ഇല്‍യാസ് നബി(അ)

ഹുസൈന്‍ സലഫി, ഷാര്‍ജ

2019 മാര്‍ച്ച് 02 1440 ജുമാദല്‍ ആഖിര്‍ 25

(ക്വുര്‍ആന്‍ ഹൃസ്വമായി പരിചയപ്പെടുത്തിയ നബിമാര്‍)

പ്രവാചകന്മാരുടെ ചരിത്രത്തില്‍ വളരെ ചെറിയ രൂപത്തില്‍ വിവരിക്കപ്പെട്ടിട്ടുള്ള ചരിത്രമാണ് ഇല്‍യാസ് നബി(അ)യുടെത്. ഇല്‍യാസ്(അ) റസൂലുകളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന നബിയാണ്. ബനൂ ഇസ്‌റാഈല്യരിലേക്കാണ് ഇല്‍യാസ്(അ) അയക്കപ്പെട്ടത്. ദിമശ്ഖിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബഅ്‌ലബക് എന്ന ദേശത്തേക്കാണ് അദ്ദേഹം അയക്കപ്പെട്ടത്. ബൈബിളില്‍ ഏലിയാ എന്ന പേരിലാണ് ഇല്‍യാസ്(അ)നെ പരചയപ്പെടുത്തുന്നത്.  ക്വുര്‍ആനില്‍ സൂറത്തുസ്സ്വാഫ്ഫാത്തിലാണ് അദ്ദേഹത്തെ പറ്റി പരാമര്‍ശിച്ചിട്ടുള്ളത്. ആ ഭാഗം കാണുക:

''ഇല്‍യാസും ദൂതന്‍മാരിലൊരാള്‍ തന്നെ. അദ്ദേഹം തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? നിങ്ങള്‍ ബഅ്‌ലിനെ വിളിച്ച് പ്രാര്‍ഥിക്കുകയും ഏറ്റവും നല്ല സൃഷ്ടികര്‍ത്താവിനെ വിട്ടുകളയുകയുമാണോ? അഥവാ നിങ്ങളുടെയും നിങ്ങളുടെ പൂര്‍വപിതാക്കളുടെയും രക്ഷിതാവായ അല്ലാഹുവെ. അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുകളഞ്ഞു. അതിനാല്‍ അവര്‍ (ശിക്ഷയ്ക്ക്) ഹാജരാക്കപ്പെടുക തന്നെ ചെയ്യും. അല്ലാഹുവിന്റെ നിഷ്‌കളങ്കരായ ദാസന്‍മാര്‍ ഒഴികെ. പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. ഇല്‍യാസിന് സമാധാനം! തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു'' (ക്വുര്‍ആന്‍ 37:123-132).

ഇല്‍യാസ് നബി(അ)യുടെ നാട്ടുകാര്‍ 'ബഅ്ല്‍' എന്ന് പേരുള്ള വിഗ്രഹത്തെയായിരുന്നു ആരാധിച്ചിരുന്നത്. സ്രഷ്ടാവിന് മാത്രം അര്‍പ്പിക്കേണ്ടുന്ന പ്രാര്‍ഥനയും നേര്‍ച്ചയുമടക്കമുള്ള എല്ലാവിധ ആരാധനകളും ഈ ബഅ്ല്‍ എന്ന വിഗ്രഹത്തിനായിരുന്നു അവര്‍ അര്‍പ്പിച്ചിരുന്നത്. അതിനാലാണ് ആ നാട് 'ബഅ്‌ലബക്' എന്ന പേരില്‍ അറിയപ്പെട്ടത്.

ബഹുദൈവ വിശ്വാസികളായ തന്റെ ജനതയെ അദ്ദേഹം തൗഹീദിലേക്ക് ക്ഷണിച്ചു. അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ഇബാദത്തുകള്‍ അവന് മാത്രം അര്‍പ്പിക്കുവാന്‍ കല്‍പിച്ചു. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകണം എന്ന് അവരെ ഉപദേശിച്ചു. 

തൗഹീദ് ശരിയാകാത്തവര്‍ എത്ര സൂക്ഷ്മത കാണിച്ച് ജീവിച്ചാലും അവര്‍ക്ക് യഥാര്‍ഥ 'തക്വ്‌വ' ഉണ്ടെന്ന് പറയാന്‍ കഴിയില്ല. തക്വ്‌വയുള്ളവര്‍ക്ക് ശിര്‍ക്കില്‍ നിലകൊള്ളാന്‍ കഴിയില്ല. അഥവാ അല്ലാഹുവിന് പുറമെ ഏതെങ്കിലും പടപ്പുകളെ ആരാധിക്കാന്‍ കഴിയില്ല. അതിനാലാണ് ഇല്‍യാസ്(അ) തന്റെ ജനതയോട് നിങ്ങള്‍ സൂക്ഷ്മത കാണിക്കുന്നില്ലേ എന്ന് ചോദിച്ചതിന് ശേഷം അവരുടെ ശിര്‍ക്കിനെ എടുത്ത് പറഞ്ഞിരിക്കുന്നത്. 

