ഈസാ നബി(അ)

ഹുസൈന്‍ സലഫി, ഷാര്‍ജ

2019 മാര്‍ച്ച് 08 1440 റജബ് 02

പരിശുദ്ധ ക്വുര്‍ആനില്‍ ഈസാ നബി(അ)യുടെയും മാതാവായ മര്‍യമിന്റെയും പേര് ധാരാളം തവണ പരാമര്‍ശിച്ചിട്ടുണ്ട്. 

ലോകത്ത് ഈസാ നബി(അ)യെ സംബന്ധിച്ച് മൂന്ന് രൂപത്തിലുള്ള വിശ്വാസം വെച്ചു പുലര്‍ത്തുന്നവരുള്ളതായി നമുക്ക് കാണാം. അതില്‍ ഒരു വിഭാഗം ജൂതന്മാരാണ് (യഹൂദികള്‍). യഹൂദികള്‍ ഈസാ നബി(അ) ഒരു ജാര സന്തതിയാണെന്നാണ് വിശ്വസിക്കുന്നത്. രണ്ടാമത്തെ വിഭാഗം ക്രൈസ്തവരാണ് (നസ്വാറാക്കള്‍). അവര്‍ ഈസാ നബി(അ)യെ ദൈവപുത്രനായിട്ടാണ് പരിഗണിക്കുന്നത്. മൂന്നാമത്തെ വിഭാഗം മുസ്‌ലിംകളാണ്. മുസ്‌ലിംകള്‍ ഈസാ(അ) അല്ലാഹുവിന്റെ ദൂതനും (റസൂല്‍) അടിമയുമാണ് എന്നാണ് വിശ്വസിക്കുന്നത്.

ഈസാ നബി(അ)യുടെ മാതാവ് മര്‍യം(റ) വിശിഷ്ടയാണ്. അവരെ സംബന്ധിച്ച് ക്വുര്‍ആന്‍ പ്രശംസിച്ച് പറയുന്നത് കാണുക: 

''...അദ്ദേഹത്തിന്റെ  മാതാവ് സത്യവതിയുമാകുന്നു...'' (5:75).

''...അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു'' (66:12).

ഈസാ നബി(അ)യുടെ ചരിത്ര വിവരണത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മാതാവായ മര്‍യമിന്റെ ചരിത്രം വിവരിക്കല്‍ അനിവാര്യമാണ്. പല കാര്യങ്ങളും സകരിയ്യാ നബി(അ)യുടെ ചരിത്രം വിവരിക്കവെ നാം പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഈസാ നബി(അ)യുടെ ചരിത്ര വിവരണത്തിന്റെ പൂര്‍ത്തീകരണം മാതാവിന്റെ ചരിത്രം കൂടി വിവരിക്കുമ്പോഴേ ലഭിക്കുകയുള്ളൂ. അതിനാല്‍ മര്‍യം ബീവി(റ)യുടെ ചരിത്രവും ചെറിയ രൂപത്തില്‍ ഇവിടെ വിവരിക്കുകയാണ്.

ക്വുര്‍ആന്‍ ഈസാ നബി(അ)യുടെ ചരിത്ര വിവരണം തുടങ്ങുന്നത് ഇംറാന്‍ കുടുംബത്തെ സംബന്ധിച്ച് പറഞ്ഞു കൊണ്ടാണ്:

''തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്‌റാഹീം കുടുംബത്തെയും ഇംറാന്‍ കുടുംബത്തെയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു. ചിലര്‍ ചിലരുടെ സന്തതികളായിക്കൊണ്ട്. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം  (ശ്രദ്ധിക്കുക:) എന്റെ രക്ഷിതാവേ, എന്റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായി ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന് നീ അത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. എന്നിട്ട് പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ. എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ. ആണ് പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക് ഞാന്‍ മര്‍യം എന്ന് പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു'' (3:33-36).

