ശത്രുക്കളുടെ കുതന്ത്രങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2019 മെയ് 04 1440 ശഅബാന്‍ 28

(ഈസാ നബി(അ): 8)

അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന സത്യത്തിലേക്കാണ് ഈസാ(അ) ജനങ്ങളെ ക്ഷണിച്ചത്. എന്നാല്‍ ജനങ്ങള്‍ അദ്ദേഹത്തെ അനുസരിക്കാന്‍ തയ്യാറായില്ല. അവര്‍ അദ്ദേഹത്തെ ആക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. വ്യഭിചാരപുത്രന്‍, ചെപ്പടി വിദ്യക്കാരന്‍, കള്ളവാദി, രാജ്യദ്രോഹി, മതദ്രോഹി, ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും കലഹവുമുണ്ടാക്കുന്നവന്‍ എന്നിങ്ങനെ അധിക്ഷേപിച്ചു. ഒടുവില്‍ അദ്ദേഹത്തെ കൊല്ലാന്‍ പോലും അവര്‍ സന്നദ്ധരായി.

ഈസാ നബി(അ)യുടെ പ്രബോധനത്തില്‍ ജനങ്ങള്‍ ആകൃഷ്ടരാകുന്നുണ്ടെന്ന് യഹൂദികള്‍ക്ക് മനസ്സിലായി. ജൂത പൗരോഹിത്യത്തിന്റെ താല്‍പര്യങ്ങള്‍ക്കും പാരമ്പര്യാചാരങ്ങള്‍ക്കും അത് മൂലം ഹാനി നേരിടുമെന്ന ഭയവും അസൂയയും മാത്രമാണ് ഇതിനെല്ലാം കാരണം. ബൈബിളിന്റെ വിവരണങ്ങളനുസരിച്ച് സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാണ്:

'റോമന്‍ കൈസറുടെ കീഴില്‍ പിലാത്തോസ് രാജാവായിരുന്നു ബൈത്തുല്‍ മുക്വദ്ദസിന്റെ ഭരണം നടത്തിയിരുന്നത്. ഈസാ നബി(അ)യെക്കുറിച്ച് യഹൂദികള്‍ രാജാവിന്റെ മുമ്പില്‍ പല ആരോപണങ്ങളും ഉന്നയിച്ചു. അദ്ദേഹം റോമന്‍ ഭരണകൂടത്തിനെതിരില്‍ പ്രചാരം നടത്തുകയാണ്, യഹൂദരുടെ രാജാവായിത്തീരാന്‍ ശ്രമം നടത്തുകയാണ്, ഞങ്ങള്‍ക്ക് രാജാവായി കൈസര്‍ തന്നെ മതി എന്നൊക്കെ പിലാത്തോസിനെ ധരിപ്പിച്ചു. കേവലം വിഗ്രഹാരാധകനായിരുന്ന പിലാത്തോസ് രാജാവ് ഈസാ നബി(അ)യെ വിളിച്ചു വരുത്തി വിചാരണ നടത്തുകയും ആരോപണങ്ങളൊന്നും ശരിയല്ലെന്ന് തെളിയുകയും ചെയ്തു. എന്നിട്ടും 'അവനെ ക്രൂശിക്കുക' എന്ന് ആര്‍ത്തു വിളിക്കുകയാണ് അവര്‍ ചെയ്തത്. നിങ്ങളുടെ ന്യായപ്രമാണം (തൗറാത്ത്) അനുസരിച്ച് വേണ്ടതു ചെയ്തു കൊള്ളുക എന്ന് പിലാത്തോസ് അവരോട് പറഞ്ഞു. നിയമപ്രകാരം അവനെ കൊല്ലേണ്ടതാണെന്നും കൊല്ലുവാന്‍ ഞങ്ങള്‍ക്ക് അധികാരമില്ലല്ലോ എന്നുമായിരുന്നു അവരുടെ മറുപടി.

അത്രയുമല്ല, അദ്ദേഹത്തെ കൊലപ്പെടുത്താത്ത പക്ഷം താന്‍ (പിലാത്തോസ് രാജാവ്) റോമന്‍ കൈസറുടെ എതിരാളിയാണെന്ന് കൈസര്‍ ചക്രവര്‍ത്തിയെ അറിയിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തെ വധിക്കുന്ന പാപത്തില്‍ നിന്ന് ഞാന്‍ ഒഴിവാണെന്നും നിങ്ങള്‍ തന്നെ ആ പാപം ഏല്‍ക്കണമെന്നും അറിയിച്ചുകൊണ്ട് പിലാത്തോസ് യഹൂദികളുടെ ആവശ്യത്തിന് വഴങ്ങിക്കൊടുക്കുവാന്‍ നിര്‍ബന്ധിതനായി.

