ആകയാല്‍ നീ ഔദാര്യം ചെയ്യുകയോ കൈവശം വെച്ച് കൊള്ളുകയോ ചെയ്യുക. കണക്കു ചോദിക്കല്‍ ഉണ്ടാവില്ല. (എന്ന് നാം സുലൈമാനോട് പറയുകയും ചെയ്തു). തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ അടുക്കല്‍ സാമീപ്യമുണ്ട്. മടങ്ങിയെത്താന്‍ ഉത്തമമായ സ്ഥാനവും'' (ക്വുര്‍ആന്‍ 38:39,40).

അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എത്രയും വിനിയോഗിക്കാന്‍ സന്നദ്ധനാണ് സുലൈമാന്‍(അ) എന്ന് അല്ലാഹുവിന്ന് നന്നായി അറിയുമല്ലോ. അദ്ദേഹത്തിന് അല്ലാഹു അധീനമാക്കിക്കൊടുത്തിട്ടുള്ള അനുഗ്രഹങ്ങളെയെല്ലാം യഥേഷ്ടം വിനിയോഗിക്കുവാന്‍ അല്ലാഹു സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. 

അല്ലാഹുവിനോട് അങ്ങേയറ്റം നന്ദി കാണിച്ചിരുന്ന അടിമയായ, ഏത് അനുഗ്രഹത്തിനും അല്ലാഹുവിനെ ഓര്‍ത്തു വിനീതനായി മാറിയ, അല്ലാഹു ഏറെ മഹത്ത്വപ്പെടുത്തിയ, അല്ലാഹുവിങ്കല്‍ വലിയ സ്ഥാനമുണ്ടെന്നും സ്വര്‍ഗത്തില്‍ ഏറ്റവും നല്ല സ്ഥാനമാണുണ്ടായിരിക്കുക എന്നും സുവിശേഷം അറിയിക്കപ്പെട്ടു കഴിഞ്ഞിട്ടുള്ള സുലൈമാന്‍ നബി(അ) വശ്വാസികള്‍ക്ക് മാതൃകയാണ്.

മഹാന്മാരായ പ്രവാചകന്മാരെയും സദ്‌വൃത്തരെയും അപമാനിക്കലും നിന്ദിക്കലും യഹൂദികളില്‍പണ്ടേയുള്ള ദുര്‍ഗുണമാണല്ലോ. എത്രയോ പ്രവാചകന്മാരെയും സജ്ജനങ്ങളെയും അന്യായമായി കൊന്നു തള്ളിയതിന്റെ പാരമ്പര്യമുള്ള വിഭാഗമാണവര്‍. ഈ വര്‍ഗസ്വഭാവം എക്കാലത്തും അവരില്‍ നില നില്‍ക്കുന്നതുമാണ്. നല്ലവരായ ആളുകളെ നന്മയുടെ മാര്‍ഗത്തില്‍ നിന്ന് തടയലും അവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തലും അവര്‍ക്കെതിരില്‍ കള്ള ആരോപണങ്ങള്‍ ഉന്നയിക്കലും ജൂതന്മാരുടെ എക്കാലത്തെയും ചര്യയാണ്.

യഹൂദികള്‍ സുലൈമാന്‍ നബി(അ)യെ ഒരു പ്രവാചകനായി പോലും അംഗീകരിക്കാത്തവരാണ്. മാത്രവുമല്ല, അക്രമിയും ധൂര്‍ത്തനും സ്വേഛാധിപതിയുമായ ഒരു രാജാവായി അവര്‍ അദ്ദേഹത്തെ ചിത്രീകരിച്ചിട്ടുണ്ട്. വിഗ്രഹാരാധന എന്ന ബഹുദൈവാരാധന പോലും അദ്ദേഹത്തിന്റെ പേരില്‍ അവര്‍ ആരോപിച്ചു. സുലൈമാന്‍ നബി(അ)യെക്കുറിച്ച് അവര്‍ പറഞ്ഞത് കാണുക: ''അനേകം ഭാര്യമാരുടെ പ്രേരണക്ക് വശംവദനായി അന്യദേവന്മാരെ ആരാധിക്കയാലും വ്യര്‍ഥാഡംബരങ്ങള്‍ക്കായി അനവധി ദ്രവ്യം ദുര്‍വ്യയം ചെയ്കയാലും തന്റെ രാജ്യത്തില്‍ താനുണ്ടാക്കിയ അഭിവൃദ്ധിയെല്ലാം നഷ്ടമാക്കി. തനിക്കുണ്ടായിരുന്ന ജ്ഞാനത്താല്‍ തന്നെത്താന്‍ നിയന്ത്രിച്ചു നടത്തുന്നതിന് പ്രാപ്തിയില്ലാതെ സ്വാര്‍ഥ തല്‍പരതയും അഹംഭാവവും നിമിത്തം തനിക്കു മുമ്പുണ്ടായിരുന്ന മഹിമയെല്ലാം അവന്‍ ക്ഷയിപ്പിച്ചു''(വേദപുസ്തക നിഘണ്ടു, പേജ് 509). 

