മാധ്യമ പ്രവര്‍ത്തനത്തിലെ നൈതികത

പത്രാധിപർ

2019 ജൂണ്‍ 15 1440 ശവ്വാല്‍ 12

ആധുനിക സാമൂഹിക ജീവിതത്തിലെ അവശ്യ ഘടകവും മനുഷ്യന്റെ ചിന്തയെയും മൂല്യങ്ങളെയും സംസ്‌കാരങ്ങളെയും സ്വാധീനിക്കാന്‍ കഴിവുള്ള സംവിധാനവുമാണ് മാധ്യമങ്ങള്‍. ജനാധിപത്യ വ്യവസ്ഥിതിയുടെ നാലാംതൂണും ജനാധിപത്യത്തിന്റെ കാവലാളായുമാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. അധാര്‍മികതയും അരാജകത്വവും അഴിമതിയും അരങ്ങുതകര്‍ക്കുമ്പോള്‍ തിരുത്തലുകള്‍ക്ക് വഴിതുറക്കുന്നത് മാധ്യമങ്ങളുടെ ധീരമായ ഇടപെടലുകളാണ്.

മാധ്യമങ്ങള്‍ക്ക് അവയുടെ ധര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സ്വാതന്ത്ര്യം നല്‍കണം. എന്നാല്‍ ഭരണകൂടവും വ്യവസായികളുമാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് എന്നാണ് സമകാലിക സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് ശരിയായ വാര്‍ത്തകളും സന്ദേശങ്ങളും അഭിപ്രായങ്ങളും നല്‍കാന്‍ സാധിക്കാതെ വരുന്നു. നുണകളും അവാസ്ഥവങ്ങളായ കാര്യങ്ങളും അര്‍ധസത്യങ്ങളും പ്രചരിപ്പിച്ച് സത്യമെന്ന് വരുത്തിത്തീര്‍ക്കുക മാത്രമല്ല; ജനങ്ങള്‍ക്ക് എന്ത് വിവരം നല്‍കണം, എന്ത് വിവരം നല്‍കേണ്ട എന്നു തീരുമാനിക്കുന്നതിലേക്കും മാധ്യമങ്ങളെ നിയന്ത്രിക്കുന്നവര്‍ എത്തിച്ചേരുന്നു. വാര്‍ത്താ വിനിമയ സംവിധാനത്തിന് പുറമെനിന്നുള്ള ഇടപെടല്‍; അത് സര്‍ക്കാരില്‍ നിന്നോ മറ്റാരെങ്കില്‍ നിന്നോ ആയാലും മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കലാണ്.

ചില മാധ്യമങ്ങള്‍ ചിലപ്പോഴൊക്കെ വ്യാജ വാര്‍ത്തകള്‍ പ്രചിരിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ അവിശ്വാസവും തെറ്റിദ്ധാരണയും വളര്‍ത്താന്‍ വേണ്ടി ബോധപൂര്‍വം ശ്രമം നടത്തുന്ന ചില പത്രങ്ങളും ചാനലുകളുമുണ്ട്. കസ്ഗഞ്ച എന്ന ഗ്രാമത്തിലെ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ ദേശീയപതാക ഉയര്‍ത്തുന്നതില്‍ പ്രധിഷേധിച്ചുവെന്ന കെട്ടിച്ചമച്ച കഥ ചിലര്‍ പ്രചരിപ്പിക്കുകയും അത് ചില മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്തതിനാല്‍ ഈ നുണക്കഥയുടെ പ്രത്യാഘാതം ഒരു സമുദായത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന സത്യം നന്മയുള്ള മനസ്സുകളെ അലോസരപ്പെടുത്തുന്നതാണ്.  

സാമൂഹിക സേവനം, സാംസ്‌കാരിക പ്രവര്‍ത്തനം, വിജ്ഞാനം, വിദ്യാഭ്യാസം, വിനോദം തുടങ്ങിയവയെല്ലാം മാധ്യമങ്ങളില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നുണ്ട്. സമൂഹത്തില്‍ നടക്കുന്ന അരുതായ്മകളും ഭരണതലത്തിലുള്ള അഴിമതിയും ഇല്ലായ്മ ചെയ്യുന്നതിലും അനീതിക്ക് ഇരയാകുന്നവര്‍ക്ക് ന്യായമായ നീതി നേടിക്കൊടുക്കുന്നതിലുമുള്ള മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല. സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടവരാണവര്‍.  

മാധ്യമ പ്രവര്‍ത്തകരും മനുഷ്യരാണ്. അവര്‍ക്കു ലഭിക്കുന്ന വാര്‍ത്തകളിലും നിഗമനങ്ങളിലും പിഴവ് വന്നേക്കാം. അതിനെ വിമര്‍ശിക്കാനുള്ള അവകാശം എല്ലാ പൗരന്മാര്‍ക്കുമുണ്ട്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന വാര്‍ത്തയുടെ ഉറവിടവും അതിന്റെ സത്യാവസ്ഥയും അന്വേഷിച്ചുകൊണ്ടായിരിക്കണം റിപ്പോര്‍ട്ട് ചെയ്യേണ്ടത്.

ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ പലവിധത്തിലുള്ള ഭീഷണികളും നേരിടുന്നുണ്ട്. സത്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അനര്‍ഹവും അധാര്‍മികവുമായ മാര്‍ഗങ്ങളിലൂടെ പണവും അധികാരവും കൈപ്പിടിയിലൊതുക്കുന്നവര്‍ ഏറെ ഭയപ്പെടുന്ന ഒന്നാണ് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം. ഗൗരി ലങ്കേഷ്, ധബോല്‍ക്കര്‍, കല്‍ബുര്‍ഗിയടക്കമുള്ളവര്‍ എന്തുകൊണ്ട് കൊല്ലപ്പെട്ടു എന്ന് ചിന്തിക്കുക.