മനുഷ്യര്‍ ജന്മനാ പാപികളോ?

ഹുസൈന്‍ സലഫി, ഷാര്‍ജ

2019 ഏപ്രില്‍ 06 1440 റജബ് 29

(ഈസാ നബി(അ): 5)

'നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്' എന്നാണ് ഈസാ നബി(അ) ജനങ്ങളോട് പറഞ്ഞത്. പ്രസ്തുത ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന്റെ കൈകളിലൂടെ വെളിപ്പെടുമെങ്കിലും അവയുടെ യഥാര്‍ഥ കര്‍ത്താവ് അല്ലാഹുവാണ് എന്നാണ് ഇത് അറിയിക്കുന്നത്. പിന്നീട്, ദൃഷ്ടാന്തങ്ങളെ എണ്ണിപ്പറഞ്ഞപ്പോള്‍ അതെല്ലാം ഞാന്‍ ചെയ്യുന്നത് അല്ലാഹുവിന്റെ 'അനുവാദ പ്രകാരം' (ബി ഇദ്‌നില്ലാഹി) ആകുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുകയും ചെയ്തത് ശ്രദ്ധിക്കുക.

ഈ യാഥാര്‍ഥ്യം മനസ്സിലാക്കാത്തതിനാല്‍ പ്രവാചകന്മാരും അല്ലാത്തവരുമായ പല മഹാന്മാര്‍ക്കും ചിലര്‍ ദിവ്യത്വം കല്‍പിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ആ മഹാത്മാക്കള്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അവര്‍ക്ക് പല അസാധാരണ സംഭവങ്ങളും വെളിപ്പെടുത്തുവാനും ചില മറഞ്ഞകാര്യങ്ങള്‍ അറിയുവാനും കഴിയുമെന്നും അവര്‍ ധരിച്ചു വശായിരിക്കുന്നു. ഈ ധാരണ നിമിത്തം മുസ്‌ലിം സമുദായത്തില്‍ ശിര്‍ക്കു പരമായ എത്രയോ അന്ധവിശ്വാസങ്ങള്‍ കടന്നുകൂടിയിരിക്കുകയാണ്.

ഈസാ നബി(അ)യിലൂടെ പ്രകടമായ ദൃഷ്ടാന്തങ്ങള്‍ ക്വുര്‍ആന്‍ വിവരിച്ചതിനെ ദുര്‍വ്യാഖ്യാനിച്ച് ക്രൈസ്തവര്‍ ക്വുര്‍ആനില്‍ തന്നെ ഇൗസാ നബി(അ)യുടെ ദിവ്യത്വത്തിന് തെളിവുണ്ടെന്ന് തെറ്റുധരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. ഈസാ നബി(അ) തന്നെ തന്നിലൂടെ വെളിപ്പെടുന്ന ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവാണ് ചെയ്യുന്നത് എന്ന് പറഞ്ഞതിനെ മറച്ചുവെക്കുകയാണ് ഇവര്‍ ചെയ്യുന്നത്. മാത്രവുമല്ല ഞാന്‍ ഇതെല്ലാം ചെയ്യുന്നത് അല്ലാഹുവിന്റെ അനുവാദത്തോടെയാണ് എന്ന് ഈസാ(അ) തന്നെ ആവര്‍ത്തിച്ച്  പറഞ്ഞതും ശ്രദ്ധേയമാണ്. സൃഷ്ടിക്കുക, രോഗം സുഖപ്പെടുത്തുക, മരിച്ചവരെ ജീവിപ്പിക്കുക, മറഞ്ഞ കാര്യങ്ങള്‍ അറിയുക തുടങ്ങിയ അല്ലാഹുവിന്റെ മാത്രം അധികാരത്തില്‍ പെട്ട കാര്യങ്ങള്‍ ഒരു നിമിഷത്തേക്ക് പോലും അല്ലാഹു സൃഷ്ടികളില്‍ ഒരാള്‍ക്കും വിട്ടുകൊടുക്കുകയില്ല. അല്ലാഹു ക്വുര്‍ആനിലൂടെ നടത്തുന്ന ഒരു വെല്ലുവിളി ഏറെ ശ്രദ്ധേയമാണ്:

''ഇതൊക്കെ അല്ലാഹുവിന്റെ സൃഷ്ടികളാകുന്നു. എന്നാല്‍ അവന്നു പുറമെയുള്ളവര്‍ സൃഷ്ടിച്ചിട്ടുള്ളത് എന്താണെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ. അല്ല, അക്രമകാരികള്‍ വ്യക്തമായ വഴികേടിലാകുന്നു''(31:11).

''അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്'' (16:20).

ഈ രണ്ട് സൂക്തങ്ങളും അല്ലാഹുവല്ലാത്ത ആര്‍ക്കും യാതൊന്നും സൃഷ്ടിക്കാന്‍ കഴിയില്ല എന്ന് വ്യക്തമാക്കുന്നു. അപ്പോള്‍ ഈസാ നബി(അ) പക്ഷിയെ ഉണ്ടാക്കി എന്ന് പറഞ്ഞതിന്റെ സാരം ഈസാ(അ) അല്ല അതിന്റെ യഥാര്‍ഥ കര്‍ത്താവ് എന്നാണെന്ന് വ്യക്തം. 

വവ്വാല്‍ എന്ന ജീവി ഈസാ നബി(അ) പടച്ചതാണെന്ന് വിശ്വസിക്കുന്ന ചിലര്‍ ഉണ്ട്. ആ വിശ്വാസം ശിര്‍ക്കാണ്. സൃഷ്ടിക്കാനുള്ള കഴിവ് അല്ലാഹുവിന് മാത്രമേയുള്ളൂ. അല്ലാഹുവല്ലാതെ, ഒരു സൃഷ്ടിയും  യാതൊന്നും പടച്ചിട്ടില്ല. ഈസാ നബി(അ) ഉണ്ടാക്കിയ പക്ഷി വവ്വാലായിരുന്നു എന്നതിന് വിശ്വാസ യോഗ്യമായ യാതൊരു പ്രമാണവുമില്ല.

അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്ന പല കക്ഷികളും ഈ സംഭവം അവരുടെ വിതണ്ഡ വാദത്തിന് രേഖയാക്കാറുണ്ട്. എന്നാല്‍ ഈ സൂക്തങ്ങള്‍ക്ക് വ്യാഖ്യാനം നല്‍കിയ പണ്ഡിതന്മാര്‍ ആവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്.

ഇമാം റാസി(റ) പറയുന്നു: ''നിശ്ചയമായും ഈസാ(അ) ഈ ഉപാധി (അല്ലാഹുവിന്റെ അനുവാദപ്രകാരം എന്നത്) പറഞ്ഞത് അവ്യക്തത നീക്കുന്നതിനും ഞാന്‍ ഈ രൂപം ഉണ്ടാക്കുകയാണ് എന്ന് ഉണര്‍ത്തുന്നതിനും വേണ്ടിയാകുന്നു. എന്നാല്‍ ജീവന്‍ സൃഷ്ടിക്കുക എന്നത് അല്ലാഹുവില്‍ നിന്ന് മാത്രമുള്ളതാകുന്നു. (അത്) പ്രവാചകന്മാരുടെ കൈകളിലൂടെ മുഅ്ജിസത്തുകള്‍ പ്രകടമാകുന്നതിന്റെ മാര്‍ഗമാകുന്നു'' (തഫ്‌സീറുല്‍ കബീര്‍).

തഫ്‌സീറുല്‍ ക്വുര്‍ത്വുബിയില്‍ ഇപ്രകാരം കാണാം: ''മണ്ണ് ശരിപ്പെടുത്തലും (അതിലേക്ക്) ഊതലും ഈസാ(അ)യില്‍ നിന്നും സൃഷ്ടിപ്പ് നല്‍കല്‍ അല്ലാഹുവില്‍ നിന്നുമായിരുന്നു. ജിബ്‌രീലില്‍ നിന്ന് ഊതലും (ഈസാ നബി(അ)യുടെ സൃഷ്ടിയുടെ മുന്നോടിയായി മര്‍യമില്‍ ജിബ്‌രീല്‍(അ) ആണല്ലോ ഊതിയത്) അല്ലാഹുവില്‍ നിന്ന് സൃഷ്ടിപ്പും ഉണ്ടായത് പോലെ.''

