മക്തി തങ്ങളുടെ തിക്താനുഭവങ്ങൾ

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

2019 ജനുവരി 19 1440 ജുമാദല്‍ അവ്വല്‍ 13

വിശുദ്ധ ക്വുര്‍ആനിന്റെ സാരം അറിയല്‍ ശരിയായ ഇസ്‌ലാമിക ജീവിതക്രമം അനുശീലിക്കുന്നതിന് അത്യന്താപേക്ഷിതമാണ് എന്ന തിരിച്ചറിവ് കേരളക്കരയിലെ മുസ്‌ലിം സമുദായത്തിന് കൈവരുന്നത് നിരവധി പരിഷ്‌കര്‍ത്താക്കളുടെ പരിശ്രമ ഫലമായിട്ടാണ്. മതപഠന സമ്പ്രദായങ്ങളുടെ നിര്‍ഗുണരീതികള്‍ മാറ്റിയെടുക്കാന്‍ അക്ഷീണം യത്‌നിച്ച മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കാള്‍ കടുത്ത ആഘാതമാണ് അദ്ദേഹത്തിന് മുമ്പ് തന്നെ അതിന് ശ്രമിച്ച മക്വ്ദി തങ്ങള്‍ക്കും സമുദായത്തിലെ പുരോഹിത- പ്രമാണി കൂട്ടുകെട്ട്  ഏല്‍പിച്ചത്. സമുദായത്തിന്റെ മതബോധത്തിനും മതപഠന സമ്പ്രദായങ്ങള്‍ക്കും  കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ തക്ക ശേഷിയുണ്ടാകണമെന്ന ദീര്‍ഘദര്‍ശനത്തോടെയാണ് അദ്ദേഹം തന്റെ വ്യക്തിപരമായ ഭൗതിക കാര്യങ്ങളെല്ലാം മാറ്റിവെച്ച് നിസ്വാര്‍ഥമായി സമുദായ സേവനത്തിനിറങ്ങിയത്.

മക്വ്ദി തങ്ങളുടെ 'സമ്പൂര്‍ണ കൃതികള്‍' പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അതിന് അവതാരിക എഴുതാന്‍ ബാല്യകാലത്ത് തങ്ങളെ അനുഭവിക്കാന്‍ കഴിഞ്ഞ ചാലിലകത്തിന്റെയും ഹമദാനി തങ്ങളുടെയും ശിഷ്യനായ ഇ.മൊയ്തു മൗലവിക്ക് അല്ലാഹു ആയുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിച്ചു.

മക്വ്ദി തങ്ങളുമായുള്ള ബാല്യാനുഭവങ്ങള്‍ മൗലവി പങ്കുവെക്കുന്നതിങ്ങനെയാണ്: ''എനിക്ക് അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ടെങ്കില്‍ സമ്പര്‍ക്കം സ്ഥാപിക്കാനുള്ള സന്ദര്‍ഭം ലഭിച്ചില്ലെന്നത് ഖേദകരമാണ്. ഞാന്‍ കുട്ടിക്കാലത്ത് അരൂക്കുറ്റി വടുതലയില്‍ ജനാബ് മുഹമ്മദ് മാഹിന്‍ ഹമദാനി ശൈഖ്(1) അവര്‍കളുടെ സന്നിധിയില്‍ പഠിക്കുന്ന കാലത്ത് ആ വന്ദ്യാത്മാവിന്റെ പഠനാര്‍ഹമായ പ്രഭാഷണങ്ങള്‍ കേട്ടിട്ടുണ്ട്. ഞാന്‍ ചെറുപ്പകാലത്ത് താല്‍പര്യപൂര്‍വം അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും വായിച്ചിരുന്നു. ഇന്നത്തെ യുവാക്കളില്‍ പലര്‍ക്കും ഇങ്ങനെയുള്ള ഒരു മഹല്‍വ്യക്തി ഈ കേരളത്തില്‍ വിശിഷ്യാ മുസ്‌ലിം സമുദായത്തില്‍ ഉണ്ടായിരുന്ന വസ്തുതകൂടി അറിയുമെന്ന് തോന്നുന്നില്ല.''(2)

സ്വന്തം വേദപ്രമാണത്തെ പാര്‍ശ്വവല്‍ക്കരിച്ച ഒരു ജനതയുടെ ദയനീയ സ്ഥിതിക്ക് അറുതിവരുത്താന്‍ മക്വ്ദി തങ്ങള്‍ നടത്തിയ പരിശ്രമങ്ങളെയും സമുദായത്തിനകത്ത് അദ്ദേഹം നേരിട്ട എതിര്‍പ്പുകളെയും വരച്ചുകാണിക്കുക മാത്രമാണ് ഈ അധ്യായത്തില്‍ ഉദ്ദേശിക്കുന്നത്. ജീവചരിത്രവും ഗ്രന്ഥങ്ങളും വായിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് അവ ലഭ്യമാണ്. കെ.കെ മുഹമ്മദ് അബ്ദുല്‍കരീം, എം.വി അലിക്കുട്ടി, ടി.വി അബ്ദുറഹ്മാന്‍ കുട്ടി, കെ.കെ അലി, മുസ്ത്വഫാ തന്‍വീര്‍, ബശീര്‍ സലഫി പൂളപ്പൊയില്‍ തുടങ്ങിയവരുടെ രചനകളും കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം സമാഹരിച്ച് വചനം ബുക്‌സ് പുറത്തിറക്കിയ മക്വ്ദിതങ്ങളുടെ സമ്പൂര്‍ണകൃതികളും അവലംബിക്കാവുന്നതാണ്.