അല്ലാഹുവിന് പുറമെ പ്രാര്‍ഥിക്കപ്പെടുന്നവര്‍ക്കൊന്നും അവകാശപ്പെടാന്‍ കഴിയാത്ത ഒന്നാണ് മുഴുവന്‍ സൃഷ്ടികളുടെയും റബ്ബ് അഥവാ രക്ഷിതാവ് എന്നത്. ഉറക്കം, മയക്കം, തളര്‍ച്ച, വേദന, ദുഃഖം, വിശപ്പ്, ദാഹം, രോഗം, മരണം... ഇങ്ങനെ ഒട്ടനേകം ന്യൂനതകള്‍ ഉള്ളവരാണ് അല്ലാഹുവിന് പുറമെ പ്രാര്‍ഥിക്കപ്പെടുന്നവര്‍.

റബ്ബിനെ പറ്റിയുള്ള ചിന്ത ജനങ്ങളുടെ മനസ്സിലേക്ക് ഇട്ടുകൊടുത്തു കൊണ്ട്, അവനെയാണ് നിങ്ങള്‍ ആരാധിക്കേണ്ടത്, 'ബഅ്ല്‍' എന്ന നിങ്ങളുടെ ഈ ആരാധ്യ വസ്തു അതിന് അര്‍ഹനല്ല എന്ന് ഇല്‍യാസ്(അ) വ്യക്തമാക്കുകയാണ്.

നാട്ടിലെ രാജാക്കന്മാര്‍ ബഅ്‌ലിനെ പൂജിക്കുന്നതിനായി വലിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുത്തിരുന്നു എന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

ഇല്‍യാസ്‌നബി(അ)യുടെ ഉപദേശം അവര്‍ സ്വീകരിച്ചില്ല. അവര്‍ അദ്ദേഹത്തെ കളവാക്കി. അദ്ദേഹത്തോട് അവര്‍ എതിര് കാണിക്കുകയും ചെയ്തു. അദ്ദേഹത്തെ കൊന്നുകളയുന്നതിന് പല പദ്ധതികളും അവര്‍ ആലോചിച്ചു. എന്നാല്‍ അദ്ദേഹം അവരില്‍ നിന്ന് ഓടി രക്ഷപ്പെടുകയാണ് ഉണ്ടായത്.

പ്രവാചകന്മാരെ കളവാക്കിയ എല്ലാ സമൂഹങ്ങളെയും പോലെ ഇല്‍യാസ് നബി(അ)യുടെ ജനതയും നരകത്തിന്റെ ആളുകളാണെന്ന് അല്ലാഹു വ്യക്തമാക്കുന്നു. 

ഇല്‍യാസ് നബി(അ)യെ ലോകാവസാനം വരെയുള്ള മുസ്‌ലിംകള്‍ വളരെ ബഹുമാനത്തോടെ ഓര്‍ക്കുന്ന വിധത്തില്‍ അദ്ദേഹത്തിന്റെ സല്‍കീര്‍ത്തി അല്ലാഹു ഇവടെ നിലനിര്‍ത്തി. അത് അദ്ദേഹത്തിന് അല്ലാഹു കൊടുത്ത വലിയ ഒരു അനുഗ്രഹമാണ്.

