സകരിയ്യാ നബി(അ)

ഹുസൈന്‍ സലഫി, ഷാര്‍ജ

2019 ഫെബ്രുവരി 09 1440 ജുമാദല്‍ ആഖിര്‍ 04

(സകരിയ്യാ നബി(അ): 01)

ബനൂഇസ്‌റാഈല്യരിലേക്ക് അയക്കപ്പെട്ട പ്രവാചകനായിരുന്നു സകരിയ്യാ(അ). ഏഴ് തവണയാണ് ക്വുര്‍ആനില്‍ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിട്ടുള്ളത്. സുലൈമാന്‍ നബി(അ)യുടെ സന്താന പരമ്പരയിലാണ് സകരിയ്യാ(അ) ജനിക്കുന്നത്. 

ആ കാലത്ത് സ്ഥാനവും പ്രശസ്തിയുമുണ്ടായിരുന്ന ഒരു കുടുംബമായിരുന്നു ഇംറാന്‍ കുടുംബം. ഈ കുടുംബത്തിന്റെ പേരില്‍ ക്വുര്‍ആനില്‍ ഒരു അധ്യായം തന്നെയുണ്ട്. പ്രശസ്തമായ ഇംറാന്‍ കുടുംബത്തില്‍ നിന്നാണ് സകരിയ്യാ നബി(അ) വിവാഹം ചെയ്തത്.

ഇംറാന്‍ കുടുംബം ഇംറാന്‍ എന്ന ആളിലേക്കാണ് ചേര്‍ക്കപ്പെടുന്നത്. ഇംറാന്റെ ഭാര്യയുടെ പേര് ഹന്നഃ എന്നായിരുന്നു. ഇംറാന്‍-ഹന്നഃ ദമ്പതികള്‍ക്ക് സന്താനങ്ങളില്ലാതെ കുറെ കാലം കഴിച്ചുകൂട്ടേണ്ടി വന്നു. മക്കളില്ലാതെ കഴിഞ്ഞ ഇരുവരും അല്ലാഹുവിനോട് നിരന്തരം സന്താനത്തെ ചോദിച്ചിരുന്നു. അവസാനം ഹന്നഃ ഗര്‍ഭിണിയായി. ഗര്‍ഭിണിയായ സന്ദര്‍ഭത്തില്‍ അവര്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. ക്വുര്‍ആന്‍ അവരുടെ പ്രാര്‍ഥനയെ പറ്റി ഇപ്രകാരം പ്രസ്താവിക്കുന്നു:

''ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) എന്റെ രക്ഷിതാവേ, എന്റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായി ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ചനേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന് നീ അത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ'' (3:35).

സകരിയ്യാ നബി(അ)യുടെ പ്രാര്‍ഥനയുടെ സന്ദര്‍ഭം മനസ്സിലാകുന്നതിന് ഇംറാന്‍ കുടംബത്തിന്റെ ഒരു ചെറിയ വിവരണം അനിവാര്യമായതിനാലാണ് അതിനെക്കുറിച്ച് ഇവിടെ പറയുന്നത്.

ബൈതുല്‍ മക്വ്ദിസിന്റെ പരിചരണത്തിനും ശുശ്രൂഷക്കുമായി ആണ്‍കുട്ടികളെ നേര്‍ച്ചയാക്കല്‍ ഇംറാന്റെ കാലത്ത് പതിവുണ്ടായിരുന്നു. 

ഹന്നഃ ഗര്‍ഭിണിയായപ്പോള്‍ തന്നെ പിറക്കാന്‍ പോകുന്ന കുഞ്ഞിനെ ബൈതുല്‍ മക്വ്ദസിന്റെ പരിചരണത്തിനായി നേര്‍ച്ചനേര്‍ന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആണായിരിക്കുമെന്നാണ് അവര്‍ വിചാരിച്ചത്. അത് അവരുടെ ആഗ്രഹവുമായിരിക്കുമല്ലോ. അതിനാലാണ് അവര്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിനെ പള്ളി പരിപാലനത്തിനായി നേര്‍ച്ചയാക്കിയത്. 

