ജനസംഖ്യാ വിസ്‌ഫോടനം: സത്യവും മിഥ്യയും

ഫൈസല്‍ അനന്തപുരി, ജാമിഅ അല്‍ഹിന്ദ്

2019 മാര്‍ച്ച് 02 1440 ജുമാദല്‍ ആഖിര്‍ 25

മലപ്പുറം ജില്ല അമ്പതാം വാര്‍ഷികാഘോഷം പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങവെ പ്രാദേശിക പത്രമാധ്യമങ്ങളിലെല്ലാം ജില്ലയുടെ സമ്പൂര്‍ണ വികസനത്തെയും മുന്നോട്ടുള്ള പ്രയാണത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. മലപ്പുറം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി അവയിലെല്ലാം നിറഞ്ഞു നില്‍ക്കുന്നത് ജനസംഖ്യാ വര്‍ധനവാണ്! 2011ലെ കാനേഷുമാരി പ്രകാരം 41.2 ലക്ഷം ജനങ്ങള്‍ ഈ ജില്ലയില്‍ അതിവസിക്കുന്നു. കേരളത്തിലെ വയനാട്, പത്തനംതിട്ട, ആലപ്പുഴ, കാസര്‍ക്കോട് എന്നീ 4 ജില്ലകളിലെ ആകെ ജനസംഖ്യ 44 ലക്ഷം മാത്രമാണ്. ഈ പ്രതിസന്ധിയെ നേരിടാന്‍ ജില്ലയെ വിഭജിക്കണം എന്ന ആവശ്യവുമായി ചില പ്രാദേശിക പാര്‍ട്ടികള്‍ ഈയിടെ ലോംഗ് മാര്‍ച്ച് പോലും സംഘടിപ്പിച്ചിരുന്നു. യഥാര്‍ഥത്തില്‍ സാമ്രാജ്യത്വത്തിന്റെ കുഴലൂത്തുകാരായ മാധ്യമങ്ങള്‍ സൃഷ്ടിച്ച ഒരു വിതണ്ഡവാദമാണ് ജനസംഖ്യാ വര്‍ധനവ് നാടിന്റെ വികസനത്തെ പിന്നോട്ടടിക്കുമെന്നത്. 

മൂന്നാം ലോക രാജ്യങ്ങളുടെ ഏറ്റവും വലിയ സമ്പത്ത് മാനവവിഭവ ശേഷിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവരുടെ മേലുള്ള തങ്ങളുടെ അധീശത്വത്തിനു കോട്ടം തട്ടാതിരിക്കാന്‍ 'ശാസ്ത്രീയത'യുടെ പട്ടില്‍ പൊതിഞ്ഞ ഇത്തരം മിഥ്യാധാരണകളെ അവര്‍ പ്രചരിപ്പിക്കുകയാണ്. വസ്തുതയെന്തന്ന് തിരിച്ചറിയാത്ത പാമരജനങ്ങളാകട്ടെ ഇവരുടെ വാദങ്ങളെ വിശ്വസിച്ചു കൊണ്ട് തങ്ങളുടെ ഏറ്റവും വലിയ കരുത്തിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണ്. 

ടി. റോബര്‍ട്ട് മാല്‍ത്തൂസ് എന്ന ക്രൈസ്തവ പാതിരി 1798ല്‍ രചിച്ച 'An Essay on the principle of population' (ജനസംഖ്യയുടെ തത്ത്വത്തെക്കുറിച്ചുള്ള ഉപന്യാസം) എന്ന കൃതിയോടെയാണ് ജനങ്ങളില്‍ ജനസംഖ്യാ വിസ്‌ഫോടനത്തെ കുറിച്ചുള്ള ഭീതി പരക്കാന്‍ തുടങ്ങിയത്. ജനസംഖ്യാ വര്‍ധനവ് മനുഷ്യന്റെ നിലനില്‍പിനു പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം സമര്‍ഥിച്ചു. പിന്നീട് രണ്ട് നൂറ്റാണ്ടുകള്‍ക്കപ്പുറം 1968ല്‍ പോള്‍ എര്‍ലിച്ച് എഴുതിയ 'The population Bomb' എന്ന കൃതിയില്‍ അദ്ദേഹം പറയുന്നത് ലോക ജനസംഖ്യയെ നിയന്ത്രിച്ചില്ലെങ്കില്‍ 1985 ആകുമ്പോഴേക്കും ലോകത്താകമാനം ഭക്ഷ്യക്ഷാമം വ്യാപിക്കുമെന്നും സമുദ്രങ്ങള്‍ ഇല്ലാതാകുമെന്നും പല പാശ്ചാത്യനാടുകളും മരുഭൂമികളായി പരിണമിക്കുമെന്നും ലോകജനതയുടെ ആയുര്‍ദൈര്‍ഘ്യം 42 ആയി ചുരുങ്ങുമെന്നുമൊക്കെയാണ്. 