ഈസാ നബി(അ)യുടെ ശിഷ്യഗണങ്ങളില്‍ യൂദാസ് എന്നു പേരായ ഒരാള്‍ അദ്ദേഹത്തെ ഒറ്റിക്കൊടുക്കുവാന്‍ മുപ്പത് പണം പ്രതിഫലം നിശ്ചയിച്ച് ഏറ്റിട്ടുണ്ടായിരുന്നു. അവന്‍ യഹൂദ പുരോഹിതന്മാരെയും പിലാത്തോസിന്റെ പട്ടാളത്തെയും കൂട്ടി പന്തം കൊളുത്തി രാത്രി ഈസാ നബി(അ)യെ തിരഞ്ഞു പോയി. അദ്ദേഹവും ഏതാനും ശിഷ്യന്മാരും ഒരു തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. യൂദാസ് ആംഗ്യം മുഖേന അദ്ദേഹത്തെ കാണിച്ചു കൊടുത്തു. കൂടെയുള്ളവര്‍ അദ്ദേഹത്തെ പിടിച്ചു ബന്ധിക്കുകയും മുള്‍ക്കിരീടം ധരിപ്പിക്കുക മുതലായ പല ക്രൂരതകളും ചെയ്തുകൊണ്ട് അദ്ദേഹത്തെ കുരിശില്‍ കയറ്റുകയും ചെയ്തു.' ഇതാണ് ബൈബിള്‍ പറയുന്നതിന്റെ ചുരുക്കം.

യഥാര്‍ഥത്തില്‍ കുരിശു സംഭവത്തിന്റെ പര്യവസാനം മറ്റൊന്നായിരുന്നു. അവര്‍ ഒരാളെ പിടികൂടിയതും കുരിശില്‍ തറച്ചതും ശരി തന്നെ. പക്ഷേ, ആ ആള്‍ ഈസാ(അ) ആയിരുന്നില്ല. അവരറിയാതെ അദ്ദേഹത്തെ അല്ലാഹു രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്. അല്ലാഹു പറയുന്നു:

''അവര്‍ (സത്യനിഷേധികള്‍) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു'' (ക്വുര്‍ആന്‍ 3:54).

എന്തായിരുന്നു അല്ലാഹു സ്വീകരിച്ച തന്ത്രം? ക്വുര്‍ആന്‍ പറയുന്നത് കാണുക:

''അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) ഹേ; ഈസാ, തീര്‍ച്ചയായും നിന്നെ നാം പൂര്‍ണമായി ഏറ്റെടുക്കുകയും എന്റെ അടുക്കലേക്ക് നിന്നെ ഉയര്‍ത്തുകയും സത്യനിഷേധികളില്‍ നിന്ന് നിന്നെ നാം ശുദ്ധമാക്കുകയും നിന്നെ പിന്തുടര്‍ന്നവരെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍വരേക്കും സത്യനിഷേധികളെക്കാള്‍ ഉന്നതന്മാരാക്കുകയും ചെയ്യുന്നതാണ്. പിന്നെ എന്റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍ അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ തീര്‍പ്പു കല്‍പിക്കുന്നതാണ്. എന്നാല്‍ (സത്യം) നിഷേധിച്ചവര്‍ക്ക് ഇഹത്തിലും പരത്തിലും ഞാന്‍ കഠിനമായ ശിക്ഷ നല്‍കുന്നതാണ്. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതല്ല. എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്  അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം അല്ലാഹു പൂര്‍ണമായി നല്‍കുന്നതാണ്. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല'' (ക്വുര്‍ആന്‍ 3:55-57).

ശത്രുക്കളുടെ കുതന്ത്രം ഒന്നും തന്നെ ഫലം കണ്ടില്ല. അവര്‍ക്ക് അദ്ദേഹത്തെ കൊല്ലാനോ കുരിശില്‍ തറക്കാനോ സാധിച്ചില്ല. അല്ലാഹു തന്നിലേക്ക് അദ്ദേഹത്തെ പൂര്‍ണമായി ഏറ്റെടുക്കുകയും ഉയര്‍ത്തുകയുമാണ് ചെയ്തത്. എല്ലാ നബിമാരും മരണപ്പെട്ടത് പോലെയുള്ള ഒരു മരണം ഈസാ നബി(അ)ക്ക് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹത്തെ പൂര്‍ണമായി അല്ലാഹുവിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത് എന്നുമാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്; അങ്ങനെത്തന്നെയണ് നാം വിശ്വസിക്കേണ്ടതും. 

