വൃദ്ധമാതാപിതാക്കള്‍ക്ക് തണലാവുക

പത്രാധിപർ

2019 മാര്‍ച്ച് 16 1440 റജബ് 11

ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്താണ്? ഉയര്‍ന്ന വിദ്യാഭ്യാസം? ഉന്നത ജോലി? അളവറ്റ ധനം? നല്ല വീടും വാഹനവും? നല്ല ഇണ? ഒരേ സമയം ഇങ്ങനെ ഒരുപാട് ഉത്തരങ്ങള്‍ മാറിമാറി മനസ്സില്‍ കടന്നുവരാന്‍ സാധ്യതയുള്ള ചോദ്യമാണിത്. 

എന്നാല്‍ മാതാപിതാക്കളുടെ തൃപ്തിയും സ്‌നേഹവും കൈവരിക്കുന്ന നല്ല മക്കളാവുക എന്നത് ജീവിതത്തിലെ അനര്‍ഘ സൗഭാഗ്യമാണ്. നമ്മെ വളര്‍ത്തി വലുതാക്കിയ മാതാവിന്റെയും പിതാവിന്റെയും കൂടെ അവരുടെ വാര്‍ധക്യത്തില്‍  കുറച്ചു കാലമെങ്കിലും ജീവിക്കാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല.       

 നല്ല മക്കളാവുക... ആര്‍ക്കൊക്കെ കഴിയും ഇങ്ങനെ ആയിത്തീരാന്‍? ജീവിതത്തില്‍ സംതൃപ്തിയും സന്തോഷവും ആഗ്രഹിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമായ ഒരു കാര്യമാണ് ഇത്. നമ്മളെല്ലാവരും ജീവിതായോധനത്തിന്റെ ഭാഗമായി സമൂഹത്തിന്റെവ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ദൈനംദിന ജീവിതത്തില്‍ ഇടപെടുന്ന പലരുടെയും ഇഷ്ടവും സ്‌നേഹവും നേടിയെടുക്കാന്‍ പെടാപാട് പെടുന്ന ധാരാളമാളുകളെ നാം കാണാറുണ്ട്.

ഒരേസമയം നേതാക്കളുടെയും അണികളുടെയും സ്‌നേഹം പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍. മേലുദ്യോഗസ്ഥന്റെ പ്രശംസ കിട്ടാന്‍ അധ്വാനിക്കുന്ന കീഴ്ജീവനക്കാരന്‍. തൊഴിലുടമയുടെ തൃപ്തി കൈവരിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളി. ഉപഭോക്താവിന്റെ സ്‌നേഹം കിട്ടാന്‍ മുഖത്ത് ഫിറ്റ് ചെയ്ത പുഞ്ചിരിയുമായി കാത്തുനില്‍ക്കുന്ന സേവന ദാതാവ്, അങ്ങനെയങ്ങനെ... നീണ്ടുപോകുന്നു ആ പട്ടിക! ഭൗതിക ജീവിതത്തിലെ നിസ്സാരമായ നേട്ടങ്ങള്‍ക്കു വേണ്ടി അത്യധ്വാനം ചെയ്യുന്ന നാം പലപ്പോഴും സ്വന്തം മാതാപിതാക്കളുടെ കാര്യത്തില്‍ പരാജയപ്പെട്ടുപോകുന്നു എന്നത് ഏറെ ഖേദകരമാണ്. പലരും വിചാരിക്കുന്നത് മാതാപിതാക്കള്‍ക്ക് യഥേഷ്ടം പണവും ഭേദപ്പെട്ട ചികിത്സയും ഉയര്‍ന്ന ജീവിത നിലവാരവും നല്‍കിയാല്‍ എല്ലാമായി എന്നാണ്.