വെളിയങ്കോട്ടുകാരനും പിന്നീട് കൊച്ചിയില്‍ താമസക്കാരനുമായ മക്വ്ദി തങ്ങളും തിരൂര്‍ സ്വദേശി കണ്ണമാന്‍ കടവത്ത് സി. സൈതാലിക്കുട്ടി മാസ്റ്ററും സാമൂഹ്യ പരിഷ്‌കരണരംഗത്ത് സഹവര്‍ത്തിത്വത്തോടെയാണ് പ്രവര്‍ത്തിച്ചത്.

ബന്ധുവാര്? ശത്രുവാര്?

സമുദായത്തില്‍ സ്വീകാര്യത ലഭിക്കാനിടയില്ലാത്തതും കടുത്ത എതിര്‍പ്പുകള്‍ വിളിച്ചു വരുത്തുന്നതുമായ പരിഷ്‌കരണ നടപടികള്‍ക്കുവേണ്ടി ഇറങ്ങിത്തിരിക്കാന്‍ മക്വ്ദിതങ്ങള പ്രേരിപ്പിച്ച ആശയപരിസരം എന്തായിരുന്നു എന്ന് ആര്‍ക്കും അവ്യക്തതയില്ലാത്തവിധം പരസ്യമായിരുന്നു. 

സനാഉല്ലാ മക്വ്ദി തങ്ങളുടെ ആദര്‍ശ പിന്‍ബലത്തെപ്പറ്റി പില്‍ക്കാലത്ത് ഗവേഷണപഠനം നടത്തിയ യാഥാസ്ഥിതിക പണ്ഡിതനായ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍(3) 'രിസാല' വാരികയില്‍ എഴുതിയത് ഇവിടെ വീണ്ടും വായിക്കാം:

''മക്വ്ദി തങ്ങളെക്കുറിച്ച് രിസാല മാസിക 264-ാം ലക്കത്തില്‍ വന്ന ലേഖനം കണ്ടു. ഒരാളെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ ഏതെങ്കിലുമൊരു ഗ്രന്ഥത്തിലെ വരികള്‍ നോക്കിയല്ലെന്നും ജീവിത ചരിത്രം, ജീവിതകാല ബന്ധം എന്നിവ പരിഗണിച്ചാണെന്നും വിസ്മരിക്കരുത്. മുസ്‌ലിം ലോക ചരിത്രത്തിന്റെ അലയൊലികള്‍ ഇന്ത്യയെ വിശിഷ്യാ കേരളത്തെ എങ്ങനെ ബാധിച്ചു എന്നും ശ്രദ്ധിക്കേണ്ടതുണ്ട്. 1912ല്‍ പരലോകം പ്രാപിച്ച മക്വ്ദി തങ്ങളുടെ ജീവിതകാലത്ത് വഹാബിയ്യത്ത് അതിന്റെ തനിനിറത്തില്‍ ദൃശ്യമായില്ലെന്നത് ശരിതന്നെ. ഇന്തുകൊണ്ട് മക്വ്ദിതങ്ങളുടെ ഏതെങ്കിലും ഒരു വാചകമെടുത്ത് അദ്ദേഹത്തെ വെള്ളപൂശുന്നത് ശരിയല്ല. അഫ്ഘാനില്‍ നിന്ന് നാടുകടത്തപ്പെടുകയും ആധുനിക അറബി ഭാഷക്ക് പോഷണം നല്‍കുകയും മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബിന്റെ(4) ആശയത്തിലേക്ക്  ജനഹൃദയം തിരിച്ചുവിടുകയും ചെയ്തിരുന്ന ജമാലുദ്ദീന്‍ അഫ്ഗാനിയും(5), അദ്ദേഹത്തിന്റെ സഹകാരികളായ റശീദ് രിളാ(6), മുഹമ്മദ് അബ്ദു(7), സര്‍ സയ്യിദ് അഹ്മദ് ഖാന്‍(8) എന്നിവരുമാണ് ഉല്‍പതിഷ്ണുക്കളില്‍ ഏറ്റം മുന്‍പന്തിയിലുള്ളവര്‍. അമീര്‍ ശക്കീബ് അല്‍സലാന്‍(9) പോലുള്ള ചില ആളുകളും അവരോടനുകരിച്ച് നീങ്ങിയവരാണ്. 1847-ല്‍ ജനിച്ച് 1912ല്‍ മരണമടഞ്ഞ മക്വ്ദി തങ്ങളെയും അക്കാലത്തുള്ള പണ്ഡിതന്മാര്‍ പ്രസ്തുത നിരയിലാണ് ദര്‍ശിച്ചിരുന്നത്''.(10)

