സഈദ്ബ്‌നു ആമിര്‍ അല്‍ജുമഹി(റ)

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

2019 ഡിസംബര്‍ 14 1441 റബിഉല്‍ ആഖിര്‍ 17

ക്വുറൈശി നേതാക്കന്മാരുടെ ആഹ്വാനം കേട്ട് തന്‍ഈമിലേക്ക് പുറപ്പെട്ട നൂറുകണക്കിനാളുകളില്‍ യൗവനത്തിന്റെ കരുത്തും ആവേശവും പേറി സഈദും ഉണ്ടായിരുന്നു. വഞ്ചനയിലൂടെ കീഴ്‌പെടുത്തിയ ഖുബൈബുബ്‌നു അദിയ്യ്(റ)വിനെ പരസ്യമായി ക്രൂശിക്കുന്നത് കാണാനുള്ള ആവേശത്തിലാണവര്‍. അബൂസുഫ്‌യാന്‍, സ്വഫ്‌വാനുബ്‌നു ഉമയ്യ തുടങ്ങി ക്വുറൈശി പ്രമുഖരുടെ നീണ്ടനിരതന്നെ അവിടെയുണ്ട്.

ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട തങ്ങളുടെ ശത്രുവിനെ നേരില്‍ കാണാന്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ തിരക്കുകൂട്ടിക്കൊണ്ടിരിക്കുന്നു. അവരുടെയുള്ളില്‍ ബദ്‌റില്‍ തങ്ങളുടെ കുടുംബാംഗങ്ങളെ കൊന്നവരോടുള്ള പകയും തങ്ങളുടെ മുഖ്യശത്രുവായ മുഹമ്മദിന് ശക്തമായ സന്ദേശം നല്‍കാന്‍ കിട്ടിയ ഇര ഏറ്റവും യോജിക്കുന്നതായി എന്ന സന്തോഷവും അലതല്ലുകയും ചെയ്യുന്നു.

ഖുബൈബി(റ)നെയും കൊണ്ടവര്‍ ക്രൂശിക്കുവാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് നീങ്ങി. സഈദ് സംഘത്തിന്റെ മുന്‍നിരയില്‍ തന്നെ സ്ഥാനമുറപ്പിച്ചു. ക്രൂശിക്കുവാന്‍ വേണ്ട മരത്തടി ഒരുക്കുന്ന തിരക്കിനിടയിലും സ്ത്രീകളുടെയും കുട്ടികളുടെയും ആരവങ്ങള്‍ക്കിടയിലും ഒരു പതിഞ്ഞ ശബ്ദം അയാള്‍ കേട്ടു. ''ക്രൂശിക്കുന്നതിനു മുമ്പ് രണ്ടു റക്അത്ത് നമസ്‌കരിക്കുവാന്‍ നിങ്ങളെന്നെ അനുവദിക്കണം.''

ഖുബൈബ്(റ) കഅ്ബയിലേക്കു തിരിഞ്ഞ് രണ്ടു റക്അത്ത് നമസ്‌കരിച്ചു. 'ഹാ! എന്തൊരു ഭംഗി! എന്തൊരു അച്ചടക്കമുള്ള ആരാധന'. സഈദിന്റെ മനസ്സില്‍ അതൊരു ആന്ദോളനം സൃഷ്ടിച്ചു. ഖുബൈബ്(റ) ക്വുറൈശികളുടെ നേരെ തിരിഞ്ഞു:

''മരണത്തെ പേടിച്ചാണ് മുഹമ്മദിന്റെ അനുയായി ദീര്‍ഘമായി നമസ്‌കരിക്കുന്നത് എന്ന് നിങ്ങള്‍ പറയില്ലായിരുന്നെങ്കില്‍ ഞാന്‍ സുദീര്‍ഘമായി നമസ്‌കരിച്ചേനെ.''

ആ കഠിനഹൃദയര്‍ അദ്ദേഹത്തിന്റെ ഇരുകണ്ണുകളും കുത്തിപ്പൊട്ടിച്ചു. ശരീരത്തില്‍ വാള്‍തലപ്പുകള്‍കൊണ്ട് മുറിവുകളുണ്ടാക്കി. അദ്ദേഹം വേദനകൊണ്ട് പുളയുന്നതിനിടയില്‍ അവര്‍ ചോദിച്ചുകൊണ്ടിരുന്നു:

''മുഹമ്മദിനെ ഇതിനു പകരമാക്കി രക്ഷപ്പെടാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ?''