ഇല്‍യാസ് നബി(അ)യെ പറ്റി പലരും പല അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഇമാം ഇബ്‌നു കഥീര്‍(റ) തന്റെ 'ക്വസ്വസ്വുല്‍ അമ്പിയാഅ്' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ''ഇല്‍യാസ് നബി(അ)യും ക്വദ്വിര്‍(അ)യും എല്ലാ വര്‍ഷവും റമദാനില്‍ ബൈതുല്‍ മക്വ്ദിസില്‍ വെച്ച് സന്ധിക്കാറുണ്ടെന്നും എല്ലാ വര്‍ഷവും ഇരുവരും ഹജ്ജ് ചെയ്യാറുണ്ടെന്നും ഇരുവരും വരുംവര്‍ഷത്തേക്ക് കൂടി പര്യാപ്തമാകും വിധം സംസം കുടിക്കാറുണ്ടെന്നുമുള്ള ചിലരുടെ സംസാരം നമുക്ക് വന്ന് കിട്ടിയിട്ടുണ്ട്. ഓരോ വര്‍ഷവും അവര്‍ ഇരുവരും അറഫാത്തില്‍ സംഗമിക്കാറുണ്ട് എന്ന് പറയുന്ന ഒരു ഹദീഥും അവര്‍ നമുക്ക് ഉദ്ധരിച്ചു തന്നിട്ടുണ്ട്. അവയില്‍ യാതൊന്നും സ്വഹീഹായത് ഇല്ലെന്നും ക്വദ്വിറും(അ) ഇല്‍യാസും(അ) മരണപ്പെട്ടിരിക്കുന്നു എന്നതിലാണ് തെളിവ് നില്‍ക്കുന്നത് എന്ന് നാം അവര്‍ക്ക് വ്യക്തമാക്കി കൊടുത്തിട്ടുമുണ്ട്... (കുറെ കാര്യങ്ങള്‍ പറഞ്ഞതിന് ശേഷം അദ്ദേഹം വീണ്ടും പറയുന്നു) ഈ കാര്യങ്ങളെല്ലാം പരസ്പര വൈരുധ്യങ്ങളാണ്. അവയെല്ലാം നിരര്‍ഥകങ്ങളാകുന്നു. അവയില്‍ യാതൊന്നും സ്വഹീഹായിട്ടില്ല.''

ഇദ്‌രീസ് നബി(അ)

ഇദ്‌രീസ് നബി(അ)യെ കുറിച്ച് ക്വുര്‍ആനില്‍ രണ്ട് സ്ഥലങ്ങളിലാണ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്:

''വേദഗ്രന്ഥത്തില്‍ ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 19:56,57).

ഇതിനെ സംബന്ധിച്ച് അല്ലാമ സഅദി(റ) ഇപ്രകാരം പറയുന്നു: ''ലോകരില്‍ അദ്ദേഹത്തിന്റെ സ്മരണയെ അല്ലാഹു ഉയര്‍ത്തിയിരിക്കുന്നു. (അല്ലാഹുവിലേക്ക്) സാമീപ്യം ലഭിച്ചവര്‍ക്കിടയിലേക്ക് അദ്ദേഹത്തിന്റെ സ്ഥാനത്തെയും (അല്ലാഹു ഉയര്‍ത്തിയിരിക്കുന്നു). അങ്ങനെ (അദ്ദേഹത്തിന്റെ) സ്മരണയും സ്ഥാനവും ഉയര്‍ന്നതായിരിക്കുന്നു.''

ആദം നബി(അ)ക്ക് ശേഷം നുബുവ്വത്ത് (പ്രവാചകത്വം) ലഭിച്ച പ്രവാചകനാണ് ഇദ്‌രീസ്(അ) എന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാര്‍ ഉണ്ട്. നൂഹ് നബി(അ)യുടെ കാലശേഷം ബനൂഇസ്‌റാഈല്യരിലേക്ക് അയക്കപ്പെട്ട നബിയാണ് അദ്ദേഹം എന്നാതണ് വേറൊരു അഭിപ്രായം. അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍. 

ആദ്യമായി പേനകൊണ്ട് എഴുതിയ വ്യക്തി, ആദ്യമായി വസ്ത്രം തുന്നിയ വ്യക്തി എന്നൊക്കെ ഇദ്‌രീസ് നബി(അ)യെക്കുറിച്ച് അഭിപ്രായപ്പെട്ടവരുണ്ട്. 

ഇദ്‌രീസ് നബി(അ)യെ പറ്റിയുള്ള ക്വുര്‍ആനിലെ രണ്ടാമത്തെ പരാമര്‍ശം കാണുക: 

''ഇസ്മാഈലിനെയും ഇദ്‌രീസിനെയും ദുല്‍കിഫ്‌ലിനെയും (ഓര്‍ക്കുക). അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു. അവരെ നാം നമ്മുടെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അവര്‍ സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു'' (ക്വുര്‍ആന്‍ 21:85,86).

ഇദ്‌രീസ്(അ) മരിച്ചിട്ടില്ലെന്നും ഈസാ(അ) ഉയര്‍ത്തപ്പെട്ടത് പോലെ അദ്ദേഹവും ഉയര്‍ത്തപ്പെട്ടിരിക്കുകയാണ് എന്ന് പറയുന്നവരുണ്ട്. എന്നാല്‍ അതിനൊന്നും വ്യക്തമായ യാതൊരു രേഖയുമില്ല. .

