വേരുകള്‍ പിഴുതെറിയപ്പെടുന്നവര്‍

പത്രാധിപർ

2019 സെപ്തംബര്‍ 14 1441 മുഹര്‍റം 15

ഇക്കഴിഞ്ഞ ശനിയാഴ്ച (ആഗസ്റ്റ് 30) അസമിലെ എന്‍.ആര്‍.സി സേവകേന്ദ്രങ്ങള്‍, സന്നദ്ധസംഘടന ഓഫീസുകള്‍, ഇന്റര്‍നെറ്റ് കഫേകള്‍ എന്നിവക്കു മുമ്പില്‍ വലിയ തിക്കുംതിരക്കുമായിരുന്നു. ഏതെങ്കിലും പരീക്ഷയുടെ ഫലമറിയാനോ സ്‌കോളര്‍ഷിപ്പിനോ പെന്‍ഷനോ അപേക്ഷ സമര്‍പ്പിക്കാനോ വേണ്ടിയല്ല ജനങ്ങള്‍ അവിടങ്ങളില്‍ തടിച്ചുകൂടിയിരുന്നത്. പിന്നെ എന്തിനായിരുന്നു? അതിന്റെ ഉത്തരത്തിന് കണ്ണുനീരിന്റെ ഉപ്പുരുചിയുണ്ട്. കരള്‍ പിളര്‍ക്കുന്ന നൊമ്പരമുണ്ട്. തങ്ങള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയുടെ മക്കളായി ഇനി മുതല്‍ ജീവിക്കുവാന്‍ അവകാശമുണ്ടോ എന്നറിയാനായിരുന്നു ആ തിക്കുംതിരക്കും! അതെ, അവര്‍ എഴുതാത്ത ഒരു പരീക്ഷയുടെ, അസഹ്യമായ ഒരു പരീക്ഷണത്തിന്റെ ഫലമറിയാന്‍ കാത്തുനില്‍ക്കുകയായിരുന്നു.

ഓരോ അപേക്ഷയുടെയും നമ്പര്‍ എന്‍.ആര്‍.സി വെബ്‌സൈറ്റില്‍ നല്‍കുമ്പോള്‍ സ്വീകരിച്ചിരിക്കുന്നു'എന്ന് മറുപടി കാണുന്നവര്‍ കടുത്ത പരീക്ഷ ജയിച്ചുകയറിയതിന്റെ ആശ്വാസത്തിലായിരുന്നു.

അസമിലെ അന്തിമ പൗരത്വ പട്ടിക പുറത്തുവന്നപ്പോള്‍ രാജ്യമില്ലാത്തവരായി മാറിയിരിക്കുന്നത് 19 ലക്ഷത്തിലധികം പേരാണ്. അസമിലെ മൊത്തം ജനസംഖ്യയുടെ 6 ശതമാനം പേരും പുറത്താക്കപ്പെട്ടിരിക്കുന്നു. എന്‍.ആര്‍.സിക്ക് മുമ്പാകെ ഇനി ആവലാതി ബോധിപ്പിക്കാന്‍ അവസരമില്ലാത്ത 19 ലക്ഷത്തിലധികം പേര്‍ക്ക് ഇനി പൗരത്വത്തിനായി സംസ്ഥാനത്തെ വിദേശി ട്രിബ്യൂണല്‍ മുതല്‍ സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തേണ്ടിവരും. അപ്പീല്‍ നല്‍കാന്‍ നാലു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.  ഇതുകൊണ്ടൊക്കെ ഫലമുണ്ടാകുമോ എന്ന് കണ്ടറിയുക തന്നെ വേണം. പണം ചെലവാക്കി നിയമപോരാട്ടം നടത്താന്‍ കഴിയാത്തവര്‍ക്ക് ആവശ്യമായ സഹായം നല്‍കുവാന്‍ സന്നദ്ധ സംഘടനകള്‍ തയ്യാറായാല്‍ അത് വേരുകള്‍ പിഴുതെറിയപ്പെട്ടവരോടു ചെയ്യുന്ന വലിയ കാരുണ്യമായിരിക്കും.

