പ്രവാചക വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍

നബീല്‍ പയ്യോളി

2019 സെപ്തംബര്‍ 28 1441 മുഹര്‍റം 28

ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ വ്യക്തി ആരെന്നു ചോദിച്ചാല്‍ നമ്മുടെ മനസ്സില്‍ ആദ്യം തെളിഞ്ഞുവരുന്നത് മുഹമ്മദ് നബി ﷺ യുടെ നാമമായിരുക്കും. അത്രയധികം അദ്ദേഹം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകത്വം ലഭിച്ച നാള്‍ മുതല്‍ തുടങ്ങിയ വിമര്‍ശനം ഇന്നും തുടര്‍ന്നുവരുന്നു.

ആറാം നൂറ്റാണ്ടില്‍ അറേബ്യന്‍ മണലാരണ്യ പ്രദേശമായ മക്കയില്‍ ഭൂജാതനാവുകയും ചരിത്രത്തില്‍ തുല്യതയില്ലാത്ത ധാര്‍മികവിപ്ലവത്തിന് നായകത്വം വഹിക്കുകയും ചെയ്ത മഹാനാണ് മുഹമ്മദ് നബി ﷺ . മാനവര്‍ക്ക് മാര്‍ഗദര്‍ശിയായി അല്ലാഹു നിയോഗിച്ച തിരുദൂതര്‍ അന്ത്യനാള്‍ വരെയും ലോകര്‍ക്ക് വെളിച്ചമായി ജ്വലിച്ചുനില്‍ക്കും.  

മദ്യവും മദിരാക്ഷിയും ജീവിതത്തിന്റെ അനിവാര്യഘടകമായി കണ്ടിരുന്ന ഒരു സമൂഹം. നിസ്സാര കാര്യങ്ങള്‍ക്കു പോലും തര്‍ക്കവും യുദ്ധവും ശീലമാക്കിയിരുന്ന ജനവിഭാഗം. തറവാടിന്റെയും കുലമഹിമയുടെയും പേരില്‍ പെരുമനടിച്ചും കലഹിച്ചും കഴിഞ്ഞുകൂടിയിരുന്നവര്‍. കൊള്ളയും കൊലപാതകവും ഹരമായി കണ്ടവര്‍. പലിശയും ചൂതാട്ടവും ജീവിതത്തിന്റെ ഭാഗമാക്കിയവര്‍. അതെ, സാംസ്‌കാരികമായി അങ്ങേയറ്റം അധഃപതിച്ച ഒരു ജനത.

ഇവര്‍ക്കിടയിലാണ് സുന്ദരനും സുമുഖനും സല്‍സ്വഭാവിയുമായ മുഹമ്മദ് എന്ന ചെറുപ്പക്കാരന്‍ വളര്‍ന്നുവന്നത്. അന്ധകാരനിബിഢമായ അന്തരീക്ഷത്തില്‍ വെളിച്ചത്തിന്റെ കണികയായി ആ യുവാവ് മക്കാമണ്ണില്‍ ജീവിച്ചു. ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കിടയില്‍ ജനിച്ച മുഹമ്മദ് നബി ﷺ  അന്നത്തെ സമൂഹത്തില്‍ നിലനിന്നിരുന്ന തിന്മകളില്‍ നിന്നും സാമൂഹ്യ ജീര്‍ണതകളില്‍ നിന്നും അകന്നുനിന്നു. ഉന്നത ധാര്‍മിക നിലവാരവും സ്വഭാവ സവിശേഷതകളും ഒത്തിണങ്ങിയ യുവാവ്. കള്ളവും ചതിയും വ്യാപകമായിരുന്ന കാലത്ത് സത്യസന്ധമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ആ യുവാവിനെ അല്‍അമീന്‍ (വിശ്വസ്തന്‍) എന്ന സ്ഥാനപ്പേര് നല്‍കി ജനങ്ങള്‍ ആദരിച്ചു.