ഇദ്‌രീസ്(അ) ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന അഭിപ്രായങ്ങളെ പറ്റി വിവരിച്ചതിന് ശേഷം പണ്ഡിതന്മാര്‍ പറയുന്നു: ''ഈ വിഷയത്തില്‍ സ്വീകാര്യയോഗ്യമായ ഒരു റിപ്പോര്‍ട്ടും സ്ഥിരപ്പെട്ടിട്ടില്ല. അവയെല്ലാം ഇസ്‌റാഈലീ കഥകളാകുന്നു. ഫത്ഹുല്‍ ബാരിയില്‍ പറയുന്നു: മര്‍ഫൂആയ ഒരു വഴിയിലൂടെയും ഇദ്‌രീസ്(അ) ജീവനോടെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്നത് സ്ഥിരപ്പെട്ടിട്ടില്ല.''

ഇദ്‌രീസ്(അ) നാലാം ആകാശത്ത് വെച്ചാണ് മരണപ്പെട്ടത് എന്നും ചിലരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനെ പറ്റിയും പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത് ഇതെല്ലാം ഇസ്‌റാഈലിയ്യാത്തുകളാകുന്നു എന്നാണ്. 

മിഅ്‌റാജിന്‍െര്‍ സമയത്ത് നാലാം ആകാശത്ത് വെച്ച് ഇദ്‌രീസ് നബി(അ)നെ മുഹമ്മദ് നബി ﷺ കാണുകയുണ്ടായി. ഇത് ഇദ്‌രീസ്(അ) ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നതിന് രേഖയല്ല. കാരണം, മിഅ്‌റാജിന്റെ സമയത്ത് നബി ﷺ ഇദ്‌രീസ്(അ) അടക്കമുള്ള മറ്റു പല നബിമാരെയും കണ്ടിട്ടുണ്ട്. എങ്കില്‍ അവരൊക്കെയും ഇന്ന് ജീവിച്ചിരിക്കുന്നവരാണ് എന്ന് പറയേണ്ടിവരും.  

അല്‍യസഅ്(അ), ദുല്‍കിഫ്‌ലി(അ)

അല്‍യസഅ് നബി(അ)യെ പറ്റിയും ദുല്‍കിഫ്‌ലി നബി(അ)യെ പറ്റിയും വളരെ കുറച്ച് മാത്രമെ  ക്വുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ളൂ. അവരെ സംബന്ധിച്ച് ക്വുര്‍ആന്‍ പ്രതിപാദിക്കുന്നത് കാണുക:

''ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്വ് എന്നിവരെയും (നേര്‍വഴിയിലാക്കി). അവരെല്ലാവരെയും നാം ലോകരില്‍ വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു'' (6:86).

''ഇസ്മാഈല്‍, അല്‍യസഅ്, ദുല്‍കിഫില്‍ എന്നിവരെയും ഓര്‍ക്കുക. അവരെല്ലാവരും ഉത്തമന്മാരില്‍ പെട്ടവരാകുന്നു'' (38:48).

''ഇസ്മാഈലിനെയും ഇദ്‌രീസിനെയും ദുല്‍കിഫ്‌ലിനെയും (ഓര്‍ക്കുക). അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു.അവരെ നാം നമ്മുടെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്തിരിക്കുന്നു. തീള്‍ച്ചയായും അവര്‍ സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു'' (21:85,86).

ഇരുവരുടെയും ചരിത്രം വിശദമായി വന്നിട്ടില്ല. അവര്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരും ഉത്തമന്മാരും പ്രയാസങ്ങളില്‍ ക്ഷമ അവലംബിക്കുന്നവരുമായിരുന്നു. അവര്‍ക്കെല്ലാവര്‍ക്കും സ്വര്‍ഗമുണ്ട് എന്നും അവരെ പറ്റി അല്ലാഹു അറിയിച്ചുതന്നിരിക്കുന്നു.

ഇബ്‌നു കഥീര്‍(റഹ്) പറയുന്നു: ''ഹസന്‍(റ) പറഞ്ഞു: 'ഇല്‍യാസ്(അ)ന് ശേഷം അല്‍യസഅ്(അ) അല്ലാഹു ഉദ്ദേശിച്ച അത്ര കാലം ജീവിച്ചു. ഇല്‍യാസി(അ)ന്റെ ശരീഅത്തിലായിക്കൊണ്ട് അല്ലാഹുവിലേക്ക് അല്‍യസഅ്(അ) ക്ഷണിച്ചു. അല്ലാഹു അദ്ദേഹത്തെ അവനിലേക്ക് കൊണ്ടുപോകുന്നത് വരെ (അത് തുടര്‍ന്നു). പിന്നീട് അവര്‍ക്ക് ശേഷം കുറെ ആളുകള്‍ വന്നു. പിന്നീട് പാപങ്ങളും സ്വേച്ഛാധിപത്യവും നബിമാരെ വധിക്കലുമെല്ലാം ഉണ്ടായി.