ശ്രീലങ്കയിലെ ചാവേറാക്രമണം: ഭീകരതയ്ക്ക് മതമില്ല

പത്രാധിപർ

2019 മെയ് 04 1440 ശഅബാന്‍ 28

ന്യൂസീലാന്റിലെ ഭീകരാക്രമണത്തിനു ശേഷമിതാ ശ്രീലങ്കയുടെ മണ്ണിലും കൊടുംക്രൂരത അരങ്ങേറിയിരിക്കുന്നു. എല്‍.ടി.ടി.ഇയുമായുള്ള രൂക്ഷമായ അഭ്യന്തരയുദ്ധത്താല്‍ അശാന്തമായിരുന്ന ശ്രീലങ്ക പത്തുവര്‍ഷം മുമ്പാണ് അതിന്റെ ക്യാപ്റ്റന്‍ വേലുപ്പിള്ള പ്രഭാകരനെ വധിച്ചതിലൂടെ ശാന്തമായത്. പ്രത്യേക തമിഴ് രാജ്യത്തിനു വേണ്ടി പോരാടിയ എല്‍.ടി.ടി.ഇയുടെ ചാവേര്‍ സ്‌ഫോടനങ്ങള്‍ അഭ്യന്തരയുദ്ധകാലത്ത് അവിടെ പതിവായിരുന്നു. ആ ശാന്തതയ്ക്ക് വിരാമമിട്ടുകൊണ്ട് കൊളംബോയുടെ മണ്ണ് വീണ്ടും ചോരക്കളമായിരിക്കുന്നു. 

രാവിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഒരേ സമയത്താണ് സ്‌ഫോടനം നടന്നത്. കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയിലും നഗോംബോ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയിലും ബട്ടിക്കലോവയിലെ സിയോന്‍ ചര്‍ച്ചിലുമാണ് ആദ്യ സ്‌ഫോടനങ്ങള്‍ നടന്നത്. പിന്നാലെ കൊളംബോയിലെ വിദേശസഞ്ചാരികളുടെ താമസ കേന്ദ്രങ്ങളായ ഷാങ്ഗ്രില, സിനമന്‍ ഗ്രാന്റ്, കിങ്‌സ്ബറി എന്നീ പഞ്ചനക്ഷ്രത്ര ഹോട്ടലുകളിലും ഉഗ്രന്‍ സ്‌ഫോടനങ്ങളുണ്ടായി. എല്ലാം ചാവേര്‍ സ്‌ഫോടനങ്ങളാണ് എന്നാണ് റിപ്പോര്‍ട്ട്. 

മുന്നൂറിലധികം നിരപരാധികളുടെ മരണത്തിനും 500ലേറെ പേരുടെ പരുക്കിനും ഇടയാക്കിയ ഈ ഭീകരാക്രമണത്തില്‍ 6 ഇന്ത്യക്കാരും മരണപ്പെട്ടിട്ടുണ്ട്. നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ) എന്ന സംഘടനയാണ് ഇതിനു പിന്നില്‍ എന്നാണ് ലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ സ്‌ഫോടനങ്ങളും ഇത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഒരു കാര്യം ഉറപ്പാണ്, എല്ലാ ഭീകരാക്രമണങ്ങളും മാനവികതയ്‌ക്കെതിരായ വെല്ലുവിളിയാണ്; അത് മതം, പാര്‍ട്ടി, ദേശം, വംശം തുടങ്ങി എന്തിന്റെ പേരിലായിരുന്നാലും. ഭീകതയ്ക്ക് മതമില്ല എന്നതാണ് യാഥാര്‍ഥ്യം. മതമുള്ളവര്‍ക്ക് ഭീകരതയുടെ വക്താക്കളാകാന്‍ കഴിയുകയുമില്ല. 

മനുഷ്യജീവന്റെ വിലയറിയാത്തവരല്ല ഒരു അക്രമിയും; മറ്റുള്ളവരുടെ ജീവനെ വിലവെക്കാന്‍ തയ്യാറില്ലാത്തതാണ് പ്രശ്‌നം. ഇതര മനുഷ്യരുടെ ജീവനും സ്വത്തിനും അഭിമാനത്തിനും നിലയും വിലയും നല്‍കാന്‍ കഴിയലാണ് പ്രധാനം. മനുഷ്യത്വത്തിന്റെ മുഴുവന്‍ ഗുണങ്ങളും നഷ്ടപ്പെട്ടവര്‍ക്കല്ലാതെ നിരപരാധികളെ ഛിന്നഭിന്നമാക്കി ചോരക്കളം തീര്‍ക്കാന്‍ കഴിയില്ല. 

ഭീകരതയുടെയും തീവ്രവാദത്തിന്റെ മൊത്തക്കുത്തക മുസ്‌ലിംകള്‍ക്ക് ചാര്‍ത്തി നല്‍കുവാന്‍ ജാഗരൂകരായി നില്‍ക്കുന്നവരുടെ തലക്കേറ്റ വലിയ പ്രഹരമായിരുന്നു ന്യൂസീലാന്റിലെ ഭീകരാക്രമണവും അതിനെത്തുടര്‍ന്ന് അവിടുത്തെ ഭരണകൂടവും ജനതയും സ്വീകരിച്ച മാനവിക നിലപാടും.

ഇസ്‌ലാം ലോകത്ത് ശാന്തിയും സമാധാനവും സ്വസ്ഥമായ ജീവിതവും വിഭാവനം ചെയ്യുന്നു. അതില്‍ അക്രമത്തിനും വര്‍ഗീയതയ്ക്കും ഭീകരതയ്ക്കും ലവലേശം സ്ഥാനമില്ല. ചാവേറുകളായി പൊട്ടിത്തെറിച്ച് നിപരാധികളെ െകാല്ലാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നില്ല. അങ്ങനെ ചെയ്യുന്നവര്‍ ആരായിരുന്നാലും അവര്‍ ഇസ്‌ലാമിന്റെ ശത്രുക്കളാണ്. രൂക്ഷമായ യുദ്ധവേളയില്‍പോലും സ്ത്രീകളെയും കുട്ടികളെയും വയോവൃദ്ധരെയും അക്രമിക്കുന്നത് ഇസ്‌ലാം വിരോധിക്കുന്നുവെന്നിരിക്കെ, ചാവേറുകളായും മിന്നലാക്രമണമായും നിരപരാധികളായ ആബാലവൃദ്ധം ജനങ്ങളെ ചാമ്പലാക്കുവാന്‍ എങ്ങനെ യഥാര്‍ഥ മുസ്‌ലിംകള്‍ക്ക് കഴിയും?