ബന്ധങ്ങള്‍ നിലനിര്‍ത്തുക

ശമീര്‍ മദീനി

2019 മാര്‍ച്ച് 08 1440 റജബ് 02
''സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം'' (ക്വുര്‍ആന്‍ 49:10)

തിരക്ക് ആധുനികതയുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. സൗകര്യങ്ങള്‍ അധികരിക്കുമ്പോഴും തിരക്കുകള്‍ കുറയുന്നില്ല. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഉറ്റവരെയും ഉടയവരെയും ഓര്‍ക്കാന്‍ പോലും പലര്‍ക്കും സമയമില്ലാതായിരിക്കുന്നു.

ആദര്‍ശബന്ധം, രക്തബന്ധം, വിവാഹബന്ധം, അയല്‍പക്കബന്ധം എന്നിവയൊക്കെ ഇസ്‌ലാം പരിഗണിച്ച ബന്ധങ്ങളാണ്. അവ കാത്തുസൂക്ഷിക്കുവാന്‍ വിശ്വാസികള്‍ പ്രത്യേകം നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. അവ തകര്‍ന്നുപോകാതിരിക്കാനുള്ള നിരവധി ഉപദേശനിര്‍ദേശങ്ങളും നബി ﷺയുടെ അധ്യാപനങ്ങളില്‍ കാണാവുന്നതാണ്.

പിണക്കത്തിനും ഛിദ്രതക്കും കാരണമാകുന്ന ഊഹാപോഹങ്ങള്‍ കയ്യൊഴിക്കുവാനും തിന്മയെ നന്മകൊണ്ട് നേരിടുവാനും ഇസ്‌ലാം നിര്‍ദേശിക്കുന്നു. അല്ലാഹു പറയുന്നു: 'നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ(നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല''(ക്വുര്‍ആന്‍ 41:34,35). 

ദൈവിക നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തുന്നതില്‍ കണിശത പാലിക്കുന്നവരായിരുന്നു മുഹമ്മദ് നബി ﷺയുടെ അനുചരന്മാര്‍. മഹാനായ അബൂബക്ര്‍(റ)വിന്റെ  ജീവിതത്തിലെ ഒരു സംഭവം അത്തരം മഹനീയ മാതൃകക്കൊരു ഉദാഹരണമാണ്. 

അബൂബക്ര്‍(റ)വിന്റെ ചെലവില്‍ കഴിയുന്ന ഒരാളായിരുന്നു മിസ്ത്വഹ്(റ). കപടവിശ്വാസികള്‍ പ്രവാചക പത്‌നിയും അബൂബക്ര്‍(റ)വിന്റെ മകളുമായിരുന്ന മഹതി ആഇശ(റ)യെ സംബന്ധിച്ച് അപവാദം പറഞ്ഞു പ്രചരിപ്പിച്ചപ്പോള്‍ നിജസ്ഥിതി അറിയാതെ ആ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ മിസ്ത്വഹ്(റ)വും പങ്കുചേര്‍ന്നുപോയി. ഏതൊരു പിതാവിനുമുണ്ടാകുന്ന രോഷവും വേദനയും അബൂബക്ര്‍(റ)വിനെയും പിടികൂടി. തന്റെ ചെലവ് പറ്റി ജീവിക്കുന്ന മിസ്ത്വഹിന് ഇനിമുതല്‍ യാതൊന്നും നല്‍കുകയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ സമയത്താണ് അല്ലാഹൂ താഴെ കൊടുക്കുന്ന സൂക്തം അവതരിപ്പിച്ചത്:

''നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'' (ക്വുര്‍ആന്‍ 24:22).  

''മാപ്പുകൊടുക്കുക അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?'' എന്ന വചനം കേള്‍ക്കേണ്ട താമസം അബൂബക്ര്‍(റ) തന്റെ പ്രഖ്യാപനം പിന്‍വലിച്ചു. മിസ്ത്വഹ്(റ)വിനുള്ള സഹായങ്ങള്‍ പുനഃസ്ഥാപിച്ചു. 

ഇത്തരം മഹനീയ മാതൃകകള്‍ ഉള്‍ക്കൊണ്ട് സഹജീവികളോട് വിട്ടുവീഴ്ച ചെയ്ത് റബ്ബിന്റെ വീട്ടുവീഴ്ചക്കുള്ള അര്‍ഹത നേടുക. പിണക്കങ്ങള്‍ ഉള്ളുതുറന്ന് സംസാരിച്ച് തിരുത്തുക. പരിഹരിക്കുക. ദുഷിച്ച ചിന്തകള്‍ മനസ്സില്‍ നിന്ന് പിഴുതുമാറ്റുക. സ്‌നേഹവും സാഹോദര്യവുമുള്ള മനസ്സിലാണ് രക്ഷിതാവിന്റെ കാരുണ്യം വര്‍ഷിക്കപ്പെടുക.