സുലൈമാന്‍ നബി(അ)യുടെ പേരില്‍ ആഭിചാരവൃത്തിയും (സിഹ്ര്‍) അവര്‍ ആരോപിച്ചിട്ടുണ്ട്. ഇസ്‌ലാം വന്‍പാപങ്ങളിലൊന്നായി കാണുന്ന  'മാരണം' ചെയ്തിരുന്ന ആളായിരുന്നു സുലൈമാന്‍(അ) എന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ജിന്നുകള്‍, പറവകള്‍, കാറ്റ് മുതലായവയെ കീഴ്‌പെടുത്തുക തുടങ്ങി മറ്റാര്‍ക്കും സിദ്ധിക്കാത്ത പല കഴിവുകളും അദ്ദേഹത്തിന് സിദ്ധിച്ചത് അദ്ദേഹം വിദഗ്ധനായ ഒരു മാരണക്കാരനായതിനാലായിരുന്നു എന്നാണ് അവര്‍ പറയുന്നത്. അല്ലാഹു ഇവരുടെ ഈ ആരോപണങ്ങളെയെല്ലാം നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.

''സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്‌റാഈല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മലക്കുകള്‍ക്ക് ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്) ദൈവനിഷേധത്തില്‍ ഏര്‍പെടരുത് എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും  ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക്  തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്. അത് (ആ വിദ്യ) ആര്‍ വാങ്ങി(കൈവശപ്പെടുത്തി)യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!''(ക്വുര്‍ആന്‍ 2:102).

സുലൈമാന്‍ നബി(അ)യുടെ അധികാരത്തിന്റെ ശക്തിയും രഹസ്യവും പിശാചുക്കളും സിഹ്‌റും എല്ലാമാണെന്ന് പിശാചുക്കള്‍ ഓതിക്കൊടുത്തതിനെ ജൂതന്മാര്‍ പിന്തുടര്‍ന്നു. എന്നാല്‍ സുലൈമാന്‍(അ) ആഭിചാര പ്രവൃത്തികളൊന്നും തന്നെ ചെയ്യുകയോ നിഷേധിയാകുകയോ ചെയ്തിട്ടില്ല. എന്നാല്‍ നിഷേധികളായി മാറിയത് പിശാചുക്കളാണ്. കാരണം, അവരാണല്ലോ മനുഷ്യരെ ഈ ക്ഷുദ്രപ്രവൃത്തി പഠിപ്പിക്കുന്നത്.

ബാബിലോണിലുള്ള ഹാറൂത്ത്, മാറൂത്ത് എന്ന രണ്ടു മലക്കുകള്‍ക്ക് അല്ലാഹു ചില കാര്യങ്ങള്‍ ഇറക്കിക്കൊടുത്തിരുന്നു. അവര്‍ക്ക് ചില വിജ്ഞാനം അല്ലാഹു പഠിപ്പിച്ചിരുന്നു. അവര്‍ ജനങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുക്കുമ്പോള്‍ തുടക്കത്തിലേ പറയും: 'ഞങ്ങള്‍ ഒരു പരീക്ഷണമാണ്. ഈ സിഹ്‌റിന്റെ പ്രവര്‍ത്തനം എന്താണ് എന്ന് പഠിക്കലല്ലാതെ പ്രവര്‍ത്തിച്ചു പോകരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ നിഷേധികളാകുന്നതാണ്' എന്നെല്ലാം.

