മലക്കുകളുടെ സഹായം

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ആഗസ്ത് 17 1440 ദുല്‍ഹിജ്ജ 16

(ലോകഗുരു: മുഹമ്മദ് നബി ﷺ ഭാഗം: 34)

ബദ്ര്‍ യുദ്ധത്തില്‍ നബി ﷺ  മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. അതിശക്തമായ നിലയ്ക്ക് യുദ്ധവും ചെയ്തിരുന്നു. അപ്രകാരം തന്നെയായിരുന്നു അബൂബക്‌റും. തനിക്കു വേണ്ടി ഉണ്ടാക്കപ്പെട്ട ചെറിയ കുടിലില്‍(ടെന്റ്) മാത്രമായോ പ്രാര്‍ഥനയില്‍ മാത്രമായോ നബി ﷺ  സമയം മുഴുവനും ചെലവഴിച്ചിട്ടില്ല. മറിച്ച് നബി ﷺ യും അബൂബക്ര്‍(റ)വും ടെന്റില്‍ ഇരുന്നുകൊണ്ട് പ്രാര്‍ഥിക്കുകയും ശേഷം മുസ്‌ലിംകള്‍ക്കിടയിലേക്ക് ഇറങ്ങി വന്നു കൊണ്ട് അവരോടൊപ്പം യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തു. ബദ്ര്‍ യുദ്ധ ദിവസം നബി ﷺ  തങ്ങളെക്കാള്‍ ശത്രുക്കളിലേക്ക് കൂടുതല്‍ അടുത്ത് ചെന്നിരുന്നതായും ശക്തമായ നിലയ്ക്ക് യുദ്ധം ചെയ്തതായും അലി(റ)വില്‍ നിന്നും നിവേദനം ചെയ്യുന്ന ഹദീഥില്‍ കാണുവാന്‍ സാധിക്കും (അഹ്മദ്: 653).

ഈമാനികമായ ശക്തിയോടുകൂടി യുദ്ധക്കളത്തില്‍ മുസ്‌ലിംകള്‍ ഉറച്ചുനിന്നു. മുശ്‌രിക്കുകളോട് ശക്തമായ നിലയില്‍ അവര്‍ പോരാടുകയും ചെയ്തു. അല്ലാഹു മലക്കുകളെ ഇറക്കിക്കൊണ്ട് മുസ്‌ലിംകളെ സഹായിക്കുകയും തന്റെ സഹായം കൊണ്ട് അവരെ ശക്തിപ്പെടുത്തുകയും ചെയ്തു ചെയ്തു.

''നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം. (നബിയേ,) നിങ്ങളുടെ രക്ഷിതാവ് മുവ്വായിരം മലക്കുകളെ ഇറക്കിക്കൊണ്ട് നിങ്ങളെ സഹായിക്കുക എന്നത് നിങ്ങള്‍ക്ക് മതിയാവുകയില്ലേ എന്ന് നീ സത്യവിശ്വാസികളോട് പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക).(പിന്നീട് അല്ലാഹു വാഗ്ദാനം ചെയ്തു:) അതെ, നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും നിങ്ങളുടെ അടുക്കല്‍ ശത്രുക്കള്‍ ഈ നിമിഷത്തില്‍ തന്നെ വന്നെത്തുകയുമാണെങ്കില്‍ നിങ്ങളുടെ രക്ഷിതാവ് പ്രത്യേക അടയാളമുള്ള അയ്യായിരം മലക്കുകള്‍ മുഖേന നിങ്ങളെ സഹായിക്കുന്നതാണ്. നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയായിക്കൊണ്ടും നിങ്ങളുടെ മനസ്സുകള്‍ സമാധാനപ്പെടുവാന്‍ വേണ്ടിയും മാത്രമാണ് അല്ലാഹു പിന്‍ബലം നല്‍കിയത്. (സാക്ഷാല്‍) സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നുമാത്രമാകുന്നു'' (ആലുഇംറാന്‍ 123-126).

(അല്‍അന്‍ഫാല്‍ 9,10,12 വചനങ്ങളിലും ഇക്കാര്യം പരാമര്‍ശിക്കുന്നത് കാണാം).