ഇവിടെ പേര് പറഞ്ഞിട്ടുള്ള പ്രവാചകന്മാര്‍ക്കും മറ്റുള്ളവര്‍ക്കും പല പ്രത്യേകതകളുമുള്ളതായി നമുക്ക് കാണാവുന്നതാണ്. കോടിക്കണക്കിന് മനുഷ്യരില്‍ നിന്ന് അല്ലാഹു ആദമിനെയാണ് സ്വന്തം കൈകൊണ്ട് സൃഷ്ടിക്കാന്‍ തെരഞ്ഞെടുത്തത്. ഒരു ലക്ഷത്തില്‍ പരം പ്രവാചകന്മാരില്‍ നിന്ന് നൂഹ് നബി(അ)യെയാണ് ആദ്യത്തെ റസൂലായി അല്ലാഹു തെരഞ്ഞെടുത്തത്. ഇബ്‌റാഹീം നബി(അ)ക്ക് മുമ്പ് ധാരാളം നബിമാരെ അല്ലാഹു അയച്ചിട്ടുണ്ടെങ്കിലും അവരുടെ മക്കളിലൂടെ അല്ലാഹു പ്രവാചകത്വം നിലനിര്‍ത്തിയിട്ടില്ല. ഇബ്‌റാഹീം നബി(അ)യുടെ മക്കളിലൂടെയാണ് ധാരാളക്കണക്കിന് നബിമാരെ അല്ലാഹു തെരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ നിന്ന് വ്യത്യസ്തമായ പ്രത്യേകതയുള്ള കുടുംബമാണ് ഇംറാന്‍ കുടുംബം.

ഈസാ നബി(അ)യുടെ മാതാവിനെക്കുറിച്ച് പറയുന്നതിന് മുമ്പ് അവരുടെ ഉമ്മയെക്കുറിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഈസാ നബി(അ)യുടെ പിതാമഹനാണ് ഇംറാന്‍. ഇംറാന്റെ ഭാര്യയാണ് ഹന്നഃ.ഹന്നഃ ഗര്‍ഭിണിയായിരിക്കെ തന്നെ വയറ്റിലുള്ള കുഞ്ഞിനെ ബൈതുല്‍ മക്വ്ദസിന്റെ പരിപാലനത്തിനായി നേര്‍ച്ച നേര്‍ന്നു. അപ്രകാരം നേര്‍ച്ചനേരല്‍ അക്കാലത്ത് പതിവായിരുന്നു. ആണ്‍കുട്ടികളെയാണ് രക്ഷിതാക്കള്‍ അപ്രകാരം നേര്‍ച്ചനേരാറ്. ഹന്നഃ തനിക്ക് ജനിക്കാന്‍ പോകുന്നത് ആണ്‍കുട്ടിയാകും എന്ന ധാരണയിലാണ് പ്രസവത്തിന് മുമ്പേ വയറ്റിലുള്ള കുഞ്ഞിനെ പള്ളിപരിപാലനത്തിനായി നേര്‍ച്ചയാക്കിയത്.

ഹന്നഃ പ്രസവിച്ചു; ഒരു പെണ്‍കുട്ടിയെ. കുട്ടിയെ പള്ളിപരിപാലനത്തിന് ഏല്‍പിക്കണം. ഒരു പെണ്‍കുട്ടിയെ അപ്രകാരം മാറ്റിനിര്‍ത്തുന്നത് ഒരു മാതാവിന് ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഏറെ വ്യാകുലത ഉണ്ടായി. കുഞ്ഞിന് അവര്‍ മര്‍യം എന്ന് പേരിടുകയും ചെയ്തു. തുടര്‍ന്ന് പൈശാചികമായ ഉപദ്രവത്തില്‍ നിന്ന് മര്‍യമിനും മര്‍യമിന് ഉണ്ടാകുന്ന സന്താനങ്ങള്‍ക്കുമായി അല്ലാഹുവിനോട് അവര്‍ കാവല്‍ തേടി.

മര്‍യമിനെ പ്രസവിച്ചയുടനെ തന്നെ മാതാവ് ഹന്നഃ പേര് വിളിച്ചുവല്ലോ. ഈ അടിസ്ഥാനത്തില്‍ കുഞ്ഞ് ജനിച്ചാല്‍ അന്ന് തന്നെ കുഞ്ഞിന് പേര് വിളിക്കാമോ, അതല്ല ഏഴ് വരെ കാത്തിരിക്കേണ്ടതുണ്ടോ എന്ന് പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഈ സംഭവത്തെ തെളിവാക്കിക്കൊണ്ട് കുഞ്ഞ് ജനിച്ചയുടനെ തന്നെ കുഞ്ഞിന് പേര് വിളിക്കല്‍ അനുവദനീയമാണ് എന്ന് പറഞ്ഞിട്ടുണ്ട്. അനസ്ബ്‌നു മാലിക്(റ) തന്റെ സഹോദരന്‍ അബ്ദുല്ലയെയും കൊണ്ട് മാതാവ് പ്രസവിച്ച ഉടനെ മധുരം നല്‍കാനായി നബി ﷺയുടെ അടുത്തേക്ക് കൊണ്ടുപോയി. അങ്ങനെ നബി ﷺ അദ്ദേഹത്തിന് അബ്ദുല്ല എന്ന് പേര് വിളിക്കുകയും ചെയ്തു. ഇത് ബുഖാരിയിലും മുസ്‌ലിമിലും കാണാവുന്ന സംഭവമാണ്. 