ഉപരിലോകത്തേക്ക് ഈസാ നബി(അ)നെ അല്ലാഹു ഉയര്‍ത്തി എന്നത് അംഗീകരിക്കാത്ത രണ്ട് കക്ഷികളെയാണ് നമുക്ക് കാണാന്‍ സാധിക്കുക.

ഒന്ന്, ഖാദിയാനികള്‍: അവര്‍ക്ക് ഈസാ നബി(അ) മരണപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കല്‍ അനിവാര്യമാണ്. മുഹമ്മദ് നബി(അ)യിലൂടെ പ്രവാചകത്വം അവസാനിച്ചു എന്നും ശേഷം ഒരു നബി വരില്ല എന്നുമാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. അതാണ് അഹ്‌ലുസ്സുന്നയുടെ വിശ്വാസം. എന്നാല്‍ ഈ വിശ്വാസത്തിന് എതിരാണ് ഖാദിയാനികളുടെ വിശ്വാസം. അതിനാല്‍ തന്നെ ഈ വിഭാഗം ഇസ്‌ലാമില്‍ നിന്ന് പുറത്താണ് എന്ന കാര്യത്തില്‍ ലോക മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. 

ക്വുര്‍ആനും സുന്നത്തും മര്‍യമിന്റെ പുത്രന്‍ ഈസാ(അ) അന്ത്യദിനത്തിന് മുന്നോടിയായി വരും എന്ന് പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈസാ നബി(അ) മരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സ്ഥാനത്ത് മിര്‍സാ ഗുലാം അഹ്മദ് എന്ന പ്രവാചകന്‍ വന്നുകഴിഞ്ഞു എന്നുമാണ് ഖാദിയാനികള്‍ വിശ്വസിക്കുന്നത്. മിര്‍സയുടെ ആഗമനത്തിന് ഈസാ(അ) മരണപ്പെട്ടു എന്ന് സ്ഥാപിക്കല്‍ ഖാദിയാനികളുടെ ആവശ്യമായതിനാലാണ് ഈസാ(അ)നെ അല്ലാഹുവിലേക്ക് ഉയര്‍ത്തിയതിനെ ഇവര്‍ നിഷേധിക്കുന്നത്. 

ക്വുര്‍ആനും സുന്നത്തും മര്‍യമിന്റെ പുത്രന്‍ ഈസാ(അ) അന്ത്യദിനത്തിന് മുന്നോടിയായി വരും എന്ന് പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇയാള്‍ മര്‍യമിന്റെ പുത്രന്‍ ഈസാ(അ) അല്ല. ഇയാള്‍ പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ഖാദിയാന്‍ ഗ്രാമത്തില്‍ മുര്‍തസ അലിയുടെയും ചിറാഗ് ബീവിയുടെയും മകനായി ജനിച്ച മിര്‍സാ ഗുലാം അഹ്മദാണ്.

രണ്ട്, മത യുക്തിവാദികള്‍: ഇവര്‍ ഇസ്‌ലാമിക പ്രമാണങ്ങളിലുള്ള പലതും അംഗീകരിക്കാന്‍ കഴിയാത്തവരും പലതിനെയും നിഷേധിക്കുന്നവരുമാണ്. അതിനായി ക്വുര്‍ആനിക പരാമര്‍ശങ്ങളെ തങ്ങള്‍ക്ക് അനുകൂലമായ രീതില്‍ ഇവര്‍ ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യും. 'ഇന്നീ മുതവഫ്ഫീക' എന്നതിന് 'നിന്നെ ഞാന്‍ മരണപ്പെടുത്തുന്നതാണ്' എന്ന അര്‍ഥകല്‍പനയാണ് ഇവര്‍ നല്‍കിവരുന്നത്. ഈ പരാമര്‍ശത്തിന് ശേഷം എന്നിലേക്ക് ഉയര്‍ത്തി എന്ന് പറഞ്ഞതിനെ അവര്‍ക്ക് കടുത്ത ദുര്‍വ്യാഖ്യാനം ചെയ്യേണ്ടി വന്നു. അദ്ദേഹത്തിന് അല്ലാഹു നല്ല സ്ഥാനം നല്‍കി, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ റൂഹിനെ ഉയര്‍ത്തി എന്നൊക്കെ അവര്‍ അതിനെ ദുര്‍വ്യാഖ്യാനിച്ചു. 