ആരാധനകള്‍ക്ക് അര്‍ഹന്‍ അല്ലാഹു മാത്രമാണല്ലോ. നേര്‍ച്ച ഒരു ആരാധനയാണ്. അത് അല്ലാഹുവിന് മാത്രമെ അര്‍പ്പിക്കാവൂ. അല്ലാഹു അല്ലാത്തവരുടെ പ്രീതിയും പൊരുത്തവും പ്രതീക്ഷിച്ച് നേര്‍ച്ചയാക്കുന്നത് അവനില്‍ പങ്കുചേര്‍ക്കലാണ്. ക്വുര്‍ആനും സുന്നത്തും പരിചയപ്പെടുത്തിത്തരുന്ന മഹാന്മാരും മഹതികളും അവരുടെ നേര്‍ച്ച അല്ലാഹുവിന് മാത്രമെ സമര്‍പ്പിച്ചിട്ടുള്ളൂ. സത്യവിശ്വാസികള്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ നേര്‍ച്ചയാക്കിയ ഒരു സംഭവം പോലും ക്വുര്‍ആനിലോ ഹദീഥുകളിലോ നമുക്ക് കാണാന്‍ കഴിയില്ല. 

പ്രാര്‍ഥനകള്‍ക്കൊടുവില്‍ ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നതിന്റെ സന്തോഷം ഇംറാന്‍-ഹന്നഃ ദമ്പതികള്‍ അനുഭവിച്ചു. എന്നാല്‍ കുഞ്ഞിനെ കാണാന്‍ ഇംറാന് ഭാഗ്യമുണ്ടായില്ല. കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് തന്നെ പിതാവ് ഇംറാന്‍ മരണപ്പെട്ടു!

ഹന്നഃ പ്രസവിച്ചു. കുഞ്ഞ് പെണ്‍കുട്ടി. കുട്ടിക്ക് മര്‍യം എന്ന് പേരിടുകയും ചെയ്തു. (അവരുടെ പേരിലും ക്വുര്‍ആനില്‍ ഒരു അധ്യായം ഉണ്ട്). ബൈത്തുല്‍ മക്വ്ദിസിന്റെ പരിപാലനത്തിന് ആണ്‍കുട്ടികളെയാണ് അവിടത്തുകാര്‍ നേര്‍ച്ചയാക്കിയിരുന്നത്. അവര്‍ പ്രതീക്ഷിച്ചതല്ല സംഭവിച്ചിരിക്കുന്നത്. ഇനി എന്ത് ചെയ്യും? നേര്‍ച്ചയില്‍ നിന്ന് പിന്മാറാന്‍ പാടില്ലല്ലോ. അങ്ങനെ ഹന്നഃ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു:

''എന്നിട്ട് പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.-എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ- ആണ് പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക് ഞാന്‍ മര്‍യം എന്ന് പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു'' (3:36).

ഹന്നഃക്ക് നേര്‍ച്ച നിറവേറ്റല്‍ നിര്‍ബന്ധമായി. പള്ളി പരിപാലനത്തിനായി പതിവിന് വരുദ്ധമായതാണ് സംഭവിക്കാന്‍ പോകുന്നത്. 

ഹന്നഃ എന്ന ആ മഹതിയില്‍ നിന്ന് അല്ലാഹു ഏറ്റവും നല്ല രൂപത്തില്‍ അത് സ്വീകരിച്ചു. മര്‍യം വളര്‍ന്നുവരാന്‍ തുടങ്ങി. നേര്‍ച്ച പ്രകാരം പള്ളിയുടെ പരിപാലനത്തിന് ഏല്‍പിക്കാനായി ഉമ്മ മര്‍യമിനെയും കൂട്ടി ബൈതുല്‍ മക്വ്ദസിലേക്ക് പോയി. സകരിയ്യാ നബി(അ)യുടെ ചരിത്രം ഇവിടെ മുതലാണ് ആരംഭിക്കുന്നത്. 

മര്‍യമിനെയും കൂട്ടി പള്ളിയില്‍ ചെന്ന സന്ദര്‍ഭത്തില്‍ അവിടെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന സകരിയ്യാ നബി(അ) മര്‍യമിനെ ഏറ്റടുത്തു. ആ കാലത്ത് സകരിയ്യാ നബി(അ) ആയിരുന്നു ബൈതുല്‍ മക്വ്ദസിലെ പുരോഹിതന്മാരുടെ തലവന്‍. മര്‍യമിന്റെ മാതൃസഹോദരിയുടെ ഭര്‍ത്താവുമായിരുന്നു അദ്ദേഹം.

കുട്ടിയെ കൊണ്ടുവന്നപ്പോള്‍ ആരാണ് കുട്ടിയെ ഏറ്റടുക്കുക എന്ന കാര്യത്തില്‍ പള്ളിയിലെ പുരോഹിതന്മാര്‍ക്കിടയില്‍ തര്‍ക്കം വരെ ഉണ്ടായി. ഓരോരുത്തരും അതിനായി മുന്നോട്ടു വന്നു. അവസാനം അവര്‍ നറുക്കെടുക്കാന്‍ തീരുമാനിച്ചു. 