തഫ്‌സീറുല്‍ ബൈദ്വാവിയില്‍ ഇപ്രകാരം കാണാം: ''അപ്പോള്‍ അല്ലാഹുവിന്റെ അനുവാദ പ്രകാരം പക്ഷിയായി. (അതായത്) അല്ലാഹുവിന്റെ കല്‍പന പ്രകാരം അത് ജീവനുള്ള ഒരു പക്ഷിയായി മാറി. അതിന് ജീവന്‍ നല്‍കല്‍ അല്ലാഹുവില്‍ നിന്നാണെന്നും അദ്ദേഹത്തില്‍ (ഈസായില്‍) നിന്നല്ലെന്നും അത് കൊണ്ട് അദ്ദേഹം അറിയിക്കുന്നു.''

അല്ലാഹുവിന്റെ അനുവാദ പ്രകാരം എന്നത് ആവര്‍ത്തിച്ചത് (ഈസാ(അ)യില്‍) ദിവ്യത്വം ഉണ്ടെന്ന ഊഹത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയാകുന്നു. തീര്‍ച്ചയായും ജീവന്‍ നല്‍കല്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളില്‍ പെട്ടതല്ല.

മുകളില്‍ കൊടുത്തിട്ടുള്ള ഓരോ ഉദ്ധരണിയും ഈസാ നബി(അ)യില്‍ സാധാരണ മനുഷ്യന്റെ കഴിവിന് അപ്പുറമുള്ള യാതൊരു കഴിവും ഇല്ലെന്ന് വ്യക്തമാക്കുന്നതാണ്.

അല്ലാഹു ഓരോ പടപ്പിനും അതാതിന്റെ പ്രകൃതം നല്‍കിയിട്ടുണ്ട്. അത് പ്രകാരം സൃഷ്ടികള്‍ പ്രപഞ്ചത്തില്‍ ജീവിക്കുന്നു. ആ പ്രകൃതിക്ക് അപ്പുറം ഒരു സൃഷ്ടിക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല.

ഇവിടെ ഈസാനബി(അ)യിലൂടെ അല്ലാഹു പ്രകടമാക്കിയ അത്ഭുതങ്ങളെ പറ്റി പറഞ്ഞപ്പോഴാണ് അല്ലാഹുവിന്റെ കല്‍പന പ്രകാരം എന്ന് ചേര്‍ത്തി പറഞ്ഞത്. ആ കാര്യങ്ങളാകട്ടെ, അല്ലാഹുവിന് മാത്രം ചെയ്യാന്‍ കഴിയുന്നതുമാണ്. എന്നാല്‍ മനുഷ്യപ്രകൃതി കൊണ്ട് ചെയ്യാവുന്ന കാര്യങ്ങള്‍ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ആ പ്രകൃതിക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും അല്ലാഹുവിന്റെ അനുവാദം വേണം. അല്ലാഹുവിന്റെ അനുവാദം കൂടാതെ ഇവിടെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. നാം നടക്കുന്നു, ഓടുന്നു, ചാടുന്നു, പിടിക്കുന്നു... ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു. ഇപ്രകാരം മനുഷ്യന് സാധാരണ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പ്രവാചകത്വത്തിന് തെളിവായി അല്ലാഹുവിന്റെ അനുവാദം കൂടാതെ എന്ന ഉപാധിയോടെ പറയുന്നതില്‍ അത്ഭുതമില്ലല്ലോ. അതിനാലാണ് സൃഷ്ടികളുടെ കരങ്ങളാല്‍ നടന്നു വരാത്തതും അല്ലാഹുവിന് മാത്രം ചെയ്യാന്‍ കഴിയുന്നതുമായ കാര്യങ്ങള്‍ ഈസാ(അ)യിലൂടെ പ്രകടമായതിനെ സംബന്ധിച്ച് 'ബി ഇദ്‌നില്ലാഹി' (അല്ലാഹുവിന്റെ അനുവാദ പ്രകാരം) എന്ന് പറഞ്ഞത്.