വിശ്വാസികളുടെ മാതാവായ മാരിയതുല്‍ ക്വിബ്ത്വിയ്യഃ(റ)യില്‍ നബി ﷺക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചു. നബി ﷺ അന്ന് തന്നെ കുഞ്ഞിന് ഇബ്‌റാഹിം എന്ന് പേര് വിളിച്ചതും ഹദീഥുകളില്‍ കാണാം. സമാനമായ വേറെയും ഹദീഥുകള്‍ ഈ വിഷത്തില്‍ നമുക്ക് കാണാവുന്നതാണ്. കുഞ്ഞ് പിറന്ന അന്ന് തന്നെ പേര് വിളിക്കുന്നത് അനുവദനീയമാണ് എന്ന് ഇതില്‍ നിന്നെല്ലാം ഗ്രഹിക്കാവുന്നതാണ്.

കുഞ്ഞ് പിറന്നാല്‍ കുഞ്ഞിനെയും കൊണ്ട് ജാറങ്ങളിലും മക്വാമുകളിലും തങ്ങന്മാരുടെയും ബീവിമാരുടെയും ഉസ്താദുമാരുടെയും അടുത്തുമൊക്കെ പോകുകയും കുഞ്ഞിന് അപകടങ്ങള്‍ സംഭവിക്കാതിരിക്കുന്നതിന് വേണ്ടി കൈകളിലും അരയിലും ഏലസ്സ്, ചരട്, തകിട് മുതലായ വസ്തുക്കള്‍ കെട്ടിക്കൊടുക്കുന്നവരുണ്ട്. അവയിലൂടെ അവര്‍ കുഞ്ഞിന്റെ രക്ഷ പ്രതീക്ഷിക്കുന്നു. എന്നാല്‍ മക്കളുടെ രക്ഷക്കായി ഒരു വിശ്വാസി ചെയ്യേണ്ടത് കുഞ്ഞിനെ നല്‍കിയ നാഥനില്‍ ഭരമേല്‍പിക്കുകയാണ്. അതാണ് ഹന്നഃ കുഞ്ഞിന് വേണ്ടി ചെയ്തത്. ആ മാതാവിന്റെ പ്രാര്‍ഥന മുഴുവനും അല്ലാഹു ഏറ്റവും നല്ല രൂപത്തില്‍ സ്വീകരിക്കുകയും ചെയ്തു.

ഹന്നഃ മകളെ പള്ളിപരിപാലനത്തിനായി ഏല്‍പിച്ചു. മര്‍യമിന്റെ കാര്യം ആര് ശ്രദ്ധിക്കും എന്ന കാര്യത്തില്‍ പള്ളിയുടെ ബന്ധപ്പെട്ടവര്‍ക്കിടയില്‍ തര്‍ക്കമായി. പലരും അതിന് മുന്നോട്ട് വന്നു. കാരണം, നാട്ടില്‍ പ്രശസ്തിയുള്ള കുടുംബത്തിലെ കുഞ്ഞിന്റെ സംരക്ഷണമാണല്ലോ കിട്ടുന്നത്. മര്‍യമിനെ ഏറ്റെടുക്കുന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ തര്‍ക്കം ശക്തമായപ്പോള്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കാം എന്ന് അവര്‍ തീരുമാനിച്ചു. പല തവണ നറുക്കെടുപ്പ് നടത്തിയപ്പോഴും സകരിയ്യാ നബി(അ)ക്ക് തന്നെ നറുക്ക് വീണു. അവസാനം സകരിയ്യാ(അ) അവരുടെ സംരക്ഷണം ഏറ്റടുത്തു.