''(നബിയേ,) നാം നിനക്ക് ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ് മര്‍യമിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ പെന്‍കോലുകളിട്ട് കൊണ്ട് നറുക്കെടുപ്പ് നടത്തിയിരുന്ന സമയത്ത് നീ അവരുടെ അടുത്തുണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കത്തിലേര്‍പെട്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല'' (3:44).

മുഹമ്മദ് നബിﷺക്ക് മുമ്പ് കഴിഞ്ഞുപോയ ചരിത്രങ്ങള്‍ നേര്‍ക്കാഴ്ച പോലെ ലോകര്‍ക്ക് വിവരിച്ചു തരാന്‍ സാധിച്ചത് അല്ലാഹു വഹ്‌യ് (ദിവ്യബോധനം) നല്‍കിയത് കൊണ്ട് മാത്രമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പലരും നബിﷺയെ സംബന്ധിച്ച് വിശ്വസിക്കുന്നത് വികലമായ രൂപത്തിലാണ്. നബിﷺ എല്ലാ കാലത്തും ഈ ലോകത്ത് ഹാജറായിരുന്നു, അദ്ദേഹം എല്ലാം നോക്കിക്കാണുന്നവനായിരുന്നു എന്നെല്ലാമാണ്! യാതൊരു അടിസ്ഥാനവുമില്ലാത്ത പിഴച്ച വിശ്വാസങ്ങളാണ് ഇതെന്ന്‌നാം തിരിച്ചറിയേണ്ടതുണ്ട്. മുഹമ്മദ് നബിﷺ അങ്ങനെ ഏത് കാലത്തും ജീവിച്ച വ്യക്തിയായിരുന്നില്ലെന്ന് ഈ വചനത്തെ സംബന്ധിച്ച് ചിന്തിക്കുന്ന ആര്‍ക്കും ബോധ്യമാകും.

മര്‍യമിനെ ആര് ഏറ്റെടുക്കുമെന്ന തര്‍ക്കം അവരില്‍ ഉണ്ടായത് സംബന്ധിച്ച് നാം സൂചിപ്പിച്ചു. അവസാനം സകരിയ്യാ നബി(അ)യാണ് മര്‍യമിന്റെ സംരക്ഷണം ഏറ്റടുത്തത്. അങ്ങനെ മര്‍യം അദ്ദേഹത്തിന്റെ സംരക്ഷണത്തിലായി വളര്‍ന്നു.

മര്‍യമിനു വേണ്ടുന്ന ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുക, അവരുടെ സ്ഥിതിഗതികള്‍ അന്വേഷിക്കുക, അവര്‍ക്കാവശ്യമായവ എത്തിച്ചു കൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി സകരിയ്യാ നബി(അ) അവരുടെ അടുക്കല്‍ ചെല്ലുക പതിവായിരിക്കുമല്ലോ. 

സകരിയ്യാ(അ) മര്‍യം ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്ന പ്രാര്‍ഥനാവേദിയില്‍ (മിഹ്‌റാബില്‍) എത്തുമ്പോള്‍ അത്ഭുതകരമായ കാഴ്ചയാണ് കാണുന്നത്: 

''അങ്ങനെ അവളുടെ (മര്‍യമിന്റെ) രക്ഷിതാവ് അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ (പ്രാര്‍ഥനാവേദിയില്‍) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നുചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക് എവിടെ നിന്നാണിത് കിട്ടിയത്? അവള്‍ മറുപടി പറഞ്ഞു: അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ നല്‍കുന്നു'' (3:37).

ഉഷ്ണകാലത്ത് മാത്രം ലഭ്യമാകുന്ന പഴങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും ശൈത്യകാലത്തും ശൈത്യകാലത്ത് മാത്രം ലഭ്യമാകുന്ന പഴങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും ഉഷ്ണകാലത്തും മര്‍യം  ബീവി(അ)ക്ക് ലഭിച്ചിരുന്നു എന്നാണ് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത്. അല്ലാഹുവില്‍ നിന്ന് അവര്‍ക്ക് പ്രത്യേകമായി ലഭിച്ച അനുഗ്രഹമായിരുന്നു ഇത്. 

