ഉഹ്ദ് രണാങ്കണത്തില്‍ നേര്‍ക്കുനേര്‍

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ഒക്ടോബര്‍ 05 1441 സഫര്‍ 06

(ലോകഗുരു: മുഹമ്മദ് നബി ﷺ ഭാഗം: 41)

ഇരു സൈന്യങ്ങളും ഏറ്റുമുട്ടി. സത്യവിശ്വാസികള്‍ ശക്തമായ നിലക്ക് യുദ്ധം ചെയ്തു. യുദ്ധക്കളത്തില്‍ എല്ലായിടത്തും അവര്‍ ഉണ്ടായിരുന്നു. ശത്രുപക്ഷത്തിന്റെ കൊടിക്കു ചുറ്റുമാണ് യുദ്ധം കൊടുമ്പിരിക്കൊണ്ടത്. നേതാവ് ത്വല്‍ഹതുബ്‌നു അബീ ത്വല്‍ഹയും അയാള്‍ക്ക് ശേഷം അയാളുടെ രണ്ടു സഹോദരന്മാരായ ഉസ്മാനും അബൂ സഅ്ദും കൊല്ലപ്പെട്ടപ്പോള്‍ ബനൂ അബ്ദുദ്ദാര്‍ ഗോത്രക്കാര്‍ മാറി മാറി കൊടി എടുത്തു കൊണ്ടിരുന്നു. ഇവര്‍ ഒരാള്‍ക്കു പിറകെ മറ്റൊരാളായിക്കൊണ്ടാണ് കൊല്ലപ്പെട്ടത്. ശേഷം ത്വല്‍ഹയുടെ മക്കളായ മുസാഫിഉം ഹാരിസും ശേഷം കിലാബും കൊടിയെടുത്തു. ഓരോരുത്തരായി എല്ലാവരും കൊല്ലപ്പെട്ടു. ഇപ്രകാരം ആദ്യ ഘട്ടത്തില്‍ തന്നെ മുശ്‌രിക്കുകളുടെ പതാകവാഹകരായിരുന്ന 11 പേര്‍ കൊല്ലപ്പെടുകയുണ്ടായി. പതാക വഹിച്ചിരുന്ന ഒരാള്‍ പോലും അവരില്‍ ബാക്കിയായില്ല. അലിയ്യുബ്‌നു അബീത്വാലിബ്, ഹംസബ്‌നു അബ്ദുല്‍ മുത്തലിബ്, സഅ്ദുബ്നു അബീ വഖാസ്, ആസിം ഇബ്‌നു സാബിത് ഖസ്മാന്‍, സുബൈറുബ്‌നുല്‍ അവ്വാം തുടങ്ങിയവരാണ് ഈ മുശ്‌രിക്കുകളെ പരസ്പരമുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. മുശ്‌രിക്കുകളെ സംബന്ധിച്ചിടത്തോളം അവരുടെ കൊടി തന്നെ അവര്‍ക്ക് ഒരു ശാപം പോലെയായി. കൊടിയിലേക്ക് അടുക്കുന്നവരെല്ലാം കൊല്ലപ്പെടുന്നു. അവസാനം അവര്‍ കൊടിയും വലിച്ചെറിഞ്ഞു.

ശേഷം യുദ്ധം കൊടുമ്പിരികൊണ്ടു. വാളുകള്‍ പരസ്പരം കൊമ്പുകോര്‍ത്തു. മുശ്‌രിക്കുകള്‍ മൂന്നു തവണ മുസ്‌ലിംകള്‍ക്ക് നേരെ കടന്നുകയറാന്‍ ശ്രമിച്ചുവെങ്കിലും അമ്പെയ്ത്തുകാര്‍ അവരുടെ അമ്പുകള്‍ കൊണ്ട് ശക്തമായ പ്രതിരോധം തീര്‍ത്തു. അങ്ങനെ മുശ്‌രിക്കുകള്‍ക്ക് തിരിഞ്ഞുപോകേണ്ടി വന്നു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വലിയ പരീക്ഷണമായിരുന്നു യുദ്ധം. തങ്ങളുടെ എല്ലാ ധീരതകളും അവര്‍ പ്രകടമാക്കി. അലിയും ത്വല്‍ഹയും സുബൈറും അബുത്വല്‍ഹയും സഅ്ദ് ബ്‌നു അബീ വക്വാസും ധീരതയുടെ നിറകുടങ്ങളയിരുന്നു. ഉഹ്ദ് യുദ്ധത്തിലെ പോരാട്ടത്തില്‍ ഒരു സ്വഹാബിയും മോശമായിരുന്നില്ല. അബൂദുജാന(റ) അടര്‍ക്കളത്തില്‍ എതിരിട്ട മുശ്‌രിക്കുകളെയെല്ലാം കൊന്നു. അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും സിംഹമായ ഹംസത് ഇബ്‌നു അബ്ദുല്‍മുത്ത്വലിബ്(റ)

