പെരുന്നാളും ഷോപ്പിംഗും

പത്രാധിപർ

2019 മെയ് 25 1440 റമദാന്‍ 20

നോമ്പ് തുടങ്ങിയ ഉടന്‍ പെരുന്നാളിന് പുതുവസ്ത്രം വാങ്ങുന്നതിനെക്കുറിച്ചുള്ള ചിന്ത പലരുടെയും ഉള്ളില്‍ നാമ്പെടുക്കുമെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടെന്ന് തോന്നുന്നില്ല. ഇത്തവണ പെരുന്നാള്‍ വസ്ത്രം ഏത് കടയില്‍ നിന്ന് വാങ്ങും, ഏത് മോഡല്‍ വാങ്ങും എന്നൊക്കെ ചിന്തിക്കാത്തകൗമാരക്കാര്‍ വിരളമായിരിക്കും.

രണ്ട് പെരുന്നാളുകള്‍ മാത്രമാണ് മുസ്‌ലിംകള്‍ക്ക് മതപരമായ ആഘോഷം. പെരുന്നാള്‍ ദിനത്തില്‍ ഉള്ളതില്‍ നല്ല വസ്ത്രമാണ് ധരിക്കേണ്ടത്; പുതുവസ്ത്രം തന്നെ വേണം എന്നില്ല. എന്നാല്‍ പുതിയത് വാങ്ങാന്‍ കഴിവുള്ളവര്‍ക്ക് വാങ്ങാം. പെരുന്നാള്‍ ദിനത്തില്‍ നല്ലവസ്ത്രം ധരിക്കാന്‍ ഇല്ലാത്തവരും പുതിയത് വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്തവരുമായ സാധുക്കളെ കഴിവുള്ളവര്‍ സഹായിക്കുവാന്‍ സന്മനസ്സ് കാണിക്കേണ്ടതുണ്ട്. അയല്‍പക്കത്തെ കുട്ടികള്‍ പുതുവസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നത് കാണുന്ന പാവപ്പെട്ടവന്റെ കുട്ടിയുടെ സങ്കടവും അവന്റെ സങ്കടം കാണുന്ന രക്ഷിതാക്കളുടെ വേദനയും പരിഹരിക്കപ്പെടേണ്ടതാണ്.

റമദാന്‍ മാസത്തിലെ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചാല്‍ തുണിക്കടകളെല്ലാം സ്ത്രീകളെയും കുട്ടികളെയും കൊണ്ട് നിറഞ്ഞുകവിയുന്ന കാഴ്ച കാണാം. ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ ആരാധനകളില്‍ ഏര്‍പ്പെടാനുള്ള അസുലഭ സമയമങ്ങളാണ് അതുവഴി നഷ്ടമാകുന്നതെന്ന് അവര്‍ ഓര്‍ക്കുന്നില്ല. നോമ്പിനു തൊട്ട് മുമ്പുതന്നെ പുതുവസ്ത്രം വാങ്ങിവെക്കലാണ് ഇതിനുള്ള പരിഹാര മാര്‍ഗം. ആഴ്ചകള്‍ക്ക് മുമ്പ് മാത്രം കുടുംബത്തിലെ വിവാഹത്തിന് വിലകൂടിയ വസ്ത്രം വാങ്ങിയവരും പെരുന്നാളിന്റെ പേരില്‍ പുതിയത് വാങ്ങുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.

ഉപഭോഗസംസ്‌കാരത്തിന് അടിമപ്പെട്ട ആധുനികസമൂഹത്തെ ബാധിച്ച ഒരു രോഗമാണ് വസ്ത്രഭ്രമം എന്നു പറഞ്ഞാല്‍ തെറ്റില്ല. മിക്ക കുടുംബങ്ങളുടെയും വരുമാനത്തിന്റെ നല്ലൊരു പങ്ക് തുണിക്കടകളില്‍ ചെലവഴിക്കപ്പടുന്ന അവസ്ഥയാണ് ഇന്നുള്ളത്. ആഘോഷാവസരങ്ങളിലും ഇടയ്ക്കിടെ കുടുംബങ്ങളില്‍ നടക്കുന്ന വിവാഹങ്ങൡലും പണം വായ്പ വാങ്ങിയിട്ടെങ്കിലും ഷോപ്പിംഗ് നടത്താന്‍ ആളുകള്‍ നിര്‍ബന്ധം കാണിക്കുന്നു.

കൗമാരക്കാര്‍ ഒരു വസ്ത്രം വാങ്ങി ഏതാനും മാസം കഴിയുമ്പോഴേക്കും അത് 'ഔട്ട് ഓഫ് ഫേഷന്‍' ആയി മാറുന്നു. അതോടെ പുതുമ നഷ്ടപ്പെടാത്ത ആ വസ്ത്രം അലമാരയുടെ മൂലയില്‍ ഒതുങ്ങുന്നു. പിന്നെ പുതിയ ഏതെങ്കിലും സിനിമയുടെയോ പാട്ടിന്റെയോ പേരിട്ട് ഇറങ്ങിയ പുതിയ മോഡല്‍ വസ്ത്രം വാങ്ങാനുള്ള വെമ്പലായി. അതോടെ രക്ഷിതാക്കളുടെ തലവേദന ആരംഭിക്കും. എത്ര പ്രയാസപ്പെട്ടാലും മക്കളുടെ ആവശ്യം നിറവേറ്റാന്‍ അവര്‍ നിര്‍ബന്ധിതരാകും. അതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകിടംമറിയും.

ഒരു ചെറുകിട തുണിക്കടയിലുള്ള അത്ര വസ്ത്രങ്ങള്‍ ഇന്ന് മിക്കവീടുകളിലെയും അലമാരകളില്‍ നിറഞ്ഞുകിടക്കുന്നുണ്ടാകും. അടുക്കിവെക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥ പോലും ചില വീടുകളിലുണ്ടാകും. ഉടുതുണിക്ക് മറുതുണിയില്ലാതെ എത്രയോ മനുഷ്യര്‍ കഷ്ടപ്പെടുമ്പോള്‍ നമുക്ക് വസ്ത്രത്തിന്റെ ആധിക്യമാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്.

വേണം ഈ വസ്ത്രഭ്രമത്തില്‍നിന്ന് മോചനം. ആവശ്യമാണെങ്കില്‍ മാത്രം വാങ്ങുക എന്ന നിലപാടിലേക്ക് നാം എത്തണം. മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ട് അത് മാതൃകയാക്കേണ്ടതില്ല. പൊള്ളയായ പൊങ്ങച്ച പ്രകടനത്തിനുവേണ്ടി ഒരുങ്ങിപ്പുറപ്പെടുന്നതിന് മുമ്പ് ഒരു നിമിഷം ചിന്തിക്കുന്നത് നന്നായിരിക്കും.