എന്നാല്‍ സൂറതുന്നിസാഇലെ പരാമര്‍ശവും ഇവരുടെ ദുര്‍വ്യാഖ്യാനത്തെ തകര്‍ക്കുന്നതാണ്. അത് കാണുക:

''അല്ലാഹുവിന്റെ ദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു). വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷേ (യാഥാര്‍ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു'' (ക്വുര്‍ആന്‍ 4:157,158).

 അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല, ക്രൂശിച്ചിട്ടില്ല, അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തുകയാണ് ചെയ്തത് എന്നാണ് ഇതിലുള്ളത്. ഈ പരാമര്‍ശം ഏറെ ശ്രദ്ധിക്കേണ്ടതാകുന്നു. ഭാഷാ പ്രയോഗം അറിയുന്നവര്‍ക്ക് അത് വ്യക്തമാകുന്നതാണ്. 'വമാ ക്വതലൂഹു'  (അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല), 'വമാ സ്വലബൂഹു' (അവര്‍ അദ്ദേഹത്തെ ക്രൂശിച്ചിട്ടുമില്ല),'ബല്‍ റഫഅഹു' (എന്നാല്‍ അദ്ദേഹത്തെ ഉയര്‍ത്തി) ഇതില്‍ മൂന്നിലും 'അദ്ദേഹത്തെ' എന്ന് സൂചിപ്പിക്കുന്ന സര്‍വനാമം(ഹു) ഉണ്ട്. അദ്ദേഹത്തിന്റെ ആത്മാവിനെ ഉയര്‍ത്തി എന്നോ അദ്ദേഹത്തിന്റെ പദവി ഉയര്‍ത്തി എന്നോ ആണ് 'ബല്‍ റഫഅഹു'എന്നതിന് അര്‍ഥമെങ്കില്‍ 'വമാ ക്വതലൂഹു' എന്നതിലെയും 'വമാ സ്വലബൂഹു' എന്നതിലെയും സര്‍വനാമത്തെആത്മാവിലേക്ക് ചേര്‍ക്കുക എങ്ങനെയാണ്? 

ഈസാ നബി(അ)യെ അല്ലാഹു അവനിലേക്ക് ഉയര്‍ത്തി എന്നതാണ് ക്വുര്‍ആനും സുന്നത്തും പഠിപ്പിക്കുന്ന യഥാര്‍ഥ വിശ്വാസം എന്ന് മനസ്സിലാക്കുക. അദ്ദേഹം ഉപരിലോകത്ത് എവിടെയാണെന്നോ എങ്ങനെയാണെന്നോ നമുക്ക് അറിയില്ല. അതിനെപ്പറ്റി ചിന്തിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നത് അപ്രസക്തമാണ്. എവിടെയായിരുന്നാലും അവിടെ ജീവിക്കുവാനാവശ്യമായ എല്ലാ സാഹചര്യങ്ങളും അദ്ദേഹത്തിന് തയ്യാര്‍ ചെയ്യുവാനും അദ്ദേഹത്തിന്റെ പ്രകൃതത്തെ ആ സാഹചര്യങ്ങളുമായി ഇണക്കുവാനും കഴിവുള്ളവനാണല്ലോ അല്ലാഹു.

ഭൂമിയില്‍ ജീവിക്കുവാന്‍ ഭക്ഷണവും വെള്ളവും വായുവും അനിവാര്യമാക്കി വെച്ച അതേ സ്രഷ്ടാവിന് അവ കൂടാതെ ജീവിക്കുവാനുള്ള വല്ല വ്യവസ്ഥിതിയും ഏര്‍പ്പെടുത്തുവാനോ, അവിടേക്ക് യോജിച്ച വല്ല ജീവിത രീതിയും ഉണ്ടാക്കിക്കൊടുക്കുവാനോ പ്രയാസമൊന്നുമില്ല. നിലവിലുള്ള ഭൗതിക നിയമങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിക്കൊണ്ട് പിതാവില്ലാതെ അദ്ദേഹത്തെ ജനിപ്പിക്കുകയും മറ്റാര്‍ക്കും സിദ്ധിക്കാത്ത ഒരു പ്രത്യേകതയായി അദ്ദേഹത്തെ ഭൂമിയില്‍ നിന്ന് ഉയര്‍ത്തുകയും ചെയ്ത സ്ഥിതിക്ക് അദ്ദേഹത്തിന് പ്രത്യേകമായ ഒരു ജീവിത രീതി അല്ലാഹു അവിടെ നല്‍കിയെങ്കില്‍ അവിശ്വസനീയമായി ഒന്നും തന്നെയില്ല.