പണ്ഡിതാഭിപ്രായങ്ങള്‍: മുസ്‌ലിമിന്റെ നിലപാട്

ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയ(റഹി)

2019 സെപ്തംബര്‍ 21 1441 മുഹര്‍റം 21

(പണ്ഡിതന്മാരോടുള്ള കടപ്പാടുകള്‍: 7)

(ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയയുടെ 'റഫ്ഉല്‍ മലാം' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം | വിവര്‍ത്തനം: ശമീര്‍ മദീനി )

ഖന്തക്വിന്റെ വര്‍ഷം നബിﷺ തന്റെ അനുചരന്മാരോട് പറഞ്ഞു: 'ബനൂ ക്വുറൈളയില്‍ വെച്ചല്ലാതെ ആരും അസ്വ്ര്‍ നമസ്‌കരിക്കരുത്.'

യാത്രക്കിടയില്‍ വഴിയില്‍ വെച്ച് അസ്വ്ര്‍ നമസ്‌കാരത്തിന്റെ സമയമായപ്പോള്‍ അവരില്‍ ചിലര്‍ പറഞ്ഞു: 'ഞങ്ങള്‍ ബനൂക്വുറൈളയില്‍ എത്തിയിട്ടല്ലാതെ നമസ്‌കരിക്കുന്നില്ല.' വേറെ ചിലര്‍ പറഞ്ഞു: 'ഇതല്ല ആ പറഞ്ഞതിന്റെ ഉദ്ദേശ്യം.' അങ്ങനെ അവര്‍ വഴിയില്‍ വെച്ച് നമസ്‌കരിച്ചു. എന്നാല്‍ നബിﷺ രണ്ടുകൂട്ടരെയും ആക്ഷേപിച്ചില്ല. (ബുഖാരി, മുസ്‌ലിം).

ഒന്നാമത്തെ വിഭാഗം അഭിസംബോധനത്തിലെ വ്യാപകാര്‍ഥത്തെ അവലംബിച്ചു. നമസ്‌കാരത്തിന്റെ സയമം നഷ്ടപ്പെടുന്നതും ആ വ്യാപകാര്‍ഥത്തില്‍ ഉള്‍പ്പെടുന്നതായി അവര്‍ മനസ്സിലാക്കി. എന്നാല്‍ മറുവിഭാഗത്തിന്റെ പക്കല്‍ വ്യാപകാര്‍ഥത്തില്‍ നിന്ന് ഈ സന്ദര്‍ഭത്തെ ഒഴിവാക്കാന്‍ നിര്‍ബന്ധിക്കുന്ന തെളിവുണ്ടായിരുന്നു. തടഞ്ഞുവെച്ചവരിലേക്ക് വേഗത്തിലെത്തണം എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യമെന്നും അവര്‍ നിഗമനം ചെയ്തു.

ഇത് പണ്ഡിതന്മാര്‍ക്കിടയില്‍ പ്രസിദ്ധമായ അഭിപ്രായ വ്യത്യാസമുള്ള ഒരു വിഷയമാണ്. അതായത്, വ്യാപകാര്‍ഥത്തെ 'ക്വിയാസ്' കൊണ്ട് പരിമിതപ്പെടുത്തുവാന്‍ പറ്റുമോ, ഇല്ലേ എന്ന വിഷയം. ഏതായാലും വഴിയില്‍ വെച്ച് നമസ്‌കരിച്ചവരുടെതാണ് ഏറ്റവും ശരിയായ പ്രവൃത്തി.

അപ്രകാരം തന്നെ ബിലാല്‍(റ)വിന്റെ കൈവശമുള്ള രണ്ട് 'സ്വാഅ്' ഈത്തപ്പഴം ഒരു 'സ്വാഅ്' മുന്തിയ ഇനം ഈത്തപ്പഴത്തിന് പകരമായി വിറ്റപ്പോള്‍ നബിﷺ അത് തിരിച്ചുകൊടുക്കാന്‍ കല്‍പിച്ചു. (ബുഖാരി, മുസ്‌ലിം).

അബൂസഈദില്‍ ഖുദ്‌രി(റ) നിവേദനം; അദ്ദേഹം പറയുന്നു: 'ബുര്‍ണി' എന്ന മുന്തിയ തരം ഈത്തപ്പഴവുമായി ബിലാല്‍(റ) നബിﷺയുടെ അടുക്കല്‍ ചെന്നു. അപ്പോള്‍ നബിﷺ അദ്ദേഹത്തോട് ചോദിച്ചു: 'ഇത് എവിടുന്ന് കിട്ടി?' അദ്ദേഹം പറഞ്ഞു: 'ഞങ്ങളുടെ പക്കല്‍ താഴ്ന്ന തരം ഈത്തപ്പഴമുണ്ടായിരുന്നു. ഞാന്‍ അതില്‍ നിന്ന് രണ്ട് സ്വാഅ് ഇത് ഒരു സ്വാഇന് പകരമായി വിറ്റു.' അപ്പോള്‍ നബിﷺ പറഞ്ഞു: 'ഹൊ! തനിപ്പലിശ! അങ്ങനെ ചെയ്യരുത്. മറിച്ച് നീ അത് വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നിന്റെ ഈത്തപ്പഴം വേറെ വില്‍ക്കുക. എന്നിട്ട് ആ വിലകൊണ്ട് നീ അത് വാങ്ങിക്കൊള്ളുക.'