ഈസാ നബി(അ) ജനങ്ങള്‍ ഭക്ഷണം കഴിച്ചതിനെ പറ്റിയും വീട്ടില്‍ സൂക്ഷിച്ചു വെച്ചതിനെ പറ്റിയും പറയുന്നത് എങ്ങനെയാണ്? ഇതും പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്.

''എന്നാല്‍ അദ്ദേഹം ഒരു ഉപകരണത്തിന്റെയും സഹായമില്ലാതെയും നേരത്തെ ചോദിച്ചറിയാതെയും അദൃശ്യമായതിനെ പറ്റി പറയുന്നത് അല്ലാഹുവില്‍ നിന്നുള്ള വഹ്‌യ് (ദിവ്യബോധനം) കൊണ്ടല്ലാതെ യല്ല'' (തഫ്‌സീറുല്‍ കബീര്‍).

അല്ലാഹു 'എന്റെ അനുവാദ പ്രകാരം' (ബി ഇദ്‌നീ) എന്ന് നാല് സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചത് ജനങ്ങള്‍ സത്യത്തെ സത്യസന്ധമായി മനസ്സിലാക്കുന്നതിന് വേണ്ടിയാണ്. ആ അത്ഭുത സംഭവങ്ങള്‍ ഈസാ(അ)യുടെ ഭാഗത്ത് നിന്നല്ല, മറിച്ച് അത് അല്ലാഹുവില്‍ നിന്നാകുന്നു. അല്ലാഹു അദ്ദേഹത്തിന്റെകരങ്ങളിലൂടെ അദ്ദേഹത്തിനുള്ള മുഅ്ജിസത്തായി പ്രകടിപ്പിക്കുകയാണ് ചെയ്തത്'' (തഫ്‌സീര്‍ അബിസ്സുഊദ്).

ഈ അത്ഭുത സംഭവങ്ങള്‍ ഈസാ(അ) സ്വന്തം കഴിവിനാല്‍ ചെയ്യുന്നതല്ലെന്നും അല്ലാഹുവിങ്കല്‍ നിന്നുള്ള ബോധനത്തിന്റെ അടിസ്ഥാനത്തിലും മുഅ്ജിസത്തായുമാണ് അവ സംഭവിച്ചതെന്നുമാണ് പണ്ഡിതന്മാര്‍ വിവരിക്കുന്നത്.

ഈസാ നബി(അ)യുടെ പേരിലുള്ള ചില കളവുകള്‍

ഈസാ നബി(അ)യുടെ പേരില്‍ പില്‍കാലക്കാര്‍ ധാരാളം കളവുകള്‍ കെട്ടിച്ചമച്ചിട്ടുണ്ട്. അത്തരം കളവുകളെ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന ധാരാളം പേരെ ലോകത്ത് നമുക്ക് കാണുവാന്‍ സാധിക്കും.

നമ്മുടെ നാട്ടിലെ കലണ്ടറുകളില്‍ 'ദുഃഖവെള്ളി' എന്ന് ഏപ്രില്‍ 14ന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയുടെ കള്ളിയില്‍ രേഖപ്പെടുത്തിയത് നമുക്ക് കാണാന്‍ കഴിയും. പാശ്ചാത്യരാജ്യങ്ങളില്‍ ഈ ദിവസത്തെ 'ഗുഡ് ഫ്രൈഡേ' എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓര്‍ത്തഡോക്‌സ് സഭകള്‍ 'വലിയ വെള്ളിയാഴ്ച' അഥവാ 'ഗ്രേറ്റ് ഫ്രൈഡേ' എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകള്‍ 'ഹാശാ വെള്ളി' (കഷ്ടാനുഭവങ്ങളുടെ  വെള്ളിയാഴ്ച) എന്നും വിളിക്കുന്നു. 