സ്വന്തം അനുയായി മുഹമ്മദിനെ തള്ളിപ്പറയുന്നതുപോലും അവര്‍ക്ക് ആനന്ദം നല്‍കിയിരുന്നു. ഖുബൈബിന്റെ മറുപടി: ''മുഹമ്മദിന് ഇതല്ല, ഒരു മുള്ള് തറക്കുന്നതുപോലും ഞാന്‍ ഇഷ്ടപ്പെടുന്നില്ല.''

ശത്രുക്കള്‍ അദ്ദേഹത്തെ കുരിശിേലറ്റി. അവരുടെ ആക്രോശങ്ങള്‍ ഉയര്‍ന്നുപൊങ്ങി: ''കൊല്ലവനെ!''

സഈദുബ്‌നു ആമിര്‍(റ) കണ്ടത് ആകാശേത്തക്ക് കണ്ണയച്ചുകൊണ്ട് മരണ വെപ്രാളത്തിനിടയിലുംമന്ത്രിക്കുന്ന ഖുബൈബിനെയാണ്.

''അല്ലാഹുവേ! അവരെ നീ എണ്ണിക്കണക്കാക്കേണമേ. അവരെ നശിപ്പിക്കേണമേ. ഒരാളെയും വെറുതെ വിടരുതേ.''

ഖുബൈബ്(റ)വിന്റെ അവസാനശ്വാസവും നിലച്ചു. നിശ്ചലമായ ആ ശരീരത്തില്‍ കുന്തമുനകളാല്‍ മുറിവുകളേല്‍ക്കാത്ത ഒരു ഭാഗവുമുണ്ടായിരുന്നില്ല!

ഖുറൈശി ജീവിതം സാധാരണ നിലയിലേക്ക് മടങ്ങി. ഖുബൈബ്‌സംഭവവും വിസ്മൃതിയിലായിത്തീര്‍ന്നു. പക്ഷേ, യൗവനത്തിന്റെ മൂര്‍ധന്യതയില്‍ തന്റെ കണ്ണിലും കാതിലും നിറഞ്ഞുനിന്ന ഖുബൈിന്റെ ദാരുണമരണം സഈദിന്റെ മനസ്സില്‍ വലിയ മുറിപ്പാടുകളുണ്ടാക്കി. കനവിലും നിനവിലും ഉറക്കത്തിലും ഉണര്‍ച്ചയിലുമെല്ലാം കണ്‍മുന്നില്‍ മായാതെ ഖുബൈബ്! കുരിശിലേറും മുമ്പുള്ള അദ്ദേഹത്തിന്റെ പരമശാന്തമായ നമസ്‌കാരം. കാതുകൡലാകട്ടെ ക്വുറൈശികള്‍ക്കെതിരിലുള്ള ഖുബൈബിന്റെ പ്രാര്‍ഥനയും! തന്റെ മീതെ ആകാശത്തുനിന്ന് എന്തോ ശിക്ഷ ഇറങ്ങാന്‍ പോകുന്നെന്ന ഭയം സഈദിനെ പിടികൂടി.

അന്നുമുതല്‍ ഖുബൈബ്(റ)വിന്റെ രക്തസാക്ഷിത്വം സഈദിനെ മുമ്പ് പഠിച്ചിട്ടില്ലാത്ത പലതും പഠിപ്പിക്കുകയായിരുന്നു.

'ജീവിതം വിശ്വാസവും വിശ്വാസത്തിനുവേണ്ടി മരണം വരെ പൊരുതലുമാണ്.'

'വിശ്വാസം മനസ്സില്‍ ആവാഹിച്ചാല്‍ ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും'.