ഇബ്‌നു അബ്ബാസില്‍(റ) നിന്നും നിവേദനം; ബദ്ര്‍ ദിവസം നബ ﷺ  പറഞ്ഞു: ''ഇതാ ജിബ്‌രീല്‍ തന്റെ കുതിരയുടെ തലയും (കടിഞ്ഞാണ്‍) പിടിച്ചു വരുന്നു. അദ്ദേഹത്തില്‍ യുദ്ധത്തിന്റെ ഉപകരണങ്ങളുണ്ട്''(ബുഖാരി: 3995).

മലക്കുകള്‍ ഇറങ്ങി വരുന്നതും സത്യവിശ്വാസികളെ സഹായിക്കുന്നതുമായ രംഗം സുറാഖത്ത് ഇബ്‌നു മാലികിന്റെ രൂപത്തില്‍ വന്ന ഇബ്‌ലീസ് കണ്ടപ്പോള്‍ അവന്‍ തിരിഞ്ഞോടുകയുണ്ടായി:

''ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും എന്ന് പറഞ്ഞ് കൊണ്ട് പിശാച് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും (ഓര്‍ക്കുക). അങ്ങനെ ആ രണ്ടു സംഘങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്, തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ എന്ന് പറഞ്ഞുകൊണ്ട് അവന്‍ (പിശാച്) പിന്‍മാറിക്കളഞ്ഞു'' (അല്‍അന്‍ഫാല്‍: 48).

നബി ﷺ  തന്റെ ടെന്റില്‍ ഇരുന്ന് അല്ലാഹുവോട് ആത്മാര്‍ഥമായി സഹായത്തിനും വിജയത്തിനും വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അബൂബക്‌റിനെ വിളിച്ചുകൊണ്ട് പറഞ്ഞു: 'അല്ലയോ അബൂബക്ര്‍, സന്തോഷിച്ചുകൊള്ളുക. അല്ലാഹുവിന്റെ സഹായം ഇതാ നിനക്ക് വന്നിരിക്കുന്നു. കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ചുകൊണ്ട് ജിബ്‌രീലിതാ ഇറങ്ങി വരുന്നു.' അല്ലാഹുവിന്റെ സഹായം വന്നു. അല്ലാഹു തന്റെ സൈന്യമായ മലക്കുകളെ അവന്‍ ഇറക്കി. തന്റെ പ്രവാചകനെയും വിശ്വാസികളെയും ആ മലക്കുകളിലൂടെ അല്ലാഹു ശക്തിപ്പെടുത്തുകയും ചെയ്തു. നബി ﷺ  തന്റെ ടെന്റില്‍ നിന്നും പടയങ്കി ധരിച്ചു കൊണ്ട് ഇറങ്ങിവന്നു. നബി ﷺ  ഇപ്രകാരം പറയുന്നുണ്ടായിരുന്നു:

''എന്നാല്‍ വഴിയെ ആ സംഘം തോല്‍പിക്കപ്പെടുന്നതാണ്. അവര്‍ പിന്തിരിഞ്ഞ് ഓടുകയും ചെയ്യും. തന്നെയുമല്ല, ആ അന്ത്യസമയമാകുന്നു അവര്‍ക്കുള്ള നിശ്ചിത സന്ദര്‍ഭം. ആ അന്ത്യസമയം ഏറ്റവും ആപല്‍ക്കരവും അത്യന്തം കയ്‌പേറിയതുമാകുന്നു'' (അല്‍ക്വമര്‍: 45,46).