ഈ വെള്ളിയാഴ്ചയുടെ മുമ്പുള്ള വ്യാഴം 'പെസഹ വ്യാഴം' എന്ന പേരിലും ആചരിക്കപ്പെടുന്നു. അന്നാണ് യേശു അന്ത്യ അത്താഴം കഴിച്ചത് എന്നാണ് അവരുടെ വിശ്വാസം. അന്ത്യ അത്താഴത്തിന് ശേഷമുള്ള വെള്ളിയാഴ്ച യേശു കുരിശിലേറ്റപ്പെട്ടെന്നും അങ്ങനെ അദ്ദേഹം മരിച്ചു എന്നും മൂന്നാംനാള്‍ ശവക്കല്ലറയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നും അവര്‍ വിശ്വസിക്കുന്നു. 

ഓരോരുത്തര്‍ക്കും ഈ ലോകത്ത് അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം അല്ലാഹു തന്നെ നല്‍കിയിട്ടുണ്ട്. പക്ഷേ, സത്യം എന്ത് എന്ന് അനേ്വഷിച്ചറിയുവാനുള്ള ബാധ്യത മനുഷ്യര്‍ക്കുണ്ട്. അറിവുള്ളവരുടെ മേല്‍ അറിയിച്ചുകൊടുക്കാനുള്ള ബാധ്യതയുമുണ്ട്.  

ഈസാ നബി(അ)യെ സംബന്ധിച്ചുള്ള ഈ വിശ്വാസത്തെ ഗുരുതരമായ പാപമായി ക്വുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ ഉണര്‍ത്തിയിട്ടുണ്ട്.

ഒരേ വെള്ളിയാഴ്ചക്ക് തന്നെ 'ദുഃഖവെള്ളി' എന്നും 'ഗുഡ് െ്രെഫഡേ' എന്നും പേര് വരാനുള്ള കാരണം എന്താണ്? ദുഃഖവെള്ളി എന്ന് ആ ദിവസത്തിന് പേര് വിളിക്കുന്നവര്‍ ഗുഡ് െ്രെഫഡേ എന്ന വിളിയെ അംഗീകരിക്കുന്നവര്‍ തന്നെയാണ്. അതിന് അവര്‍ പല ന്യായങ്ങളും നിരത്തുന്നുമുണ്ട്. ആ ന്യായീകരണെത്ത ഇസ്‌ലാം അംഗീകരിക്കുന്നില്ല. അത് ഇപ്രകാരമാണ്: 'ആദം വിലക്കപ്പെട്ട ആപ്പിള്‍ സ്ത്രീയുടെ പ്രലോഭനത്തിന് വഴങ്ങി തിന്നുപോയി. അങ്ങനെ ആദം പാപിയായി. ആദിപാപം കാരണമായി മുഴുവന്‍ മനുഷ്യരും ജന്മനാ പാപികളായി. അവരെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ ദൈവം തന്നെ മനുഷ്യരൂപത്തില്‍ അവതരിച്ച് കുരിശിലേറി പാപങ്ങളില്‍ നിന്ന് സകല മനുഷ്യര്‍ക്കും മോചനം നല്‍കിയതിനാല്‍ അത് 'ഗുഡ്' അഥവാ 'നല്ലത്' ആയി. കുരിശിലേറിയത് ദുഃഖവുമായി!' 

ആദം(അ) സ്വര്‍ഗത്തില്‍ വെച്ച് ആ പഴം കഴിച്ചത് ഹവ്വായുടെ പ്രലോഭനത്താല്‍ ആയിരുന്നു എന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നില്ല. അങ്ങനെ ആദം പാപിയായെന്നും അതു കാരണത്താല്‍ മനുഷ്യന്‍ ജനിക്കുമ്പോള്‍ തന്നെ പാപിയാണ് എന്നതും ക്വുര്‍ആന്‍ അംഗീകരിച്ചിട്ടില്ലാത്ത വാദമാണ്. അതുപോലെ ദൈവം മനുഷ്യരൂപത്തില്‍ അവതരിച്ച് അങ്ങേയറ്റത്തെ ത്യാഗം സഹിച്ച് കുരിശിലേറിയതിനാല്‍ മനുഷ്യര്‍ക്ക് മോചനം ലഭിച്ചു എന്നതും അല്ലാഹു നമുക്ക് പഠിപ്പിച്ചു തരാത്ത കാര്യമാണ്. തീര്‍ത്തും അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ വാദങ്ങളാകുന്നു ഇതെല്ലാം. ഈ കാര്യങ്ങളില്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്താണ് പറയുന്നത്? മനുഷ്യന്‍ ജന്മനാ പാപിയാണോ? 