ഹൈന്ദവ-ക്രൈസ്തവ-മുസ്‌ലിം ജനസമൂഹത്തിനിടയില്‍ പ്രചരിച്ച എല്ലാ ദുഷിച്ച വിശ്വാസങ്ങളെയും യുക്തിസഹമായി എതിര്‍ത്തിരുന്ന തങ്ങള്‍ക്ക് വിഭാഗിയതകള്‍ക്കതീതമായ സുഹൃദ്‌വലയങ്ങളുണ്ടായിരുന്നു. കുടുംബപരമായി ശാദുലീത്വരീഖത്തിന്റെ മുരീദുകളുടെ വൃന്ദത്തില്‍ ജന്മം കൊണ്ടിട്ടുകൂടി പരസ്പര തര്‍ക്കവിതര്‍ക്കങ്ങളും പള്ളി ബഹിഷ്‌കരണവുമായി സാമൂഹ്യാന്തരീക്ഷത്തെ മലീമസമാക്കിയിരുന്ന ഖാദിരീ, രിഫാഈ, നഖ്ശബന്തീ, ചിശ്ത്തി ത്വരീഖത്തുകളെ നിശിതമായി എതിര്‍ക്കാന്‍ മക്വ്ദി തങ്ങള്‍ ധൈര്യം കാണിച്ചു. 

വിശദ വിവരങ്ങള്‍ക്ക് 1909 ജൂണില്‍ അദ്ദേഹം കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിച്ച 'ലാ മൗജൂദില്‍ ലാ പോയിന്റ്'(11) എന്ന ലഘുലേഖ വായിക്കുക.

തളിപ്പറമ്പുകാരന്‍ കുപ്പത്ത് ഉമര്‍ മുസ്‌ലിയാര്‍, അരൂക്കുറ്റി വടുതല ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍, ആലപ്പുഴ സുലൈമാനുബ്‌നു ആദം മൗലവി, കൊച്ചിയിലെ ചേനാത്ത് വളപ്പില്‍ അബ്ദുറഹ്മാന്‍ ഹൈദ്രോസ് എന്ന അടിമ മുസ്‌ലിയാര്‍ എന്നിവര്‍ ഈ വിഷയത്തില്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കി. വിഖ്യാത പണ്ഡിതനായിരുന്ന ശുജായി മൊയ്തു മുസ്‌ലിയാര്‍ തങ്ങളുടെ രൂക്ഷ വിമര്‍ശനമത്തിനിരയായി. മുസ്‌ല്യാന്മാരില്‍ വലിയ വിഭാഗം അദ്ദേഹത്തിന്റെ വിരോധികളായി. ബ്രിട്ടീഷ് ഗവന്മെന്റിന്റെ പ്രേരണയാല്‍  മക്തിയുടെ മതപ്രഭാഷണം അനിസ്‌ലാമികമാണെന്ന് പൊന്നാനിയിലെയും മറ്റും മതപണ്ഡിതന്മാരില്‍ ചിലര്‍ 'മതവിധി' പുറപ്പെടുവിച്ചു. അദ്ദേഹം കാഫിറാണെന്ന് വാദിച്ചവരും ഉണ്ടായി. മഖ്ദൂം പുതിയകത്ത് അബ്ദുറഹ്മാന്‍ എന്ന ബാവ മുസ്‌ല്യാര്‍ തങ്ങള്‍ക്ക് അനുകൂലമായി ഒരു ഫത്‌വ സ്വലാഹുല്‍ ഇഖ്‌വാനില്‍ പ്രസിദ്ധീകരിച്ചു. 

മരുമക്കത്തായത്തെ വിമര്‍ശിച്ചു പ്രസംഗത്തിന്റെ പേരില്‍ കണ്ണൂരില്‍ നിന്ന് മഖ്ദിതങ്ങള്‍ ക്രരമര്‍ദനത്തിനിരയായി.

അരുമ ശിഷ്യന്‍ പി. മുഹമ്മദ് കുഞ്ഞിപ്പോക്കരുട്ടി സാഹിബ് മക്വ്ദി തങ്ങള്‍ക്കുണ്ടായ മറ്റൊരു തിക്താനുഭവം വിവരിക്കുന്നത് കാണുക:

''അല്ലാഹുവിനോടല്ലാതെ സൃഷ്ടികളോടൊന്നിനോടും അപേക്ഷിക്കരുതെന്നും ശൈഖന്മാരെ കൊണ്ടും ഔല്യാക്കന്മാരെ കൊണ്ടും നമ്മെ സഹായിക്കാന്‍ കഴിയുകയില്ലെന്നും അങ്ങനെ വിശ്വസിക്കുന്നവര്‍ മുസ്‌ലിമല്ലെന്നും ഖുര്‍ആന്‍ എടുത്തുകാണിച്ച്  തങ്ങള്‍ ഇസ്‌ലാമിന്റെ(12) ഇടയില്‍ പ്രസംഗിച്ചിരുന്നു. അതാണ് മുസ്‌ല്യാമതക്കാര്‍ക്ക് വലിയ കോപം അദ്ദേഹത്തോട് ഉണ്ടാകാന്‍ കാരണം.''(13)

പ്രചുരപ്രചാരം നേടിയ കായംകുളത്തെ ''ആട് മുഹ്‌യിദ്ദീന്‍ ആവുകയില്ല; മുഹ്‌യിദ്ദീന്‍ ആടാവുകയില്ല'' എന്ന പ്രസംഗം കേരള മുസ്‌ലിംകള്‍ക്കിടയില്‍ സൃഷ്ടിച്ച പരിവര്‍ത്തനത്തിന്റെ അലയൊലികള്‍ ഇന്നും മുഴുങ്ങുന്നുണ്ട്.