സകരിയ്യാ നബി(അ) മര്‍യമിന്റെ പ്രാര്‍ഥനാ മണ്ഡപത്തില്‍ പ്രവേശിക്കുമ്പോള്‍ കണ്ട അത്ഭുതങ്ങള്‍ നാം മുമ്പ് വിവരിച്ചതാണ്. ഇങ്ങനെ പല പ്രത്യേകതകളാലും മര്‍യം(റ) ശ്രേഷ്ഠവതിയായിരുന്നു. സ്ത്രീകളുടെ കൂട്ടത്തില്‍ വിശ്വാസം (ഈമാന്‍) പൂര്‍ണമാക്കപ്പെട്ടവരാണ് മര്‍യം, ആസിയ(റ) എന്നിവര്‍. രണ്ടും പേരും ഓരോ നബിമാര്‍ക്ക് സംരക്ഷണം നല്‍കിയവരാണ്. ആസിയ(റ) മൂസാ നബി(അ)ക്കും മര്‍യം(റ) ഈസാ നബി(അ)ക്കും. 

ക്വുര്‍ആനില്‍ പേര് പറയപ്പെട്ട ഏക വനിതയും മര്‍യം(റ) ആണ്. എന്നാല്‍ (ആസിയാ(റ)യെ പറ്റി) ഫിര്‍ഔനിന്റെ ഭാര്യ എന്നും, (യൂസുഫ് നബി(അ)യെ ചതിയില്‍ വീഴ്ത്താന്‍ ശ്രമിച്ച ഈജിപ്തിലെ രാജാവിന്റെ ഭാര്യയെ പറ്റി) അസീസിന്റെ ഭാര്യ എന്നും, ലൂത്വ് നബി(അ)യുടെ ഭാര്യ എന്നും, നൂഹ് നബി(അ)യുടെ ഭാര്യ എന്നും ക്വുര്‍ആനില്‍ കാണാവുന്നതാണ്. മൂസാ നബി(അ)യുടെ ഉമ്മ, ഇംറാന്റെ ഭാര്യ,  ഹവ്വാഅ്, ഇബ്‌റാഹീം നബി(അ)യുടെ  ഭാര്യ, സകരിയ്യാ നബി(അ)യുടെ ഭാര്യ, മൂസാ നബി(അ)യുടെ സഹോദരി മദ്‌യനിലെ സദ്‌വൃത്തനായ ഒരാളുടെ രണ്ട് പെണ്‍മക്കള്‍, സബഇലെ രാജ്ഞി, ആഇശ(റ), ഹഫ്‌സഃ(റ), സൈനബ്(റ), ഖൗലഃ ബിന്‍ത് സഅ്‌ലബഃ(റ) എന്നിവരെ പറ്റിയും ക്വുര്‍ആന്‍ പേരെടുത്ത് പറയാതെ സൂചിപ്പിച്ചിട്ടുണ്ട്.

മര്‍യം(റ) നബിയാണ് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. എന്നാല്‍ അതിനെ സംബന്ധിച്ച് ഇബ്‌നു കഥീര്‍(റ) പറയുന്നത് കാണുക:

''അഹ്‌ലുസ്സുന്നഃ വല്‍ജമാഅഃ അതിലാണ്. (അതായത്) അതാണ് ശൈഖ് അബുല്‍ ഹസന്‍ അലിയ്യുബ്‌നു ഇസ്മാഈല്‍ അല്‍അശ്അരിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. (അത് ഇപ്രകാരമാകുന്നു:) 'സ്ത്രീകളില്‍ നബിയില്ല. അവരിലുള്ളവര്‍ സത്യസന്ധര്‍ മാത്രമാകുന്നു. അവരിലെ ശ്രേഷ്ഠമതികളില്‍ (ഉന്നതയായ) മര്‍യം ബിന്‍ത് ഇംറാനെ പറ്റി അല്ലാഹു പറഞ്ഞത് പോലെ: (മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു). അപ്പോള്‍ അല്ലാഹു അവരുടെ സ്ഥാനത്തെ വിശേഷിപ്പിച്ചത് സത്യസന്ധതകൊണ്ടായിരുന്നു. അവര്‍ ഒരു നബിയായിരുന്നെങ്കില്‍ അവരുടെ ശ്രേഷ്ഠതയുടെയും മഹത്ത്വത്തിന്റെയും സ്ഥാനത്ത് അല്ലാഹു അത് പറയുമായിരുന്നു. (എന്നാല്‍) ക്വുര്‍ആനിന്റെ ഖണ്ഡിതമായ തെളിവു കൊണ്ട് (സ്ഥിരപ്പെട്ടത്) അവര്‍ സത്യസന്ധയായിരുന്നു എന്നാണ്.''