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബിﷺ  പറഞ്ഞു: ''എല്ലാ കുഞ്ഞും ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണ്. അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനും ക്രിസ്ത്യാനിയും അഗ്‌നിയാരാധകനുമാക്കുന്നത്'' (ബുഖാരി).

ശരിയായ രൂപത്തില്‍ ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവനെ സംബന്ധിച്ച് നബിﷺ  പറഞ്ഞത് അവന്‍ നവജാത ശിശുവിനെ പോലെയാണ് എന്നാണ്. പാപക്കറ പുരളാത്ത ശുദ്ധനാണ് എന്നര്‍ഥം. എന്നാല്‍ ഓരോരുത്തരും പാപികളാകുന്നത് തങ്ങളുടെ കര്‍മങ്ങളുടെ ഫലമായി മാത്രമാകുന്നു.

ബൈബിളില്‍ തന്നെയും യേശു പറഞ്ഞു എന്ന് പറയുന്നതായി ഇപ്രകാരം കാണാം: ''പാപരഹിതരായി കുട്ടികളെപ്പോലെയാവുക നിങ്ങള്‍.'' ജന്മപാപ സിദ്ധാന്തത്തിന് ബൈബിള്‍ തന്നെ എതിരാകുന്നതാണ് ഇതിലൂടെ നാം കാണുന്നത്. പല വിധത്തിലുള്ള മാറ്റത്തിരുത്തലുകള്‍ക്കും വെട്ടിമാറ്റലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും ബൈബിള്‍ വിധേയമായിട്ടുണ്ടെങ്കിലും അതില്‍ അങ്ങിങ്ങായി ചില സത്യങ്ങള്‍ ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് കാണാനാവും. 

പാപ ഭാരം ഏറ്റെടുക്കുകയോ?

ഒരാള്‍ ചെയ്ത തെറ്റിനുള്ള ശിക്ഷ അയാള്‍ വഹിക്കുക തന്നെ ചെയ്യും. ഒരാളുടെ തെറ്റും മറ്റൊരാള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ല. ക്വുര്‍ആന്‍ പറയുന്നത് കാണുക:

''അതല്ല, മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ? (കടമകള്‍) നിറവേറ്റിയ ഇബ്‌റാഹീമിന്റെയും (പത്രികകളില്‍). അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും മനുഷ്യന്ന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും അവന്റെ പ്രയത്‌ന ഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം. പിന്നീട് അവന് അതിന് ഏറ്റവും പൂര്‍ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും'' (53:36-41).

ആരും ആരുടെയും പാപഭാരം വഹിക്കില്ലെന്നും ഓരോരുത്തര്‍ക്കും അവനവന്റെ ചെയ്തിക്കുള്ള പ്രതിഫലമാണ് ലഭിക്കുക എന്നുമാണ് എല്ലാ നബിമാരും പഠിപ്പിച്ചത്.

പാപഭാരം ഏറ്റുവാങ്ങി ദൈവപുത്രന്‍ കുരിശിലേറി എന്ന വിശ്വാസം എങ്ങനെ മനുഷ്യബുദ്ധി അംഗീകരിക്കും? താനോ മറ്റു മനുഷ്യരോ ചെയ്യാത്ത പാപത്തിന് അതിദയനീയമായ അന്ത്യം ഏറ്റുവാങ്ങുന്ന ദൈവപുത്രന്റെ അവസ്ഥ വിചിത്രമല്ലേ? മാത്രവുമല്ല, അങ്ങനെ മുഴുവന്‍ മനുഷ്യരുടെയും പാപഭാരം വഹിച്ചെങ്കില്‍ ഇവിടെ പാപികള്‍ ഉണ്ടായിക്കൂടല്ലോ. മനുഷ്യരില്‍ ഇന്ന് ഒളിഞ്ഞും തെളിഞ്ഞും സ്വന്തത്തെയും മറ്റുള്ളവരെയും ദ്രോഹിക്കുന്നവര്‍ എത്രയാണ്! പിന്നെ എന്തിന് ദൈവപുത്രന്‍ കുരിശിലേറി?

