റമദാനിന്റെ ചൈതന്യം

ഡോ. സി മുഹമ്മദ് റാഫി ചെമ്പ്ര

2019 മെയ് 11 1440 റമദാന്‍ 06

മുസ്‌ലിം ലോകം  പരിശുദ്ധ റമദാനിലേക്ക് കാലെടുത്തു വെക്കുകയാണ് റമദാന്‍ വിശ്വാസിയെ സംബന്ധിച്ച് സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും സന്ദര്‍ഭമാണ്. റമദാനിന്റെ ആഘോഷമാണ് ആരാധനകള്‍ .

മനസ്സിനും ശരീരത്തിനും കുളിര്‍മ പകരുന്ന ആരാധന നിമഗ്‌നമായ രാവും പകലുമാണ് റമദാന്‍ സമ്മാനിക്കുന്നത്. പിശാച് ബന്ധനസ്ഥനാക്കപ്പെടുകയും സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരകകവാടങ്ങള്‍ കൊട്ടിയടക്കപ്പെടുകയും നന്മ മനസ്സില്‍ ഉള്ളവര്‍ക്ക് മുഴുവന്‍ അതിലേക്കു പ്രേരണകള്‍ നല്‍കപ്പെടുകയും  തിന്മകളില്‍ നിന്ന് മനുഷ്യകരങ്ങള്‍ പിടിച്ചുവെക്കപ്പെടുകയും ചെയ്യുന്ന തുല്യതയില്ലാത്ത ദിനരാത്രങ്ങള്‍.

ഓരോ സത്യവിശ്വാസിക്കും പൂര്‍ണതയോടു കൂടി ഈ കാലം ഉപയോഗപ്പെടുത്താനാവണം. ജീവിതത്തില്‍ ഇനിയുമിനിയും റമദാനുകള്‍ക്ക് സാക്ഷികളാവാന്‍ അവസരം ഉണ്ടാകുമോ എന്ന് നമുക്കറിയില്ല.  കഴിഞ്ഞ റമദാനില്‍ നമ്മോട് ചേര്‍ന്നുനിന്ന് നമസ്‌കരിച്ച പലരും ഇന്ന് മണ്ണിനടിയിലാണ.് ഓര്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നുന്ന ഈ യാഥാര്‍ഥ്യം നാം തിരിച്ചറിഞ്ഞേ മതിയാകൂ.

 ലഭ്യമാകുന്ന ഓരോ അവസരവും പരമാവധി ഉപയോഗപ്പെടുത്തുകയും  സാധ്യമാകുന്നത്ര  കര്‍മങ്ങള്‍ ചെയ്ത് സുകൃതം നിറഞ്ഞ ആത്മാവായി മാറുകയും ചെയ്യുക എന്നതാകണം നമ്മുടെ ലക്ഷ്യം.  റമദാന്‍ അതിനുള്ള വലിയ അവസരമാണ് നമുക്ക് ഒരുക്കിത്തരുന്നത്. 

നബി ﷺ  നമുക്ക് പറഞ്ഞു തന്നത്  റമദാനിലെ ആദ്യ രാത്രിയാവുന്നതോട് കൂടി ആകാശത്തുനിന്ന് ''നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്നവരോട് മുന്നോട്ടു വരാനും മനസ്സില്‍ തിന്മയുള്ളവരോട് അതിനെ പിടിച്ചു വെക്കാനുമുള്ള ആഹ്വാനം''ഉണ്ടാകുമെന്നാണ്. നാം ഇതനുസരിച്ച് നമ്മുടെ പ്രവര്‍ത്തനങ്ങളെ ക്രമീകരിച്ചാല്‍ മാത്രം മതി. അല്ലാഹുവിന്റെ ഇഷ്ടദാസന്‍മാരിലേക്ക് എത്തിപ്പെടാന്‍ അധികദൂരം താണ്ടേണ്ടി വരില്ല, തീര്‍ച്ച!

റമദാനിന്റെ പുണ്യം നേടിയെടുക്കാനായി ഇനി പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തുക: 

റമദാന്‍  ആരാധനകള്‍ കൊണ്ട് അനുഭവിക്കാനുള്ളതാണ് എന്ന് തിരിച്ചറിയുക. 

റമദാനിലെ  ഏറ്റവും വലിയ ആരാധന  'നോമ്പ്' ആണ് എന്ന് അറിയുക.  

നോമ്പ് പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആരാധനയാണ് എന്ന ബോധ്യം ഉണ്ടാവുക.

