'നേര്‍പഥം' മൂന്നാം വര്‍ഷത്തിലേക്ക്

പത്രാധിപർ

2019 ജനുവരി 05 1440 റബീഉല്‍ ആഖിര്‍ 28

'നിന്നെ സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ നീ വായിക്കുക' എന്ന ആഹ്വാനവുമായാണ് അന്തിമ വേദഗ്രന്ഥമായ ക്വുര്‍ആനിന്റെ അവതരണം ആരംഭിച്ചത്:

''സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക; നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 96:1-5).

ആദ്യം അവതീര്‍ണമായ ഈ അഞ്ചു വചനങ്ങളില്‍ വായന, പേന, അറിവ് എന്നീ വാക്കുകള്‍ ഉള്‍ക്കൊള്ളുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. എഴുതിയാലേ വായിക്കാനാവൂ. വായിച്ചാലേ അനുഭവത്തിനപ്പുറമുള്ള അറിവ് നേടാനാകൂ. 

പ്രാമാണികമായി ഇസ്‌ലാമിനെ മനസ്സിലാക്കി ജീവിക്കുവാന്‍ മുസ്‌ലിം സമൂഹത്തിന് സാധിക്കണം. അതിന് മതത്തില്‍ സാധ്യമാകുന്നത്ര അറിവ് നേടല്‍ അനിവാര്യമാണ്. അപ്പോഴേ ഇസ്‌ലാമികമായ രീതിയില്‍ ജീവിക്കാനാകൂ. ജീവിതത്തില്‍ ഇസ്‌ലാമുണ്ടെങ്കില്‍ അതിനെക്കാള്‍ വലിയ സന്ദേശം വേറെയില്ല. അത് നല്ലൊരു ശതമാനത്തിനും ഇല്ലാതെപോയതാണ് സമുദായത്തിന്റെ പരാജയം. 

അറിവില്ലായ്മയില്‍ നിന്നാണ് അവിവേകമുണ്ടാകുന്നത്. തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുക എന്നാണ് ശത്രുക്കളെ മിത്രങ്ങളാക്കുവാനുള്ള മാര്‍ഗമായി വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാതെ അക്രമത്തെ അക്രമം കൊണ്ട് നേരിടുവാനല്ല. വിവേകമുള്ളവര്‍ക്കേ അതിന് സാധ്യമാകൂ.

ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പലരും ഇസ്‌ലാമിക നിയമങ്ങളെയും പ്രവാചകനെയും വിശുദ്ധ ക്വുര്‍ആനിനെയും തെറ്റുധരിക്കുവാനുള്ള കാരണം. സത്യസന്ധമായും പ്രാമാണികമായും ഇസ്‌ലാമിനെ മനസ്സിലാക്കുവാനുള്ള ശ്രമമാണ് വേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ അനേകം മതസംഘടനകള്‍ ഉണ്ടായിട്ടും തനതായ രൂപത്തില്‍ ഇസ്‌ലാമിനെ ജനങ്ങളിലേക്കെത്തിക്കുവാന്‍ പലര്‍ക്കും സാധിക്കുന്നില്ല; അഥവാ അതിന് ശ്രമിക്കുന്നില്ല. വാമൊഴിയിലൂടെയാണെങ്കിലും വരമൊഴിയിലൂടെയാണെങ്കിലും സംഘടനാ താല്‍പര്യങ്ങള്‍ക്കപ്പുറം പ്രമാണങ്ങേളാട് പ്രതിബദ്ധത പുലര്‍ത്തി മതത്തെ ജനസമക്ഷം അവതരിപ്പിക്കുവാന്‍ പലര്‍ക്കും താല്‍പര്യമില്ല. 

ഇവിടെയാണ് 'നേര്‍പഥം' പ്രസക്തമാകുന്നത്. പ്രമാണങ്ങള്‍ക്കൊപ്പം നിന്ന്, ഗുണകാംക്ഷയുടെ ശബ്ദത്തില്‍, ആര്‍ജവത്തോടെ മതത്തെ പരിചയപ്പെടുത്തുവാനും പഠിപ്പിക്കുവാനുമാണ് 'നേര്‍പഥം' ശ്രമിക്കുന്നത്. ഒട്ടനവധി ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ക്കിടയിലേക്ക് രണ്ടുവര്‍ഷം മുമ്പാണ് 'നേര്‍പഥം' കടന്നുവന്നത്. അതിന്റെ വ്യതിരിക്തത ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. സമകാലിക സംഭവവികാസങ്ങളിലുള്ള ഇസ്‌ലാമിന്റെ നിലപാട് ഉടനടി ജനങ്ങളിലേക്കെത്തിക്കുന്നതിലും തീവ്രവാദ ചിന്താഗതികളെ നഖശിഖാന്തം എതിര്‍ക്കുന്നതിലും 'നേര്‍പഥം' കാണിച്ച ജാഗ്രതയും ആര്‍ജവവും വായനക്കാരുടെ പ്രശംസയാര്‍ജിച്ചിട്ടുണ്ട്. പ്രശംസിക്കപ്പെടുവാന്‍ വേണ്ടി സത്യം മൂടിവെക്കലല്ല; എതിര്‍പ്പുണ്ടെങ്കിലും പറയേണ്ട സത്യം പറയുക എന്നതാണ് നേര്‍പഥത്തിന്റെ ശൈലി. ഇതിന് പ്രാപ്തി നല്‍കിയ പ്രപഞ്ച സ്രഷ്ടാവിനെ സ്തുതിക്കുകയാണ്. 

'നേര്‍പഥ'ത്തെ നെഞ്ചേറ്റിയ വായനക്കാര്‍ക്കും ലേഖകര്‍ക്കും നന്ദി അറിയിക്കട്ടെ. തുടര്‍ന്നും ആത്മാര്‍ഥമായ സഹകരണം പ്രതീക്ഷിക്കുന്നു.