അതിനു ശേഷം ഇതഃപര്യന്തമുള്ള ചരിത്രം എന്താണ്? റോബര്‍ട്ട് മാല്‍ത്തൂസ് തന്റെ ആശയങ്ങള്‍ മുന്നോട്ടു വെക്കുമ്പോള്‍ ലോക ജനസംഖ്യ 90 കോടി ആയിരുന്നുവെങ്കില്‍ ഇന്ന് അതിന്റെ എട്ടിരട്ടിയിലധികമാണ് ഇവിടെ ജീവിക്കുന്നത്. ജനസംഖ്യാ വര്‍ധനവിനാല്‍ ഉണ്ടാകുമെന്ന് പ്രചരിക്കപ്പെട്ട ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ എവിടെ? വര്‍ധനവിന് അനുസൃതമായി സംഭവിക്കുമെന്ന് ഇദ്ദേഹം വാദിച്ച ഭക്ഷ്യക്ഷാമം, രോഗങ്ങളുടെ വ്യാപനം, പ്രതിശീര്‍ഷ വരുമാനത്തിലെ ഇടിവ്, തൊഴിലില്ലായ്മയിലെ വര്‍ധനവ് എന്നിവ കേവലം നിരര്‍ഥകമായിരുന്നുവെന്നത് പകല്‍പോലെ വ്യക്തമാണ്. മനുഷ്യന്‍ സൃഷ്ടിച്ച വൈജ്ഞാനിക മുന്നേറ്റങ്ങളും സാങ്കേതിക വിപ്ലവങ്ങളും ഭൂമിയെ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ചെയ്തത് എന്നത് വ്യക്തമാണ്. ഉദാഹരണത്തിന് യു.എന്‍.ഡി.പി. ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് റിപ്പോര്‍ട്ട് പ്രകാരം 1950ല്‍ ലോകജനസംഖ്യ 252 കോടിയായിരുന്നപ്പോള്‍ ഭൂമിയിലെ മൊത്തം ഭക്ഷ്യ ഉല്‍പാദനം 62.4 കോടി ടണ്‍ ആയിരുന്നുവെങ്കില്‍ 1990ല്‍ ജനസംഖ്യ 520 കോടി ആയിരുന്നപ്പോള്‍ ഭക്ഷ്യ ഉല്‍പാദനം 180 കോടി ടണ്‍ ആയി ഉയര്‍ന്നു. ഇതിനു സമാനമാണ് മറ്റു മേഖലകളിലെ പുരോഗതിയും.

പാശ്ചാത്യന്റെ ഈ ജല്‍പനത്തെ പ്രയോഗവല്‍ക്കരിച്ചു കൊണ്ട് 1979 മുതല്‍ 4 പതിറ്റാണ്ട് കാലത്തോളം ജനസംഖ്യാ നിയന്ത്രണം ഏര്‍പെടുത്തിയിരുന്ന ചൈന പോലും ഒടുവില്‍ ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു. 31 കൊല്ലക്കാലം നടപ്പില്‍ വരുത്തിയ 'ഒറ്റക്കുട്ടി' നയം അവര്‍ 2016ല്‍ എടുത്തുമാറ്റി. ഓരോ മണിക്കൂറിലും 1500ല്‍ പരം ഭ്രൂണഹത്യകള്‍ക്ക് നിദാനമായ ഈ ഡ്രാക്കോണിയന്‍ നിയമം ചെനയുടെ സാമൂഹിക ഘടനയെ തന്നെ താറുമാറാക്കി. രാജ്യത്ത് വൃദ്ധന്മാരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവും യുവാക്കളുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവും രേഖപ്പെടുത്തുവാന്‍ ഇതു കാരണമായി. മാനവവിഭവ ശേഷിയാണ് രാഷ്ട്രത്തിന്റെ യഥാര്‍ഥ സമ്പത്തെന്ന വസ്തുത വൈകിയാണെങ്കിലും ഭൗതിക പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ക്ക് ഉള്‍ക്കൊള്ളാനായി. വികസിത രാഷ്ട്രങ്ങളിലെല്ലാം ഇന്ന് നടക്കുന്നത് ജനസംഖ്യാ വര്‍ധനവിനു വേണ്ടിയുള്ള പദ്ധതികളാണ്. മാനവവിഭവശേഷിയിലെ വര്‍ധനവിനായി റഷ്യയില്‍ വ്‌ളാദിമര്‍ പുടിന്‍ 5300 കോടി ചെലവഴിച്ചു. അമേരിക്കയിലെ 'ഫാദര്‍ ഹുഡ് ഇനീഷ്യേറ്റീവ്' നല്‍കി വരുന്ന 'ഫാദര്‍ഹുഡ് അവാര്‍ഡ്' കൂടുതല്‍ കുട്ടികളെ രാജ്യത്തിനു സമ്മാനിക്കുന്നവര്‍ക്കുള്ള അംഗീകാരമാണ്. ആസ്‌ത്രേലിയ പോലുള്ള നാടുകളില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കു പോലും പൗരത്വം നല്‍കി വരുന്നു. ഈയിടെ മുനമ്പം ഹാര്‍ബര്‍ വഴിയുള്ള മനുഷ്യക്കടത്ത് വളരെയധികം വാര്‍ത്തയായതാണല്ലോ. സിംഗപ്പൂര്‍ എന്ന കൊച്ചു രാഷ്ട്രത്തിന്റെ ഇന്നു കാണുന്ന വികസനത്തിനു കാരണവും ജനസംഖ്യയിലെ വര്‍ധനവാണ്.