നാം സമയാസമയങ്ങളില്‍ എറിഞ്ഞുകൊടുക്കുന്ന നോട്ടുകെട്ടുകള്‍ കൊണ്ട് തിട്ടപ്പെടുത്താവുന്നതല്ല അവര്‍ നമുക്ക് യാതൊരു ലാഭേഛയുമില്ലാതെ നല്‍കിയ സ്‌നേഹവും പരിചരണവും. പ്രശസ്തമായ ആശുപത്രിയില്‍ ചികിത്സ ഏര്‍പ്പാടു ചെയ്ത് വല്ലപ്പോഴുമുള്ള ഫോണ്‍ വിളികളില്‍ മാത്രം ഒതുങ്ങുന്ന കുശലാന്വേഷണങ്ങള്‍ കൊണ്ട് അവരുടെ സ്‌നേഹമല്ല, മറിച്ച് വെറുപ്പും അകല്‍ച്ചയുമാണ് നമുക്ക് നേടിയെടുക്കാനാവുക. ഇവിടെയാണ് അവരും നമ്മളും തമ്മിലുള്ള കൃത്യമായ രണ്ടു വ്യത്യാസങ്ങള്‍ പ്രകടമാവുന്നത്. ഒന്ന്, നമ്മള്‍ എല്ലാറ്റിനും കണക്കുവെക്കുന്നു എന്നതാണ്. രണ്ട്, നാം അവര്‍ക്കു വേണ്ടി ചെയ്യുമ്പോള്‍; കുറച്ചുകാലത്തേക്കു വേണ്ടി മാത്രം ചെയ്താല്‍ മതി, അവര്‍ അധിക കാലം ജീവിച്ചിരിക്കില്ല എന്ന പ്രതീക്ഷയാണ് നമ്മുടെ ഉള്ളിലുള്ളത്.

വളരെ വേദനയോടെ നാം തിരിച്ചറിയേണ്ട ഒരു കാര്യം, അവര്‍ക്ക് ഈ രണ്ടു വിചാരവും ഉണ്ടായിരുന്നില്ല എന്നതാണ്. വളരെ മോശമായ ഭൗതിക സാഹചര്യങ്ങളോട് പടവെട്ടി പാടുപെട്ട് നമ്മെ നാമാക്കി മാറ്റാന്‍ നീണ്ട വര്‍ഷങ്ങള്‍ കഠിനാധ്വാനം ചെയ്ത അവര്‍, നാം എത്ര കുത്തിനോവിച്ചാലും ചെയ്ത ത്യാഗങ്ങളുടെ കണക്ക് പറയില്ല! നാം അധിക കാലം ജീവിച്ചിരിക്കില്ല എന്നു ചിന്തിക്കാന്‍ പോലും അവര്‍ക്ക് കഴിയുമായിരുന്നില്ല.

ഇവിടെയാണ് നമ്മുടെ ചില തീരുമാനങ്ങള്‍ പ്രസക്തമാകുന്നത്. ആദ്യം നാം പരിശോധിക്കേണ്ടത്, വാര്‍ധക്യത്തിന്റെ അവശതയില്‍ എത്തിനില്‍ക്കുന്ന നമ്മുടെ മാതാപിതാക്കളുടെ മനസ്സറിയുക എന്നതാണ്.  അവര്‍ക്ക് ആവശ്യം നമ്മുടെ സ്‌നേഹമാണ്. മനസ്സില്‍നിന്ന് മനസ്സിലേക്ക് പ്രവഹിക്കുന്ന നിഷ്‌കളങ്ക സ്‌നേഹം. അവര്‍ക്ക് ആവശ്യം നമ്മുടെ സാന്നിധ്യമാണ്. നമ്മുടെ സ്‌നേഹസ്പര്‍ശത്തിനു വേണ്ടിയാണ് അവര്‍ ദാഹിക്കുന്നത്.

സ്രഷ്ടാവായ അല്ലാഹുവിന്റെ തൃപ്തി ലഭിക്കണമെങ്കില്‍ മാതാപിതാക്കളെ തൃപ്തിപ്പെടുത്താന്‍ കഴിയണം. അവര്‍ക്ക് നമ്മോട് ദേഷ്യമാണെങ്കില്‍ അല്ലാഹുവിന് നമ്മോടും ദേഷ്യമായിരിക്കും. ഈ ബോധമുള്ള സത്യവിശ്വാസികള്‍ക്ക് മാതാപിതാക്കളെ അവഗണിക്കാന്‍ കഴിയില്ല, തീര്‍ച്ച!