എന്നാല്‍ ബിലാല്‍(റ) ഈ ചെയ്തതിന്റെ പേരില്‍ പലിശ വാങ്ങിയവന്റെ വിധി അദ്ദേഹത്തില്‍ ചുമത്തുകയോ ശാപമോ കുറ്റമോ ഒന്നും ആരോപിക്കുകയും ചെയ്തില്ല. കാരണം ആ കച്ചവടം പാടില്ലാത്തതായിരുന്നു എന്നത് അദ്ദേഹത്തിന് അറിയുമായിരുന്നില്ല.

അതേപോലെ അദിയ്യുബ്‌നു ഹാതിമും(റ) ഒരു വിഭാഗം സ്വഹാബികളും 'കറുത്ത നൂലില്‍ നിന്നും വെളുത്ത നൂല്‍ വ്യക്തമാകുന്നത് വരെ' എന്ന വചനത്തെ കുറിച്ച് അത് അക്ഷരാര്‍ഥത്തിലുള്ള കറുത്തനൂലും വെളുത്തനൂലുമാണെന്ന് കരുതുകയും കറുത്തതും വെളുത്തതുമായ രണ്ട് ചരടുകള്‍ എടുത്തുവെക്കുകയും അവ രണ്ടും വേര്‍തിരിച്ചറിയാന്‍ പറ്റുന്നതുവരെ ഭക്ഷണം കഴിക്കുകയും ചെയ്തതായി അറിഞ്ഞപ്പോള്‍ നബിﷺ അദിയ്യി(റ)നോട് പറഞ്ഞു: 'അങ്ങനെയാവുമ്പോള്‍ നിന്റെ രാത്രിക്ക് ദൈര്‍ഘ്യമേറുമല്ലൊ; അതിന്റെ വിവക്ഷ പകലിന്റെ വെളുപ്പും രാത്രിയുടെ കറുപ്പുമാണ്' (ബുഖാരി, മുസ്‌ലിം).

അതായത്, ആയത്തിന്റെ ശരിയായ വിവക്ഷ ഗ്രഹിച്ചില്ല എന്ന് സൂചിപ്പിച്ചു. എന്നാല്‍ അതിനെ തുടര്‍ന്ന് റമദാനില്‍ നോമ്പ് ഉപേക്ഷിച്ചവനെന്ന് ആക്ഷേപിച്ചില്ല. റമദാനിലെ വ്രതാനുഷ്ഠാനത്തില്‍ വീഴ്ച വരുത്തുകയെന്നത് ഗുരുതരമായ തെറ്റാണ്. എന്നിട്ടുകൂടി നബിﷺ ഇവിടെ അദ്ദേഹത്തെ ആക്ഷേപിച്ചില്ല. അതേസമയം തലയ്ക്കു മുറിവു പറ്റിയ ആള്‍ക്ക് തണുപ്പ് വകവെക്കാതെ നിര്‍ബന്ധമായും കുളിക്കണമെന്ന് 'ഫത്‌വ' നല്‍കിയതുമൂലം അയാള്‍ കുളിക്കുകയും അങ്ങനെ രോഗം മൂര്‍ച്ചിച്ച് മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ ഇങ്ങനെയായിരുന്നില്ല നബിﷺയുടെ പ്രതികരണം. അവിടുന്ന് പറഞ്ഞു: 'അവര്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു, അവരെ അല്ലാഹു ശിക്ഷിക്കട്ടെ! അവര്‍ക്ക് അറിവില്ലെങ്കില്‍ ചോദിക്കാമായിരുന്നില്ലേ? അറിവില്ലായ്മയ്ക്കുള്ള പ്രതിവിധി ചോദിച്ചറിയലാണ്' (അബൂദാവൂദ്).

കാരണം ഇവര്‍ 'ഇജ്തിഹാദ്' ചെയ്യാതെ അബദ്ധം സംഭവിച്ചവരാണ്. അവര്‍ പണ്ഡിതന്മാരായിരുന്നില്ല. അപ്രകാരം തന്നെ 'ഹുറഖാത്ത്' യുദ്ധ സന്ദര്‍ഭത്തില്‍ 'ലാഇലാഹ ഇല്ലല്ലാഹു' പറഞ്ഞയാളെ വധിച്ചതിന്റെ പേരില്‍ ഉസാമത്തുബ്‌നു സൈദി(റ)ന് പ്രായച്ഛിത്തമോ നഷ്ടപരിഹാരമോ പ്രതിക്രിയയോ ഒന്നും നബി ﷺ ചുമത്തിയില്ല. കാരണം പ്രസ്തുത വ്യക്തിയുടെ ഇസ്‌ലാം പ്രഖ്യാപനം കാപട്യമാണ് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ 'ആ ശത്രുവിനെ' വധിക്കല്‍ അനുവദനീയമാണെന്നായിരുന്നു അദ്ദേഹം കരുതിയത്. എന്നാല്‍ ഇസ്‌ലാം പ്രഖ്യാപിച്ച ഒരാളെ വധിക്കാന്‍ പാടില്ലാത്തതാണ്.