ഹാറൂത്ത്, മാറൂത്ത് മലക്കുകളില്‍ നിന്ന് ഇണകള്‍ തമ്മിലുള്ള ബന്ധത്തെ മുറിച്ചു കളയുന്ന കാര്യം സിഹ്‌റിലൂടെ അവര്‍ പഠിച്ചിരുന്നു. അങ്ങനെ വല്ല ഉപദ്രവവും വരുത്താന്‍ അവര്‍ അത് ചെയ്താല്‍ തന്നെയും അല്ലാഹുവിന്റെ ഉത്തരവ് കൂടാതെ നടക്കുന്നതുമല്ല. സിഹ്ര്‍ മുഖേന എന്തെങ്കിലും വരുത്താന്‍ കഴിയുന്നത് മാരണക്കാരന് അഭൗതികമായ എന്തെങ്കിലും കഴിവ് ഉള്ളത് കൊണ്ടല്ല. ഈ ലോകത്ത് എന്ത് സംഭവിക്കണമെങ്കിലും അല്ലാഹുവിന്റെ തീരുമാനം വേണമല്ലോ. ഗുണമായോ ദോഷമായോ വല്ലതും സംഭവിക്കുവാന്‍ സിഹ്ര്‍ എന്ന ക്ഷുദ്രപ്രവര്‍ത്തനത്തെ അല്ലാഹു കാരണമാക്കിയിട്ടുണ്ടെങ്കില്‍ അത് സംഭവിക്കുന്നതില്‍ യാതൊരു അത്ഭുതവുമില്ല. എന്നാല്‍ ഇത് സംഭവിക്കുന്നത് അഭൗതിക മാര്‍ഗത്തിലൂടെയാണെന്നോ, മാരണക്കാരന് അപ്രകാരം വല്ല കഴിവും ഉണ്ടെന്നോ വല്ലവനും വിശ്വസിക്കുന്നുവെങ്കില്‍ അത് ബഹുദൈവ വിശ്വാസമായി. കാരണം മറഞ്ഞ മാര്‍ഗത്തിലൂടെ പ്രപഞ്ചത്തില്‍ ഗുണവും ദോഷവും വരുത്താന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമാണ്.

കാര്യകാരണ ബന്ധം മനസ്സിലാക്കാന്‍ കഴിയാത്ത എല്ലാ ക്ഷുദ പ്രവര്‍ത്തനത്തെയും സിഹ്ര്‍ എന്ന് മനസ്സിലാക്കാം. സിഹ്‌റിന്റെ ഏതെല്ലാം ഇനമുണ്ടോ അവയിലെ കാര്യകാരണ ബന്ധം എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുകയില്ല. ഈ കാര്യകാരണ ബന്ധം മനസ്സിലാക്കാന്‍ കഴിയാത്തതിനാല്‍ പലരും മാരണത്തില്‍ വിശ്വസിച്ച് വലിയ അപകടത്തില്‍ പെട്ടു പോയിട്ടുണ്ട്.

നമ്മുടെ നാടുകളില്‍ ഇസ്മിന്റെയും ത്വല്‍സമാത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരുണ്ട്. മലക്ക്, ഭൂതം, പിശാചുക്കള്‍, ദേവന്‍, ദേവി, മരണപ്പെട്ട മഹാന്മാര്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ മുതലായവയോടെല്ലാം സഹായം ചോദിക്കുന്ന ചില പ്രത്യേക രൂപത്തിലുള്ള കര്‍മ മുറകളും സിഹ്‌റില്‍ വരുന്നുണ്ട്. മറ്റു ചിലപ്പോള്‍ വല്ല മരുന്നുകളും മന്ത്ര തന്ത്രങ്ങളും ഉള്‍പെടുത്തിയും, ഹോമവും ജപവും ഉറുക്കും നറുക്കും അക്കങ്ങളും തകിടുകളും എല്ലാം ഉപയോഗിച്ചും ചെയ്യുന്നവരുമുണ്ട്. ഹിപ്‌നോട്ടിസം, കൈനോക്കല്‍ തുടങ്ങിയ ധാരാളം തരം പ്രവര്‍ത്തനങ്ങള്‍ മാരണ ക്രിയയില്‍ ഉള്‍പെടുന്നവയവാണ്. ഇസ്‌ലാം ഇതെല്ലാം നിഷിദ്ധമാക്കിയിട്ടുണ്ട്. ചിലത് ഏറ്റവും വലിയ കുഫ്ര്‍ വരെ ആയിത്തീരുന്നവയാണ്. പിശാചുക്കളോട് സഹായം ചോദിക്കലും അവരില്‍ നിന്ന് ഗുണദോഷങ്ങള്‍ പ്രതീക്ഷിക്കലും ശിര്‍ക്കാണല്ലോ.