നോമ്പിലൂടെ കടന്നുപോകുന്ന ഓരോ സെക്കന്റിലും നാം ഉന്നതമായ പ്രതിഫലമാണ് നേടുന്നത്. ഒരു ചെറിയ നോക്കുകൊണ്ടോ വാക്കുകൊണ്ടോ അത് നഷ്ടപ്പെടരുത് എന്ന ബോധം ഉണ്ടാവുക.  

നോമ്പ് ഭക്ഷണത്തില്‍ നിന്നുള്ള മാറി നില്‍ക്കല്‍ മാത്രമല്ല; മറിച്ച് മോശമായ സംസാരം, പ്രവൃത്തി, ചിന്ത, നോട്ടം  തുടങ്ങിയ എല്ലാ കാര്യങ്ങളില്‍ നിന്നുള്ള മാറി നില്‍ക്കലാണെന്നും മനസ്സിലാക്കുക. 

തിന്മകള്‍ സംഭവിക്കാത്ത വിശുദ്ധമായ  മണിക്കൂറുകളിലൂടെയാണ് കടന്നുപോകുന്നത് എന്നും ഉറപ്പ് വരുത്തുക.

നമസ്‌കാരം ആത്മാര്‍ഥമായി കണ്‍കുളിര്‍മയോടെ നിര്‍വഹിക്കുക. 

നിര്‍വഹിക്കുന്ന ഓരോ നമസ്‌കാരവും പരിപൂര്‍ണവും സൂക്ഷ്മതയുള്ളതും ആണെന്ന് ഉറപ്പുവരുത്തുക.

ക്വുര്‍ആനിന്റെ മാസമാണ് റമദാന്‍  എന്ന ബോധ്യം ഉണ്ടാവുക.

ക്വുര്‍ആന്‍ ആവര്‍ത്തിച്ച് പാരായണം ചെയ്യുക. 

ക്വുര്‍ആന്‍ വചനങ്ങളുടെ അര്‍ഥങ്ങളിലൂടെ കടന്നുപോവുക. 

ക്വുര്‍ആന്‍ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും വായിച്ച് അറിയുക.

ക്വുര്‍ആനില്‍ നിന്നും കഴിയുന്നത്ര മനഃപാഠമാക്കുവാന്‍ ശ്രമിക്കുക.

പ്രമാണങ്ങള്‍ പഠിപ്പിച്ച പ്രാര്‍ഥനകള്‍, ദിക്‌റുകള്‍ എന്നിവ മനഃപാഠമാക്കുക; ശീലിക്കുക.

ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ വായിച്ച് അറിവിന്റെ മേഖല വിശാലമാക്കുക.  

ഇസ്‌ലാമിക പണ്ഡിതരുടെ മതപഠന ക്ലാസ്സുകളില്‍ പങ്കെടുക്കുക; അറിയാത്ത കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവുക.

ഏത് തൊഴിലാണ് ചെയ്യുന്നതെങ്കിലും ആരാധനകള്‍ക്ക് ഭംഗം വരാതെ ശ്രദ്ധിക്കുക. 

ആരാധനകള്‍ നാം മാത്രം നിര്‍വഹിച്ചാല്‍ പോരാ, നമ്മുടെ കുടുംബവും നിര്‍വഹിക്കണം. അക്കാര്യത്തില്‍ നമ്മുടെ സജീവ ശ്രദ്ധയുണ്ടാകണം. 

പ്രാര്‍ഥനകള്‍ പടച്ചവന്റെ മുമ്പിലുള്ള അടിമയുടെ വിനയ പ്രകടനവും മനസ്സു തുറക്കലുമാണ്. രക്ഷിതാവിന് ഏറ്റവും ഇഷ്ടമുള്ള ആരാധനയാണത്. അതിനാല്‍ ഉള്ളുതുറന്ന് പ്രാര്‍ഥനയില്‍ മുഴുകുക. 

റമദാനില്‍ പ്രത്യേകം ഉത്തരം കിട്ടുന്ന സന്ദര്‍ഭങ്ങള്‍ പഠിച്ചറിഞ്ഞ് ശ്രദ്ധിച്ചു പ്രാര്‍ഥിക്കുക.

ദീര്‍ഘമായ രാത്രിനമസ്‌കാരത്തിന്റെ പുണ്യം നഷ്ടപ്പെടുത്താതിരിക്കുക.

ഒരു മാസക്കാലം കൊണ്ട് മനസ്സിനെയും ശരീരത്തെയും ജീവിതത്തെയും തെളിഞ്ഞതും വിശുദ്ധവുമാക്കി മാറ്റുക.