പെരുമാറ്റം നന്നാക്കിയാല്‍ ദാമ്പത്യം ഇമ്പമുള്ളതാകും

സിറാജുല്‍ðഇസ്‌ലാം ബാലുശ്ശേരി

2019 ഡിസംബര്‍ 21 1441 റബിഉല്‍ ആഖിര്‍ 24

ജിവിതത്തിന് ഏറെ ആനന്ദവും സന്തോഷവും പ്രദാനം ചെയ്യുന്ന സംവിധാനമാണ് കുടുംബ ജീവിതം. കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതാണ് കുടുംബം എന്ന് പറയാറുണ്ട്. മനുഷ്യജീവിതത്തിലെ ഏറെ  ആഹ്ലാദം നിറഞ്ഞ ഒരു ജീവിത കാലഘട്ടമാണ് ദാമ്പത്യജീവിതം സമ്മാനിക്കുന്നത്.

എന്നാല്‍ ഏറെ സന്തോഷം നല്‍കുന്ന വൈവാഹിക ജീവിതം തന്നെ പലപ്പോഴും പലര്‍ക്കും ജീവിതത്തിലെ വലിയ ഭാരമായും ദുഃഖ ഹേതുവുമായി മാറാറുണ്ട്. ജീവിതത്തിലെ വലിയ ഒരു പ്രതിസന്ധിയായി അത് പരിണമിക്കാറുമുണ്ട്. എന്താണ് അതിനുള്ള പ്രധാനപ്പെട്ട കാരണം? കാരണങ്ങളിലൊന്ന് ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരോടും ഭാര്യമാര്‍ ഭര്‍ത്താക്കന്മാരോടും മോശമായി പെരുമാറുന്നു എന്നതാണ്. കാരണങ്ങള്‍ എമ്പാടുമുണ്ട്. പക്ഷേ, വളരെ പ്രധാനപ്പെട്ട ഒരു കാരണം പരസ്പരമുള്ള പെരുമാറ്റത്തിലുള്ള ദൂഷ്യമാണ്. ഈ പ്രശ്‌നത്തിനുള്ള ഏറ്റവും ശരിയായ പരിഹാരമാര്‍ഗം പരിശുദ്ധ ക്വുര്‍ആന്‍ നിര്‍ദേശിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും:

''നിങ്ങള്‍ അവരോട് ഏറ്റവും നല്ല രൂപത്തില്‍ പെരുമാറുക. ഇനി നിങ്ങള്‍ അവരെ വെറുക്കുകയാണെങ്കില്‍, നിങ്ങള്‍ ഒരു കാര്യത്തെ വെറുക്കുകയും അതേ കാര്യത്തില്‍ അല്ലാഹു ധാരാളം നന്മകള്‍ സ്ഥാപിക്കുകയും ചെയ്‌തേക്കാം'' (ക്വുര്‍ആന്‍ 4:19).

ഏറ്റവും നല്ല രീതിയില്‍, നിങ്ങള്‍ നിങ്ങളുടെ ഇണകളോട് പെരുമാറണം എന്നാണ് ഈ വചനത്തിലൂടെ അല്ലാഹു മുസ്‌ലിംകളോട് പറയുന്നത്. ചിലപ്പോള്‍ നിങ്ങള്‍ക്ക് അവരോട് എന്തെങ്കിലും കാരണംകൊണ്ട് വെറുപ്പ് തോന്നിയേക്കാം. എന്നാല്‍ അറിയുക; നിങ്ങള്‍ ആ വെറുക്കുന്ന കാര്യത്തില്‍ ഒരു പക്ഷേ, അല്ലാഹു ധാരാളം നന്മകള്‍ ഉണ്ടാക്കിയേക്കാം. അത് നിങ്ങള്‍ക്ക് അറിയില്ല. നല്ല സ്വഭാവം ഭാര്യയില്‍ നിന്ന് ഉണ്ടാകാം. ചിലപ്പോള്‍ മോശമായ, നമുക്ക് ഇഷ്ടപ്പെടാത്ത സ്വഭാവവും ഉണ്ടാകാം. ഏത് മനുഷ്യനാണ് തെറ്റു പറ്റാത്തവനായുള്ളത്? ഏത് മനുഷ്യനിലാണ് പൂര്‍ണതയുള്ളത്? ആര്‍ക്കും പരിപൂര്‍ണനാകാന്‍ കഴിയില്ല; മഹാന്മാരായ പ്രവാചകന്മാര്‍ക്കല്ലാതെ. സ്വഭാവത്തിലും പെരുമാറ്റത്തിലും സംസാരത്തിലുെമല്ലാം ഇഷ്ടമില്ലാത്തത് കണ്ടേക്കാം. നമുക്ക് ഇഷ്ടമുള്ളത് മാത്രം ഇണയില്‍നിന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ല. അത് അസാധ്യമാണ്. അതെല്ലാം പരിഗണിച്ചുകൊണ്ടും സഹിച്ചുകൊണ്ടും നല്ല രൂപത്തിലുള്ള സഹകരണമാണ് വൈവാഹിക ജീവിതത്തില്‍ വേണ്ടത്.

അല്ലാഹു പറയുന്നു: ''സ്ത്രീകള്‍ക്ക് ബാധ്യതകള്‍ ഉള്ളത് പോലെ തന്നെ അവര്‍ക്ക് മാന്യമായ അവകാശങ്ങളുമുണ്ട്'' (2:228).

എന്താണ് ഈ വചനത്തില്‍ പറയുന്നത്? എനിക്ക് എന്റെ ഭാര്യയില്‍ നിന്ന് ചില അവകാശങ്ങള്‍ ലഭിക്കേണ്ടതു പോലെത്തന്നെ അവള്‍ക്ക് ഞാന്‍ നല്‍കേണ്ടതായ ചില അവകാശങ്ങളുണ്ട്. ഇതേ ചിന്ത ഭാര്യക്കും ഉണ്ടായാല്‍ ആ ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും.

വിശുദ്ധ ക്വുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ഉന്നതമായ ഈ പാഠങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പകര്‍ത്താന്‍ നാം തയ്യാറായാല്‍ കുടുംബജീവിതം മനോഹരമാക്കിത്തീര്‍ക്കാന്‍ നമുക്ക് സാധിക്കും. ദാമ്പത്യജീവിതത്തിന്റെ ഇഴയടുപ്പത്തിനും സുഗമമായ മുന്നോട്ടു പോക്കിനും സഹായിക്കുന്ന ഒരു പ്രവാചക വചനമുണ്ട്; ലോകത്തെ പുരുഷന്മാരെല്ലാം അത് ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിച്ചുപോകുന്ന വചനം:  ''നിങ്ങളില്‍ ഏറ്റവും മാന്യന്‍ സ്വന്തം ഭാര്യയോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്.''

ഭാര്യയോട് കടിച്ചുകീറുന്ന സ്വഭാവം കാണിക്കുകയും എന്നാല്‍ മറ്റുള്ളവരോട്, വിശിഷ്യാ മറ്റുള്ള സ്ത്രീകളോട് ഏറ്റവും മാന്യമായി സംസാരിക്കുകയും ചെയ്യുന്ന ചിലരുണ്ട്. സമൂഹത്തില്‍ മാന്യമായി പെരുമാറുന്ന, സ്വന്തം ഭാര്യയോട് അമാന്യമായി പെരുമാറുന്ന വ്യക്തി മാന്യനല്ല ഇസ്‌ലാമിക ദൃഷ്ടിയില്‍ എന്ന് സാരം.