സ്വഹാബികളെ യുദ്ധത്തിന് പ്രേരിപ്പിക്കുകയും അവര്‍ക്ക് ആവേശം പകരുകയും മലക്കുകളുടെ വരവിനെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത അറിയിക്കുകയും സ്വര്‍ഗത്തെക്കുറിച്ചുള്ള സന്തോഷ വാര്‍ത്ത നല്‍കുകയും ചെയ്തു. ആദ്യം ആയിരം മലക്കുകളെയും ശേഷം 3000 മലക്കുകളെയും അതിനു ശേഷം 5000 മലക്കുകളെയുമാണ് അല്ലാഹു ഇറക്കിയത്. കുഫ്‌റിന്റെ ആളുകളെ നശിപ്പിക്കുവാന്‍ ഒരു മലക്ക് മാത്രം മതിയായതാണ്. പക്ഷേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങിത്തിരിച്ച, ഹൃദയം കൊണ്ടും ശരീരം കൊണ്ടും ശത്രുക്കളെ നേരിടാന്‍ വിശ്വാസികള്‍ കാണിച്ച ഈമാനിക ശക്തിയുടെ കാര്യത്തിലുള്ള അല്ലാഹുവിന്റെ സന്തോഷവുമായിരുന്നു ഇത്. ഇക്കാര്യം അല്ലാഹു ക്വുര്‍ആനിലൂടെ പഠിപ്പിച്ചിട്ടുമുണ്ട്:

നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയായിക്കൊണ്ടും നിങ്ങളുടെ മനസ്സുകള്‍ സമാധാനപ്പെടുവാന്‍ വേണ്ടിയും മാത്രമാണ് അല്ലാഹു പിന്‍ബലം നല്‍കിയത്. (സാക്ഷാല്‍) സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നുമാത്രമാകുന്നു'' (ആലു ഇംറാന്‍: 126)

യുദ്ധക്കളത്തില്‍ വെച്ച് നബി ﷺ  ഒരുപിടി ചരല്‍ വാരി എടുത്തു. 'മുഖങ്ങള്‍ നശിക്കട്ടെ' എന്നു പറഞ്ഞുകൊണ്ട് ശത്രുക്കള്‍ക്കു നേരെ അതുകൊണ്ട് എറിഞ്ഞു. ഒരാള്‍ പോലും ബാക്കിയാകാതെ എല്ലാവരുടെ കണ്ണുകളിലും ആ മണല്‍ പതിച്ചു. അല്ലാഹു പറയുന്നു:

''(നബിയേ,) നീ എറിഞ്ഞ സമയത്ത് നീ എറിഞ്ഞിട്ടുമില്ല. പക്ഷേ, അല്ലാഹുവാണ് എറിഞ്ഞത്. തന്റെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്'' (അല്‍അന്‍ഫാല്‍: 17).

നബി ﷺ യും സ്വഹാബികളും അതിശക്തമായ പോരാട്ടം നടത്തി മുന്നോട്ടു നീങ്ങി:

''അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍'' (അല്‍ഹുജുറാത്ത്: 15).

ഉര്‍വത്ത് ബിന്‍ സുബൈര്‍(റ) പറയുന്നു: 'സുബൈറിന്റെ ശരീരത്തില്‍ വാളു കൊണ്ടുള്ള മൂന്നു വെട്ടുകള്‍  ഉണ്ടായിരുന്നു. അതിലൊന്ന് പിരടിയിലായിരുന്നു. എന്റെ വിരല്‍ പോലും അതിലേക്ക് ഞാന്‍ പ്രവേശിപ്പിക്കുമായിരുന്നു. രണ്ടു വെട്ടുകള്‍ ബദ്‌റില്‍ വച്ചും ഒരു വെട്ട് യര്‍മൂക്കില്‍ വെച്ചും ഉണ്ടായതാണ്.'

ഇബ്‌നു മസ്ഊദ്(റ) പറയുന്നു: 'ബദ്ര്‍ യുദ്ധ ദിവസം കുതിരപ്പുറത്തും നടന്നുകൊണ്ടും യുദ്ധം ചെയ്യുന്നതായി സഅദ്ബ്‌നു അബീവക്വാസിനെ ഞാന്‍ കണ്ടു'(അഹ്മദ്:1319).