ഒരു സൃഷ്ടിക്കും ചെയ്യാന്‍ കഴിയാത്ത ഇത്തരം അസാധാരണവും അത്ഭുതകരവുമായ കാര്യങ്ങളാണ് മുഅ്ജിസത്തും കറാമത്തും. മുഅ്ജിസത്ത് പ്രവാചകന്മാരിലൂടെ മാത്രം അല്ലാഹു പ്രകടമാക്കുന്നതാണെങ്കില്‍ കറാമത്ത് അല്ലാഹുവില്‍ വിശ്വസിക്കുകയും ഭക്തിയോടെ ജീവിക്കുകയും ചെയ്യുന്നവരിലൂടെ പ്രകടമാക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതന്മാരെ ഒരു ജനതയിലേക്ക് അയക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്റെ ദൂതന്മാര്‍ തന്നെയാണ് എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്നതിനാണ് മുഅ്ജിസത്ത് അല്ലാഹു പ്രകടമാക്കുന്നതെങ്കില്‍ കറാമത്ത് എന്തെങ്കിലും തെളിയിക്കാന്‍ പ്രകടമാക്കുന്നതല്ല. കറാമത്ത് വിശ്വാസവും സൂക്ഷ്മതയും ഉള്ളവരിലൂടെയാണ് അല്ലാഹു പ്രകടമാക്കുന്നത് എന്ന് നാം പറഞ്ഞു. എന്നാല്‍ വിശ്വാസവും സൂക്ഷ്മതയും ഉള്ള എല്ലാവരിലും അല്ലാഹു അത് പ്രകടമാക്കുന്നതല്ല. ഇനി ഒരാളില്‍ എന്തെങ്കിലും അത്ഭുതം കണ്ടാല്‍ തന്നെ അല്ലാഹു ആദരിച്ചിട്ടുള്ള വ്യക്തിയാണ് അയാള്‍ എന്ന് നമുക്ക് അയാളെപ്പറ്റി ഒരു ഉറച്ച വിധി പറയാനും സാധ്യമല്ല. 

മര്‍യം ബീവി(അ)യുടെ അടുത്ത് സകരിയ്യാ നബി(അ) പ്രവേശിക്കുമ്പോള്‍ ഭക്ഷണം കാണുന്നു. 'മര്‍യമേ, നിനക്ക് എവിടെ നിന്നാണ് ഇത് ലഭിച്ചത്' എന്ന് അദ്ദേഹം ചോദിക്കുന്നു. 'അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്നതാകുന്നു' എന്ന് അവര്‍ മറുപടി പറയുകയും ചെയ്യുന്നു. സകരിയ്യാ നബി(അ)യുടെചോദ്യവും മര്‍യം ബീവി(അ)യുടെ മറുപടിയും നാം മുകളില്‍ വിവരിച്ചതിലേക്ക് വെളിച്ചം വീശുന്നതാണ്. 

മര്‍യമിന് അല്ലാഹു അത്ഭുതകരമായ രീതിയില്‍ ധാരാളം പഴങ്ങളും മറ്റും നല്‍കിയത് സകരിയ്യാ(അ) നേരില്‍ ദര്‍ശിക്കുകയാണ്. ആ പഴങ്ങള്‍ അവിടെ ലഭിക്കാന്‍ ഭൗതികമായ യാതൊരു കാരണവും  ഉണ്ടായിരുന്നില്ല. അഭൗതിക മാര്‍ഗത്തിലൂടെയാണ് അത് ലഭ്യമായിരിക്കുന്നത്. അതാണ് മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും സവിശേഷത.

വയസ്സേറെയായിട്ടും സന്താനങ്ങളില്ലാതെ വിഷമിച്ച് അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുന്ന, അല്ലാഹുവിന്റെ നല്ലവനായ അടിമയായിരുന്നു സകരിയ്യാ(അ). വയസ്സ് എണ്‍പത് പിന്നിട്ടു. മക്കളുണ്ടാകുന്ന സാധാരണ അവസ്ഥയെല്ലാം അവസാനിച്ചു. എന്നിട്ടും എല്ലാ കാര്യത്തിനും കഴിവുള്ള അല്ലാഹുവില്‍ അടിയുറച്ച വിശ്വാസമുള്ള സകരിയ്യാ നബി(അ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് നോക്കൂ:

''അവിടെ വെച്ച് സകരിയ്യാ തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കു ന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു'' (3:38).