അദ്ദേഹം പഠിക്കുകയായിരുന്നു. അതോടൊപ്പം അദ്ദേഹം അറിഞ്ഞു; തന്റെ അനുചരന്മാര്‍ സ്വജീവനെക്കാള്‍ സ്‌നേഹിക്കുന്ന ആ മഹാനായ മനുഷ്യന്‍ ആകാശത്തുനിന്ന് വഹ്‌യ് നല്‍കപ്പെടുന്ന സത്യസന്ധനായ പ്രവാചകന്‍ തന്നെയാണെന്ന്. അവിടം മുതല്‍ അല്ലാഹു സഈദിന്റെ ഹൃദയത്തെ ഇസ്‌ലാമിന്റെ രാജകവാടത്തിലേക്ക് വിശാലമാക്കുകയായിരുന്നു.

മക്കയിലെ ജനക്കൂട്ടത്തിനിടയില്‍ വെച്ച് സഈദ് ഇസ്‌ലാം പ്രഖ്യാപിച്ചു. ക്വുറൈശികളുടെ ആരാധ്യന്മാരെ ആരാധിക്കുവാനും അവര്‍ കാട്ടിക്കൂട്ടുന്ന തിന്മകളില്‍ പങ്കാളിയാകാനും ഇനി ഞാനില്ല എന്ന് തുറന്നുപറഞ്ഞു.

മുസ്‌ലിമായ സഈദ്(റ) നബി ﷺ യുടെ മദീനയിലേക്ക് പലായനം ചെയ്തു. നബി ﷺ യുടെ കൂടെ സഹവസിച്ചു. ഖൈബര്‍ യുദ്ധമടക്കം നിരവധി യുദ്ധങ്ങളില്‍ പങ്കാളിയായി. നബി ﷺ യുടെ മരണശേഷം അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരുടെ കൂടെ ഉറയില്‍നിന്നൂരിയ പടവാളായി അദ്ദേഹമുണ്ടായിരുന്നു.

സ്വതന്ത്രവും സ്വകാര്യവുമായി, ബഹളങ്ങളില്ലാതെ, പരലോകരക്ഷ മാത്രം മുന്നില്‍ കണ്ട് ജീവിച്ച  സ്വഹാബിയായിരുന്നു സഈദ്ബ്‌നു ആമിര്‍(റ). ഒരിക്കല്‍പോലും ഭൗതികവിഭവങ്ങള്‍ അദ്ദേഹത്തിന്റെ മനംകവര്‍ന്നില്ല.

നബി ﷺ യുടെ ആദ്യ രണ്ട് ഖലീഫമാരും അദ്ദേഹത്തിന്റെ സത്യസന്ധതയും തക്വ്‌വയും തിരിച്ചറിഞ്ഞവരും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തേടിയവരുമായിരുന്നു.

ഉമര്‍(റ)വിന്റെ ഭരണകാലം. സഈദ്ബ്‌നു ആമിര്‍(റ) ഖലീഫയുടെ മുന്നിലെത്തി അദ്ദേഹത്തോട് പറഞ്ഞു: ''അമീറുല്‍ മുഅ്മിനീന്‍! താങ്കള്‍ ജനങ്ങളുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടണം. ഒരിക്കലും ജനങ്ങളെ അല്ലാഹവിന്റെ കാര്യത്തില്‍ ഭയപ്പെടരുത്. താങ്കളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ വൈരുധ്യമുണ്ടാകരുത്. വൈരുധ്യമുണ്ടാകാത്ത വാക്കും പ്രവൃത്തിയും എത്ര ആനന്ദകരമാണ്! താങ്കളെ അല്ലാഹു ഏല്‍പിച്ച ജനങ്ങള്‍ക്കു വേണ്ടി താങ്കള്‍ നിലകൊള്ളുക. താങ്കളിഷ്ടപ്പെടുന്നതെല്ലാം അവര്‍ക്കുവേണ്ടിയും ആഗ്രഹിക്കുക. താങ്കള്‍  വെറുക്കുന്നത് അവര്‍ക്കുവേണ്ടിയും വെറുക്കുക. സത്യത്തിന് മുന്‍തൂക്കം നല്‍കുക. അല്ലാഹുവിന്റെ വിഷയത്തില്‍ ആരെയും ഭയപ്പെടാതിരിക്കുക.''