മലക്കുകള്‍ നേരിട്ട് യുദ്ധം ചെയ്തത് ബദ്‌റില്‍ മാത്രമാണ്. മറ്റു ചില യുദ്ധങ്ങളില്‍ മലക്കുകള്‍ ഇറങ്ങി വന്നിട്ടുണ്ടെങ്കിലും എണ്ണം കൊണ്ടുള്ള ഒരു സഹായം മാത്രമായിരുന്നു അത്. മുസ്‌ലിംകളെ ശക്തിപ്പെടുത്തുവാനും സംരക്ഷിക്കുവാനും അതോടൊപ്പം സത്യനിഷേധികളെ ഭയപ്പെടുത്തുവാന്‍ വേണ്ടിയുമായിരുന്നു. എന്നാല്‍ ബദ്‌റില്‍ മലക്കുകള്‍ നേരിട്ട് യുദ്ധം ചെയ്യുക തന്നെ ചെയ്തു.

''സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍! (അവര്‍ (മലക്കുകള്‍) അവരോട് പറയും:) ജ്വലിക്കുന്ന അഗ്‌നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക. നിങ്ങളുടെ കൈകള്‍ മുന്‍കൂട്ടിചെയ്തുവെച്ചത് നിമിത്തമത്രെ അത്. അല്ലാഹു അടിമകളോട് ഒട്ടും അനീതി കാണിക്കുന്നവനല്ല എന്നതിനാലും'' (അല്‍അന്‍ഫാല്‍: 50,51)

റഫാഅ(റ) പറയുന്നു: ''ജിബ്‌രീല്‍ ഒരിക്കല്‍ നബി ﷺ യുടെ അടുക്കലേക്ക് വന്നു കൊണ്ട് ചോദിച്ചു: 'മുസ്‌ലിംകളില്‍ ഏറ്റവും ശ്രേഷ്ഠര്‍ ആരാണ്?' (അല്ലെങ്കില്‍ തത്തുല്യമായ ഒരു വാക്ക് ഉപയോഗിച്ച് ചോദിച്ചു). നബി ﷺ  പറഞ്ഞു: 'ബദ്‌റില്‍ പങ്കെടുത്തവര്‍.' ജിബ്‌രീല്‍ പറഞ്ഞു: 'അപ്രകാരം തന്നെ മലക്കുകളുടെ കൂട്ടത്തിലും ഏറ്റവും ശ്രേഷ്ഠതയുള്ളവര്‍ ബദ്‌റില്‍ പങ്കെടുത്ത മലക്കുകളാണ്.'

ശത്രുസൈന്യം ഛിന്നഭിന്നമായി. കഴുത്തുകള്‍ മുറിഞ്ഞുവീണു. മുസ്‌ലിംകള്‍ ശത്രുപക്ഷത്തെ കൊലപ്പെടുത്തിക്കൊണ്ടും ബന്ദികളാക്കിക്കൊണ്ടും മുന്നോട്ടുനീങ്ങിക്കൊണ്ടിരുന്നു. സാമ്പത്തികമായും ശാരീരികമായും തീരാനഷ്ടമാണ് ബദ്‌റില്‍ ക്വുറൈശികള്‍ക്ക് സംഭവിച്ചത്. വലിയ ഒരു അളവില്‍ സമ്പത്ത് യുദ്ധാര്‍ജിത സ്വത്തായി മുസ്‌ലിംകള്‍ക്ക് ലഭിച്ചു. മുശ്‌രിക്കുകളില്‍ നിന്ന് 70 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തു എന്നാണ് ബുഖാരിയുടെ ഹദീഥില്‍ (3986) കാണുവാന്‍ സാധിക്കുന്നത്.  

ബദ്‌റില്‍ വെച്ച് അല്ലാഹു ഇസ്‌ലാമിന്റെ ശത്രുക്കളെ പിടികൂടുകയായിരുന്നു. അവര്‍ ചെയ്ത മുന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതികാര നടപടിയായിരുന്നു സത്യത്തില്‍ ബദര്‍.

''ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം തീര്‍ച്ചയായും നാം ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്'' (അദ്ദുഖാന്‍:16).