മര്‍യമിനെ അല്ലാഹു ലോകത്തുള്ള മുഴുവന്‍ സ്ത്രീകളെക്കാളും ശ്രേഷ്ഠയാക്കി. അല്ലാഹു അവരെ തെരഞ്ഞെടുക്കുകയും ചെയ്തു. ക്വുര്‍ആന്‍ പറയുന്നത് കാണുക:

''മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധിക്കുക:) മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും നിനക്ക് പരിശുദ്ധി നല്‍കുകയും ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ഉല്‍കൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു'' (3:42).

ഏതൊരു കുഞ്ഞും ജനിക്കുന്ന സമയത്ത് പിശാചിന്റെ ഉപദ്രവമുണ്ടാകുമെന്ന് നബി ﷺ പറഞ്ഞതായി ഹദീഥുണ്ട്. എന്നാല്‍ പിശാചിന്റെ ഈ ഉപദ്രവത്തില്‍ നിന്ന് മര്‍യമും പുത്രന്‍ ഈസാ(അ)യും ഒഴിവാണെന്നും അവിടുന്ന് അരുളി. അത് ഹന്നഃയുടെ പ്രാര്‍ഥനയുടെ ഫലമായിരുന്നു.

മര്‍യം സകരിയ്യാ നബി(അ)യുടെ സംരക്ഷണത്തില്‍ ബൈതുല്‍ മക്വ്ദിസില്‍ വളര്‍ന്ന് വലുതായി. ക്വുര്‍ആന്‍ അവരെ സംബന്ധിച്ച് പറയുന്നത് കാണുക:

''വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്റെ വീട്ടുകാരില്‍ നിന്നകന്ന് കിഴക്കുഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം. എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു'' (19:16,17).

ഈസാ നബി(അ)യുടെ ജനനവുമായി ബന്ധപ്പെട്ട ചരിത്രത്തിലേക്കാണ് ഇനി നാം പ്രവേശിക്കുന്നത്.

മര്‍യം(റ) ബൈതുല്‍ മക്വ്ദിസില്‍ നിന്നും അവരുടെ കുടുംബത്തില്‍ നിന്നും അല്‍പം അകലെ കിഴക്കു ഭാഗത്തേക്ക് മാറിത്താമസിച്ചു. മര്‍യം(റ) അല്ലാഹുവിനെ ആരാധിക്കുന്നതിന് കൂടുതല്‍ സമയം കണ്ടെത്തിയിരുന്നു. ഭൗതികമായ സൗകര്യങ്ങളെല്ലാം ഒഴിവാക്കി അല്ലാഹുവിനെ ആരാധിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധകാണിച്ചു. ധാരാളം ഇബാദത്ത് എടുക്കുന്നവരായതിനാല്‍ തന്നെ അവരെ അല്ലാഹു തെരഞ്ഞെടുക്കുകയും ചെയ്തു. മര്‍യം എന്ന പേരിന് നന്നായി ഇബാദത്ത് ചെയ്യുന്നവള്‍ എന്ന അര്‍ഥം തന്നെയുണ്ടെന്ന് ചില മുഫസ്സിറുകള്‍ പറയുന്നു. മറ്റു ചിലര്‍ പറയുന്നത്, 'മര്‍യം എന്നത് ഹിബ്രു ഭാഷയിലെ പദമാണ്. അതിന്റെ അര്‍ഥം അല്ലാഹുവിന് ധാരാളം സേവനം ചെയ്യുന്നവള്‍ എന്നാകുന്നു' എന്നാണ്. പേരിനെ അന്വര്‍ഥമാക്കുന്നതായിരുന്നു അവരുടെ ജീവിതം.

മര്‍യം ബീവി(റ)യോട് അല്ലാഹുവിനെ ആരാധിക്കുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കാണിക്കുവാന്‍ കല്‍പനയും ഉണ്ടായിരുന്നു. മലക്കുകള്‍ അവരോട് പറയുന്നത് നോക്കൂ:

''മര്‍യമേ, നിന്റെ രക്ഷിതാവിനോട് നീ ഭയഭക്തി കാണിക്കുകയും സാഷ്ടാംഗം ചെയ്യുകയും തലകുനിക്കുന്നവരോടൊപ്പം തലകുനിക്കുകയും ചെയ്യുക'' (3:43).