നീതിയുടെയും കരുത്തിന്റെയും പ്രതീകമായിരുന്ന ഉമര്‍(റ)വിനെ പോലും ഉപദേശിക്കുവാന്‍ മാത്രം പ്രാമുഖ്യമുള്ള സ്വഹാബിയായിരുന്നു സഈദ്(റ).

ഉമര്‍(റ) സഈദി(റ)നോട് ചോദിച്ചു: ''സഈദ്! ആര്‍ക്കാണ് ഇതിനെല്ലാം സാധിക്കുക?''

സഈദ്(റ) പറഞ്ഞു: ''താങ്കളെ പോലുള്ളവര്‍ക്ക്്! അതിനാണ് അല്ലാഹു മുഹമ്മദ് നബി ﷺ യുടെ സമൂഹത്തിന്റെ കാര്യം താങ്കളെ ഏല്‍പിച്ചത്.''

സഈദിനെ വിളിച്ച് ഉമര്‍(റ) പറഞ്ഞു: ''സഈദ്, താങ്കളെ ഞാന്‍ ഹിംസിന്റെ ഉത്തരവാദിത്തം ഏല്‍പിക്കുകയാണ്.''

അദ്ദേഹം പറഞ്ഞു: ''അമീറുല്‍ മുഅ്മിനീന്‍, ദയവായി എന്നെ പരീക്ഷണത്തിനു വിട്ടുകൊടുക്കരുത്.''

ഉമര്‍(റ) ശബ്ദമുയര്‍ത്തി: ''എല്ലാ ഭാരവും ഞാന്‍ ഒറ്റക്ക് ചുമക്കണമെന്നാണോ താങ്കള്‍ പറയുന്നത്? അല്ലാഹുവാണേ സാധ്യമല്ല. എന്നെ സഹായിച്ചേ തീരൂ.''

ഹിംസിന്റെ ഉത്തരവാദിത്തം സഈദി(റ)ല്‍ ഏല്‍പിക്കപ്പെട്ടു. ഉമര്‍(റ) ചോദിച്ചു: ''ബൈത്തുല്‍മാലില്‍നിന്ന് താങ്കള്‍ക്ക് എന്തെങ്കിലും വിഹിതം നിശ്ചയിക്കട്ടെയോ?''

സഈദ്(റ) പറഞ്ഞു: ''വേണ്ട. അതെനിക്ക് അധികമായിരിക്കും.'' തുടര്‍ന്ന് അദ്ദേഹം ഹിംസിലേക്ക് േപായി.

അധികകാലം കഴിയും മുമ്പ് ഹിംസില്‍നിന്ന് കുറച്ചുപേര്‍ അമീറുല്‍ മുഅ്മിനീനെ കാണുവാന്‍ മദീനയിലെത്തി. ഉമര്‍(റ) അവരോട് പറഞ്ഞു: ''നിങ്ങള്‍ ഹിംസിലെ ദരിദ്രരുടെ പേരുകള്‍ എനിക്ക് നല്‍കുക. ഞാനവര്‍ക്ക് സഹായങ്ങള്‍ എത്തിച്ചുതരാം.''

അവര്‍ നല്‍കിയ പരമദരിദ്രരുടെ പേരുകളില്‍ മുന്നിലുണ്ടായിരുന്നത് സഈദ്ബ്‌നു ആമിര്‍(റ)വിന്റെ പേരായിരുന്നു. ഉമര്‍(റ) ചോദിച്ചു: ''ആരാണീ സഈദ്?''

അവര്‍ പറഞ്ഞു: ''ഞങ്ങളുടെ അമീര്‍ തന്നെ.''

ഉമര്‍(റ): ''അദ്ദേഹം പരമദരിദ്രനാനെന്നോ?''

അവര്‍ പ്രതികരിച്ചു: ''അതെ, ദിവസങ്ങളോളം അദ്ദേഹത്തിന്റെ വീട്ടില്‍ അടുപ്പു പുകയാത്തത് ഞങ്ങള്‍ക്കറിയാം.''