യുദ്ധക്കളത്തിലെ അവിസ്മരണീയ വ്യക്തിത്വമായിരുന്നു. മുശ്‌രിക്കുകളിലെ പതാകവാഹകന്‍മാരില്‍ പലരെയും കൊലപ്പെടുത്തിയത് അദ്ദേഹമായിരുന്നു. മുശ്‌രിക്കുകളില്‍ ഒരാളുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കവെയാണ് ഒളിച്ചിരുന്ന വഹ്ശി എന്നയാള്‍ തന്റെ ചാട്ടുളികൊണ്ട് ഹംസ(റ)യെ എറിയുന്നതും അദ്ദേഹം രക്തസാക്ഷിയായി വീഴുന്നതും. പാറക്കല്ലിന് പിന്നില്‍ ഒളിച്ചിരുന്നുകൊണ്ട് ഹംസ(റ)ക്കു നേരെ ചാട്ടുളി എറിഞ്ഞ ആ രംഗം വിശദീകരിക്കുന്ന ഹദീസുകള്‍ നമുക്ക് കാണുവാന്‍ സാധിക്കും (ബുഖാരി: 4072).

പിന്നീട് വഹ്ശി ഇസ്‌ലാം സ്വീകരിക്കുന്ന അത്ഭുതകരമായ ചരിത്രമാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത്. അബൂബക്കറി(റ)ന്റെ കാലഘട്ടത്തില്‍ മുസൈലിമതുല്‍ കദ്ദാബുമായി ഉണ്ടായ യമാമ യുദ്ധത്തില്‍ അദ്ദേഹം പങ്കെടുക്കുകയും ഹംസ(റ)യെ കൊന്ന കൈകള്‍കൊണ്ട് മുസൈലിമതുല്‍ കദ്ദാബിനെ കൊലപ്പെടുത്തുകയും ചെയ്തു. ഹംസ(റ)യെ കൊന്ന വിഷമത്തിലള്ള വഹ്ശിയുടെ കണ്ണുനീരിന് അല്‍പമെങ്കിലും ശമനമുണ്ടായത് അപ്പോഴാണ്. വഹ്ശി(റ)യുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ നിമിഷമായിരുന്നു മുസൈലിമതുല്‍ കദ്ദാബിനെ കൊന്ന ആ സന്ദര്‍ഭം.

ജാബിറിന്റെ പിതാവ് അബ്ദുല്ലാഹിബിനു അംറ് ശഹീദാകുന്നത് ഉഹ്ദ് യുദ്ധത്തിലാണ്. ജാബിര്‍(റ)പറയുന്നു: ''മൂടപ്പെട്ട അവസ്ഥയില്‍ എന്റെ പിതാവ് ഉഹ്ദിന്റെ ദിവസം കൊണ്ടു വരപ്പെട്ടു. പിതാവിന്റെ ശരീരമാകെ വികൃതമാക്കപ്പെട്ടിരുന്നു. പിതാവിനെ കാണുന്നതിനു വേണ്ടി വസ്ത്രം ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ എന്റെ ആളുകളെന്നെ സമ്മതിച്ചില്ല. ഞാന്‍ രണ്ടാം പ്രാവശ്യവും ശ്രമിച്ചപ്പോള്‍ വീണ്ടും അവര്‍ എന്നെ തടഞ്ഞു. അപ്പോള്‍ നബി ﷺ  വന്നുകൊണ്ട് പിതാവിന്റെ ശരീരത്തില്‍ നിന്നും വസ്ത്രം ഉയര്‍ത്തി. ഈ സന്ദര്‍ഭത്തില്‍ ഒരു കരച്ചിലിന്റെ ശബ്ദം ഞാന്‍ കേട്ടു. നോക്കുമ്പോള്‍ അത് പിതാവ് അബ്ദുല്ലയുടെ സഹോദരിയായിരുന്നു. നബി ﷺ  ചോദിച്ചു: 'നിങ്ങള്‍ എന്തിനാണ് കരയുന്നത്? ഈ മയ്യിത്ത് ഇവിടെ നിന്ന് ഉയര്‍ത്തപ്പെടുന്നതു വരെ മലക്കുകള്‍ അവരുടെ ചിറകുകള്‍ അദ്ദേഹത്തിന് വേണ്ടി വിരുത്തി വെച്ചിട്ടുണ്ട്' (ബുഖാരി: 1293, മുസ്‌ലിം: 2471).

