ഈ പരീക്ഷണത്തെയും നാം അതിജയിക്കും

മുഖമൊഴി

2019 ഡിസംബര്‍ 28 1441 ജുമാദല്‍ അവ്വല്‍ 2

ഇന്ത്യ ഇന്ന് വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ഏറ്റവും വലിയ സവിശേഷതകള്‍ എന്തെല്ലാമാണോ അതെല്ലാം ഇല്ലാതാക്കാനുള്ള, ഇന്ത്യക്ക് ഒട്ടും പരിചയമില്ലാത്ത പുതിയൊരു മുഖം നല്‍കാനുള്ള തീവ്രശ്രമമാണ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യം, മതനിരപേക്ഷത, വിശ്വാസ സ്വാതന്ത്ര്യം, നാനാത്വത്തില്‍ ഏകത്വം, സമത്വം തുടങ്ങിയവ ഇന്ത്യയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന മുഖങ്ങളാണ്. അവയില്‍ ഓരോന്നും ഘട്ടംഘട്ടമായി ഇല്ലാതാക്കുവാനുള്ള ശ്രമമാണ് കൊണ്ടുപിടിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ മണ്ണില്‍ ജീവിക്കുവാന്‍ മറ്റെല്ലാ മതവിശ്വാസികളെയും പോലെ അര്‍ഹതയുള്ള മുസ്‌ലിംകളെ രണ്ടാംകിടക്കാരായി കണ്ടുകൊണ്ട്, പൗരത്വത്തിന്റെ പേരു പറഞ്ഞ് രാജ്യത്തുള്ള അവരുടെ നിലനില്‍പിനെ ചോദ്യം ചെയ്യുന്ന പുതിയ നിയമങ്ങളില്‍ മുസ്‌ലിംകള്‍ ആശങ്കയിലാണ്. മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല ഇത് എന്ന തിരിച്ചറിവുള്ളതിനാല്‍ മതേതര ചിന്തയുള്ള എല്ലാ മതവിശ്വാസികളും അല്ലാത്തവരും പാര്‍ട്ടികളും ഈ കരിനിയമത്തെ ചെറുത്തു തോല്‍പിക്കാന്‍ സമരമുഖത്ത് സജീവമാണ് എന്നത് ഏറെ ആശ്വാസകരമാണ്.

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇതും ഒരു പരീക്ഷണമാണ്. ഇഹലോക ജീവിതത്തെ തീര്‍ത്തും ഒരു പരീക്ഷണാലയമായിക്കൊണ്ടാണ് വിശ്വാസികള്‍ നോക്കിക്കാണേണ്ടത്. അല്ലാഹു പറയുന്നു: ''കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കുക'' (ക്വുര്‍ആന്‍ 2:155).

ജീവിതത്തിന്റെ ഏത് മേഖലയിലും പരീക്ഷണങ്ങള്‍ ഉണ്ടാവാമെന്ന യാഥാര്‍ഥ്യമാണ് ഈ വചനം നമ്മെ പഠിപ്പിക്കുന്നത്. പ്രത്യക്ഷത്തില്‍ അതെല്ലാം നമുക്ക് പ്രയാസകരമായി അനുഭപ്പെട്ടാലും അതിലെല്ലാം നമുക്ക് ആത്യന്തികമായി നന്മയുണ്ടാകുമെന്ന സത്യം നമ്മള്‍ അംഗീകരിച്ചേ മതിയാകൂ. പരീക്ഷണങ്ങളില്‍ പതറിപ്പോകേണ്ടവരല്ല വിശ്വാസികള്‍. ഒരു പ്രയാസം വരുമ്പോഴേക്ക് സ്രഷ്ടാവിന് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുക എന്നത് വലിയ നന്ദികേടാണ്. എന്തു പ്രതിസന്ധി നേരിട്ടാലും നമുക്ക് സംരക്ഷണം തേടാനുള്ളതും സുരക്ഷ നല്‍കുന്നതും അവന്‍ മാത്രമാണ്. അവനിലാണ് നാം ഭരമേല്‍പിക്കേണ്ടത്.

എത്ര വലിയ പ്രതിസന്ധി നേരിട്ടാലും യഥാര്‍ഥ വിശ്വാസികള്‍ക്ക് അല്ലാഹുവിനെ കുറിച്ച് സദ്വിചാരമല്ലാതെ ഉണ്ടാവുകയില്ല. എത്ര പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നാലും വിശ്വാസികള്‍ക്കതില്‍ സങ്കടമില്ല. കാരണം അല്ലാഹു അവനിഷ്ടപ്പെട്ടവരെ ഏറെ പരീക്ഷങ്ങള്‍ക്ക് വിധേയരാക്കുമെന്ന് നബി ﷺ  അവരെ പഠിപ്പിച്ചിട്ടുണ്ട്. ആ നേതാവിന്റെ അധ്യാപനങ്ങളെ നെഞ്ചോട് ചേര്‍ത്ത് പിടിക്കാന്‍  അവസരം നല്‍കിയ റബ്ബിനെ സന്തോഷത്തോടെ സ്തുതിക്കാനേ അവര്‍ക്ക് സാധിക്കൂ.

അല്ലാഹു താനിഷ്ടപ്പെട്ടവരെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കുമെന്നാണ് നബി ﷺ  നമ്മെ അറിയിക്കുന്നത്. സഅദ്ബ്‌നുഅബീവക്വാസ്(റ) നിവേദനം. നബി ﷺ  പറഞ്ഞു: ''ജനങ്ങളില്‍ ഏറ്റവും കഠിനമായി പരീക്ഷിക്കപ്പെടുന്നത് പ്രവാചകന്‍മാരാണ്. പിന്നെ അതുപോലുള്ളവര്‍. ഒരു മനുഷ്യന്‍ അവന്റെ വിശ്വാസത്തിനനുസൃതമായി പരീക്ഷിക്കപ്പെടും. അവന്റെ വിശ്വാസം സുദൃഢമാണെങ്കില്‍ അവന്റെ പരീക്ഷണം കഠിനമാകും. അവന്റെ വിശ്വാസം ദുര്‍ബലമാണെങ്കില്‍ അവന്റെ വിശ്വാസത്തിന്റെ തോതനുസരിച്ച് അവന്‍ പരീക്ഷിക്കപ്പെടും. ഭൂമിയില്‍ പാപരഹിതനായി നടക്കുന്നതുവരെ ഒരടിമ പരീക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും'' (തിര്‍മിദി).

സ്രഷ്ടാവിന് കീഴൊതുങ്ങി ജീവിക്കുവാന്‍ പരീക്ഷണങ്ങള്‍ വിശ്വാസികളെ പ്രാപ്തരാക്കുന്നു. അല്ലാഹു പറയുന്നു: ''ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങൡ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടു കഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു.'' (അല്‍ഹദീദ് 22,23).

ഏത് തരത്തിലുള്ള പരീക്ഷണത്തിലും അത്യന്തികമായി വിശ്വാസികള്‍ക്ക് നന്മയാണുള്ളതെന്ന തിരിച്ചറിവോടുകൂടി സത്യപാതയില്‍ അടിയുറച്ച് നിന്ന് കാലിടറാതെ മുന്നേറാന്‍ നാം ശ്രമിക്കുക. ഈ പരീക്ഷണത്തെയും നാം അതിജയിക്കുക തന്നെ ചെയ്യും.