ഉമര്‍(റ) കരഞ്ഞു; അദ്ദേഹത്തിന്റെ സമൃദ്ധമായ താടിരോമങ്ങള്‍ പോലുംകണ്ണീരില്‍ കുതിരുമാറ്. പിന്നീട് ആയിരം ദീനാറടങ്ങുന്ന ഒരു സഞ്ചി അവരെ ഏല്‍പിച്ചു. എന്നിട്ട് പറഞ്ഞു: ''നിങ്ങള്‍ അദ്ദേഹത്തോട് എന്റെ സലാം പറയുക. എന്നിട്ടിത് കൈമാറുക. ഇത് അദ്ദേഹത്തിന്റെ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ളതാണ്.''

യാത്രാസംഘം സഈദ്ബ്‌നു ആമിര്‍(റ)വിന്റെ അടുത്തെത്തി. അമീറുല്‍ മുഅ്മിനീന്റെ ഉപഹാരം ൈകമാറി. അദ്ദേഹം അത് തുറന്നുനോക്കി. ദീനാറുകളാണെന്നു കണ്ട സഈദ്(റ) അതില്‍ തൊടാന്‍ പോലും കൂട്ടാക്കിയില്ല. അദ്ദേഹം പറഞ്ഞു: ''ഇന്നാ ലില്ലാഹ്....''

ഇതു കേട്ട ഭാര്യ വീടിനകത്തുനിന്ന് വല്ല അപകട വാര്‍ത്തയുമാണോ എന്ന് ശങ്കിച്ചുകൊണ്ട് ചോദിച്ചു: ''അമീറുല്‍ മുഅ്മിനീന് വല്ലതും പറ്റിയോ?''

സഈദ്(റ): ''അതിനെക്കാള്‍ അപകടകരമാണിത്.''

ഭാര്യ: ''മുസ്‌ലിംകള്‍ക്ക് വല്ലതും..?''

സഈദ്(റ): ''അതിനെക്കാളും അപകടകരം.''

ഭാര്യ: ''എന്താണത്?''

സഈദ്(റ): ''ഇതാ, എന്റെ പരലോകം നഷ്ടപ്പെടുത്തുന്നതിനായി ദുന്‍യാവ് എന്റെ വീട്ടിലെത്തിയിരിക്കുന്നു! ഞാനിതാ പരീക്ഷിക്കപ്പെടുന്നു.''

ഭാര്യ: ''എങ്കില്‍ അതില്‍നിന്നും നമുക്ക് ഉടനെ രക്ഷപ്പെടണം.''

സഈദ്(റ): ''നീ എന്നെ സഹായിക്കുമോ?''

ഭാര്യ: ''തീര്‍ച്ചയായും''

അദ്ദേഹം അതെല്ലാം നാട്ടിലെ ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്തു. ദാരിദ്ര്യത്തിന്റെ ബലഹീനതകള്‍ക്കിടയിലും വീട്ടിലിരിക്കുന്ന സ്വര്‍ണ ഉരുപ്പടി തന്റെ നമസ്‌കാരമടക്കമുള്ള ഇബാദത്തുകള്‍ക്ക് വിഘാതമാകുമോ എന്ന് ശങ്കിച്ച് അവ ധര്‍മം ചെയ്യാന്‍ ധൃതികാണിച്ച പുണ്യപ്രവാചകന്‍ ﷺ യുടെ ഉത്തമനായ അനുചരന്‍ എ്രത നല്ല മാതൃക!

മറ്റൊരിക്കല്‍ ഉമര്‍(റ) ഹിംസിലെത്തി. ഹിംസ് ചെറിയ കൂഫ എന്നാണറിയപ്പെട്ടിരുന്നത്. ഭരണാധികാരികളോട് അല്‍പം പ്രതിഷേധം കാണിക്കുന്നവര്‍ അവിടങ്ങളിലുണ്ടായിരുന്നു. ഉമര്‍(റ) ഹിംസുകാരോട് അവരുടെ അമീറിനെക്കുറിച്ച് അനേ്വഷിച്ചു. സഈദ്ബ്‌നു ആമിര്‍(റ)വിനെക്കുറിച്ച് നാലു പരാതികളാണ് അദ്ദേഹത്തിന് ലഭിച്ചത്.