പൗരത്വം നിഷേധ ഭീതിയില്‍ നൂറുകണക്കിനാളുകള്‍ ഇതിനകം തന്നെ ആത്മഹത്യ ചെയ്തതായാണാണ് റിപ്പോര്‍ട്ട്. ദോലാബാരിയിലെ സഹീറ ഖാതൂന്‍ എന്ന യുവതി പൊലീസുകാരന്റെ വാക്കുകള്‍ വിശ്വസിച്ച് പട്ടിക പുറത്തുവരുന്നതിന്റെ അരമണിക്കൂര്‍ മുമ്പ് കിണറ്റില്‍ ചാടി ആത്മഹത്യചെയ്ത വാര്‍ത്ത ഏറെ വേദനാജനകമാണ്. എന്‍.ആര്‍.സിയില്‍ പേരു വരാന്‍ രേഖകളുമായി കയറിയിറങ്ങുമ്പോളെല്ലാം മുസ്‌ലിമായ നിങ്ങള്‍ പട്ടികയില്‍ ഉണ്ടാകില്ലെന്നും ബംഗ്ലാദേശിയായി കണക്കാക്കുമെന്നും പൊലീസുകാരന്‍ പറഞ്ഞതുകേട്ട് പേടിയില്‍ കഴിയുകയായിരുന്ന സഹീറ ഖാതൂന്‍ ശനിയാഴ്ച രാവിലെ ആത്മഹത്യ ചെയ്യുകയായിരുന്നുവത്രെ!

41 ലക്ഷത്തോളം പേരാണ് കരടുപട്ടിക പ്രഖ്യാപിച്ചപ്പോള്‍ പുറത്തായിരുന്നത്. അതില്‍ 21 ലക്ഷം പേര്‍ പുതിയ പട്ടികയില്‍ ഉള്‍പ്പെടുകയും 20 ലക്ഷത്തിനടുത്ത് പുറത്താകുകയും ചെയ്തിരിക്കുന്നു. തങ്ങള്‍ കണക്കുകൂട്ടിയ തരത്തിലല്ല റിപ്പോര്‍ട്ടെന്ന് കണ്ടതോടെ വംശീയപ്രക്ഷോഭം നടത്തിയ അസമീസ് സംഘടനകളും വര്‍ഗീയ പ്രചാരണത്തിന് പട്ടിക ഉപയോഗിച്ച സംഘ്പരിവാര്‍ സംഘടനകളും അന്തിമ പട്ടികക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നതായാണ് കേള്‍ക്കുന്നത്. പുറത്താക്കിയവരില്‍ ന്യുനപക്ഷ മതക്കാരുടെ അത്രയോ അതില്‍കൂടുതലോ ഭൂരിപക്ഷ മതത്തില്‍ പെട്ടവരുമുണ്ട് എന്നതാണ് സംഘ്പരിവാര്‍ സംഘടനകളുടെ മലക്കംമറിച്ചിലിന് കാരണം. എന്നാല്‍ ഇരു മതവിഭാഗത്തിലും പെട്ട40 ലക്ഷത്തിലേറെ പേരെയും പുറത്താക്കാത്തതിലുള്ള അരിശമാണ് ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍ അടക്കമുള്ള അസമീസ് സംഘടനകളുടെ പ്രതിഷേധത്തിന് കാരണം.

പതിറ്റാണ്ടുകളായി ഇന്ത്യയില്‍ ജീവിച്ചുവരുന്നവരോട് മനുഷ്യത്വപരമായ സമീപനം പുലര്‍ത്തുവാന്‍ അധികാരിവര്‍ഗത്തിന് സന്മനസ്സുണ്ടാകണം.