ഉഹ്ദ് യുദ്ധത്തില്‍ ശഹീദായ മറ്റൊരു സ്വഹാബിയായിരുന്നു ഹന്‍ളലതുബ്‌നു ആമിര്‍(റ). അബൂ സുഫ്‌യാന്‍ ഇബ്‌നു ഹര്‍ബിനെ കൊല്ലുവാനുള്ള ഒരുക്കത്തിലായിരുന്നു ഹന്‍ളല(റ). പക്ഷേ, അപ്പോഴേക്കും ശദ്ദാദുബ്‌നു ഔസ് ഹന്‍ളലയെ കൊലപ്പെടുത്തി. ഈ ഹന്‍ളലയുടെ മയ്യിത്താണ് മലക്കുകള്‍ വന്നുകൊണ്ട് കുളിപ്പിച്ചത്. യുദ്ധശേഷം മദീനയിലേക്ക് മടങ്ങിച്ചെന്ന് സ്വഹാബിമാര്‍ ഹന്‍ളലയുടെ വീട്ടുകാരോട് കാര്യമന്വേഷിച്ചപ്പോള്‍ അദ്ദേഹം വലിയ അശുദ്ധിക്കാരനായിരുന്നു എന്നാണ് അവര്‍ മറുപടി പറഞ്ഞത്. യുദ്ധത്തിലേക്ക് ഉള്ള പ്രഖ്യാപനം ഉണ്ടായപ്പോള്‍ കിടപ്പറയില്‍ നിന്നും എണീറ്റു പോയതായിരുന്നു (ഇബ്‌നുഹിബ്ബാന്‍: 7025, ഹാകിം: 4970).

കാലിന് ശക്തമായ മുടന്തുള്ള ഒരു സ്വഹാബിയായിരുന്നു അംറുബ്‌നു ജമൂഹ്(റ). യുവാക്കളായ നാല് ആണ്‍കുട്ടികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഉഹ്ദിന്റെ ദിവസം മക്കള്‍ അദ്ദേഹത്തോട് പറഞ്ഞു: 'പിതാവേ, അല്ലാഹു താങ്കള്‍ക്ക് യുദ്ധത്തില്‍ നിന്നും ഒഴിവു കഴിവ് നല്‍കിയിട്ടുണ്ട്.' എങ്കിലും അദ്ദേഹം പ്രവാചകന്റെ അടുക്കല്‍ ചെന്ന് അനുവാദം ചോദിക്കുകയും നബി ﷺ  അനുവാദം കൊടുക്കുകയും ചെയ്തു. ബനൂ സലമ ഗോത്രത്തിന്റെ ഒരു നേതാവ് കൂടിയായിരുന്നു അദ്ദേഹം. യുദ്ധക്കളത്തില്‍ ശഹീദാകുന്നതുവരെ ശക്തമായ നിലക്കു തന്നെ അദ്ദേഹം പോരാടി. അബൂ ഖതാദ പറയുന്നു: ''അംറുബ്‌നു ജമൂഹ്(റ) നബിയുടെ അടുക്കലേക്ക് വന്നു കൊണ്ട് ചോദിച്ചു: 'അല്ലാഹുവിന്റെ പ്രവാചകരേ, ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്താല്‍ ഈ കാലുകള്‍ കൊണ്ട് എനിക്ക് സ്വര്‍ഗത്തില്‍ ശരിക്കു നടക്കാന്‍ സാധിക്കുമോ?' മുടന്ത് ബാധിച്ച കാലായിരുന്നു അദ്ദേഹത്തിന്റേത്. അപ്പോള്‍ നബി ﷺ  പറഞ്ഞു: 'അതെ.' അങ്ങനെ ഉഹ്ദ് യുദ്ധത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. ശഹീദായി കിടക്കുന്ന അംറുബ്‌നു ജമൂഹിന്റെ അരികിലൂടെ നബി ﷺ  നടന്നുപോയപ്പോള്‍ ഇപ്രകാരം പറഞ്ഞു: 'ഇദ്ദേഹം രണ്ട് കാലുകള്‍ കൊണ്ട് സ്വര്‍ഗത്തിലൂടെ ശരിക്കും നടക്കുന്നതായി ഞാന്‍ കാണുന്നു'' (അഹ്മദ്: 22553).

ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ വിസമ്മതിച്ചിരുന്ന ബനൂ അബ്ദുല്‍അശ്ഹല്‍ ഗോത്രത്തിലെ വ്യക്തിയായിരുന്നു അംറുബ്‌നു സാബിതുല്‍ മഅ്‌റൂഫ്. എന്നാല്‍ ഉഹ്ദിന്റെ സന്ദര്‍ഭത്തില്‍ അല്ലാഹു അദ്ദേഹത്തിന്റെ ഹൃദയത്തിലേക്ക് ഇസ്‌ലാമിനെ ഇട്ടുകൊടുത്തു. അദ്ദേഹം മുസ്‌ലിമായി. ഉഹ്ദില്‍ അദ്ദേഹം വാള്‍ എടുത്ത് പ്രവാചകന്റെ കൂടെ ചേര്‍ന്നു. ഉഹ്ദില്‍ കൊല്ലപ്പെടുവോളം യുദ്ധം ചെയ്തു. ഇദ്ദേഹം മുസ്‌ലിമായ വിഷയം മറ്റു സ്വഹാബിമാര്‍ക്ക് ഒന്നും അറിയുമായിരുന്നില്ല. മരിച്ചു കിടക്കുന്ന അദ്ദേഹത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് നബി ﷺ  പറഞ്ഞു: 'ഇദ്ദേഹം സ്വര്‍ഗത്തിലാണ്.' ഈ സന്ദര്‍ഭത്തില്‍ അബൂഹുറയ്‌റ(റ) പറയുകയാണ്: 'അല്ലാഹുവിനു വേണ്ടി ഒരു നമസ്‌കാരം പോലും അദ്ദേഹം നമസ്‌കരിച്ചിട്ടില്ല' (അഹ്മദ്: 23634).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശഹീദാകുവാന്‍ വേണ്ടി പ്രാര്‍ഥിച്ച് ഇറങ്ങിയ സ്വഹാബിയായിരുന്നു അബ്ദുല്ലാഹിബ്‌നു ജഹ്ശ്(റ). അദ്ദേഹം യുദ്ധത്തില്‍ കൊല്ലപ്പെടുകയുണ്ടായി. അന്‍സ്വാറുകളിലെ വലിയ ധനികനായിരുന്ന മറ്റൊരു സ്വഹാബിയാണ് സഅ്ദുബ്‌നുര്‍റബീഅ്(റ). അദ്ദേഹം ഉഹ്ദില്‍ ശക്തമായ പരീക്ഷണങ്ങള്‍ക്ക് വിധേയനാകുകയും അവസാനം ശഹീദാവുകയും ചെയ്തു. യുദ്ധക്കളത്തില്‍ ഇദ്ദേഹത്തെ അന്വേഷിക്കുന്നതിന് വേണ്ടി സൈദുബ്‌നു സാബിതിനെ നബി ﷺ  പറഞ്ഞയക്കുകയുണ്ടായി. കുന്തങ്ങളുടെ കുത്തും വാളുകളുടെ വെട്ടും തറച്ച അമ്പുകളുമായി എഴുപതോളം മുറിവുകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു. അത് കണ്ട സൈദുബ്‌നു സാബിത്(റ) സഅ്ദി(റ)നോട് പറഞ്ഞു: 'അല്ലയോ സഅ്ദ്! 'നബി ﷺ  നിങ്ങളോട് സലാം പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ അവസ്ഥകള്‍ അന്വേഷിക്കുവാനും പറഞ്ഞു.' സഅ്ദ് സലാം മടക്കി. എന്നിട്ട് പറഞ്ഞു: 'നിങ്ങള്‍ നബിയോട് ഇപ്രകാരം പറയണം: സ്വര്‍ഗത്തിലെ സുഗന്ധം ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണുള്ളത്.' അങ്ങനെ അദ്ദേഹം ശഹീദായി' (മാലിക്: 4. ഹാകിം: 4958).

അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ് എന്ന നിയ്യത്ത് ഇല്ലാതെ യുദ്ധക്കളത്തില്‍ ഇറങ്ങിയ ഒരാളും ഉണ്ടായിരുന്നു. ഖസ്മാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഉഹ്ദ് യുദ്ധ ദിവസം അദ്ദേഹം ശക്തമായ നിലയ്ക്ക് പോരാടി. ഇദ്ദേഹം സ്വയം ഏഴോ എട്ടോ മുശ്‌രിക്കുകളെ കൊലപ്പെടുത്തിയിട്ടുണ്ട്. ശക്തനായ ഒരാളായിരുന്നു ഇദ്ദേഹം. എന്നാല്‍ സ്വന്തം ശരീരത്തില്‍ ശക്തമായ ഒരു മുറിവേറ്റപ്പോള്‍ സഹിക്ക വയ്യാതെ ആത്മഹത്യ ചെയ്യുകയാണ് ചെയ്തത്. ഇദ്ദേഹം നരകാവകാശിയാണ് ആണ് എന്ന് നബി ﷺ  പറയുകയും ചെയ്തിരുന്നു. ഉഹ്ദ് രണാങ്കണത്തില്‍ ശക്തമായ പോരാട്ടം നയിച്ച മറ്റൊരു സ്വഹാബിയായിരുന്നു സഅദ് ബിന്‍ അബീവക്വാസ്(റ). 'എന്റെ ഉമ്മയും ബാപ്പയും അങ്ങേയ്ക്ക് ദണ്ഡമാണ്. നിങ്ങള്‍ അമ്പെയ്‌തോളൂ' എന്ന് ഉഹ്ദിന്റെ ദിവസം നബി ﷺ  അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് (ബുഖാരി: 4059, മുസ്‌ലിം: 2411).

നബി ﷺ യുടെ ശരീരത്തിലേക്ക് വരുന്ന അമ്പുകളെ സ്വന്തം ശരീരംകൊണ്ട് തടഞ്ഞ സ്വഹാബിയായിരുന്നു ത്വല്‍ഹതുബ്‌നു ഉബൈദില്ല(റ). അമ്പെയ്ത്തുകാരില്‍ പ്രധാനിയായ ഒരു സ്വഹാബിയായിരുന്നു അബൂത്വല്‍ഹതുല്‍ അന്‍സ്വാരി(റ). ഉഹ്ദില്‍ അദ്ദേഹം ശക്തമായി പോരാടി. ഉഹ്ദ് യുദ്ധത്തില്‍ അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ വില്ലുകള്‍ പൊട്ടിപ്പോയിട്ടുണ്ട് (ബുഖാരി: 4064, മുസ്‌ലിം: 1811).