ഉമര്‍(റ) പറയുന്നു: ''ഞാനത് നാലും പരിശോധിച്ചു. ഒന്ന് മറ്റൊന്നിനെക്കാള്‍ വലുത്! അല്ലാഹുവേ എന്റെ വിശ്വസ്ത അനുയായിയെക്കുറിച്ച് എന്റെ മനസ്സില്‍ തെറ്റായ ചിന്ത വരരുതേ.'' അദ്ദേഹത്തിന്റെ മനമുരുകി. അമീറുല്‍ മുഅ്മിനീന്‍ ഇരുകൂട്ടരെയും ഒന്നിച്ചിരുത്തി.

''എന്താണ് നിങ്ങളുടെ പരാതി?''

അവര്‍ പറഞ്ഞു: ''അദ്ദേഹം പകല്‍ കുറച്ചു കഴിഞ്ഞാണ് വീട്ടില്‍നിന്ന് പുറത്തിറങ്ങാറ്.''

ഉമര്‍(റ) ചോദിച്ചു: ''എന്താണ് സഈദ് ഈ പരാതിയുടെ നിജസ്ഥിതി?''

സഈദ്(റ) അല്‍പ നേരത്തെ മൗനത്തിനു ശേഷം പറഞ്ഞു: ''അല്ലാഹുവാണെ, എനിക്കത് പറയാന്‍ ബുദ്ധിമുട്ടുണ്ട്.''

നിരപരാധിത്വം ബോധ്യപ്പെടുത്തല്‍ അനിവാര്യമാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ''എന്റെ വീട്ടില്‍ വേലക്കാരില്ല. എന്നും രാവിലെ ഭക്ഷണമുണ്ടാക്കുന്നതില്‍ ഞാന്‍ വീട്ടുകാരിയെ സഹായിക്കാറുണ്ട്. അതിനാലാണ് സമയം വൈകുന്നത്. അത് കഴിഞ്ഞാല്‍ ഞാന്‍ വുദൂഅ് ചെയ്ത് ജനങ്ങളുടെ മുമ്പിലെത്തും.''

ഉമര്‍(റ): ''എന്താണ് അടുത്ത പരാതി?''

അവര്‍ പറഞ്ഞു: ''അദ്ദേഹത്തെ രാത്രി കാണാന്‍ കഴിയാറില്ല.''

ഉമര്‍(റ): ''എന്താണ് സഈദ്?''

അദ്ദേഹം പറഞ്ഞു: ''അമീര്‍, നേരത്തെ പറഞ്ഞതിനെക്കാള്‍ ബുദ്ധിമുട്ടുണ്ട് പറയാന്‍.''

പറയാന്‍ നിര്‍ബന്ധിതനായപ്പോള്‍ ആ സ്വഹാബി പ്രതികരിച്ചതിപ്രകാരം: ''പകല്‍ ഞാന്‍ ജനങ്ങള്‍ക്കു വേണ്ടി മാറ്റിവെക്കും. രാത്രി എന്റെ രക്ഷിതാവിനു വേണ്ടിയും.''

ഹാ എത്ര മഹത്തരം!

ഉമര്‍(റ) ചോദിച്ചു: ''മറ്റെന്താണ്?''

അവര്‍ പറഞ്ഞു: ''മാസത്തില്‍ ഒരു ദിവസം അദ്ദേഹത്തെ തീരെ പുറത്തുകാണാറില്ല''

ഉമര്‍(റ) ചോദിച്ചു: ''എന്താണ് സഈദ്?''

സഈദ്: ''അമീറുല്‍ മുഅ്മിനീന്‍! ഞാന്‍ സേവകനെ നിയമിച്ചിട്ടില്ല. എന്റെ കയ്യില്‍ ഈ വസ്ത്രമല്ലാതെ മറ്റൊന്നില്ല. മാസത്തിലൊരിക്കല്‍ ഇത് അലക്കിയിടും. ഉണങ്ങുംവരെ വീട്ടിലിരിക്കും. ഉണങ്ങുമ്പോഴേക്കും വൈകുന്നേരമാകും.''

ഉമര്‍(റ) ചോദിച്ചു: ''നാലാമത്തെ പരാതി?''

അവര്‍ പറഞ്ഞു: ''അദ്ദേഹം ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുമ്പോള്‍ പോലും ഇടക്കിടെ ബോധരഹിതനാകുന്നു. ഇത് ഞങ്ങള്‍ക്ക് വല്ലാത്ത കുറച്ചിലാണ്.''