മറ്റുള്ളവര്‍ക്ക് ഗുണവും ദോഷവും വരുത്താനും ഇണക്കമോ പിണക്കമോ ഉണ്ടാക്കുവാനുമെല്ലാമാണ് സിഹ്‌റിലൂടെ പ്രതീക്ഷിക്കുന്നത്. ഇതെല്ലാമാണ് ഇവയുടെ ലക്ഷ്യമായി വരാറ്. 

സിഹ്ര്‍ ചെയ്യല്‍ ഹറാമാണ്; വന്‍പാപമാണ്. സത്യവിശ്വാസത്തിനും സത്യവിശ്വാസികള്‍ക്കും യോജിക്കാത്ത പ്രവൃത്തിയാണ് മാരണം. അവിശ്വാസത്തിനും അവിശ്വാസികള്‍ക്കും മാത്രം യോജിക്കാവുന്ന പ്രവര്‍ത്തിയാണ് അത്. 

സിഹ്ര്‍ മുഖേന ആരെങ്കിലും മറ്റൊരാളെ ലക്ഷ്യം വെച്ച് ചെയ്താല്‍ അതിലൂടെ ഫലം ഉണ്ടാകുമോ എന്ന് പലപ്പോഴും സംശയിക്കാറുണ്ട്. ചില സിഹ്‌റിലൂടെ മാനസികമായോ ശാരീരികമായോ വല്ല മാറ്റവും വരുത്താന്‍ സാധിക്കുന്നതിനാല്‍ തന്നെയാണ് അതിനെ ഇസ്‌ലാം നിഷിദ്ധമാക്കിയത്. സിഹ്‌റിന് യാഥാര്‍ഥ്യം ഉണ്ട് എന്നതാണ് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. അതിനാലാണല്ലോ അത്തരം പ്രവൃത്തികളുടെ കെടുതികളില്‍ നിന്ന് രക്ഷ തേടാനായി അല്ലാഹു ക്വുര്‍ആനിലൂടെ നമ്മെ പഠിപ്പിക്കുന്നത്.  സുറഃ അല്‍ഫലക്വിലൂടെ നാം അല്ലാഹുവിനോട് അഭയം ചോദിക്കുന്ന കാര്യങ്ങള്‍ കാണുക:

''പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്. ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും. കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍ നിന്നും. അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ കെടുതിയില്‍നിന്നും'' (ക്വുര്‍ആന്‍ 114:15).

കെട്ടുകളില്‍ ഊതുന്നവരുടെ കെടുതി എന്നത് കൊണ്ട് സിഹ്ര്‍ പോലുള്ള ക്ഷുദ്ര പ്രവൃത്തികളാണ് ഉദ്ദേശിക്കപ്പെടുന്നത്. സിഹ്ര്‍ മുഖേന വല്ലതും സംഭവിച്ചാല്‍ എന്താണ് അതിനുള്ള പരഹാരം? തിരിച്ച് സിഹ്ര്‍ ചെയ്യലാണോ? ഒരിക്കലുമല്ല! ക്വുര്‍ആനിലെ ആയത്തുകള്‍ ഓതിയും നബിﷺ പഠിപ്പിച്ചു തന്നിട്ടുള്ള ദിക്‌റുകളും പ്രാര്‍ഥനകളും ചെയ്യലാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

സിഹ്‌റിന് യാതൊരു വിധത്തിലുള്ള യാഥാര്‍ഥ്യവുമില്ലെന്നും, അത് മിഥ്യയായ വിശ്വാസമാണെന്നും ചിലര്‍ പറയാറുണ്ട്. എന്നാല്‍ ക്വുര്‍ആനിന്റെ പരാമര്‍ശം ഒന്ന് ശ്രദ്ധിച്ചു നോക്കൂ: 'അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു.' ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടല്‍ ഈ പ്രവൃത്തിയിലൂടെ ഭിന്നത ഉണ്ടാക്കുവാന്‍ കഴിയും എന്നാണല്ലോ വ്യക്തമാകുന്നത്.