അതുപോലെ ആദം(അ) സ്വര്‍ഗത്തില്‍ വെച്ച് പഴം കഴിക്കാന്‍ കാരണം സ്ത്രീയാണെന്ന് പറഞ്ഞ് ബൈബിളില്‍ പലേടത്തും സ്ത്രീകളെ ആക്ഷേപിക്കുന്നതായി കാണാം. 

ജൂതന്മാരും ക്രിസ്ത്യാനികളും യേശു കുരിശിലേറി എന്നാണ് വിശ്വസിക്കുന്നത്. ജൂതന്മാര്‍ പറയുന്നത് യേശു ജാരസന്തതിയാണെന്നും ആഭിചാരക്കാരനാണെന്നും അവന് ഞങ്ങള്‍ അര്‍ഹതപ്പെട്ട മരണം നല്‍കി എന്നുമാണ്. എന്നാല്‍ ക്രൈസ്തവര്‍ പറയുന്നത് യേശു വിശുദ്ധനാണ്, എല്ലാവരുടെയും പാപഭാരം ഏറ്റെടുത്ത് അദ്ദേഹം കുരുശിലേറി എന്നാണ്. ഇരു കൂട്ടരും അദ്ദേഹം കുരിശിലേറ്റപ്പെടുകയും അങ്ങനെ മരണംവരിക്കുകയും ചെയ്തു എന്ന ആശയത്തില്‍ യോജിക്കുന്നവരാണ്. ക്വുര്‍ആന്‍ ഇരു കൂട്ടരുടെയും ഈ വിശ്വാസത്തെ ശക്തിയായി എതിര്‍ക്കുന്നു.

യേശു കുരിശിലേറിയതിനെ മഹത്തായ കാര്യമായിട്ടാണ് ക്രൈസ്തവര്‍ പരിഗണിക്കുന്നത്.  കുരിശുമരണ ചരിത്രം പറയുന്നത് യേശുവിനെ കുരിശില്‍ തറക്കാന്‍ യൂദാസ് ഒറ്റുകൊടുത്തു എന്നാണ്.കുരിശു മരണം നല്ല ഒരു കാര്യമാണെങ്കില്‍ യേശുവിനെ ഒറ്റുകൊടുത്ത യൂദാസ് നല്ല കാര്യമല്ലേ ചെയ്തത്? പിന്നെ, എന്തിന് ഇവര്‍ യൂദാസിനെ കുറ്റപ്പെടുത്തുന്നു? സര്‍വരെയും സ്വര്‍ഗസ്ഥരാക്കുവാന്‍ പാപം ഏറ്റെടുത്ത് കുരിശിലേറാന്‍ വന്നയാളെ കാണിച്ചു കൊടുത്തത് ഒരു നല്ല കാര്യമായി കണ്ട് യൂദാസിനെ വിശുദ്ധനായി പ്രഖ്യാപിക്കേണ്ടതിന് പകരം അയാളെ ഒറ്റുകാരനാണെന്നു പറഞ്ഞ് ആക്ഷേപിക്കുന്നതെന്തിന്? വേഷം മാറി നടന്ന യേശുവിനെ കാണിച്ചു കൊടുത്തുകൊണ്ട് 'മാനവരാശിയെ പാപത്തില്‍ നിന്ന് രക്ഷിക്കാന്‍' കൂട്ടുനിന്ന യൂദാസ് എങ്ങനെ പാപിയാകും? എന്തിന് അയാളെ സഭകള്‍ ശപിക്കണം? 

(തുടരും)