ചരിത്രത്തില്‍ നിന്ന് ഇങ്ങനെ വായിക്കാം: മക്കയിലെ പ്രമുഖയായ കച്ചവടക്കാരിയായിരുന്ന ഖുവൈലിദിന്റെ മകള്‍ ഖദീജ മുഹമ്മദിന്റെ സത്യസന്ധതയും വിശ്വസ്തതയും കേട്ടറിഞ്ഞ് തന്റെ വ്യാപാര രംഗത്തേക്ക്  ക്ഷണിക്കുകയും സാമാന്യം ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്യുകയും ചെയ്തു. കച്ചവട സംഘത്തോടൊപ്പം അദ്ദേഹം സിറിയയിലേക്ക് പോകുകയും ആ കച്ചവടത്തില്‍ വലിയ ലാഭം കൊയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ സാമര്‍ഥ്യവും സത്യസന്ധതയും സല്‍ഗുണങ്ങളും ഖദീജ(റ) കേട്ടറിഞ്ഞപ്പോള്‍ അദ്ദേഹത്തില്‍ ആകൃഷ്ടയായി. അദ്ദേഹവുമായുള്ള വിവാഹത്തിന് അവര്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ആ വിവാഹം നടക്കുകയും ചെയ്തു.

മറ്റൊരു സംഭവം ഇങ്ങനെ വായിക്കാം: മുഹമ്മദിന്റെ ﷺ  മുപ്പത്തിയഞ്ചാം വയസ്സില്‍ ശക്തമായ വെള്ളപ്പൊക്കത്തില്‍ കഅ്ബക്ക് കേടുപാടുകള്‍ സംഭവിച്ചു. വലീദ് ബിന്‍ മുഗീറയുടെ നേതൃത്വത്തില്‍ അത് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചു. അവരില്‍ നന്മയുടെ അംശം ബാക്കിയുള്ളതിന് തെളിവായിരുന്നു  തിന്മകളില്‍ നിന്നുള്ള സമ്പാദ്യം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയില്ല എന്നത്. കഅ്ബ പുനര്‍ നിര്‍മാണത്തില്‍ നാട്ടുപ്രമാണിമാരും ഗോത്രത്തലവന്മാരും സഹായിച്ചു. പലിശ, വേശ്യാവൃത്തി തുടങ്ങിയ തിന്മകളില്‍ നിന്നുള്ള സമ്പാദ്യം പ്രസ്തുത പുണ്യകര്‍മത്തിന് ഉപയോഗിക്കുകയില്ലെന്നവര്‍ തീരുമാനിച്ചു. നല്ല സമ്പാദ്യം മാത്രമെ ഉപയോഗിക്കൂ എന്ന് അവര്‍ ഉറപ്പിക്കുകയും അത് കൃത്യമായി പാലിക്കുകയും ചെയ്തു. നിര്‍മാണത്തിനിടക്ക് അവര്‍ക്കിടയില്‍ ഒരു ചെറിയ തര്‍ക്കം ഉടലെടുത്തു. ഹജറുല്‍ അസ്‌വദ് സ്ഥാപിക്കാന്‍ സമയമായപ്പോള്‍ ആര് അത് ചെയ്യും എന്നതായിരുന്നു തര്‍ക്കം. ഞാന്‍ അത് ചെയ്യാം എന്നായി ഓരോരുത്തരും. അവസാനം പരിഹാരം എന്ന നിലയില്‍ കഅ്ബയുടെ അടുത്തേക്ക് ആദ്യം ആരാണോ ഇനി കടന്നുവരുന്നത് അദ്ദേഹത്തിന്റെ തീരുമാനത്തിന് വിടാം എന്ന് ധാരണയായി. മുഹമ്മദ് ﷺ  കടന്നുവരുന്നത് കണ്ട് അവരെല്ലാം സന്തോഷഭരിതരായി. അതാ വരുന്നു അല്‍അമീന്‍, ഞങ്ങള്‍ അദ്ദേഹത്തിന്റെ തീരുമാനം അംഗീകരിക്കും എന്ന് എല്ലാവരും ഒരേ പോലെ പറഞ്ഞു. കാര്യങ്ങള്‍ അവര്‍ അദ്ദേഹത്തെ ധരിപ്പിച്ചു. അദ്ദേഹം ഒരു തുണി കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും തന്റെ കൈകൊണ്ട് ഹജറുല്‍ അസ്‌വദ് ആ തുണിയില്‍ എടുത്ത് വെക്കുകയും ചെയ്തു. ഗോത്രത്തലവന്മാരോട് ആ തുണിയുടെ ഓരോ ഭാഗം പിടിക്കാനും പറഞ്ഞു. എല്ലാവരും ഒരുമിച്ച് പൊക്കുകയും അത് വെക്കേണ്ട സ്ഥാനത്ത് എത്തിയപ്പോള്‍ പ്രവാചകന്‍ തന്റെ കരങ്ങള്‍കൊണ്ട് അദ്ദേഹം അത് യഥാസ്ഥാനത്ത് വെക്കുകയും ചെയ്തു. അങ്ങനെ ഒരു വലിയ പ്രശ്‌നമായേക്കാവുന്ന വിഷയം അദ്ദേഹം രമ്യമായി പരിഹരിച്ചു. ആ സമൂഹത്തില്‍ അത്രക്ക് സ്വീകാര്യനായിരുന്നു മുഹമ്മദ് എന്ന യുവാവ്.