അദ്ദേഹത്തിന്റെ ചില അടുത്ത സഹകാരികളെ ഇ.മൊയ്തു മൗലവി നമുക്ക് പരിചയപ്പെടുത്തിത്തരുന്നുണ്ട്.

''മക്വ്ദി തങ്ങളുടെ കാലത്തുണ്ടായിരുന്ന ചില പ്രമുഖ വ്യക്തികള്‍ അദ്ദേഹത്തിന്റെ അടുത്ത സ്‌നേഹിതന്മാരും ആശയാദര്‍ശങ്ങളില്‍ യോജിപ്പുള്ളവരുമായിരുന്നു. അവരില്‍ ചലരെ ഞാനിപ്പോള്‍ ഓര്‍ക്കുന്നു:

1. വന്ദ്യ ഗുരുഭൂതരായ ചാലിലകത്തു മൗലാനാ കുഞ്ഞഹമ്മദ് ഹാജി,

2. മലയംകുളത്തില്‍ മരക്കാര്‍ മുസ്‌ല്യാര്‍ (എന്റെ വന്ദ്യ പിതാവ്),

3. ജനാബ് മുഹമ്മദ് മാഹിന്‍ ഹമദാനി ശൈഖ്,

4. വക്കം എം. മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മൗലവി.

എന്നിവര്‍ അക്കൂട്ടത്തില്‍ പ്രമുഖരാണ്. സമുദായമധ്യെ വ്യാപിച്ചിരുന്ന അന്ധവിശ്വാസാനാചാരങ്ങളെ ദൂരീകരിക്കാനും അറബിഭാഷാ പഠനരീതിയില്‍ ശാസ്ത്രീയ മാറ്റം വരുത്താനും, അറബി-മലയാളം ലിപി പരിഷ്‌കരിക്കുവാനും അവര്‍ അതീവയത്‌നം ചെയ്തിട്ടുണ്ട്. ഈ മഹാന്മാക്കളുടെ നിഷ്‌കളങ്കമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അല്ലാഹു മതിയായ പ്രതിഫലം നല്‍കട്ടെ എന്നു ഞാന്‍ അവസാനമായി പ്രാര്‍ഥിക്കുന്നു.''(14)

തിരൂര്‍ സി. സൈതാലിക്കുട്ടി മാസ്റ്റര്‍ തന്റെ അറബി-മലയാളത്തിലുള്ള 'സ്വലാഹുല്‍ ഇഖ്‌വാന്‍' പത്രത്തിന്റെ താളുകളില്‍ മക്തി തങ്ങളുടെ രചനകള്‍ക്ക് വലിയ പ്രാധാന്യം നല്‍കി. തൃശൂര്‍ ചെട്ടിയങ്ങാടിയില്‍ അദ്ദേഹത്തിന്റെ വീടിന് തീപിടിച്ചപ്പോള്‍ ക്രിസ്ത്യാനികളായ നാട്ടുകാര്‍ തീയണക്കാന്‍ വന്നത് നന്ദിപൂര്‍വം തങ്ങളെഴുതിയത് കാണുക:

''ഒരുവനായവന്‍ എന്റെ വീട്ടിന്നു മാത്രമല്ല, എന്റെ കൂടെ വന്നവനായ കുട്ടിയെയും വീട്ടിനെയും രക്ഷപ്പെടുത്തി. തീ കെടുത്തിയത് നസ്വാറാ ജനക്കൂട്ടമായിരുന്നു. അവര്‍ എന്റെ വീടും തീപിടിച്ച വീടുകളും കണ്ടിട്ട് അതിശയിച്ചു പറയുന്നതിലേക്ക് സംഗതി വന്നു: ''ആകാശഭൂമികളില്‍ അല്ലാഹുവിന്റെ ഉദ്ദേശ്യമല്ലാതെ നടക്കപ്പെടുകയില്ല''(15)

ഹൈന്ദവ സഹോദരങ്ങള്‍ അദ്ദേഹത്തെ സഹായിച്ചതും മുസ്‌ലിംകള്‍ കയ്യൊഴിഞ്ഞതുമായ നിരവധി സന്ദര്‍ഭങ്ങള്‍ അദ്ദേഹം കൃതജ്ഞതയോടെ വിവരിച്ചിട്ടുണ്ട്. സമ്പൂര്‍ണ കൃതികളുടെ 718-724 പേജുകള്‍ വായിക്കുക.