അല്ലാഹുവിനോടാണ് സകരിയ്യാ(അ) ചോദിക്കുന്നത്. പ്രവാചകന്മാര്‍ മുഴുവനും അല്ലാഹുവിനോട് മാത്രമെ എപ്പോഴും എവിടെ വെച്ചും പ്രാര്‍ഥിക്കാവൂ എന്നാണ് പഠിപ്പിച്ചത്. എന്നാല്‍ ഇന്ന് പലരും പ്രചരിപ്പിക്കുന്നത് പ്രവാചകന്മാരുടെ മാര്‍ഗത്തിന് വിരുദ്ധമാണ്. അല്ലാഹുവിന് പുറമെ ആരോടും വിളിച്ചുതേടാം, അവര്‍ക്ക് സ്വന്തമായി കഴിവുണ്ടെന്ന്  വിശ്വസിച്ചാലേ ശിര്‍ക്കാവുകയുള്ളൂ എന്നും 'അമ്പിയാക്കളും ഔലിയാക്കളും' സൃഷ്ടികളാണെന്നും അല്ലാഹു കൊടുത്ത കഴിവേ അവര്‍ക്ക് ഉള്ളൂ എന്ന വിശ്വാസത്തില്‍ അവരോട് എന്തും ചോദിക്കാം എന്നുമാണ് ഈ തല്‍പര കക്ഷികള്‍ വാദിക്കുന്നത്.

ഔലിയാഅ് എന്ന പേരില്‍ അറിയപ്പെടുന്ന പലരുടെ പേരിലും അനവധി കള്ളക്കറാമത്തുകള്‍ പ്രചരിപ്പിക്കുകയും എന്നിട്ട് അവരോട് ആഗ്രഹ സഫലീകരണത്തിനായി തേടുകയും ചെയ്യുന്നവര്‍ സകരിയ്യാ നബി(അ)യുടെ ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട്. മര്‍യം ബീവി(അ)യുടെ സമീപത്ത് വലിയ കറാമത്ത് സകരിയ്യാ(അ) കാണുമ്പോള്‍, സന്താനങ്ങളില്ലാതെ വിഷമിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം അല്ലാഹുവിനോടാണ് തേടുന്നത്. കറാമത്തിന്റെ  ഉടമ അല്ലാഹുവാണെന്നും അത് അല്ലാഹുവാണ് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉദ്ദേശിക്കുന്ന രൂപത്തില്‍ നല്‍കുന്നതെന്നും സകരിയ്യാ നബി(അ)ക്ക് അറിയാം. അതിനാല്‍ കറാമത്തിന്റെ ഉടമയായ അല്ലാഹുവിനോടാണ് സകരിയ്യാ(അ) പ്രാര്‍ഥിക്കുന്നത്. ഇതാണ് നാം ഏവരും പിന്തുടരേണ്ട ചര്യ.

സകരിയ്യാ(അ) തേടുന്നത് കേവലം ഒരു സന്താനത്തെയല്ല. മറിച്ച്, നല്ല ഒരു സന്താനത്തെയാണ്. സന്താനസൗഭാഗ്യത്തിന് വേണ്ടി തേടുമ്പോള്‍ നല്ല മക്കളെ തരാനാണ് നമ്മളും അല്ലാഹുവിനോട് ചോദിക്കേണ്ടത്. ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനയും നാം കണ്ടതാണല്ലോ. 

സമ്പത്തും സന്താനവും പരീക്ഷണമാണ്. സമ്പത്ത് അല്ലാഹു എല്ലാവര്‍ക്കും ഒരു പോലെയല്ലല്ലോ നല്‍കുന്നത്. ചിലര്‍ക്ക് അല്ലാഹു ധാരാളം നല്‍കുന്നു. മറ്റു ചിലര്‍ക്ക് കുറച്ച് നല്‍കും. ചിലര്‍ക്ക് തീരെ നല്‍കാതെയിരിക്കും. അതിനാല്‍ സമ്പത്ത് ലഭിച്ചവരും ലഭിക്കാത്തവരും അഹങ്കരിക്കുകയോ നിരാശപ്പെടുകയോ ചെയ്യേണ്ടതില്ല. അല്ലാഹു ചിലര്‍ക്ക് മക്കളെ നല്‍കും. ചിലര്‍ക്ക് നല്‍കില്ല. എല്ലാം പരീക്ഷണമാണ്. 

ഏത് സന്ദര്‍ഭത്തിലും പ്രാര്‍ഥിക്കാന്‍ അവകാശപ്പെട്ടവന്‍ അല്ലാഹു മാത്രമാണ്. കാരണം അവന്‍ മാത്രമാണ് പ്രാര്‍ഥന കേള്‍ക്കുന്നവന്‍.