ഈ രണ്ട് സംഭവങ്ങളും ചരിത്ര യാഥാര്‍ഥ്യങ്ങളാണ്. അക്രമവും അനീതിയും വിശ്വാസവഞ്ചനയും സാമൂഹ്യ-സാമ്പത്തിക തിന്മകളും ജീവിതത്തില്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത ആ യുവാവ് എല്ലാവര്‍ക്കും പ്രിയങ്കരനാവുക സ്വാഭാവികം. ജനിക്കും മുമ്പ് പിതാവ് മരണപ്പെട്ട, പിച്ചവെക്കുന്ന പ്രായത്തില്‍ മാതാവിനെ നഷ്ടപ്പെട്ട, പൂര്‍ണാര്‍ഥത്തില്‍ അനാഥനായി വളര്‍ന്ന ആ മഹാന്‍ ലോകചരിത്രത്തില്‍ തന്നെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച വ്യക്തിത്വമാണെന്ന് ചരിത്രകാരന്മാര്‍ സമ്മതിക്കുന്നു.

തന്റെ 40 വയസ്സ് വരെ ആ സമൂഹത്തിന്റെ ഭാഗമായി, ഉന്നതമായ  ധാര്‍മികമൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് ജീവിച്ച പ്രവാചകന്‍ പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരുന്നില്ല. പ്രവാചകത്വം ലഭിച്ചശേഷം സ്വകാര്യമായും പിന്നീട് പരസ്യമായും സമൂഹത്തെ അല്ലാഹുവിലേക്ക് ക്ഷണിക്കാന്‍ തുടങ്ങി. അതോടെ എല്ലാവരും ആദരിച്ചിരുന്ന ആ മഹാനെ ജനങ്ങള്‍ കഠിനശത്രുവായി കണ്ടു. ഭീഷണിയും പരിഹാസവും ഉപദ്രവവും തുടങ്ങി. ഭയന്ന് പിന്‍മാറരുതെന്നും ദൗത്യവുമായി മുന്നോട്ടു പോകണമെന്നും അല്ലാഹു കല്‍പിച്ചു:

''ഹേ; റസൂലേ, നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്റെ ദൗത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. സത്യനിഷേധികളായ ആളുകളെ തീര്‍ച്ചയായും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല'' (ക്വുര്‍ആന്‍ 5:67).

 ആകാശഭൂമികളെയും അവയ്ക്കിടയിലുള്ള സര്‍വ ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന സത്യം തന്റെ ജനതയോട് വിളിച്ചു പറഞ്ഞപ്പോഴാണ് അദ്ദേഹം അവര്‍ക്ക് അനഭിമതനായത്.

ചരിത്രത്തിന്റെ ഇന്നലെകളില്‍ ലോകത്ത് വന്ന മുഴുവന്‍ പ്രവാചകന്മാരും മാനവരെ ഒന്നിപ്പിക്കുന്ന തൗഹീദിലേക്കാണ് (ഏകദൈവവിശ്വാസം) തങ്ങളുടെ ജനതയെ ആദ്യമായി ക്ഷണിച്ചിരുന്നത്. അതിന്റെ പേരില്‍ അവര്‍ക്കെല്ലാം ജനങ്ങളൂടെ കഠിനമായ എതിര്‍പ്പും ഉപദ്രവവും നേരിടേണ്ടിവന്നിട്ടുമുണ്ട്.