അക്കാലത്തെ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ മക്വ്ദി തങ്ങളുടെ എതിര്‍ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത് എന്ന് വ്യക്തമാക്കാന്‍ പില്‍ക്കാല യാഥാസ്ഥിതികരുടെ സാക്ഷ്യം സഹായകമാകും. അത് ഇങ്ങനെ വായിക്കാം:

''ക്രിസ്ത്യാനികളെപ്പോലെ തന്നെയായിരുന്നു അദ്ദേഹം സുന്നി ആലിമീങ്ങളെ കാണുകയും സംബോധന ചെയ്യുകയും ചെയ്തിരുന്നതെന്ന് കാണാം.''(16)

ക്രിസ്ത്യാനികളുമായി താദാത്മ്യം പ്രാപിച്ചിരുന്നുവെന്ന് കരുതപ്പെടുന്നവരും മക്വ്ദിതങ്ങളുടെ എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്നവരുമായ അത്തരം പണ്ഡിതന്മാരുടെ യോഗ്യതകള്‍ ഇന്നത്തെ ഔദ്യോഗിക യാഥാസ്ഥിതിക പ്രസിദ്ധീകരണാലയം പുറത്തുവിട്ടത് കൂടി വായിക്കുക:

''ഇസ്‌ലാമിന്റെ വിശ്വാസപ്രമാണങ്ങളെ അവമതിച്ചും തിരുനബി ﷺ യെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയും മലയാളഭാഷയിലും അറബി മലയാളത്തിലുമൊക്കെ ലഘുലേഖകള്‍ പ്രസിദ്ധീകരിച്ച് വ്യാപകമായ പ്രചാരണങ്ങള്‍ നടത്തിയിരുന്ന മിഷനറി സംഘങ്ങളോട് പ്രതികരിക്കാന്‍ അക്കാലത്ത് മുസ്‌ലിംകളില്‍ നിന്നാരും രംഗത്തുവരികയുണ്ടായില്ല. മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരുന്ന ലഘുലേഖകള്‍ വായിച്ച് മനസ്സിലാക്കാനുള്ള പരിജ്ഞാനം പോലും അന്നത്തെ സാമാന്യ മുസ്‌ലിം ജനത്തിനും അവരുടെ നേതൃസ്ഥാനങ്ങളിലിരുന്ന ഉലമാക്കള്‍ക്കുമുണ്ടായിരുന്നില്ല എന്നതിനാല്‍ ഇസ്‌ലാമിനെതിരായ ഈ ആസൂത്രിത നീക്കങ്ങളോട് പ്രതികരിക്കാന്‍ മാപ്പിള മുസ്‌ലിംകളില്‍ നിന്നാരും രംഗത്തുവന്നില്ല.''(17)

സനാഉല്ലാ മക്വ്ദി തങ്ങളെയാണ് മഹത്തായ ഈ ചരിത്ര ദൗത്യം ഏറ്റെടുക്കാന്‍ അല്ലാഹു തിരഞ്ഞെടുത്തത് എന്ന് വിവരിക്കുന്ന ലേഖകന്‍ അദ്ദേഹത്തിന്റെ മത-ഭൗതിക വിജ്ഞാനങ്ങളുടെ ആഴം വിശദമാക്കുന്നുണ്ട്. ഉന്നതമായ ഈ മത-ഭൗതിക ജ്ഞാനമാണ് സധൈര്യം കാലത്തിന്റെ വെല്ലുവിളികളെ എതിരിടാന്‍ മക്വ്ദി തങ്ങളെ പ്രാപ്തമാക്കിയത് എന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്.

കാലത്തിന്റെ വെല്ലുവിളികള്‍ക്ക് മുമ്പില്‍ പകച്ചുപോയ യാഥാസ്ഥിതിക പണ്ഡിതരുടെ അറിവിന്റെ അടിത്തറ പരിശോധിക്കുന്നത് കൂടി കാര്യങ്ങള്‍ പകല്‍വെളിച്ചം പോലെ വ്യക്തമാകാന്‍ ഉപകരിക്കും. ശാഫിഈ മദ്ഹബ് ഗ്രന്ഥങ്ങളുടെ(18) അന്ധമായ അനുകരണത്തിനപ്പുറത്ത് വിശുദ്ധ ക്വുര്‍ആനിനെയും പ്രവാചകവചനങ്ങളെയും പ്രമാണമായി സ്വീകരിക്കുക എന്ന ബോധത്തിലേക്ക് അവരുടെ അറിവിന്റെ അടിത്തറ ഉയര്‍ന്നുവന്നില്ല. വിശുദ്ധ ക്വുര്‍ആനിന്റെ കേവലപാരായണത്തിലുപരി അര്‍ഥമറിയാവുന്ന പണ്ഡിതന്മാര്‍ വിരളമായിരുന്നു. പണ്ഡിതപരിശീലന കേന്ദ്രങ്ങളായ പള്ളിദര്‍സുകളുടെ പാഠ്യക്രമങ്ങളില്‍ പില്‍കാല കര്‍മശാസ്ത്രകൃതികളാണ് വിശുദ്ധ ക്വുര്‍ആനിനും തിരുനബി ﷺ യുടെ ഹദീഥുകള്‍ക്കും പകരം ഇടം നേടിയിരുന്നത്. പള്ളി ദര്‍സുകളില്‍ പഠിച്ചിരുന്ന ചില വിചിത്രവിധികള്‍ തൊണ്ടതൊടാതെ വിഴുങ്ങാന്‍ ഗുരുനാഥന്മാരും ശിഷ്യന്മാരും വിധിക്കപ്പെട്ടിരുന്നു. അതിലൊന്നിനെപ്പറ്റി മക്വ്ദി തങ്ങള്‍ വിവരിക്കുന്നുണ്ട്:

''നമസ്‌കരിക്കുമ്പോള്‍ പിന്‍ദ്വാരത്തില്‍ തുണിതീരേണ(19)മെന്നുണ്ടായ പൊന്നാനി നിയമവും മലയാളത്തിലെങ്ങും വ്യാപിച്ചിരിക്കുന്നു. എന്നാല്‍ നിര്‍ബന്ധിക്കപ്പെടുന്ന ഈ വിധി ഏതു പ്രമാണത്തിലുണ്ട്?! വ്യാഖ്യാനകര്‍ത്താക്കളില്‍ വല്ലവരും ഈ ദ്വാരത്തെ ആവര്‍ത്തിച്ചിട്ടുണ്ടോ? മലയാള രാജ്യമൊഴികെയുള്ള രാജ്യങ്ങളില്‍ പ്രത്യേകം അറബി രാജ്യത്ത് ഈ നടപടിയുണ്ടോ? എന്നീ അന്വേഷണമൊന്നും ചെയ്യാതെ പൊന്നാനി നിയമത്തെ മാത്രം പ്രധാനപ്പെടുത്തി കാലം കഴിപ്പാന്‍ വിധിയുണ്ടോ? ഇതു സങ്കടം തന്നെ''(20)

ലോക മുസ്‌ലിം പണ്ഡിതന്മാരുടെ തദ്വിഷയകമായ അഭിപ്രായങ്ങള്‍ പഠിച്ച ശേഷമായിരുന്നു മക്വ്ദി തങ്ങളുടെ ഈ പ്രതികരണം എന്ന് മനസ്സിലാക്കാം. 'കേരള ഇസ്‌ലാം', 'ഗള്‍ഫ് ഇസ്‌ലാം' എന്നിങ്ങനെ മതവിധികളെ ദേശാതിര്‍ത്തികള്‍ക്കകത്ത് മാറ്റി നിശ്ചയിക്കാന്‍ തങ്ങള്‍ ഒരുക്കമല്ലായിരുന്നു. എന്നാല്‍ അക്കാലത്താരെങ്കിലും ഇത്തരം അസംബന്ധങ്ങള്‍ക്കെതിരെ അസംതൃപ്തി പ്രകടിപ്പിക്കാന്‍ തുനിഞ്ഞാല്‍ എന്തായിരുന്നു പ്രതികരണം? അക്കാര്യവും തങ്ങള്‍ പറഞ്ഞുവെച്ചിട്ടുണ്ട്:

''പൊന്നാനി പഠനത്തിനൊത്ത പഠനം ഇല്ലെന്നും മുസ്‌ല്യാന്മാര്‍ പറയുന്ന വാക്കുകള്‍ ഒഴികെയുള്ള സംസാരം കാഫിറീങ്ങള്‍ക്കുള്ളതാകുന്നു. അതു പഠിക്കുന്നതും പറയുന്നതും തെറ്റാകുന്നു.''(21)

ഇത്രമേല്‍ ആധികാരികത അവകാശപ്പെടാനും അധീശത്വം നേടാനും പൗരോഹിത്യത്തിന് അക്കാലത്ത് കഴിഞ്ഞിരുന്നു എന്ന് മനസ്സിലാക്കുമ്പോള്‍ മക്വ്ദിതങ്ങളും സഹപ്രവര്‍ത്തകരും അനുഭവിച്ച പ്രയാസങ്ങള്‍ ഗ്രഹിക്കാന്‍ വലിയ ഗവേഷണത്തിന്റെ ആവശ്യം വരുകയില്ല.

ക്രൈസ്തവ പുരോഹിതന്മാരും മുസ്‌ലിം യാഥാസ്ഥിതികരും മക്തി തങ്ങളുടെ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് മുമ്പില്‍ നിഷ്പ്രഭരായി. ക്രിസ്ത്യാനികള്‍ ബ്രിട്ടീഷ് മേധാവിത്വത്തിന്റെ സഹായത്തില്‍ അദ്ദേഹത്തിനെതിരെ കൊടുത്ത ചില കേസുകളില്‍ മക്വ്ദിതങ്ങള്‍ക്കെതിരില്‍ സാക്ഷി പറഞ്ഞവരുടെ കൂട്ടത്തില്‍ മുസ്‌ലിംകളുമുണ്ടായിരുന്നു. ഹൈന്ദവ സഹോദരന്മാരാണ് പല സന്ദര്‍ഭത്തിലും സഹായഹസ്തവുമായി മുന്നോട്ടുവന്നത്. തന്റെ രചനകളില്‍ മഖ്ദിതങ്ങള്‍ ആ തിക്താനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

''മതപ്രസംഗം വിധിക്കപ്പെട്ടിട്ടില്ലെന്നും(22) ആകയാല്‍ ആ വക പ്രസംഗങ്ങള്‍ക്കൊക്കെയും സന്തോഷിക്കയോ സഹായിക്കയോ ചെയ്യുന്നത് മതവിരോധമാണെന്നും ചില മുസ്‌ലിയാന്മാര്‍ ജനത്തോട് പറഞ്ഞും വിരോധിച്ചും നടന്നു.''(23)

