വാളയാറന്‍ കാറ്റിലെ അനീതിയുടെ ദുര്‍ഗന്ധം

പത്രാധിപർ

2019 നവംബര്‍ 09 1441 റബിഉല്‍ അവ്വല്‍ 12

'കൊന്നവരെയെല്ലാം

സുഖവാസത്തിനയച്ച്

ഹാഷ്ടാഗിനു കീഴെ

നമുക്കവളെ തൂക്കിയിടാം.

കോടതി വരാന്തകളില്‍

നീതിയെ തൂക്കിലേറ്റി,

കാപാലികരെ ആദരിച്ച്

നമുക്ക് പുളകിതരാവാം'

വാളയാറില്‍ അതിക്രൂരമായി ലൈംഗിക പീഡനത്തിനിരകളായ, ഒടുവില്‍ ദുരൂഹമായ രീതിയില്‍ മരണപ്പെട്ട സഹോദരിമാരായ രണ്ട് ബാലികമാര്‍ മലയാളനാടിന്റെ ഇടനെഞ്ചിലെ വേദനയാണ്. അവരെ പിച്ചിച്ചീന്തിയ കാപാലികര്‍ക്ക് കഴുമരം കിട്ടുമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് തെളിവില്ലെന്നു പറഞ്ഞ് ആ പ്രതികളെ വെറുതെ വിട്ട് കോടതി ഞെട്ടിച്ചുകളഞ്ഞിരിക്കുന്നത്.

ഇത് തികഞ്ഞ നീതിനിഷേധമാണെന്ന് പറയാതിരിക്കാനാവില്ല. കോടതി പ്രതികളെ വെറുതെ വിടാന്‍ കാരണം തെളിവിന്റെ അഭാവമാണത്രെ. വ്യക്തമായ തെളിവുകളും സാക്ഷികളുമുണ്ടായിട്ടും കോടതിയില്‍ അവ സമര്‍പ്പിക്കാനോ ബോധിപ്പിക്കാനോ പൊലീസിന് കഴിയാത്തതാണ് കാരണം. മകളെ പീഡിപ്പിക്കുന്നത് കണ്ടുവെന്ന് മരിച്ച പെണ്‍കുട്ടിയുെട അമ്മ പൊലീസിന് മൊഴി നല്‍കിയതാണ്. പെണ്‍കുട്ടികള്‍ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിേപ്പാര്‍ട്ടില്‍ അസന്ദിഗ്ധമായി പ്രസ്താവിച്ചിട്ടുമുണ്ട്.

'അച്ഛനോടും അമ്മയോടും പറഞ്ഞാല്‍ മാമന്‍ കൊല്ലുമെന്ന് അവള്‍ പറഞ്ഞു. അങ്ങനെ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് അവള്‍ പറയാതിരുന്നത്. എന്നെ കണ്ടപ്പോള്‍ അവളെല്ലാം തുറന്നു പറഞ്ഞിരുന്നു. മകള്‍ മരിച്ചദിവസവും കേസിലെ പ്രതി മധു വീട്ടില്‍ വന്നിരുന്നു. ഇക്കാര്യമെല്ലാം താന്‍ കോടതി മുമ്പാകെയും അനേ്വഷണസംഘം മുമ്പാകെയും നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു' എന്ന് കുട്ടികളുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞതായും അറിയുന്നു.

ബാലികമാരെ പീഡിപ്പിച്ച പ്രതികള്‍ക്കുവേണ്ടി വാദിച്ചിരുന്ന വ്യക്തിയെ ജില്ലയിലെ ശിശുക്ഷേമ സമിതിയുടെ ചെയര്‍മാനാക്കിയ വാര്‍ത്ത ചിരിക്ക് വകനല്‍കുന്നു. കോഴിക്കുഞ്ഞുങ്ങള്‍ക്ക് കാവലായി കുറുക്കനെ നിയമിച്ചുവെന്ന് കേട്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും!

കേരളത്തിലെ പൊലീസ് സേന കരുത്തും കഴിവുമുള്ളതാണ്. വേണമെന്ന് വിചാരിച്ചാല്‍ എത്ര സങ്കീര്‍ണമായ കേസിനും തുമ്പുണ്ടാക്കാനും പ്രതികളെ പിടികൂടാനും നമ്മുടെ പൊലീസ് സേനക്ക് കഴിയുമെന്നതില്‍ സംശയമില്ല. ചൂണ്ടിക്കാണിക്കാന്‍ ഒട്ടേറെ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്.

കള്ളന്മാര്‍ക്കും കൊലപാതകികള്‍ക്കും പീഡനവീരന്‍മാര്‍ക്കും േവണ്ടി രാഷ്ട്രീയ നേതാക്കള്‍ ഇടപെടുന്നതാണ് നമ്മുെട നാടിന്റെ ശാപം. 'മുകളില്‍നിന്നുള്ള' സമ്മര്‍ദം തെല്ലൊന്നുമല്ല പൊലീസുകാരെ വലയ്ക്കുന്നത്. മേലാളന്മാരുടെ ഉത്തരവ് അനുസരിക്കാതിരുന്നാലുള്ള ഭവിഷത്തോര്‍ത്ത് 'ശരി സര്‍' എന്നു പറയേണ്ട ഗതികേടിലാണവര്‍. അവരെ സ്വതന്ത്രരായി അവരുടെ ജോലി ചെയ്യാന്‍ വിട്ടാല്‍ കുറ്റവാളികള്‍ പിടിക്കപ്പെടും. രക്ഷപ്പെടാന്‍ പഴുതില്ലാത്തവിധം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യും. കുരങ്ങിന്റെ അരയില്‍ കയറുകെട്ടി ഓടെടാ ചാടെടാ കുഞ്ചിരാമാ എന്ന് യജമാനന്‍ പറയുമ്പോള്‍ ചാടിക്കളിക്കുന്ന കുരങ്ങിനെ പോലെ രാഷ്ട്രീയക്കാരുടെ കൈകളിലെ കുഞ്ചിരാമന്മാരായി പൊലീസുകാര്‍ മാറരുത്. എങ്കില്‍ കുറ്റവാളികള്‍ ഇവിടെ അരങ്ങുവാഴില്ല. നീതിബോധമുള്ള ഭരണാധികാരികളും ഇച്ഛാശക്തിയുള്ള പൊലീസുകാരുമാണ് ഇന്നിന്റെ ആവശ്യം.