അവഗണിക്കപ്പെടുന്ന മാതാപിതാക്കള്‍

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി

2019 ഡിസംബര്‍ 28 1441 ജുമാദല്‍ അവ്വല്‍ 2

വൃദ്ധരായ മാതാപിതാക്കള്‍ അവഗണിക്കപ്പെടുന്നു എന്നത് ഇന്ന് ലോകം അനുഭവിക്കുന്ന വലിയൊരു പ്രശ്‌നമാണ്. വിദേശ രാജ്യങ്ങളില്‍ മാത്രമല്ല നമ്മുടെ നാട്ടിലും വൃദ്ധസദനങ്ങള്‍ അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. വയസ്സായ, ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കള്‍ പാര്‍പ്പിക്കപ്പെടുന്ന സ്ഥലമാണ് വൃദ്ധസദനം. അവിടെ, ഉപേക്ഷിക്കപ്പെട്ടവരായി കണ്ടെത്തപ്പെടുന്നവരെ താമസിപ്പിക്കുന്നു. ചിലരെ മക്കള്‍ തന്നെ കൊണ്ടുപോയി ആക്കുന്നു. ആരാരുമില്ലാത്തവര്‍ക്ക് വൃദ്ധസദനം ആശ്വാസകരം തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സമ്പത്തും ആരോഗ്യവുമുള്ള മക്കള്‍ ഒരു ശല്യമൊഴിവാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം വൃദ്ധമാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ കൊണ്ടുപോയി തള്ളുന്നതിനെ എങ്ങനെ ന്യായീകരിക്കാനാവും?

എന്ത് സന്ദേശമാണ് യഥാര്‍ഥത്തില്‍ വൃദ്ധസദനങ്ങള്‍ ലോകത്തിനു നല്‍കുന്നത്? വൃദ്ധരായ മാതാപിതാക്കള്‍ പുതുതലമുറയാല്‍ അവഗണിക്കപ്പെടുന്നു എന്ന, ഒരു വലിയ ഭീതിനിറഞ്ഞ സന്ദേശമാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത്. റെയില്‍വേസ്‌റ്റേഷനുകളിലും ബസ് സ്‌റ്റോപ്പുകളിലും സ്റ്റാന്റുകളിലും തെരുവോരങ്ങളിലും അങ്ങാടികളിലും ഹോസ്പിറ്റലുകളിലും മറ്റുമെല്ലാം വൃദ്ധമാതാപിതാക്കളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നതായി നിത്യേന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു.

പ്രയാസപ്പെട്ട് ഗര്‍ഭം ചുമന്ന്, ഏറെ പ്രയാസം സഹിച്ച് പ്രസവിച്ച്, അതിലേറെ പ്രയാസം സഹിച്ച് മുലയൂട്ടി പോറ്റിവളര്‍ത്തിയ മാതാവിനെ പാഴ്‌വസ്തുവായി ഉപേക്ഷിക്കുവാന്‍ എങ്ങനെയാണ് മക്കള്‍ക്ക് കഴിയുന്നത്?

തന്റെ മക്കള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും ഒരുക്കാന്‍, അവരെ പഠിപ്പിച്ച് ഉന്നതിയിലെത്തിക്കുവാന്‍ വേണ്ടി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കഠിനമായി അധ്വാനിച്ച് ജീവിതം തള്ളിനീക്കിയ വൃദ്ധനായ പിതാവിനെ ഉപേക്ഷിക്കുവാന്‍ എങ്ങനെയാണ് മക്കള്‍ക്ക് കരളുറപ്പുണ്ടാകുന്നത്?

ആരാണ് മാതാപിതാക്കള്‍ എന്നോ അവരോടുള്ള കടപ്പാടുകള്‍ എന്താണെന്നോ മനസ്സിലാക്കാത്ത ഒരുസമൂഹം വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നല്ലേ ഇതെല്ലാം വ്യക്തമാക്കുന്നത്? ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുവാന്‍ ആര്‍ക്കാണ് കഴിയുക? മുട്ട വിരിഞ്ഞ് കോഴിക്കുഞ്ഞുങ്ങള്‍ പുറത്തുവന്നാല്‍ ആ കുഞ്ഞുങ്ങള്‍ക്ക് മുട്ടത്തോടിനോട് വിധേയത്വമൊന്നും ഇല്ലാത്തതുപോലെ മക്കള്‍ക്ക് മാതാപിതാക്കളോട് കടപ്പാടൊന്നുമില്ല എന്ന് പറയുന്ന ഭൗതികവാദികള്‍ക്ക് മാത്രമെ ഇതില്‍ വേദന തോന്നാതിരിക്കൂ.