ജൂതപണ്ഡിതന്‍മാരില്‍ ഒരാളായിരുന്നു മുഖൈരീഖ്. ഉഹ്ദ്‌യുദ്ധ ദിവസം അദ്ദേഹം തന്റെ ജൂത സമൂഹത്തോട് പറഞ്ഞു: 'നിങ്ങള്‍ക്കെതിരില്‍ ഇന്ന് മുഹമ്മദിന്റെ വിജയം സത്യമാണ്.' അപ്പോള്‍ അവര്‍ പറഞ്ഞു: 'ഇന്ന് ശബ്ബത്ത് നാളാണ്' (ശനിയാഴ്ച ദിവസം). അങ്ങനെ അദ്ദേഹം തന്റെ വാളെടുത്തു. എന്നിട്ട് പറഞ്ഞു: 'ഇന്ന് ഞാന്‍ കൊല്ലപ്പെട്ടാല്‍ എന്റെ സമ്പത്ത് മുഴുവന്‍ മുഹമ്മദിനാണ്. മുഹമ്മദ് ഇഷ്ടമുള്ളത് അതു കൊണ്ട് ചെയ്തുകൊള്ളട്ടെ.' ശേഷം കൊല്ലപ്പെടുന്നത് വരെ നബിയോടൊപ്പം അദ്ദേഹം യുദ്ധം ചെയ്തു. നബി ﷺ  ഇപ്രകാരം പറഞ്ഞു: 'ജൂതരില്‍ ഏറ്റവും നല്ല ആളാണ് മുഖൈരീഖ്' (സീറതു ഇബ്‌നു ഹിശാം: 3/99).

ഉഹ്ദ് യുദ്ധത്തില്‍ മുശ്‌രിക്കുകള്‍ക്ക് പരാജയമായിരുന്നു സംഭവിച്ചത്. മുസ്‌ലിംകള്‍ക്ക് വ്യക്തമായ സഹായം തന്നെ അല്ലാഹു ഇറക്കിക്കൊടുത്തു. അവരോടുള്ള തന്റെ കരാര്‍ അല്ലാഹു പാലിച്ചു. വലിയ പ്രതിരോധ വലയമായിരുന്നു മുസ്‌ലിംകള്‍ ഉഹ്ദില്‍ തീര്‍ത്തത്. യുദ്ധക്കളത്തില്‍ മുസ്‌ലിംകള്‍ പരിപൂര്‍ണമായ ആധിപത്യം നേടി. ആ രംഗം അല്ലാഹു ഇപ്രകാരം വിശദീകരിക്കുന്നു:

''അല്ലാഹുവിന്റെ അനുമതി പ്രകാരം നിങ്ങളവരെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ അവന്‍ സത്യം പാലിച്ചിട്ടുണ്ട്്. എന്നാല്‍ നിങ്ങള്‍ ഭീരുത്വം കാണിക്കുകയും കാര്യനിര്‍വഹണത്തില്‍ അന്യോന്യം പിണങ്ങുകയും നിങ്ങള്‍ ഇഷ്ടപ്പെടുന്ന നേട്ടം അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്നതിന് ശേഷം നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തപ്പോഴാണ് (കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരായത്). നിങ്ങളില്‍ ഇഹലോകത്തെ ലക്ഷ്യമാക്കുന്നവരുണ്ട്. പരലോകത്തെ ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്. അനന്തരം നിങ്ങളെ പരീക്ഷിക്കുവാനായി അവരില്‍ (ശത്രുക്കളില്‍) നിന്ന് നിങ്ങളെ അല്ലാഹു പിന്തിരിപ്പിച്ചുകളഞ്ഞു. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് തന്നിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് ഔദാര്യം കാണിക്കുന്നവനാകുന്നു'' (ആലു ഇംറാന്‍: 152).

യുദ്ധ ശേഷം മുസ്‌ലിംകള്‍ മുശ്‌രിക്കുകളുടെ പിറകെ ചെന്ന് അവരെ വിരട്ടിയോടിച്ചു. യുദ്ധമുതലുകള്‍ ഒരുമിച്ചുകൂട്ടി. ഉഹ്ദ് യുദ്ധത്തിലെ വിജയത്തില്‍ അമ്പെയ്ത്തുകാര്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. മുസ്‌ലിംകള്‍ക്ക് നേരെ കടന്നു കയറാന്‍ ശ്രമിച്ച മുശ്‌രിക്കുകളുടെ കുതിരപ്പടയെ അമ്പെയ്തു തുരത്തിയത് ഈ സ്വഹാബിമാരായിരുന്നു. എന്നാല്‍ അവസാന നിമിഷം അമ്പെയ്ത്തുകാര്‍ കാണിച്ച അനുസരണക്കേടിന്റെ ഫലമായി മുസ്‌ലിംകള്‍ക്ക് തിരിച്ചടി നേരിട്ടു.

(അടുത്ത ലക്കത്തില്‍: 'അനുസരണക്കേടിന്റെ ഫലം').