അക്രമെത്ത ന്യായീകരിക്കുന്നവന്‍ അക്രമി തന്നെ!

പത്രാധിപർ

2019 മാര്‍ച്ച് 30 1440 റജബ് 23

ന്യൂസീലാന്റില്‍ ഒരു നരാധമന്‍ നടത്തിയ നിഷ്ഠൂരമായ കൊലപാതകങ്ങള്‍ ലോകമനസ്സാക്ഷിയെ ഞെട്ടിച്ചുകളഞ്ഞതാണ്. അതിരുവിട്ട ദേശീയതാവാദവും വംശീയ ചിന്തയും മനുഷ്യനെ എത്രമേല്‍ അക്രമകാരിയാക്കുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണിത്. 

ഈ വാര്‍ത്ത കേട്ടപ്പോള്‍ പല തരത്തില്‍ പ്രതികരിച്ചവരുണ്ട്. ആ കൊലയാളിയുടെ അതേ മനോഭാവമുള്ള ചിലര്‍ നമ്മുടെ നാട്ടിലുമുണ്ടെന്ന പൊള്ളുന്ന യാഥാര്‍ഥ്യം സോഷ്യല്‍ മീഡിയകളിലൂടെയുള്ള ചില കമന്റുകള്‍ കണ്ടപ്പോള്‍ ബോധ്യമായി.  

ഈ കൊലയാളി ഒരു മുസ്‌ലിമല്ല എന്നത് അവരെ വളരെ വേദനിപ്പിച്ചതായി തോന്നുന്നു. അതിന്റെ അരിശം തീര്‍ക്കാനെന്നവണ്ണമായിരുന്നു ചിലരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍. ഐസിസ് എന്ന ഭീകരവാദിക്കൂട്ടായ്മക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലെന്നും അവരുടെ ആക്രമണത്തിന് വിധേയരാകുന്നവരില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ് എന്നതും വ്യക്തമായ യാഥാര്‍ഥ്യമാണ്. എന്നിട്ടും ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നു പറഞ്ഞ് നിരപരാധികളായ വിശ്വാസികളെ വെടിവെച്ചു കൊന്നതിനെ ന്യായീകരിക്കുന്നവരുടെ മനോനിലയെ എന്തിനോടാണ് ഉപമിക്കേണ്ടതെന്നറിയുന്നില്ല.

പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു നീതിമാനാണ്. അല്ലാഹു ഈ ലോകത്തേക്ക് നിയോഗിച്ച അന്തിമ ദൂതന്‍ മുഹമ്മദ് ﷺ  നീതിയുടെ പ്രബോധകനും പ്രയോക്താവുമായിരുന്നു. അല്ലാഹുവിന്റെ മതമായ ഇസ്‌ലാമാകട്ടെ നീതിയുടെയും ശാന്തിയുടെയും മതവുമാണ്. 

യാതൊരുവിധത്തിലുള്ള അക്രമത്തെയും ഇസ്‌ലാം അനുകൂലിക്കുന്നില്ല. വാക്ക്, പ്രവൃത്തി, സമ്പത്ത്, സ്വാധീനം എന്നിവകൊണ്ടൊന്നും ആരെയും ഉപദ്രവിച്ചുകൂടാ. അക്രമികളെ സഹായിക്കാന്‍ നാളെ പരലോകത്ത് ആരും ഉണ്ടായിരിക്കുന്നതല്ല എന്നത് ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.

'''...അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല'' (ക്വുര്‍ആന്‍ 40:18). ''...അക്രമകാരികള്‍ക്ക് യാതൊരു സഹായിയും ഇല്ല'' (22:71).

അല്ലാഹു പറഞ്ഞതായി നബി ﷺ  പറയുന്നു: ''എന്റെ ദാസന്മാരേ, ഞാന്‍ എന്റെ മേല്‍ അക്രമം നിഷിദ്ധമാക്കിയിരിക്കുന്ന. നിങ്ങള്‍ക്കിടയിലും ഞാന്‍ അക്രമം നിഷിദ്ധമാക്കിയിരിക്കുനു. അതിനാല്‍ നിങ്ങള്‍ പരസ്പരം അക്രമം കാണിക്കരുത്'' (മുസ്‌ലിം).

അക്രമവും അനീതിയും ആരോടു കാണിച്ചാലും അത് അക്രമവും അനീതിയും തന്നെയാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതില്‍ മത,വര്‍ഗ,വര്‍ണ, രാജ്യ ഭേദമില്ല. 

നബി ﷺ  പറഞ്ഞു: ''മര്‍ദിതന്റെ പ്രാര്‍ഥന നീ സൂക്ഷിക്കുക. കാരണം അതിന്റെയും അല്ലാഹുവിന്റെയും ഇടയില്‍ യാതൊരു മറയുമില്ല'' (ബുഖാരി, മുസ്‌ലിം).

അന്യായമായി ഏത് നിലയില്‍ ഉപദ്രവിക്കപ്പെടുന്നവനും മര്‍ദിതനാണ്. അവന്റെ പ്രാര്‍ഥന സ്രഷ്ടാവ് തള്ളിക്കളയില്ല. ഈ ബോധമുള്ള ഒരു സത്യവിശ്വാസിക്ക് നിരപരാധികളെ കൊല്ലാന്‍ എന്നല്ല വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും വേദനിപ്പിക്കാന്‍ കഴിയില്ല.