ഈ പ്രശ്‌നത്തിനുള്ള സുവ്യക്തവും ശക്തവുമായ പരിഹാരം വിശുദ്ധ ക്വുര്‍ആനില്‍ നമുക്ക് കാണാന്‍ സാധിക്കും:

''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. 'എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ' എന്ന് നീ പറയുകയും ചെയ്യുക.'' (17:23,24).

എത്ര മഹത്തായസന്ദേശം! എത്ര സുന്ദരമായ പാഠങ്ങളാണ് ഈ മഹത്തായ വേദഗ്രന്ഥം നമ്മുടെ മുന്നില്‍ സമര്‍പ്പിക്കുന്നത്! ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം തീര്‍ച്ചയായും ഈ വചനങ്ങളിലുണ്ട്.

നിനക്ക് ഒരു രക്ഷിതാവ് ഉണ്ട്; അവനെ മാത്രമാണ് ആരാധിക്കേണ്ടത് എന്ന ബോധം ഈ വചനം ആദ്യം നമ്മിലുണ്ടാക്കുന്നു. അങ്ങനെയൊരു ദൈവത്തെക്കുറിച്ചുള്ള ചിന്തയില്ലാത്തവന് മാതാപിതാക്കളെ ആത്മാര്‍ഥമായി സ്‌നേഹിക്കാന്‍ കഴിയില്ല. തന്നെയും ഈ പ്രപഞ്ചത്തെയും സൃഷ്ടിച്ച് പരിപാലിക്കുന്ന ഒരു രക്ഷിതാവില്‍ വിശ്വാസമില്ലാത്തവന് ധാര്‍മികതയെകുറിച്ച് ചിന്തിക്കേണ്ട എന്തെങ്കിലും ആവശ്യമുണ്ടോ?

എത്ര കഷ്ടപ്പെട്ടാണ്, എത്ര പ്രയാസപ്പെട്ടാണ്, എത്ര കണ്ണുനീര്‍കുടിച്ചാണ് അവര്‍ മക്കളെ പോറ്റിവളര്‍ത്തിയിട്ടുള്ളത്! ഒരാളുടെ മനസ്സില്‍ നിന്നും ഈ ചിന്തകള്‍ മാഞ്ഞുപോവാന്‍ പാടില്ല. അതുകൊണ്ട് തന്നെ 'ഛെ' എന്ന വെറുപ്പിന്റെ ഒരു വാക്കുപോലും നിങ്ങള്‍ അവരോട് പറയരുത്. അവര്‍ വൃദ്ധരായി നിങ്ങളുടെ അടുക്കല്‍ ഉണ്ടാകുമ്പോള്‍ അവര്‍ ഒരു ഭാരമായി നിങ്ങള്‍ക്കോ നിങ്ങളുടെ ഭാര്യമാര്‍ക്കോ മക്കള്‍ക്കോ തോന്നരുത്. അതുകൊണ്ട് തന്നെ വളരെ മാന്യമായി നിങ്ങള്‍ അവരോട് സംസാരിക്കണം. ഒരു കാരണവശാലും നിങ്ങളവരെ കയ്യൊഴിയാന്‍ പാടില്ല. ഒരുതള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ മറ്റു ജീവികളുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുവാന്‍ വേണ്ടി തന്റെ ചിറകുകളില്‍ ഒളിപ്പിക്കുന്നത് പോലെ നിങ്ങളുടെ മാതാപിതാക്കളെ നിങ്ങളോട് ചേര്‍ത്തുപിടിക്കുക. എന്നിട്ട് സര്‍വശക്തനായ നാഥനോട് ഹൃദയം തുറന്ന് അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക. ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ അവര്‍ എന്നോട് കാരുണ്യം കാണിച്ചതു പോലെ അവരോട് നീ കാരുണ്യം കാണിക്കേണമേ നാഥാ എന്ന്.

മാതാപിതാക്കള്‍ തങ്ങളെ കുഞ്ഞുനാളില്‍ പോറ്റിവളര്‍ത്തുമ്പോള്‍ കാണിച്ച ആ കാരുണ്യത്തിന്റെ അളവ് തിരിച്ചറിയുന്നവര്‍ക്ക് മാത്രമെ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ കഴിയൂ. ശരിയായ ഒരു ആദര്‍ശത്തിന്റെ പിന്‍ബലം ഉള്ളവര്‍ക്കു മാത്രമെ ഈയൊരു നിലപാട് ജീവിതത്തില്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്ന ഈ പാഠം ഉള്‍ക്കൊണ്ടും പ്രചരിപ്പിച്ചും മുന്നേറുക.