''(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്ത്വത്തിലേക്ക്). എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്‌പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക''(ക്വുര്‍ആന്‍ 3:64).

മുഹമ്മദ് നബി ﷺ  ഇന്നലെകളില്‍ വിമര്‍ശന ശരങ്ങള്‍ക്ക് വിധേയനായതും വര്‍ത്തമാനകാലത്ത് വിമര്‍ശിക്കപ്പെടുന്നതും  ബഹുദൈവാരാധനയടക്കമുള്ള സകല തിന്മകള്‍ക്കുമെതിരെ അദ്ദേഹം നിലകൊണ്ടു എന്നതിനാലാണ്. വ്യക്തി, കുടുബം, സമൂഹം എന്നീ ഘടകങ്ങളെ ബാധിക്കുന്ന എല്ലാ തിന്മകള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരെ പ്രവാചകന്‍ നിലകൊണ്ടു. അതിനാല്‍ തന്നെ എതിര്‍പ്പും വര്‍ധിച്ചു. ഇരുട്ടിന്റെ സന്തതികള്‍ വെളിച്ചത്തെ ഭയപ്പെടുക സ്വാഭാവികമാണല്ലോ.

താന്‍ പ്രബോധനം ചെയ്യുന്ന ആദര്‍ശം സ്വജീവിതത്തില്‍ അക്ഷരംപ്രതി പകര്‍ത്തി ജീവിച്ചു കാണിച്ച മഹാനാണ് നബി ﷺ . ആ സന്ദേശം നെഞ്ചേറ്റിയ ആയിരക്കണക്കിന് അനുയായികളെ സൃഷ്ടിക്കാനും അദ്ദേഹത്തിന് സാധിച്ചു. ലോകാവസാനം വരെയും ആ സത്യപാതയില്‍ നിലകൊള്ളുന്നവര്‍ ലോകത്തുണ്ടാകും.

സാമൂഹ്യ തിന്മകളും സാമ്പത്തിക ചൂഷണങ്ങളും ഇന്നും നിര്‍ബാധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതിന്റെ വക്താക്കള്‍ക്ക് നന്മയുടെ, ധാര്‍മികതയുടെ തേരോട്ടത്തെ തടുത്ത് നിര്‍ത്തേണ്ടത് ആവശ്യമാണ്.

ആദര്‍ശപരമായി ഇസ്‌ലാമിനെ നേരിടാന്‍ കഴിയാത്തവരുടെ അവസാനത്തെ അടവാണ് പ്രവാചകനെതിരെ ദുരാരോപണങ്ങളുന്നയിക്കുകയും നിന്ദിക്കുകയും ചെയ്യുക എന്നത്. ഈ നിലപാടാണ് ഇസ്‌ലാം വിമര്‍ശകര്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. പ്രവാചകനെ വിമര്‍ശിക്കാനും ആക്ഷേപിക്കാനും അഹോരാത്രം പരിശ്രമിച്ച പലരും അദ്ദേഹത്തിന്റെ യഥാര്‍ഥ ജീവിതവും സന്ദേശവും മനസ്സിലാക്കിയപ്പോള്‍ മനസ്സ് മാറി ആ ജീവിതത്തെ നെഞ്ചോടു ചേര്‍ത്തിതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. അസത്യത്തെ വകഞ്ഞുമാറ്റി കുതിച്ചുയരാന്‍ സത്യത്തിന് സാധ്യമാണ്. അത് തുടര്‍ന്നുകൊണ്ടേയിരിക്കും. പ്രവാചക സന്ദേശങ്ങള്‍ നിത്യപ്രസക്തമാണ്. അത് പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കും. അസത്യത്തിന്റെ വക്താക്കള്‍ സൃഷ്ടിക്കുന്ന പുകമറകള്‍ക്ക് അപ്പുറമുള്ള പ്രകാശത്തെ കാണാതെ പോകരുത്. പ്രവാചക ജീവിതത്തിന്റെ പ്രകാശം പരത്തുന്ന വിളക്കുമാടമാകാന്‍ നമുക്ക് സാധിക്കണം. അത് നമ്മുടെ ബാധ്യതയാണ്.

''അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്റെ പ്രകാശം പൂര്‍ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും'' (ക്വുര്‍ആന്‍ 9:32).