വാളെടുത്ത് ഒരാളുടെ കഴുത്തിന് വെട്ടിയാല്‍ അയാളുടെ ജീവന്‍ പോകുമെന്നത് തീര്‍ച്ചയാണല്ലോ. മരണം എന്ന കാര്യം സംഭവിക്കാന്‍ അല്ലാഹു നിശ്ചയിച്ച ഒരു കാരണമാണ് വാളുകൊണ്ട് വെട്ടുക എന്നത്. അതുകൊണ്ട് തന്നെ ആയുധം എടുക്കുന്നത് ഇസ്‌ലാം വിലക്കുകയും ചെയ്തല്ലോ. വാളുകൊണ്ട് വെട്ടുന്നതിലൂടെ ഒരാള്‍ മരിക്കുന്നുവെങ്കില്‍ അത് അല്ലാഹുവിന്റെ ഉദ്ദേശവും തീരുമാനവും ഉണ്ടായിട്ട് തന്നെയാണല്ലോ. സിഹ്ര്‍ എന്നല്ല, ഏത് പ്രവൃത്തിയുടെയും ഫലം ഉണ്ടാകുന്നത് അല്ലാഹുവിന്റെ തീരുമാന പ്രകാരമാണ്.

സിഹ്‌റിന് യാഥാര്‍ഥ്യമുണ്ടെന്ന് വിശ്വസിക്കുന്നത് ശിര്‍ക്കാണ് എന്ന് ചില ആളുകള്‍ വാദിക്കുന്നുണ്ട്. അവര്‍ക്ക് അപ്രകാരം ഒരു ധാരണ വരാന്‍ കാരണം ഇത് അഭൗതിക മാര്‍ഗത്തിലൂടെയുള്ള പ്രവൃത്തി ആണ് എന്നതാണ്. സിഹ്ര്‍ ചെയ്യുന്നവര്‍ പലരും അഭൗതിക മാര്‍ഗത്തിലൂടെ പലരുടെയും സഹായം ചോദിക്കാറുണ്ട്. പലതില്‍ നിന്നും സഹായം പ്രതീക്ഷിക്കാറുമുണ്ട്. എന്നാല്‍ അതിന്റെ ഫലം അഭൗതിക മാര്‍ഗത്തിലൂടെയല്ല എന്നതാണ് കാര്യം. നാം പറഞ്ഞത് പോലെ ഏതൊരു കാര്യം നടക്കാനും അല്ലാഹു പലതും കാരണമാക്കിയിട്ടുണ്ടല്ലോ. ആ കാരണങ്ങളില്‍ പെട്ടതാണ് സിഹ്‌റും. അതിനാല്‍ തന്നെ അതിന് യാഥാര്‍ഥ്യമുണ്ടെന്ന് ഒരാള്‍ വിശ്വസിക്കുന്നുവെങ്കില്‍ അതില്‍ യാതൊരു ശിര്‍ക്കും സംഭവിക്കുന്നില്ല.

നബിﷺയുടെ ജീവിതത്തില്‍ വരെ ഇതിന്റെ സ്വാധീനം സംഭവിച്ചിട്ടുണ്ട്. അത് പ്രാര്‍ത്ഥനയിലൂടെ ശരിയാകുകയും ചെയ്തത് ഹദീഥുകളില്‍ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.

യാതൊരു ഉപകാരവും ലഭിക്കാത്ത, ഉപദ്രവം ഉണ്ടാക്കുന്ന സിഹ്ര്‍ ചെയ്യുന്നവര്‍ തങ്ങളുടെ പരലോകമാണ് നഷ്ടമാക്കുന്നത്. സിഹ്‌റിലൂടെ ആര്‍ക്കെങ്കിലും വല്ല നേട്ടവും കിട്ടുന്നുവെങ്കില്‍ അത് ഇഹലോകത്തെ സുഖം മാത്രമാണെന്നാണ് അല്ലാഹു അറിയിക്കുന്നത്.