ഇതനുസരിച്ചാണ് സച്ചരിതരായ മുന്‍ഗാമികളും ഭൂരിപക്ഷം പണ്ഡിതന്മാരും പ്രവര്‍ത്തിച്ചത്. ഹദീഥുകളില്‍ വന്ന താക്കീതുകള്‍ (വഈദ്) ബാധകമാക്കണമെങ്കില്‍ ഇത്തരം ഒരു കാര്യം ശ്രദ്ധിക്കണമെന്നത് ഓരോ വിഷയത്തിലും പ്രത്യേകം പറയേണ്ടതില്ല. കാരണം അത് എല്ലാവര്‍ക്കും ബോധ്യമുള്ള സംഗതിയാണ്.

ഒരു സല്‍കര്‍മത്തെക്കുറിച്ച് വന്ന പ്രതിഫല വാഗ്ദാനത്തിന്റെ (വഅ്ദ്) കാര്യത്തില്‍ ഇഖ്‌ലാസോടു കൂടി ചെയ്ത കര്‍മങ്ങള്‍ക്കാണ് അത് ബാധകമെന്നും മത പരിത്യാഗിയായല്ലാതെ മരിച്ചയാളുടെ മുന്‍കാല കര്‍മങ്ങള്‍ നിഷ്ഫലമാവുകയില്ലെന്നും പ്രത്യേകം പറയേണ്ടതില്ലാത്തതു പോലെ തന്നെയാണ് ഇതും. എന്നാല്‍ ഈ നിബന്ധന ഇത്തരം പരാമര്‍ശങ്ങളുള്ള ഓരോ ഹദീഥിലും പറയാറില്ല. ഇനി താക്കീത് അനിവാര്യമാക്കുന്ന ഘടകങ്ങളുള്ളതായി വന്നാല്‍ പോലും മറ്റുചില കാരണങ്ങള്‍കൊണ്ട് പ്രസ്തുത വിധി പറയാന്‍ പറ്റാത്തതായിവരും.

ശിക്ഷയും താക്കീതുകളും ബാധകമാകാതിരിക്കാനുള്ള കാരണങ്ങള്‍ പലതുണ്ട്. പശ്ചാത്താപം (തൗബ), പൊറുക്കലിനെ തേടല്‍ (ഇസ്തിഗ്ഫാര്‍), തിന്മകളെ ഇല്ലാതാക്കുന്ന നന്മകള്‍ (ഹസനാത്ത്), ഈ ലോകത്തെ ബുദ്ധിമുട്ടുകളും പരീക്ഷണങ്ങളും, നല്ലവരായ ആളുകളുടെ പ്രാര്‍ഥനകള്‍, സര്‍വോപരി പരമകാരുണികനായ അല്ലാഹുവിന്റെ കൃപാകടാക്ഷം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഒരു കാര്യത്തിലെ ശിക്ഷയും ഭീഷണിയും അത് ചെയ്തുപോയ ആളാണെങ്കില്‍ കൂടി അയാള്‍ക്ക് അത് ബാധകമാകാതെ വരുന്നതാണ്.

ഇത്തരം സംഗതികളൊന്നും ഇല്ലാതിരിക്കുകയും ധിക്കാരവും തോന്നിവാസവും അനുസരണക്കേടും കാരണം അല്ലാഹുവിന്റെ വിധിവിലക്കുകളെ അവഗണിക്കുകയും ചെയ്തയാളാണെങ്കില്‍ ശിക്ഷകളും താക്കീതുകളും അയാള്‍ക്ക് ബാധകമാകുന്നതാണ്. അതായത്, താക്കീത് (വഈദ്) എന്നത് സത്യത്തില്‍ ഒരു വിശദീകരണമാണ്. ഇന്ന കാര്യം ചെയ്താല്‍ ഇന്ന ശിക്ഷക്ക് അത് കാരണമായിത്തീരുന്നതാണ്. അതിനാല്‍ അത് മോശപ്പെട്ടതും നിഷിദ്ധവുമാണ് എന്ന് ഗ്രഹിക്കണം. അതാണ് താക്കീതുകളുടെ താല്‍പര്യം.

എന്നാല്‍ ആ കാര്യം ചെയ്ത എല്ലാവര്‍ക്കും ആ ശിക്ഷ നിര്‍ബന്ധമായും ഉണ്ടാകും എന്ന അര്‍ഥത്തിലല്ല. കാരണം, ഒരു കാര്യം ബാധകമാക്കുന്ന നിര്‍ബന്ധ ഘടകങ്ങള്‍ (ശുറൂത്വ്) ഉണ്ടാവുകയും അതിന് തടസ്സമായി വരുന്ന സംഗതികള്‍ (മവാനിഅ്) ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമെ ഏതൊ

രു കാര്യവും നിലനില്‍ക്കുകയുള്ളൂ.

(അവസാനിച്ചില്ല)