എന്നാല്‍ സാമ്രാജ്യത്വത്തിന്റെ പാദസേവകരായ മാധ്യമങ്ങളും എന്‍.ജി.ഒകളും നിയന്ത്രിക്കുന്ന; മസ്തിഷ്‌ക പ്രക്ഷാളത്തിനു വിധേയരായ നാം ഇന്ന് കുടുംബാസൂത്രണ പദ്ധതികള്‍ എന്ന ഓമനപ്പേരിലുള്ള വന്ധ്യംകരണ പരിപാടികളുമായി മുന്നോട്ടു പോവുകയാണ്. 2018ല്‍ യു.എന്‍ പുറത്തുവിട്ട കണക്കു പ്രകാരം ചൈനക്ക് തൊട്ടു പിന്നില്‍ 136.2 കോടി ജനസംഖ്യയുമായി രണ്ടാമതാണ് നമ്മുടെ രാജ്യം. നമ്മുടെ ഏറ്റവും വലിയ കരുത്ത് മാനവവിഭവശേഷിയാണ്. ജനനനിരക്ക് നിയന്ത്രിക്കാനായി ഗര്‍ഭനിരോധന ഉപാധികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ 'നാം ഒന്ന്, നമുക്കൊന്ന്' എന്ന നിലപാടില്‍ നിന്ന് 'നാം ഒന്ന്, നമുക്ക് എന്തിന്?' എന്ന അവസ്ഥയിലേക്ക് അധഃപതിക്കുകയാണ് നമ്മുടെ സമൂഹം. മാനവവിഭവശേഷിയെ ക്രിയാത്മകവും സൃഷ്ടിപരവുമായി ഉപയോഗിക്കുന്നതിനു പകരം നാം നമ്മുടെ പതനത്തിനുള്ള വഴിയൊരുക്കുകയാണ്.

ഒരു സത്യവിശ്വാസിക്ക് മുതലാളിത്ത തമ്പുരാക്കന്മാരുടെ പേടിപ്പെടുത്തലിനു മുന്നില്‍ ഇതികര്‍ത്തവ്യതാമൂഢനായി ഇരിക്കേണ്ട ആവശ്യമില്ല. ഭൂമിയെയും മനുഷ്യനെയും സൃഷ്ടിച്ച ജഗന്നിയന്താവിന്റെ വാക്കുകളാണ് അവന്റെ ഊര്‍ജം. 

''ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റെടുത്തതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥാനവും അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്'' (ക്വുര്‍ആന്‍ 11:6). 

സൂക്ഷ്മ പ്രപഞ്ചത്തെയും സ്ഥൂല പ്രപഞ്ചത്തെയും സംവിധാനച്ച സ്രഷ്ടാവിന്റെ വാഗ്ദാനങ്ങളെ അവഗണിച്ചു ജീവിച്ച  ഭൗതികതയുടെ ഉപാസകന്മാര്‍ ഇന്ന് തങ്ങളുടെ അപചയത്തെ ഓര്‍ത്ത് വിലപിക്കുകയാണ്. 

'ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു'' (ക്വുര്‍ആന്‍ 17:31). 

മനുഷ്യന്റെ ഉപജീവനത്തിന്റെ ബാധ്യത സ്രഷ്ടാവ് ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ പിന്നെ നാം എന്തിന് ആശങ്കപ്പെടണം? മുന്നാംലോക രാജ്യങ്ങളുടെ മേലുള്ള തങ്ങളുടെ മേല്‍ക്കോയ്മ നഷ്ടപ്പെടാതിരിക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ പടച്ചുവിടുന്ന ഇത്തരം തന്ത്രങ്ങളില്‍ വഞ്ചിതരാകാതിരിക്കുക.