''നമ്മുടെ പുറപ്പാട് ബലപ്പെട്ടും സ്ഥിരപ്പെട്ടും വരാതിരിപ്പാനായി(24) മതവിരോധികള്‍ പല പ്രകാരേണ ശ്രമിച്ചു. യഥാശക്തി പ്രവര്‍ത്തിക്കയും ഗവര്‍മെന്റിനോട് അപേക്ഷിക്കയും ചെയ്തു. കൂടാതെ നമ്മുടെ പ്രസംഗം അനര്‍ത്ഥകരമാണെന്നും കൊച്ചി നിവാസികളായ ഇസ്‌ലാമില്‍ (25) പലരും ഏകോപിച്ച് ബ്രിട്ടീഷ് ഗവര്‍മെന്റിനോട് അപേക്ഷിച്ചു. ഖുര്‍ആന്‍ പ്രമാണ പ്രകാരം ക്ഷണിത പ്രസംഗം വിരോധിക്കപ്പെട്ടിരിക്കുന്നെന്നു മുസ്‌ലീംകളില്‍ ഒരു മുസ്‌ലിം സത്യത്തിന്മേല്‍ മൊഴികൊടുത്തും പിഴക്കുകയും ചെയ്തു. മുപ്പതുവെള്ളിക്കാശിനു വേണ്ടി യഹൂദാ 'ക്രിസ്തു'വിനെ (26) കഴുവേറ്റി. ഇവന്‍ ഇരുപതു വെള്ളിക്കാശിനു വേണ്ടി തന്റെ ഈമാനെ കഴുവേറ്റി.'' (27)

ക്രൈസ്തവരില്‍ നിന്നും മുസ്‌ലിംകളില്‍ നിന്നും ഒരുവിഭാഗം ഒന്നിച്ചുനിന്നെതിര്‍ത്തപ്പോള്‍ തുണയായി നിന്ന ഹൈന്ദവ സഹോദരന്മാരുടെ മഹാമനസ്‌കത തനിക്ക് എത്രമാത്രം ആശ്വാസമേകിയിരുന്നു എന്ന് മക്തി തങ്ങള്‍ ആത്മകഥയില്‍ പറയുന്നുണ്ട്:

''തിരുവനന്തപുരത്തുള്ള ക്രിസ്തു ജനം കൂടിയാലോചിച്ച് ഭയങ്കരമായ ക്രിമിനല്‍ ചാര്‍ജ്ജുകള്‍ നിര്‍മ്മിച്ച് അകപ്പെടുത്തിയതില്‍ ഇടവലം കാണാതെ വ്യാകുലചിത്തനായി പരിഭ്രമിച്ച് ഇസ്‌ലാം ജനം അടുത്തു വരാതെയും അടുപ്പിക്കാതെയും ഒഴിഞ്ഞു മാറിമറിഞ്ഞതിനാല്‍ പട്ടന്മാരുടെ ഭക്ഷണശാലകളിലുണ്ടാകുന്ന ചോറും ചാറും വാങ്ങി അത്മാവിനെ രക്ഷിച്ചു. ആറു മാസം വ്യവഹരിച്ചു. ഇന്‍സ്‌പെക്ടര്‍മാര്‍ തെളിഞ്ഞു സാക്ഷി പറഞ്ഞെങ്കിലും സത്യസ്വരൂപന്റെ കടാക്ഷം കൊണ്ടുണ്ടായ ഹിന്ദുജന സഹായം കൊണ്ട് അവര്‍ ഇളിഞ്ഞു. നാം രക്ഷപ്പെടുകയും ചെയ്തു.''(28)

''കണ്ണൂര്‍ കണ്‍ടോന്‍മെന്റില്‍ വെച്ചുണ്ടായ പ്രസംഗമദ്ധ്യേ കല്ലെറിഞ്ഞും വടികൊണ്ടടിച്ചും ഉപദ്രവിച്ച് സമാധാന ലംഘനം ഉണ്ടാക്കി വിരോധിപ്പിക്കേണമെന്നുണ്ടായിരുന്ന മനോരാജ്യം സാധിക്കാതിരിക്കുന്നതിലേക്കുണ്ടായ ഒത്താശകളും ഹിന്ദുജനത്തില്‍ നിന്നുതന്നെ.''(29)

തന്റെ ആയുസ്സില്‍ മക്തി തങ്ങള്‍ താണ്ടിയ പീഡന പര്‍വം ആത്മകഥയില്‍ വിവരിച്ചതില്‍ നിന്ന് ഒരു വാചകം ഇവിടെ ഉദ്ധരിക്കാം:

''മേല്‍പറഞ്ഞ ആത്മീക സുഖങ്ങളും ദേഹോപദ്രവങ്ങളും ഏകനായി സഹിച്ച് മുപ്പതുകൊല്ലം വരെ നടന്നും നടത്തിയും വന്നതില്‍ ആത്മീക ജയം കൊണ്ട് സന്തുഷ്ടനായതല്ലാതെ, ദൈഹീക സുഖം(30) സ്വപ്‌നത്തില്‍ പോലും അനുഭവിച്ചിട്ടില്ല.''(31)

റഫറന്‍സ്:

(1) അരൂക്കുറ്റി വടുതലയില്‍ ജനിച്ച് തമിഴ്‌നാട്ടില്‍ വെല്ലൂര്‍ ലത്വീഫിയ്യ കോളേജില്‍ നിന്ന് ബിരുദമെടുത്ത് സമുദായ നവോത്ഥാനത്തിന് ജീവിതം ഉഴിഞ്ഞുവെച്ച മഹാന്‍.