ഇബ്‌നു കഥീര്‍(റഹ്) പറയുന്നു: ''ഇരുലോകത്തും അവര്‍ക്ക് ഉയര്‍ച്ച ലഭിക്കുന്നതിനും ചില പരീക്ഷണങ്ങള്‍ക്കുമായി അല്ലാഹു തീരുമാനിച്ചിട്ടുള്ളതും വിധിച്ചിട്ടുള്ളതുമായ ചില കാര്യങ്ങളിലൂടെ അല്ലാഹു ഉദ്ദേശിച്ചതിനാല്‍ മലക്കുകള്‍ അവരോട് ധാരാളം ഇബാദത്ത് ചെയ്യുവാനും ഭയഭക്തികൊണ്ടും വിനയം കൊണ്ടും സുജൂദ് കൊണ്ടും റുകൂഅ് കൊണ്ടും കര്‍മങ്ങള്‍ പതിവാക്കുന്നത് കൊണ്ടും കല്‍പിച്ചു. (അല്ലാഹു അങ്ങനെ ചെയ്യുന്നത്) പിതാവില്ലാതെ സന്താനത്തെ സൃഷ്ടിക്കുന്നതിലൂടെ അല്ലാഹുവിന്റെമഹത്തായ കഴിവ് പ്രകടമാക്കുന്നതിന് വേണ്ടിയാകുന്നു.''

മര്‍യം(റ) എല്ലാവരില്‍ നിന്നും അകന്ന് ഒരു പ്രത്യേക സ്ഥലം ആരാധനകള്‍ നിര്‍വഹിക്കുന്നതിനായി തെരഞ്ഞെടുത്തു. ജനങ്ങള്‍ തന്നെ കാണാതിരിക്കാന്‍ ഒരു മറയും സ്വീകരിച്ചു. അങ്ങനെയിരിക്കവെയാണ് ഒരു മലക്ക് മനുഷ്യരൂപത്തില്‍ അവരുടെ സമീപത്ത് പ്രത്യക്ഷപ്പെടുന്നത്. ഇബ്‌നു കഥീര്‍(റഹ്) വിശദീകരിക്കുന്നു:

''ഉലുല്‍ അസ്മില്‍ പെട്ട മഹാന്മാരായ അഞ്ചു റസൂലുകളില്‍ ഒരാളായ, അല്ലാഹുവിന്റെ അടിമയും റസൂലുമായ ഈസാ(അ)യെ അവരില്‍ (മര്‍യമില്‍) നിന്ന് ഉണ്ടാക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചപ്പോള്‍ (അവള്‍ തന്റെ വീട്ടുകാരില്‍ നിന്നകന്ന് കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം). അതായത് അവരെ അവര്‍ വിട്ടുമാറി ബൈതുല്‍ മക്വ്ദസിന്റെ കിഴക്ക് ഭാഗത്തേക്ക് പോകുകയും ചെയ്തു.''

അങ്ങനെ കഴിച്ചുകൂട്ടവെ അല്ലാഹു ജിബ്‌രീലിനെ അവരുടെ അടുത്തേക്ക് അയച്ചു. ജിബ്‌രീലിനെയാണ് റൂഹ് എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. ജിബ്‌രീല്‍ അവരുടെ അടുത്തേക്ക് ചെല്ലുന്നത് പൂര്‍ണമായും മനുഷ്യന്റെ രൂപത്തിലാണ്. മര്‍യമിന് തന്റെ അടുക്കല്‍ വന്നത് ആരാണെന്ന് ശരിക്ക് അറിയില്ലല്ലോ. തങ്ങന്മാര്‍ക്കും ബീവിമാര്‍ക്കും മറഞ്ഞ കാര്യങ്ങള്‍ അറിയുമെന്ന് വാദിക്കുന്നവരെ നമുക്ക് കാണാന്‍ കഴിയും. ക്വുര്‍ആന്‍ പേരെടുത്ത് പറഞ്ഞ, അല്ലാഹു തെരഞ്ഞെടുക്കുകയും എല്ലാ തിന്മകളില്‍ നിന്നും ശുദ്ധിയാക്കുകയും ചെയ്ത മര്‍യം ബീവിക്ക് തന്റെ മുന്നില്‍ നില്‍ക്കുന്നത് ആരാണെന്ന് മനസ്സിലായില്ല. അതുകൊണ്ട് തന്നെ അവര്‍ ഉടനെ പറഞ്ഞു:

''അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട് മാറിപ്പോകൂ)'' (9:18).