സഈദ്(റ) പറഞ്ഞു: ''അമീറുല്‍ മുഅ്മിനീന്‍! ഞാന്‍ മുശ്‌രിക്കായിരിക്കെ ഖുബൈബിനെ ശിക്ഷിക്കുന്ന സദസ്സില്‍ മുന്‍നിരയില്‍ പങ്കെടുത്തവനാണ്. ഓരോ ക്വുറൈശിയും ക്രൂശിതനായി നില്‍ക്കുന്ന ഖുബൈബ് തിരിച്ചാക്രമിക്കില്ല എന്ന ഉറപ്പില്‍ അദ്ദേഹത്തിന്റെ ദേഹത്ത് ആയുധങ്ങള്‍െകാണ്ട് വലിയ മുറിവുകള്‍ ഉണ്ടാക്കിക്കൊണ്ട് ആര്‍ത്ത് ചോദിച്ചു: 'നിന്നെ ഈ അപകടത്തില്‍ ചാടിച്ച മുഹമ്മദിന് ഇങ്ങനെ വേദനിക്കാന്‍ നീ ഇഷ്ടപ്പെടുന്നുവോ?' അദ്ദേഹത്തിന്റെ 'ഇല്ല, മുഹമ്മദിന് ഒരു മുള്ളുപോലും ഏല്‍ക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല' എന്ന മറുപടി എന്റെ മനസ്സിലാണ് തറച്ചത്.  ഖുബൈബ് രക്തംവാര്‍ന്ന്, വേദനതിന്ന് ഇഞ്ചിഞ്ചായി മരിക്കുന്നത് ഞാന്‍ നോക്കിനിന്നു. എനിക്കദ്ദേഹത്തെ രക്ഷിക്കാമായിരുന്നു. ഞാനത് ചെയ്തില്ല. കഠിനമായ ആ പാപം അല്ലാഹു എനിക്ക് പൊറുത്ത് തരുമോ? ഇതാലോചിക്കുമ്പോള്‍ എന്റെ ബോധം നഷ്ടപ്പെടുകയാണ് അമീര്‍.''

ഇതു കേട്ട ഉമര്‍(റ) പ്രതിവചിച്ചത് 'നാഥാ! നിനക്ക് സ്തുതി. എന്റെ സുഹൃത്തിന്റെ സത്യാവസ്ഥ നീ എനിക്ക് മനസ്സിലാക്കിത്തന്നല്ലോ' എന്നായിരുന്നു. ഉമര്‍(റ) അദ്ദേഹത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള കുറച്ച് തുക വീണ്ടും വീട്ടിലെത്തിച്ചു. അതുകണ്ട ഭാര്യ സന്തോഷത്തോടെ പറഞ്ഞു: ''നമുക്കൊരു വേലക്കാരനെ വെക്കാം. അത്യാവശ്യം സാധനങ്ങളും വാങ്ങാം.''

സഈദ്(റ) തിരിച്ചു ചോദിച്ചു: ''അതിനെക്കാള്‍ ലാഭമുള്ളത് ചെയ്താലോ?''

ഭാര്യ: ''അതെന്താണ്?''

സഈദ്(റ): ''നമ്മള്‍ ഇത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദരിദ്രര്‍ക്ക് കൊടുക്കുന്നു.''

ഭാര്യ പറഞ്ഞു: ''അത് കൂടുതല്‍ പുണ്യകരം തന്നെ.''

 തന്റെയൊരു കുടുംബക്കാരനെ വിളിച്ച് ആ പണം നാട്ടിലെ വിധവകള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും നല്‍കാന്‍ പറയുകയായിരുന്നു അദ്ദേഹം ചെയ്തത്!

പരലോകത്തിന്റെ മഹാധന്യതകള്‍ക്കു മുന്നില്‍ ദുന്‍യാവിന്റെ ഒരു ചെറിയ കറപോലും തന്റെ ദേഹത്ത് പുരളരുതെന്ന ഉത്തമബോധ്യത്തിന്റെ തെളിവുമായി ജീവിച്ച മഹാനായിരുന്നു സഈദ് ബ്‌നു ആമിര്‍ അല്‍ജുമഹി(റ).