(2) ഇ.മൊയ്തു മൗലവി 1977 ഫെബ്രുവരി നാലിന് എഴുതിയ 'ശ്ലാഘനിയമായ സംരംഭം' എന്ന ലേഖനം - മക്വ്ദിതങ്ങളുടെ സമ്പൂര്‍ണകൃതികള്‍ എന്ന കൃതിയുടെ ആദ്യ പതിപ്പിന്റെ അവതാരിക. വചനം ബുക്‌സ് പ്രസിദ്ധീകരിച്ച പുതിയ പതിപ്പ്.

(3) സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപകാംഗം.

(4,5,6,7) ലോക മുസ്‌ലിം പരിഷ്‌കര്‍ത്താക്കള്‍.

(8) അലീഗര്‍ കലാലയ സ്ഥാപകന്‍.

(9) സയ്യിദ് റശീദ് രിളയുടെ അടുത്ത സഹചാരിയായ മഹാ പണ്ഡിതനായ പരിഷ്‌കര്‍ത്താവ്.

(10) രിസാല, 1997 ജൂലൈ 25, പേജ് 16.

(11) 'അല്ലാഹുവിനല്ലാതെ അസ്തിത്വമില്ല' എന്ന അക്കാലത്തെ യാഥാസ്ഥിതിക പണ്ഡിതരുടെ പിഴച്ച വിശ്വാസം.

(12) മുസ്‌ലിം പൊതുജനത്തിന്റെ ഇടയില്‍.

(13) സത്യപ്രബോധനം- മുഖവുര, പേജ് 4. ആമിനാ ബുക്സ്റ്റാള്‍, 1963; അവലംബം: കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം എഴുതിയ ജീവചരിത്രം.

(14) മക്വ്ദിതങ്ങളുടെ സമ്പൂര്‍ണ കൃതികള്‍- അവതാരിക, പേജ് 9.

(15) 'സ്വലാഹുല്‍ ഇഖ്ഖാന്‍' നാലാം വാള്യം പന്ത്രണ്ടാം ലക്കത്തില്‍ മക്വ്ദിതങ്ങള്‍ എഴുതിയ പര്യടനക്കുറിപ്പുകള്‍.

(16) എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍, രിസാല വാരിക, 1997 ജൂലൈ 25, പേജ് 16.

(17) സൈനുദ്ദീന്‍ മന്ദലാംകുന്ന്, സയ്യിദ് സനാഉല്ലാ മക്വ്ദിതങ്ങള്‍; മതയാഥാസ്ഥിതികനും സാമൂഹിക പരിഷ്‌കര്‍ത്താവും (ലേഖനം). മൗലാനാ ചാലിലകത്ത്, മക്വ്ദിതങ്ങള്‍: നവോത്ഥാനത്തിന്റെ ദ്വിമാനങ്ങള്‍, ഇസ്‌ലാമിക് സാഹിത്യ അക്കാദമി, ജനുവരി 2015, പേജ് 14.

(18) ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായിരുന്ന ഇമാം ശാഫിഈയുടെയും ശിഷ്യന്മാരുടെയും കര്‍മ്മ ശാസ്ത്ര വീക്ഷണ പ്രകാരമുള്ള ഗ്രന്ഥങ്ങള്‍.

(19) തിരുകുക.

(20) മക്വ്ദി തങ്ങള്‍- മുസ്‌ലിം ജനവും വിദ്യാഭ്യാസവും-തമിഴ് രാജ്യം മുതല്‍ മലയാള രാജ്യനിവാസികളായ മുസ്‌ലിം ജനവും വിദ്യാഭ്യാസവും, സമ്പൂര്‍ണ കൃതികള്‍. പേജ് 442.

(21) അതേ അവലംബം.

(22) മതനിഷിദ്ധം.

(23) മക്വ്ദി മനഃക്ലേശം, മക്വ്ദി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍. വചനം ബുക്‌സ്. 2012 നവംബര്‍. പേജ് 718,719.

(24) മക്വ്ദി തങ്ങളുടെ മുന്നേറ്റത്തെ തകര്‍ക്കാന്‍ വേണ്ടി.

(25) മുസ്‌ലിംകളില്‍

(26) ക്രൈസ്തവര്‍ക്കിടയില്‍ പ്രചാരത്തിലുള്ള വിശ്വാസപ്രകാരം.

(27) മക്വ്ദി മനഃക്ലേശം, മക്വ്ദി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍. വചനം ബുക്‌സ്. 2012 നവംബര്‍. പേജ് 718.

(28) അതേ അവലംബം. പേജ് 719.

(29) അതേ അവലംബം. പേജ് 719.

30) ശാരീരിക സുഖം.

31) മക്വ്ദി മനഃക്ലേശം, മക്വ്ദി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍. വചനം ബുക്‌സ്. 2012 നവംബര്‍. പേജ് 719.