ക്വുറൈശികളില്‍ നിന്നും കൊല്ലപ്പെട്ട പ്രധാനികളുടെ പേരുകള്‍ കാണുക: 'ഉത്ബത് ഇബ്‌നു റബീഅ, ശൈബത് ഇബ്‌നു റബീഅ, വലീദ്ബ്‌നു ഉത്ബ, അബൂജഹല്‍ ഇബ്‌നു ഹിശാം, ഉമയ്യത് ഇബ്‌നു ഖലഫ്, അബുല്‍ ബുഖ്തരി ഇബ്‌നു ഹിശാം, ഉബൈദ ഇബ്‌നു സഈദ് ഇബ്‌നുല്‍ ആസ്വ്, അസ്‌വദ് ഇബ്‌നു അബ്ദുല്‍ അസദ്.'

ക്വുറൈശികളില്‍ നിന്നും അധികം ആളുകളെ കൊല്ലുന്നതില്‍ നിന്നും നബി ﷺ  വിലക്കുകയുണ്ടായി. നബി ﷺ  ഇപ്രകാരം പറഞ്ഞു: 'ബനൂ ഹാശിമില്‍ നിന്നും ഒരുപാട് ആളുകള്‍ നിര്‍ബന്ധത്താല്‍ ബദ്‌റിലേക്ക് വന്നിട്ടുണ്ട്. അവര്‍ക്ക് നമ്മളോട് യുദ്ധം ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല. അതുകൊണ്ട് യുദ്ധക്കളത്തില്‍ അത്തരക്കാരെ കണ്ടുമുട്ടിയാല്‍ നിങ്ങള്‍ അവരെ കൊല്ലരുത്'. അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബ് അക്കൂട്ടത്തില്‍ പെട്ട ആളായിരുന്നു(ഹാകിം).

ക്വുറൈശികള്‍ യുദ്ധക്കളത്തില്‍ നിന്നും പിന്തിരിഞ്ഞോടി. താഴ്‌വരകളിലും മലയിടുക്കുകളിലും ആയി അവര്‍ ചിന്നിച്ചിതറി. ഭയപ്പാടോടുകൂടി മക്ക ലക്ഷ്യം വെച്ച് അവര്‍ ഓടി. അപമാനഭാരത്താല്‍ മക്കയിലേക്ക് എങ്ങനെ പ്രവേശിക്കും എന്ന് പോലും അവര്‍ക്ക് അറിയുമായിരുന്നില്ല.

''അവര്‍ അല്ലാഹുവോടും അവന്റെ ദൂതനോടും എതിര്‍ത്തു നിന്നതിന്റെ ഫലമത്രെ അത്. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും എതിര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. അതാ അതു നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്ക് തന്നെയാണ് നരകശിക്ഷ എന്ന് (മനസ്സിലാക്കുകയും ചെയ്യുക)'' (അല്‍ അന്‍ഫാല്‍: 13,14).

ഏതാണ്ട് ഉച്ചയോടെത്തന്നെ ബദ്‌റിന്റ മൈതാനം ക്വുറൈശീ കുഫ്ഫാറുകളില്‍ നിന്നും മുക്തമായി. കൊല്ലപ്പെടുകയോ ബന്ദികളാക്കപ്പെടുകയോ ചെയ്യാത്ത മുശ്‌രിക്കുകള്‍ നിന്ദ്യതയോടെ, അപമാനത്തോടെ മക്കയിലേക്ക് തിരിച്ചുപോയി.

''നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം'' (ആലുഇംറാന്‍: 123).

14 പേരാണ് ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിംകളില്‍ നിന്നും രക്തസാക്ഷികളായത്. ആറ് മുഹാജിറുകളും എട്ട് അന്‍സ്വാറുകളും ആയിരുന്നു അവര്‍. ബദ്‌റിന്റെ മൈതാനത്തില്‍ അവര്‍ മരിച്ചു വീണ സ്ഥലങ്ങളില്‍ തന്നെ അവരെ മറമാടുകയും ചെയ്തു.

''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു. അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്കു നല്‍കിയതുകൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ (ഇഹലോകത്ത്) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്‍ത്ത് അവര്‍ (ആ രക്തസാക്ഷികള്‍) സന്തോഷമടയുന്നു'' (ആലുഇംറാന്‍: 169,170).